X

ആ സ്ത്രീയ്‌ക്കൊപ്പം നില്‍ക്കുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനം.

വടക്കാഞ്ചേരി സംഭവത്തില്‍ അടിയന്തിര അന്വേഷണം നടക്കേണ്ടതുണ്ട്. സംഭവം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞു എന്നതോ, കുറ്റാരോപിതനായ വ്യക്തി അവകാശപ്പെടുന്നത് പോലെ ഇരയുടെ ഭര്‍ത്താവ് അയച്ച ചില വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഉണ്ട് എന്നതോ ഒന്നും അതിനെ അപ്രസക്തമാക്കുന്നില്ല. മാത്രമല്ല, ബലാത്സംഗം പോലെ ഗുരുതരമായ ഒരു ആരോപണത്തില്‍ അത് വ്യാജമാണെന്ന് തെളിയിക്കപ്പെടുംവരെ പൊതുസമൂഹവും, അതില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകളും നില്‍ക്കേണ്ടത് ഇരയോടൊപ്പം തന്നെയാണ്.

ഇതിനര്‍ത്ഥം ഒരു സ്ത്രീ തന്നെ ഒരാള്‍ ബലാത്സംഗം ചെയ്തു എന്ന് പരാതിപ്പെട്ടാല്‍ ഉടന്‍ അയാളെ ശിക്ഷിക്കണം എന്നൊന്നുമല്ല. ബലാത്സംഗ കേസുകളില്‍ മാത്രം കുറ്റാരോപിതന് മനുഷ്യാവകാശങ്ങളില്ല എന്നോ, വേണ്ട എന്നുമോ അല്ല. മറിച്ച് ഇത്തരം കേസുകളെ കേവലമായ കായിക ആക്രമണങ്ങളുടെ യുക്തി മാത്രം വച്ച് മറ്റൊരു ക്രിമിനല്‍ കേസ് എന്ന നിലയ്ക്ക് സമീപിക്കാന്‍ പാടില്ല എന്നാണ്. കാരണം അത്തരം യാന്ത്രികമായ പ്രതികരണങ്ങള്‍ വ്യക്തിതലം വിട്ട് പേട്രിയാര്‍ക്കി പോലെ ഒരു പ്രബല സ്ഥാപനത്തിനെതിരേ ലിംഗനീതിയ്ക്ക് വേണ്ടി നാം നടത്തിക്കൊണ്ടിരുന്ന പോരാട്ടങ്ങളുടെ നാളിതുവരെയുള്ള ചരിത്രത്തെ തന്നെ പാടേ ദുര്‍ബലപ്പെടുത്തും എന്നതാണ്.

ഇല ചെന്ന് മുള്ളില്‍ വീണാലും…
ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണ് എന്ന ഒരു അറുവഷളന്‍ പഴഞ്ചൊല്ല് ഉദ്ധരിച്ച് സ്ത്രീയ്ക്ക് എതിരേ നടക്കുന്ന ലൈംഗീക അതിക്രമങ്ങള്‍ മുഴുവന്‍ മൂടിവയ്ക്കപ്പെടേണ്ടവയാണെന്ന് അനുശാസിക്കുന്ന സാമൂഹ്യ പാഠത്തില്‍ നിന്ന് സമൂഹം പുറത്തുവരാന്‍ തുടങ്ങുന്നതേയുള്ളു. നൂറ്റാണ്ടുകള്‍ നീണ്ട ഒരു പോരാട്ടം കൊണ്ട് പോലും നമുക്ക് ഈ വിഷയത്തില്‍ സാധ്യമായത് നേരിയ പുരോഗതി മാത്രമാണ്. ഈ യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തില്‍ വേണം എന്തുകൊണ്ട് 2014ല്‍ നടന്ന സംഭവത്തില്‍ പരാതിപ്പെടാന്‍ ഇത്ര വൈകി, സിപിഎമ്മിന്റെ കൗണ്‍സിലര്‍ക്കെതിരേ പരാതിപ്പെടാന്‍ യുഡിഎഫ് ഭരണകാലത്തില്ലാതിരുന്ന ധൈര്യം അയാളുടെ പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുമ്പോള്‍ എങ്ങനെ ഉണ്ടായി തുടങ്ങിയ തലമുടി നാരിഴ കീറലുകള്‍ എത്രത്തോളം സാമൂഹ്യ വിരുദ്ധമാണെന്ന് പരിശോധിക്കപ്പെടേണ്ടത്.

