X

കണ്ണില്‍ പടരുന്ന നനവാര്‍ന്ന പുഞ്ചിരിയാണ് എനിക്ക് പ്രണയം

കൊല്‍ക്കത്തയില്‍ നിന്നുവന്ന കൂട്ടുകാരോടൊപ്പം കലാമണ്ഡലത്തിലെ കുട്ടികള്‍ അവതരിപ്പിച്ച നളചരിതം രണ്ടാം ദിവസം കണ്ട് കൂത്തമ്പലത്തില്‍ നിന്നു പുറത്തിറങ്ങുകയായിരുന്നു ഞങ്ങള്‍. സംസാരം തുടങ്ങിയത് ദമയന്തിയുടെ പ്രണയത്തെക്കുറിച്ചാണെങ്കിലും എന്താണു പ്രണയമെന്നുപറഞ്ഞാല്‍ എന്ന ചോദ്യത്തിലാണ് അതു വന്നുനിന്നത്.

ഒരിക്കലും പോവാത്തൊരു ഇഷ്ടം, മഴയോടു തോന്നുന്ന പോലെ ഒരിഷ്ടം, കാട്ടുപാതയിലൂടെ നടന്നുപോവാന്‍ തോന്നുന്നതു പോലെ ഒരിഷ്ടം, ചിലരുടെ എഴുത്തിനോടു തോന്നുന്ന ഇഷ്ടം, ആശയങ്ങളോടു തോന്നുന്ന ഇഷ്ടം, അങ്ങിനെ എന്റെ മനസ്സിലെ ഇഷ്ടങ്ങളുടെ നീണ്ട പട്ടിക തന്നെ ഞാന്‍ പറഞ്ഞു തുടങ്ങി.

ഒരിക്കലും വെറുക്കാനാവാത്ത മറക്കാനാവാത്ത ഇഷ്ടം എന്നുകൂടി പറയൂ സൈറാബാനു എന്നു കൂട്ടിചേര്‍ത്ത കൂട്ടുകാരന്റെ മുഖത്തെ മ്ലാനത എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ടായിരുന്നു അപ്പോള്‍.

കൊല്‍ക്കത്തയില്‍ നിന്നുള്ള ആ ചങ്ങാതിയെ എന്റെ മക്കള്‍ക്കും വലിയ ഇഷ്ടമാണ്. മനോഹരമായി ഗസലുകള്‍ പാടുന്ന, നന്നായി തബല വായിക്കുന്ന അവന്‍ രബീന്ദ്ര സംഗീതത്തിന്റെ ആരാധകന്‍ കൂടിയാണ്. ജോലിയില്‍ മടുപ്പ് തോന്നുമ്പോഴെല്ലാം ബാഗില്‍ വസ്ത്രങ്ങള്‍ കുത്തിനിറച്ച് ഒരു ലക്ഷ്യവുമില്ലാതെ പുറപ്പെട്ട് മനോഹരമായ യാത്രയില്‍ അവസാനിച്ച അനുഭവങ്ങള്‍ പങ്കുവെക്കുമ്പോഴെല്ലാം അന്‍പതുകളില്‍ എത്തിയിട്ടും ഒരു വിവാഹത്തെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചില്ല എന്നൊരു ചോദ്യം എന്റെ മനസ്സില്‍ വരാറുണ്ട്, ഒരുപക്ഷേ ആ ചോദ്യം ആ ചങ്ങാതിയെ വേദനിപ്പിച്ചാലോ എന്നോര്‍ത്തു മാറ്റിവെച്ചതായിരുന്നെങ്കിലും അന്ന് കലാമണ്ഡലത്തിന്റെ മുറ്റത്ത് വെച്ചു ഞാനറിയാതെ ചോദിച്ചു പോയി.

