താജുദ്ദീന്‍ ബല്ലാകടപ്പുറം
(ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം-വരാണസിയുടെ ശീതഞരമ്പുകള്‍, ഒരു ഭൂകമ്പത്തിന്റെ ഓര്‍മ്മ)
വൈകുന്നേരം അഞ്ച് മണിക്കാണ് ട്രെയിന്‍. അതു കണക്കാക്കി പത്തു മണിയോടെ റൂമില്‍ നിന്നും ഇറങ്ങി. സുഹൃത്ത് കമാല്‍ ഗോസീ അങ്ങാടി വരെ കൂടെ വന്നു. സീറ്റ് കണ്‍ഫോം അല്ലാത്തതിനാല്‍ കമാലിന് ടിക്കറ്റിന്‍റെ പിഎന്‍ആര്‍ നമ്പര്‍ കൊടുത്ത് ചെക്ക് ചെയ്യാന്‍ പറഞ്ഞിരുന്നു. വൈകുന്നേരം വരാണസിയിലെത്തിയാല്‍ പിഎന്‍ആര്‍ സ്റ്റാറ്റസ് അറിയാന്‍ വിളിക്കാമെന്ന് പറഞ്ഞ് വണ്ടി കയറി. ഏകദേശം മൂന്ന് മണിയോടെ വരാണസി റയില്‍വേ സ്റ്റേഷനിലെത്തി.
കമാലിനെ വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫ്. പിന്നെയും ശ്രമിച്ചു. അപ്പോഴും അതു തന്നെ അവസ്ഥ. പടച്ചവനേ ഇനിയെങ്ങനെ പിഎന്‍ആര്‍ സ്റ്റാറ്റസ് അറിയാനാണ്. എന്തു ചെയ്യണമെന്നറിയാതെ പുറത്ത് അങ്ങാടിയിലെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പരിഭ്രാന്തനായി നടന്നു.
സീറ്റ് നമ്പര്‍ അറിയാതെ ഏതു കമ്പാര്‍ട്ട്മെന്‍റില്‍ ചെന്നു കയറും! പിന്നെ സ്റ്റേഷനകത്തും കുറച്ചു നടന്നു. വണ്ടി വരാത്തതിലുള്ള സങ്കടമല്ല, സീറ്റ് സ്റ്റാറ്റസ് അറിയാത്തതിലുള്ള ആശങ്കയായിരുന്നു. മൊബൈല്‍ കയ്യിലെടുത്ത് വെറുതെ കളിച്ചിരുന്നു. വൈഫൈ ഓണ്‍ ചെയ്താലോ എന്നൊരു തോന്നല്‍. ചിലപ്പോള്‍ നെറ്റ് കണക്ഷന്‍ കിട്ടിയാലോ എന്നൊരു പ്രതീക്ഷ. ഓണ്‍ ചെയ്തപ്പൊള്‍ കിട്ടിയത് റയില്‍വേ വൈഫൈ കണക്ഷനായിരുന്നു. അല്‍ഹംദുലില്ലാഹ്, വേഗം പിഎന്‍ആര്‍ സ്റ്റാറ്റസ് നോക്കി. നിരാശയായിരുന്നു ഫലം. വെയിറ്റിംഗ് ലിസ്റ്റ് മുപ്പത്തി മൂന്നില്‍ നിന്ന് എട്ടിലെത്തിയിട്ടേയുള്ളു. സ്റ്റാറ്റസ് ഇനിയും അപ്ഡേറ്റ് ആവുമെന്ന് കരുതി കാത്തിരുന്നു. അപ്പോഴാണ് അല്‍പ്പം മുകളിലായി ചാര്‍ട്ട് പ്രിപ്പേര്‍ഡ് എന്നു കണ്ടത്. സീറ്റ് കിട്ടാത്ത സങ്കടവും കമാലിനെ വിളിച്ചു കിട്ടാത്ത അമര്‍ഷവും കൂടിക്കലങ്ങി ഞാന്‍ നിസ്സഹായനായി.