ഇതില്‍ രാഷ്ട്രീയമേ കലര്‍ന്നിട്ടില്ല എന്നോ, സിപിഎം കൗണ്‍സിലര്‍ ആയതുകൊണ്ട് ജയന്തനില്‍ ആരോപിക്കപ്പെടുന്ന കുറ്റം അത് ആരോപിക്കപ്പെട്ടപ്പോള്‍ തന്നെ വിചാരണയൊന്നും ആവശ്യപ്പെടാത്തവണ്ണം പ്രകടമായി സ്ഥാപിക്കപ്പെട്ട് കഴിഞ്ഞു എന്നോ തൊട്ട് സിപിഎം പാര്‍ട്ടി ക്ലാസുകളില്‍ വര്‍ഗ്ഗ വിപ്ലവം നടപ്പിലാക്കേണ്ട വിധം എന്ന ടോണില്‍ ബലാത്സംഗം ചെയ്യേണ്ട വിധമാണ് ഇപ്പോള്‍ പഠിപ്പിക്കുന്നത് എന്ന് വരെ ധ്വനികള്‍ നീളുന്ന രാഷ്ട്രീയ ആരോപണങ്ങളും ട്രോളുകളും അല്ല ഇവിടെ വിഷയം; സിപിഎം പോലെ ഒരു ഇടത് സംഘടനയും, അതിന്റെ അനുഭാവി വൃന്ദവും അവയില്‍ പ്രകോപിതരായി മേല്‍പ്പറഞ്ഞവ പോലെയുള്ള വാദമുഖങ്ങള്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്നത് പാര്‍ട്ടി അവകാശപ്പെടുന്ന പുരോഗമന രാഷ്ട്രീയ മുഖത്ത് കരിവാരി തേയ്ക്കുന്നതിന് തുല്യമാകും എന്നതാണ്.

സാദ്ധ്യതകള്‍ അനന്തമാണ്. പക്ഷേ ഭൗതിക നീതി മരണാനന്തരമല്ല വര്‍ത്തമാനത്തിലാവണം. ആ നിലയ്ക്ക് ഇത്തരം ഒരു ആരോപണത്തില്‍ നിലവില്‍ ആര്‍ക്കൊപ്പം നില്‍ക്കണം എന്നതാണ് ചോദ്യം. അതിന് ഒറ്റ ഉത്തരമേ ഉള്ളു, ആ സ്ത്രീയ്‌ക്കൊപ്പം. കാരണം അവര്‍ ഒരു വ്യക്തി എന്നത് പോലെ നമ്മുടെ സാമൂഹ്യ സാഹചര്യങ്ങളില്‍ ഒരു പ്രതിനിധാനം കൂടിയാണ്. ഓരോ സ്ത്രീയും അവര്‍ വ്യക്തിയായിരിക്കുമ്പോള്‍ തന്നെ പുരുഷാനുകൂലമായ ഒരു സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ ചരിത്രം പാര്‍ശ്വവല്‍ക്കരിച്ച ലിംഗത്തിന്റെ പ്രതിനിധി കൂടിയാണ്. അവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനം.

അന്വേഷണം വേണ്ടയോ?
ഇതിനര്‍ത്ഥം അന്വേഷണം വേണ്ട എന്നല്ല. ഇവിടെ ഒരു സ്ത്രീയാണ് വാദി. അവര്‍ പറയുന്നത് താന്‍ പറ്റിക്കപ്പെട്ടെന്നോ, തന്റെ ആഭരണം മോഷണം പോയന്നോ, അയലത്തെ പട്ടി കടിച്ചെന്നോ അല്ല, നാലുപുരുഷന്മാര്‍ ചേര്‍ന്ന് തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തു എന്നാണ്. അതിനെ പെണ്ണുങ്ങളൊക്കെ ഈസി മണിക്കായി ബലാത്‌സംഗ ആരോപണവുമായി കേരളത്തില്‍ കറങ്ങി നടക്കുകയാണ് എന്നമാതിരി ഒരു സാംസ്‌കാരിക നായകന്‍ അടുത്തകാലത്ത് നടത്തിയ പരാമര്‍ശം പോലെ നിരുത്തരവാദപരവും, ക്രൂരവും, അറുപിന്തിരിപ്പനുമായ നിരീക്ഷണങ്ങളെ അഴിച്ചുവിട്ട് മലിനമാക്കപ്പെട്ട ഒരു ബോധപരിസരത്തില്‍ ആവരുത് ആ അന്വേഷണം നടക്കേണ്ടത് എന്നാണ്.

