X

ചരിത്രത്തില്‍ ഇന്ന്: അമേരിക്കന്‍ എംബസി ആക്രമണം, ടെല്‍ അവിവ് സ്‌ഫോടനം

1979 നവംബര്‍ 21
ഇസ്ലാമാബാദിലെ യു എസ് എംബസി ആക്രമിക്കുന്നു

മെക്കയിലെ മസ്ജിദ് അല്‍-ഹറമില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍ യുഎസിന് പങ്കുണ്ടെന്ന റേഡിയോ റിപ്പോര്‍ട്ടില്‍ പ്രകോപിതരായ ഒരു സംഘം പാക്കിസ്താനി വിദ്യാര്‍ത്ഥികള്‍ 1979 നവംബര്‍ 21 ന് ഇസ്ലാമാബാദിലെ യുഎസ് എംബസിയില്‍ ആക്രമണം നടത്തി.

അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എംബസിയില്‍ പ്രവേശിച്ച വിദ്യാര്‍ത്ഥികള്‍ അവിടം അഗ്നിക്കിരയാക്കിയെങ്കിലും എംബസിയിലെ നയതന്ത്രപ്രധിനിധികള്‍ക്ക് ഓഫിസിനോട് ചേര്‍ന്നുള്ള രഹസ്യസ്ഥലത്തുകൂടി രക്ഷെപെടാന്‍ സാധിച്ചു. എങ്കിലും ഒരു മറൈന്‍ സുരക്ഷ ഉദ്യോഗസ്ഥനും ഒരമേരിക്കന്‍ പൗരനും എംബസിയില്‍ ജോലി ചെയ്തിരുന്ന രണ്ടു പാക്കിസ്താനികളും ഈ അക്രമത്തില്‍ കൊല്ലപ്പെട്ടു.

2012 നവംബര്‍ 21
ടെല്‍ അവിവില്‍ ബസിനുള്ളില്‍ സ്‌ഫോടനം

ടെല്‍ അവിവ് ബിസിനസ് കേന്ദ്രത്തിന് സമീപം തിരക്കേറിയ ബസിനുള്ളിലേക്ക് വലിച്ചെറിഞ്ഞ ബോംബ് പൊട്ടിത്തെറിച്ച് 28 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പില്ലര്‍ ഓഫ് ഡിഫന്‍സിന്റെ ഭാഗമായി ഹമാസ് തലവന്‍ അഹമദ് ജബാരി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ഈ നടപടിക്കുള്ള മറുപടിയായിരുന്നു ബസിനുള്ളില്‍ നടന്ന സ്‌ഫോടനം. ഓപ്പറേഷന്‍ പില്ലര്‍ ഓഫ് ഡിഫന്‍സിന്റെ അവസാന ദിനമാണ് ഈ സ്‌ഫോടനം നടന്നത്.

2006 ല്‍ ടെല്‍ അവിവിലെ ഒരു ഷവര്‍മ റെസ്റ്ററന്റില്‍ നടന്ന സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം ഇസ്രയേലില്‍ വലിയ ആള്‍നാശത്തിന് കാരണമായ ആക്രമണമായിരുന്നു ബസിനുള്ളില്‍ നടന്ന സ്‌ഫോടനം.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

This post was last modified on November 21, 2014 11:37 am