സ്ലീപ്പര്‍ ടിക്കറ്റ് എടുത്തിട്ടും കണ്‍ഫോമാവാതെ ട്രെയിനിനകത്ത് അലയേണ്ടി വന്ന അനുഭവം ഉള്ളത് കൊണ്ട് സീറ്റ് കിട്ടിയേ യാത്ര പോകൂ എന്നു തീരുമാനിച്ചിരുന്നു. പക്ഷെ അത്യാവശ്യമായി ഹൈദരാബാദില്‍ എത്താനുള്ളത് കൊണ്ട് വെയിറ്റിങ് ടിക്കറ്റ് എടുത്തതതായിരുന്നു. മുമ്പൊരിക്കല്‍ ഷോര്‍ണൂരില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് രപ്തി സാഗര്‍ എക്സ്പ്രസില്‍ പോകാന്‍ ടിക്കറ്റ് നോക്കി. വെയിറ്റിംഗ് ലിസ്റ്റ് നൂറ് കഴിഞ്ഞിരുന്നു. എന്തു ചെയ്യണമെന്നറിയാന്‍ സുഹൈലിനു വിളിച്ചു. കൂടാതെ ഇഖ്ലീലും മുസ്ഥഫയും സ്വബൂറും കൂടെ പോരുന്നുണ്ട്. തത്കാല്‍ ടിക്കറ്റ് എടുക്കാമെന്ന് സുഹൈല്‍ പറഞ്ഞു. രപ്തിസാഗറില്‍ തത്കാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഫെബ്രുവരി മാസമായതിനാല്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളും നാട്ടിലേക്കുള്ള തയ്യാറെടുപ്പിലാണ്. തണുപ്പ് കുറഞ്ഞു വരുന്ന സമയമാണത്. പോകുന്ന തലേ ദിവസം സുഹൈലും ഇഖ്ലീലും അതിരാവിലെ തന്നെ തത്കാല്‍ ടിക്കറ്റിനു ട്രാവല്‍ ഏജന്‍സിയിലേക്ക് പോയി. ഉത്തരേന്ത്യന്‍ തൊഴിലാളികളൊക്കെ അര്‍ദ്ധ രാത്രി തന്നെ എത്തിയിരുന്നു. ടിക്കറ്റ് എടുത്തപ്പോള്‍ തത്കാല്‍ വെയിറ്റിംഗ് ലിസ്റ്റ്. പടച്ചോനെ സീറ്റ് ഇനിയും കണ്‍ഫോമായില്ല, പോവുക തന്നെ, എല്ലാവരും തീര്‍ച്ചയാക്കി. ഇടയില്‍ ടിടിയെ കണ്ട് സീറ്റ് തരപ്പെടുത്താമെന്നും കരുതി.
മൂന്ന് ദിവസം തീവണ്ടിയില്‍ അതും സീറ്റില്ലാതെ. രാത്രിയുറങ്ങാന്‍ കയ്യിലുണ്ടായ തോര്‍ത്ത് മുണ്ട് നിലത്ത് വിരിച്ച് ചുരുണ്ട് കിടക്കും. വലിയ ടിന്നുകളും ഡബ്ബകളുമുള്ള കാരണം ഉറങ്ങാന്‍ പ്രയാസപ്പെട്ടു. ടിന്നുകളൊക്കെ ലഗേജ് കംപാര്‍ട്മെന്‍റില്‍ വെച്ചാല്‍ പോരായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു ഇതില്‍ കേരളത്തിലെ മിച്ചറുകള്‍ (നംകീന്‍), ഹല്‍വ, നാരിയല്‍ക തേള്‍ (വെളിച്ചെണ്ണ), പിന്നെ അണ്ടിപ്പരിപ്പ്, കുരുമുളക് തുടങ്ങിയവയും. ഒരു കാലത്ത് കേരളത്തെ ഊറ്റിയെടുത്ത് ഇംഗ്ലീഷുകാര്‍ പോയതാണ്. സ്വത്തുക്കളൊക്കെ കടത്തികൊണ്ട് പോവാന്‍ ഇംഗ്ലീഷുകാര്‍ കണ്ട മാര്‍ഗമായിരുന്നു തീവണ്ടി.
ഇപ്പോള്‍ ഇംഗ്ലീഷുകാരുടെ മാര്‍ഗം പിന്തുടരുകയാണ് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍. പരമാവധി സാധനങ്ങളൊക്കെ ടിന്നിലേക്ക് തിരുകിയിടും. ഒരാള്‍ക്ക് തന്നെ രണ്ടോ അതിലധികമോ ഉണ്ടായിരുന്നു. ഉത്തരേന്ത്യന്‍ നാടുകളില്‍ കിട്ടാത്ത അമൂല്യ വസ്തുക്കളാത്രെ അവയൊക്കെ.