തന്നെ നാലുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു എന്ന പരാതിയുമായി ചെന്ന സ്ത്രീയെ ഓ, അതില്‍ ആരുചെയ്തതാണ് നിനക്ക് ഏറ്റവും സുഖിച്ചത് എന്ന മറുചോദ്യം കൊണ്ട് സ്വാഗതം ചെയ്യുന്ന പൊലീസ് മേധാവി എന്നത് പൊടുന്നനെ ഉണ്ടായ ബിംബമൊന്നുമല്ല. അതിന് നീണ്ട ഒരു ചരിത്രമുണ്ട്. അതില്‍ ഫലപ്രദമായ ഒരു മാറ്റവും സാധ്യമാക്കാന്‍ കഴിയുന്നില്ല എന്നത് ഇടത് പക്ഷം മാത്രം ആത്മവിമര്‍ശനം നടത്തേണ്ടുന്ന ഒരു മേഖല തന്നെയാണ് താനും. കാരണം അവരുടെ സഖാക്കളായിരുന്നല്ലോ പണ്ട്, പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന കാലത്ത് അധികാരത്തിന്റെ ലൈംഗിക ഉപകരണമായി പ്രവര്‍ത്തിക്കാനും മടിയില്ലാത്ത പൊലീസ് ലോക്കപ്പ് മുറികളില്‍ വച്ച്, ലിംഗം കൊണ്ട് ചോദ്യം ചെയ്യപ്പെട്ടത്. ഇവിടെ കോണ്‍ഗ്രസ്സുമായുള്ള താരതമ്യംമൊന്നും കൊണ്ട് കാര്യമില്ല, കാരണം കോണ്‍ഗ്രസല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് നാട്ടുഭാഷയില്‍ ‘വായ്ത്താളം’ എന്ന് പറയുന്നപോലെ ഒന്നല്ല, അവയുടെ ചരിത്രം തന്നെ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഒരു കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴിലെ പോലീസും വ്യത്യസ്തമാകേണ്ടതുണ്ട്. അത് ഒരു കമ്യൂണിസ്റ്റ് ഭരണകൂടം ഉറപ്പുവരുത്തേണ്ടതുണ്ട്.

അന്വേഷണം വേണം എന്നത് നിസ്തര്‍ക്കമായ കാര്യം. ഒപ്പം ഈ വിഷയത്തില്‍ മറുവാദമായി ജയന്തന്‍ ഉന്നയിക്കുന്ന കേബിള്‍ ബിസിനസിനോ മറ്റോ ആയി ആരോപണം ഉന്നയിച്ച സ്ത്രീയുടെ ഭര്‍ത്താവിന് കടമായി ‘സംഘടിപ്പിച്ച്’ നല്‍കിയ തുകയാണ് ഈ വിവാദത്തിന് കാരണമായത് എന്ന സൂചനയും. അത് ഒരു അനധികൃത പലിശ ഇടപാടായിരുന്നു എന്നും ഇപ്പോള്‍ ആരോപണമുണ്ട്. അത്തരത്തില്‍ സങ്കീര്‍ണ്ണമാണ് ഈ പ്രശ്‌നം. പക്ഷേ പ്രശ്‌നം അന്വേഷണം നടത്തിയാല്‍ മാത്രം പോര, അത് സ്വതന്ത്രവും, നീതിയുക്തവുമായ ഒന്നാണെന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്താനും ഈ ഇടത് സര്‍ക്കാരിന് കഴിയണം. മനസാക്ഷി പറഞ്ഞു എന്നൊന്നും വായ് താളം വിട്ടാല്‍ പോര എന്ന് ചുരുക്കം. അതെങ്ങനെ എന്നതാണ് ഇവിടെ ഉയരുന്ന അടുത്ത ചോദ്യം.

