X

അമേരിക്കയില്‍ കോളേജില്‍ വെടിവയ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

അമേരിക്കയിലെ ഒറിഗണിലെ ഒരുപ്രാദേശിക കമ്യൂണിറ്റി കോളേജില്‍ നടന്ന വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു.20 ഓളം പേര്‍ക്ക് പരിക്കേറ്റതായും കണക്കാക്കുന്നു. വെടിവയ്പു നടത്തിയ അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ഒറിഗണിലെ റോസ്ബര്‍ഗിലുള്ള ഉംക്വ കമ്യൂണിറ്റി കോളേജിന്റെ സയന്‍സ് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ലാസ് മുറിയിലാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിനെ തുടര്‍ന്ന് കോളേജ് അടച്ചു. 

അക്രമി ഈ ക്രൂരകൃത്യം നടത്തുന്നതിനു മുമ്പായി ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സന്ദേശം കുറിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഏകദേശം 3,300 കുട്ടികള്‍ പഠിക്കുന്നൊരു കോളേജ് ആണിത്. 2012 ല്‍ ല്‍ സാന്‍ഡി ഹുക് എലിമെന്ററി സ്‌കൂളില്‍ നടന്ന കൂട്ടക്കൊലയില്‍ 20 കുട്ടികളും ആറ് മുതിര്‍ന്നവരും കൊല്ലപ്പെട്ടതിനുശേഷം അമേരിക്കയില്‍ വിദ്യാലയത്തില്‍ നടക്കുന്ന മറ്റൊരു വലിയ ദുരന്തമാണ് ഇന്നലെ സംഭവിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ഇത്തരം ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്ന കാഴ്ച്ചയാണ് അമേരിക്കയില്‍ ഉള്ളത്.

This post was last modified on October 2, 2015 10:00 am