അര്‍ദ്ധ രാത്രി പിന്നിട്ടാല്‍ ചിലപ്പോള്‍ ഉഡോ ബയ്യ, മുജേ ജാനേദോ എന്നും പറഞ്ഞ് പ്രായമായവര്‍ വഴിയില്‍ കിടക്കുന്ന ഞങ്ങളെ എഴുന്നേല്‍പ്പിക്കുമ്പോള്‍ ഒരു തരം പിരി കയറും. പറഞ്ഞിട്ടെന്തു കാര്യം സീറ്റ് കണ്‍ഫോമാവാത്തവര്‍ ഇതെല്ലാം അനുഭവിക്കലല്ലാതെ വേറെ നിവൃത്തിയില്ല. കൂടെ വലിയ ട്രോളികളുള്ളതിനാല്‍ ഒഴിഞ്ഞ സീറ്റും പരതി പോയില്ല. അതിനിടയില്‍ ഒരു ഹിന്ദിക്കാരന്‍ ഞങ്ങളുടെ നിസ്സഹായത മുതലെടുത്തു. അയാള്‍ക്ക് RAC സീറ്റുണ്ട്, അയാള്‍ പറഞ്ഞു സീറ്റ് തരാം ഇരുന്നൂറ് രൂപ തരണം. ലഗേജുകള്‍ വെക്കാനൊരു സീറ്റ് അനിവാര്യമായിരുന്നു. ഇരുന്നൂറ് രൂപ കൊടുത്തത് വാങ്ങി. അന്നെടുത്ത തീരുമാനമായിരുന്നു സീറ്റ് കിട്ടാതെ ദൂരയാത്രക്കില്ലെന്ന്, പറഞ്ഞിട്ടെന്തു കാര്യം വീണ്ടും ഞാനാ അബദ്ധം ആവര്‍ത്തിച്ചു.
അഞ്ചരയോടടുത്ത സമയം ട്രെയിന്‍ ഒന്നാം ഫ്ലാറ്റ് ഫോമിലെത്തി. എവിടെ കയറണമെന്ന് നിശ്ചയമില്ല. പിന്നെ ടിടിആറിനെ പരതലായി പണി. അപ്പോഴാണ് ചെറിയൊരു ആള്‍കൂട്ടം കണ്ടത്, കൂടെ കറുത്ത കോട്ട് ധരിച്ച ടിയാനുമുണ്ടായിരുന്നു. അറിയാവുന്ന ഭാഷയില്‍ ഒരു വിധം കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ചു. ഞാന്‍ പറഞ്ഞത് ഗുജ്റാത്ത് ഹിന്ദിയല്ലാത്തതിനാല്‍ ടിടിക്ക് കാര്യം പിടികിട്ടി. പിന്നെ ആശാന്‍ ടിക്കറ്റ് നോക്കിയൊരു വില പറഞ്ഞു. അഞ്ഞൂറു രൂപ തരണം.
ഞാന്‍ ഞെട്ടി, അഞ്ഞൂറോ!?
സാര്‍ എന്‍റേത് വെയിറ്റിംഗ് ലിസ്റ്റിലാ..
എന്തു പറഞ്ഞിട്ടും കാര്യമില്ല പൈസ തന്നാല്‍ സീറ്റ് ശരിയാക്കിത്തരാം. എന്‍റേയും ടിടിയുടേയും ഇടയില്‍ ചെറിയൊരു മൗനം. ആലോചിക്കാന്‍ സമയമില്ല, വേണ്ടെങ്കില്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കും. അയാളല്‍പ്പം കനപ്പിച്ച് പറഞ്ഞു. വേണ്ടാഞ്ഞിട്ടല്ല, കയ്യിലുണ്ടായത് കൂട്ടിയാല്‍ ആകെ കിട്ടുന്നത് അഞ്ഞൂറിനോടടുത്ത്. അത് മുഴുവനും ഇയാള്‍ക്ക് കൊടുത്താല്‍ ഞാനിനി ഹൈദരാബാദിലേക്ക് ഭക്ഷണത്തിനു പകരം കാറ്റ് നിറച്ച് പോവേണ്ടി വരും.