എങ്ങനെ അന്വേഷിക്കും?
ഇവിടെ ആരോപിതന്‍ സിപിഎമ്മിന്റെ കൗണ്‍സിലറാണ് എന്ന് മാത്രമല്ല അയാളും ഒപ്പം കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന മറ്റ് മൂന്നുപേരും നിസ്സാരക്കാരല്ല, തൃശൂരില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ തീരുമാനിക്കാന്‍ പോന്നവണ്ണം പ്രബലരാണ് എന്നും അവരെ വിട്ട് പാര്‍ട്ടിക്ക് അവിടെ നിലനില്‍പ്പേ ഇല്ല എന്നും ഒക്കെയുള്ള ആരോപണങ്ങളും സ്ഥലം എംഎല്‍എ അനില്‍ അക്കരെ ഉന്നയിച്ച് കഴിഞ്ഞു. അതിന്റെ അര്‍ത്ഥം സിപിഎം ഭരിക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പ് അന്വേഷിച്ചാല്‍ ജയന്തന്‍ നിരപരാധിയാണെന്ന കണ്ടെത്തലേ ഉണ്ടാവുകയുള്ളു എന്ന് തന്നെയാണ്. കാലാകാലങ്ങളായുള്ള പൊതുബോധത്തിന്റെ രാഷ്ട്രീയ അനുഭവം അതാണെന്നിരിക്കെ ഇവിടെ മാത്രം അത് അങ്ങനെയാവില്ല എന്ന് പറഞ്ഞുനില്‍ക്കുക അത്ര എളുപ്പമാവില്ല. ജയന്തന്‍ ഒരു ചാനല്‍ പ്രതിനിധിയോട് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും തന്റെ കൗണ്‍സിലര്‍ പദവി രാജിവച്ച് അതിനെ നേരിടാന്‍ സന്നദ്ധനാണെന്നും ഒക്കെ പറയുന്നത് കേട്ടു. പക്ഷേ കോണ്‍ഗ്രസ്സ് ഒരു മുഴം മുമ്പേ എറിഞ്ഞ ഏറില്‍ അതുകൊണ്ടും കാര്യമില്ല.

കേരളാ പൊലീസ് അന്വേഷിച്ചാല്‍ അതിലെ കണ്ടെത്തല്‍ അനിവാര്യമായും ജയന്തന്റെ നിരപരാധിത്തമായിരിക്കും എന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞ സ്ഥിതിക്ക് ഇതില്‍ എന്താണ് പരിഹാരം? ഒരു അംഗീകൃത സംസ്ഥാന ബാഹ്യ ഏജന്‍സിയെ കൊണ്ട് ഇത് അന്വേഷിപ്പിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് തോന്നുന്നു. കേവലം സര്‍വീസ് ചട്ടലംഘന കേസുകളില്‍ പോലും ഞങ്ങള്‍ അന്വേഷിക്കാന്‍ റെഡി എന്ന് പറയുന്ന സിബിഐ പോലെ ഒരു ഏജന്‍സിയ്ക്ക് ഇത് വിടുന്നതാവില്ലേ നന്ന്? ബലാത്സംഗ കേസ് അന്വേഷിക്കാന്‍ സിബിഐ യോ’ എന്ന് വ്യാക്ഷേപിക്കുന്നവരെ ജേക്കബ് തോമസ് കേസ് ഓര്‍മ്മിപ്പിക്കട്ടെ. അവര്‍ അത് ഏറ്റെടുത്തില്ലെങ്കില്‍ മറ്റ് പോംവഴികള്‍ അന്വേഷിക്കുകയുമാവാം. സര്‍വ്വ പ്രധാനം ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയായി വിധി വരുന്നത് വരെയും ആരോപണം ഉന്നയിച്ച സ്ത്രീയ്‌ക്കെതിരേ ആണ്‍കോയ്മയുടെയും, ഭരണകൂടത്തിന്റെയും അധികാരങ്ങള്‍ സമന്വയിക്കുന്ന ആള്‍കൂട്ട വിചാരണകള്‍ നിര്‍ത്തി വയ്ക്കുക എന്നതാണ്. ഭാഗ്യവശാല്‍ ഫെയ്‌സ് ബുക്ക് പോലെയുള്ള നവ മാദ്ധ്യമങ്ങളില്‍ ഇതിനെ ന്യായീകരിച്ച് മുഖ്യ ഓണ്‍ലൈന്‍ സിപിഎം അനുഭാവികളുടെ ഒരുപാട് പോസ്റ്റുകളൊന്നും(ഒന്ന് പോലും) ഈ ലേഖകന്റെ സ്ട്രീമില്‍ കണ്ടില്ല എന്ന് മാത്രമല്ല ആരോപിതനെ നിശിതമായി വിമര്‍ശിക്കുന്ന പല പോസ്റ്റുകളും കാണുകയും ഉണ്ടായി. അത്രത്തോളം ആശ്വാസകരം തന്നെ.

