X

സുധീരന്‍ പുണരാനായുന്ന കസേരകള്‍ (എം എ ജോണ്‍ പുണരാത്തതും)

ശരത് കുമാര്‍

‘പരിപാടിയിലുള്ള പിടിവാശിയാണ് പരിവര്‍ത്തനവാദിയുടെ പടവാള്‍’ എന്ന മുദ്രാവാക്യം കേരളത്തില്‍ ഉയര്‍ത്തിയത് എ കെ ആന്റണിയുടെയും വി എം സുധീരന്റെയും രാഷ്ട്രീയ ഗുരു എന്ന് വിശേഷിപ്പിയ്ക്കാവുന്ന എം എ ജോണ്‍ ആയിരുന്നു. ശുദ്ധ ആദര്‍ശതയുടെ കോണ്‍ഗ്രസ് പ്രതീകം ആയതുകൊണ്ടാവാം അദ്ദേഹം ഒരു അധികാര കസേരകളെയും പുണരാതെ അവസാനകാലത്ത് ജൈവകൃഷിയുമായി ജീവിതം കൊണ്ടാടിയത്. എം എ ജോണിന്റെ പരിപാടിയിലുള്ള പിടിവാശി, നടപ്പാക്കുന്ന കാര്യങ്ങളിലുള്ള ജനാധിപത്യത്തെ കുറിച്ചാണ് സംസാരിയ്ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അത് വി എം സുധീരനില്‍ എത്തുമ്പോള്‍ കസേരകളികളുടെ ഏകാധിപത്യം ആയി മാറുന്നു. 

ബെസ്റ്റ് ഓഫ് അഴിമുഖം 

മന്ത്രിക്കസേരയ്ക്ക് മേലെ ഒരു അധ്യക്ഷക്കസേര
ഇരിക്കാന്‍ പോകുന്നവരും കിടക്കാന്‍ പോകുന്നവരും
സുധീരൻ ചെന്നിത്തല ആകുമ്പോൾ….
അച്ചടക്കവും ആദര്‍ശവും സുധീരന്റെ മാത്രം കുത്തകയല്ല
ആദർശ കോണ്‍ഗ്രസ് ഉമ്മൻ ചാണ്ടിയെ പൊളിച്ചടുക്കുമോ?

ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവം ചര്‍ച്ചകളില്‍ ഊന്നിയുള്ളതാണെന്നാണ് പൊതുവിശ്വാസം. അവിടെ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ആ അഭിപ്രായങ്ങളെ മറ്റുള്ളവര്‍ അംഗീകരിയ്ക്കുമെന്നും സങ്കല്‍പിയ്ക്കപ്പെടുന്നു. ദൗര്‍ഭാഗ്യവശാല്‍ പൊതു അഭിപ്രായം രൂപീകരിയ്ക്കാനുള്ള ആര്‍ജ്ജവം ഇല്ലായ്മയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ മദ്യനയത്തിന്റെ കാതല്‍. പരസ്പരം തോല്‍പ്പിയ്ക്കാന്‍ ഒരു മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും കളിയ്ക്കുന്ന കളിയുടെ ആത്യന്തികഫലം അനുഭവിക്കേണ്ടി വരുന്നത് ഒരു സമൂഹമാണ്.  അതുകൊണ്ടാണ് ഇത്ര തിരക്കിട്ട് തീരുമാനം എടുക്കാനുള്ള അടിയന്തിരം എന്തായിരുന്നു എന്ന് സുപ്രീം കോടതിയ്ക്ക് ചോദിയ്‌ക്കേണ്ടി വന്നതും.