ഞാന്‍ അത്യാവശ്യക്കാരനാണെന്ന് മനസിലാക്കിയാവണം ടിടിആര്‍ ഗൗരവത്തില്‍ പറഞ്ഞു ‘പെട്ടെന്ന് പറ, അല്ലെങ്കില്‍ ഞാന്‍ മറ്റാര്‍ക്കെങ്കിലും സീറ്റ് കൊടുക്കും’ ഒന്ന് കെഞ്ചി നോക്കി, കയ്യില്‍ അഞ്ഞൂറു രൂപയില്ലെന്നും നാന്നൂറു മതിയോ എന്നും.
ഹും ദോ… മുഖം ചുളിച്ച് ചുളിയാത്ത ഗാന്ധി നോട്ടുകള്‍ കീശയിലിട്ടു. S1ലേക്ക് നടക്കു, ഞാനവിടെ വരാം എന്നും പറഞ്ഞ് മറ്റുള്ളവരിലേക്ക് തിരിഞ്ഞു. ഞാന്‍ S1ല്‍ ആശാനേയും കാത്തിരുന്നു. എകദേശം വണ്ടി അലഹബാദ് സ്റ്റേഷനിലേക്ക് എത്തിത്തുടങ്ങാറായപ്പോള്‍ ടീടിആര്‍ വന്നു പരിശോധന തുടങ്ങി. ഞാന്‍ അരികുപറ്റി നിന്നു. പെട്ടെന്ന് എന്നെ കണ്ടപ്പോള്‍ ബേട്ടാ എന്ന് സൗമ്യ ഭാഷയില്‍ അഭിസംബോധന ചെയ്ത് അൗര്‍ കുച്ച് ഇന്‍തിസാര്‍ കര്‍ലോ എന്ന് പറഞ്ഞു. അല്‍പ്പം മുമ്പ് പരുക്കന്‍ ശൈലിയില്‍ സംസാരിച്ച ആശാന്‍റെ മനസ് ഗാന്ധിജിയാല്‍ തണുത്തിരിക്കുന്നു. എന്‍റെ ടിക്കറ്റില്‍ S1 42 എന്നെഴുതി സ്നേഹത്തോടെ സീറ്റിനടുത്തേക്ക് എന്നേയും അനുഗമിച്ചയാള്‍ അടുത്ത ഇരയും തേടിപ്പോയി.
എനിക്കാണെങ്കില്‍ മധ്യമാണ് കിട്ടിയത്. താഴെ ഒന്നാം സീറ്റില്‍ കാശി തീര്‍ത്ഥാടനം കഴിഞ്ഞു വരുന്ന എഴുപത് തോന്നിപ്പിക്കുന്ന പ്രായമായ ഒരാള്‍. ഉറക്കം വരുന്നുണ്ട്, പക്ഷെ താഴെയുള്ള ആള്‍ ഉറങ്ങാന്‍ കിടന്നാലേ എനിക്കെന്‍റെ സീറ്റ് ഉയര്‍ത്തി കിടക്കാന്‍ പറ്റു. സമയം ഒമ്പത് കഴിഞ്ഞെന്ന് തോന്നി. പ്രായം ചെന്നയാള്‍ എന്നോട് ‘ ക്യാ നീന്ദ് ആരേ? ക്യാ ആപ്കൊ ബീ?’ ഞാന്‍ തിരിച്ചും ചോദിച്ചു. ഹൊ സമാധാനമായി, അദ്ദേഹം സീറ്റില്‍ നിന്ന് എഴുന്നേറ്റു. അപ്പോള്‍ നല്ല ക്ഷീണം മുഖത്ത് പ്രകടമായിരുന്നു. നന്നായി ക്ഷീണിച്ചിട്ടുണ്ട്, കൃത്യമായ ഉറക്കം കിട്ടിയില്ലെന്ന് തോന്നി.ഞാനെന്‍റെ ബെര്‍ത്തിലേക്കു കയറി. ഉറങ്ങാനായി വിരിപ്പ് റെഡിയാക്കുമ്പോള്‍ പ്രായം ചെന്നയാള്‍ നിവര്‍ന്നു നിന്ന് എന്നെ നോക്കിപ്പറഞ്ഞു: ആരാംസെ സോ ജാവോ….