അനൗദ്യോഗികമായാണെങ്കിലും കുറേക്കാലം ഇന്ത്യയുടെ പ്രതിപക്ഷ നേതാവായി കഴിഞ്ഞ എകെജിയുടെ ഡല്‍ഹിക്കാലത്തെ അനുഭവക്കുറിപ്പുകള്‍ പുസ്തകമായിട്ടുണ്ട്. അതില്‍ അദ്ദേഹം പങ്ക് വയ്ക്കുന്ന ഒരു ഭയമുണ്ട്. വണ്ടിക്കൂലിക്കുള്ള കാശ് മുതല്‍ തൊഴിലും, കുടുംബ, സാമൂഹ്യ, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും ഒക്കെ തേടി രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും അദ്ദേഹത്തെ കാണാന്‍ വരുന്ന മനുഷ്യര്‍, അവര്‍ പാര്‍ട്ടിയിലും, അതിന്റെ പ്രതിനിധി എന്ന നിലയില്‍ തന്നിലും അര്‍പ്പിക്കുന്ന അനന്തമായ പ്രതീക്ഷയാണ് അദ്ദേഹം അതില്‍ ഭയത്തോടെ കുറിച്ച് വയ്ക്കുന്നത്. അതില്‍ എകെജി തനിക്ക് പ്രത്യേകിച്ചും, പാര്‍ട്ടിക്കുപൊതുവിലും നല്‍കുന്ന ഒരു താക്കീത് കൂടിയുണ്ട്. അവരുടെ പ്രതീക്ഷയ്‌ക്കൊപ്പം വളരുവാനായില്ലെങ്കില്‍ ഈ ജനപ്രീതി ജനവിരോധമായി മാറാന്‍ അധികം സമയമെടുക്കില്ല എന്നതാണത്. അദ്ദേഹത്തിന് ഒരുപക്ഷേ വ്യക്തിതലത്തിലായെങ്കില്‍ കൂടി, പാര്‍ട്ടിക്ക് സംഘടനാതലത്തില്‍ ആ താക്കീതിനെ മറികടക്കാനായില്ല എന്നതിന്റെ ബാക്കി പത്രമാണ് ഒരു അഖിലേന്ത്യാ പാര്‍ട്ടി എന്ന നിലയില്‍ ഇന്നത്തെ സിപിഎമ്മിന്റെ അവസ്ഥ.

എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്നത് കേവലം പ്രാസബന്ധിയായ ഒരു പരസ്യ വാചകമായല്ല കേരളം നെഞ്ചേറ്റിയതെന്ന് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം സാക്ഷി. പക്ഷേ ആ വാഗ്ദാനത്തിന് പിന്നിലെ ഉത്തരവാദിത്തം ഉറക്കം കെടുത്തുന്ന ഒരു ജാഗ്രതയായി മനസിലുണ്ടാവണം. ആ ജാഗ്രതയില്‍ വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലര്‍ കുറ്റാരോപിതനായ ഈ ഒരു സംഭവം മാത്രമല്ല, ലോക്കപ്പില്‍ നടക്കുന്ന മറ്റ് ദളിത് പീഢന വാര്‍ത്തകളും പരിഗണനാവിധേയമാകണം. ദളിത്, പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണയില്‍ നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ സംഘടനയുടെ ഔദ്യോഗിക നിര്‍വഹണ സംവിധാനങ്ങള്‍ ആ പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളോടുള്ള സാമ്പ്രദായിക അവമതിപ്പിനെയും, പുച്ഛത്തെയും ഭരണതലത്തില്‍ നിയന്ത്രിക്കുക എന്ന കര്‍ത്തവ്യം അടിയന്തിരമായി നടപ്പിലാക്കി തുടങ്ങണം. ഇല്ലെങ്കില്‍…!

ഇല്ലെങ്കില്‍ ഉറങ്ങാതെ ജനസമ്പര്‍ക്കം നടത്തിയ മുന്‍ മുഖ്യമന്ത്രി അതിവേഗം ബഹുദൂരം എത്തിച്ചേര്‍ന്ന ഇന്നത്തെ അവസ്ഥാ ഓര്‍ത്താല്‍ മതി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:

This post was last modified on January 18, 2017 12:03 pm