ആ നേരത്ത് ആകാശത്തു കണ്ട വലിയ മേഘങ്ങളുടെ നിഴലുകള്‍ അവന്റെ കണ്ണിലും വന്നു പൊതിയുന്നതു കണ്ടപ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് ആയിരംവട്ടം മനസില്‍ പറഞ്ഞു പോയി ഞാന്‍. വിവാഹം മനസ്സില്‍ വന്നിട്ടേ ഇല്ല. പ്രണയം അതു അതിന്റെ സമയത്തു നടന്നു പോയതാണല്ലോ എന്നുപറഞ്ഞു മുഖമുയര്‍ത്തിയപ്പോള്‍ അവന്റെ കണ്ണിലെ നിഴല്‍ മാഞ്ഞു വെയില്‍ തെളിഞ്ഞിരുന്നെങ്കിലും വല്ലാത്തൊരു കുറ്റബോധത്താല്‍ എന്റെ മനസ്സു കലങ്ങിയിരുന്നു.

സംവേദനത്തിന്റെ ഏതു പാഠ്യഭേദങ്ങളേയും ഇന്‍സ്റ്റന്റ് മെസേജുകളിലൂടെ വിനിമയം ചെയ്യാനാവുന്ന ഇന്നത്തെ കാലത്തു ജീവിക്കുന്ന എന്റെ മക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ എണ്‍പതുകളിലെ അവസാന കാലത്തു പഠിച്ച എന്റെ തലമുറ സ്വപ്നലോകത്ത് ജീവിക്കുന്നവരാണ്. 

 

പ്രണയം പറയാതെ അറിയണം, അല്ലെങ്കില്‍ പറയാതെ തന്നെ അറിയാം എന്നൊക്കെ വിചാരിച്ചിരുന്ന ഞങ്ങള്‍ സ്വപ്നലോകത്തു തന്നെയാണു ജീവിച്ചിരുന്നത് എന്നെനിക്കും തോന്നുന്നു. സമരത്തിന്റേയും വിപ്ലവത്തിന്റേയും ഉന്മാദം മനസ്സില്‍ നിറഞ്ഞ അക്കാലത്ത് ഒരു കോളേജു കാലം മുഴുവന്‍ വായിച്ചെടുക്കാന്‍ ശ്രമിച്ചിട്ടും മനസിലാക്കാനാവാതെ പോയ കൂട്ടുകാരന്റെ ഇഷ്ടത്തെ സൗഹൃദമായും സൗഹൃദത്തെ പ്രണയമായും തെറ്റിദ്ധരിച്ചത് അതുകൊണ്ടു കൂടിയാവണം. 

പ്രണയത്തിനു പിങ്കു നിറമാണ്. ഒരു തൂവല്‍ സ്പര്‍ശം പോലെയാണ്. അതില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നതാണു പ്രണയം. പ്രണയത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ കാനഡയില്‍ നിന്നുവിളിച്ച കൂട്ടുകാരി പറഞ്ഞതാണിത്. കവിയത്രിയായ കൂട്ടുകാരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മനസ്സമാധാനത്തിന്റേയും സന്തോഷത്തിന്റേയും അങ്ങേയറ്റമാണ് പ്രണയം. 

പത്താം ക്ലാസിലെ ഓട്ടോഗ്രാഫുകാലത്ത് അവസാനതാളില്‍ മറക്കരുത് എന്നു കോറിയിട്ട കൂട്ടുകാരനോട് തോന്നിയ ചെറിയ ഇഷ്ടത്തെക്കുറിച്ചും കോളേജിന്റെ ലൈബ്രറിയിലും കെമിസ്ട്രി വരാന്തയിലൂടെ തിരക്കിട്ടോടുമ്പോഴുമെല്ലാം കാത്തുനിന്നിരുന്ന പുഞ്ചിരിയോടു തോന്നിയ വലിയ ഇഷ്ടത്തെകുറിച്ചും പറയുമ്പോള്‍ മുട്ടത്തു വര്‍ക്കിയുടെ നോവലുപോലെയുണ്ട് എന്ന് കളിയാക്കാറുണ്ടവര്‍.

ഒറ്റക്കായി പോവുന്ന നിമിഷങ്ങളില്‍ ആരും കാണാതെ ഒളിപ്പിച്ചുവെച്ച മയില്‍പ്പീലി പുസ്തകം തുറന്നു നോക്കുമ്പോള്‍ കണ്‍കോണുകളില്‍ നനവായി പടരുന്ന പുഞ്ചിരിയാണ് എനിക്കു പ്രണയം.

This post was last modified on December 16, 2016 12:19 pm