രണ്ട് ഭരണഘടന ഭേദഗതി വരുത്തേണ്ടി വന്ന അമേരിയ്ക്കയിലെ മദ്യനിരോധന കഥ സുധീരന്‍ പഠിയ്ക്കണം എന്ന് പറയുന്നില്ല. ആദര്‍ശ രാഷ്ട്രീയം കളിയ്ക്കുന്ന തിരക്കില്‍ മേഘാലയത്തിലെയും മിസോറാമിലേയും ഹരിയാനയിലേയും നിരോധന കഥകള്‍ പഠിയ്ക്കാനും അദ്ദേഹത്തിന് സമയം ഉണ്ടാവില്ല. സ്വന്തം ഗാന്ധിയുടെ സത്യാനേഷണ പരീക്ഷണങ്ങളില്‍ ഏത് പെട്ടിക്കടയിലും ‘പോത്തിലി’ കിട്ടുന്ന ഗുജറാത്തിനെയും അദ്ദേഹം മനസിലാക്കണം എന്നില്ല. പക്ഷെ കേരളത്തിലെ ഭരണമുന്നണിയുടെ പ്രഥാനകക്ഷിയുടെ തലപ്പത്തിരിയ്ക്കുന്ന ഒരാള്‍ കേള്‍ക്കേണ്ട ചില വാക്കുകള്‍ ഉണ്ട്. അത് പറഞ്ഞത് വെള്ളാപ്പള്ളി നടേശനും ബിജു രമേശും ആണെങ്കില്‍ പോലും. പൂട്ടിയ 418 ബാറുകള്‍ ഈഴവരാദി ഹിന്ദുക്കളുടേതാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കെ സി ബി സിയുടെ വക്താവ് ഇടുക്കിയില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ മദ്യനിരോധനത്തിന്റെ ആവേശം വിതറാന്‍ എറണാകുളത്ത് എത്തിയത് പൂട്ടാത്ത 312 ബാറുകളുടെ ഉടമകളായ കത്തോലിക്കരുടെ ചിലവിലാണെന്ന് ബിജു രമേശും പറഞ്ഞു.

ഇത്രയും ലജ്ജാകരമായ ജാതിരാഷ്ട്രീയത്തിന്റെ മടിത്തട്ടിലേക്കാണ് നിരുത്തരവാദപരമായ ആദര്‍ശരാഷ്ട്രീയം എത്തിച്ചതെന്നെങ്കിലും സുധീരന്‍ മനസിലാക്കണം. അതറിയാനുള്ള പക്വത ഇല്ലായ്മ നശിപ്പിയ്ക്കുക ഒരു സമൂഹത്തെ മൊത്തത്തിലാവും. സ്വന്തം സര്‍ക്കാരിനെ വീണ്ടും ജയിപ്പിയ്ക്കാന്‍ ഒരു ആദര്‍ശധീരന് ചാരായം നിരോധിയ്ക്കാം. സ്വന്തം കസേര അരക്കിട്ടുറപ്പിയ്ക്കാന്‍ മറ്റൊരു ആദര്‍ശധീരന് ബാറുകള്‍ പൂട്ടിയ്ക്കാം. ലാഭം ആര്‍ക്ക് എന്ന ചോദ്യം പോലും വരുന്നില്ല. ആദ്യത്തെ ആദര്‍ശധീരന്‍ പത്തുവര്‍ഷം പ്രതിരോധ മന്ത്രിയായിട്ടും ഒരു പട്ടാളക്കാരന്റെയും ഒരു ക്വോട്ടയും വെട്ടിക്കുറച്ചില്ല. മദ്യത്തോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പ് അവിടം വരെയെ പോകൂ.

ഒരു ജനതയെ മുഴുവന്‍ വഞ്ചിയ്ക്കുന്ന ആദര്‍ശത്തിന്റെ ശുഭ്രവസ്ത്രങ്ങള്‍ വേണ്ട എന്ന് തോന്നിയത് കൊണ്ടാവാം എം എ ജോണ്‍ ഒരു തിരഞ്ഞെടുപ്പില്‍ പോലും മത്സരിയ്ക്കാതിരുന്നത്. ഒരു കെപിസിസി പ്രസിഡന്റാവാതിരിയ്ക്കാന്‍ കാണിച്ച ആര്‍ജ്ജവമാണ് ആ പരിവര്‍ത്തനവാദിയുടെ പടവാള്‍. 

*Views are Personal

This post was last modified on September 13, 2014 9:12 am