നിശബ്ദമായ രാത്രിയില്‍ ശക്തമായ ക്ഷീണം കാരണം നന്നായൊന്ന് ഉറങ്ങി. കുളിരുന്ന രാത്രി അതിവേഗം കഴിഞ്ഞു. ചെറുതായി ചൂട് അനുഭവപ്പെട്ടു തുടങ്ങി.
ഓരോ സ്റ്റേഷനും കടന്ന് വണ്ടി നീങ്ങുമ്പോള്‍ വിശപ്പ് കൂടിവന്നു. കയ്യിലാണെങ്കില്‍ ചില്ലറത്തുട്ടുകള്‍. ആളൊഴിഞ്ഞ സീറ്റിലിരുന്ന് ഓരോ സ്റ്റേഷനും എത്തുന്നത്പ്രതീക്ഷിച്ചിരിക്കും. സൗജന്യമായി കിട്ടുന്ന ‘പീനെ ക പാനി’ കുടിച്ച് വയറു നിറക്കാന്‍. ഓരോ സ്റ്റേഷനും എത്തുമ്പോള്‍ ബാഗിന്‍റെ കീശയില്‍ തപ്പി നോക്കും, അറിയാതെ പൈസ വല്ലതും പെട്ടു പോയോ എന്നറിയാന്‍. കയ്യില്‍ തടയുന്ന തുട്ടുകള്‍ കൂട്ടി കേല (പഴം) വാങ്ങി. ഒന്നോ രണ്ടോ തരില്ല,ഡസന്‍ വാങ്ങണം. പക്ഷെ മുഖത്തെ ‘സത്യസന്ധമായ’ ക്ഷീണവും നിസ്സഹായതയും ബോധ്യപ്പെട്ടത് കൊണ്ടാവണം വേഗം രണ്ട് പഴം തന്നൊഴിവാക്കി.
എന്താണെന്നറിയില്ല, കയ്യില്‍ പൈസയുണ്ടായപ്പോഴൊന്നും ഇത്രയൊന്നും വിശപ്പ് അനുഭവപ്പെട്ടില്ല!
ജനാലയുടെ അരികിലാണ് ഇരിക്കുന്നതെങ്കിലും പുറം കാഴ്ച്ചകളൊന്നും ദൃഷ്ടിയില്‍ പതിഞ്ഞില്ല. മനസപ്പോള്‍ ദീര്‍ഘ യാത്ര പോവുന്ന എനിക്ക് ഭക്ഷണം പാക്ക് ചെയ്തുകൊണ്ട് പോവാന്‍ നിര്‍ബന്ധിക്കുന്ന ഉമ്മയുടെ സ്നേഹ ശാസന കേള്‍ക്കുന്നത് പോലെ. എവിടെയെങ്കിലും ദൂര യാത്ര പോവുകയാണെന്നറിഞ്ഞാല്‍ ഉമ്മ പിന്നെ അടുക്കളയില്‍ നിന്ന് യാത്രക്കു വേണ്ട ഭക്ഷണങ്ങള്‍ തയ്യാറാക്കി വെക്കും. കയ്യില്‍ പിടിക്കാനുള്ള മടി കാരണം വാങ്ങില്ല. പക്ഷെ നിര്‍ബന്ധത്തിനു വഴങ്ങി കൊണ്ടു പോവും. ട്രെയിന്‍ ഭക്ഷണം കഴിവതും ഒഴിവാക്കണമെന്നാണ് ഉമ്മയുടെ കാഴ്ച്ചപ്പാട്.
ഇനിയൊരു ദിവസം പൂര്‍ണ്ണമായി ഓടണം വണ്ടി ഹൈദരാബാദിലെത്താന്‍. സഹയാത്രക്കാരുടെ കാശിയനുഭവങ്ങള്‍ കേട്ട് സമയം തള്ളി നീക്കാന്‍ തുടങ്ങി. അല്‍പ്പം കഴിഞ്ഞ് എന്‍റെ നേരെ അപ്പുറത്ത് ഇരിക്കുകയായിരുന്ന പ്രായമായ സ്ത്രീയുടെ ഫോണില്‍ ബെല്ലടിച്ചു. സംസാരം നീണ്ടു, പിന്നെ കൊച്ചു കുട്ടിയേ പോലെ കരയാന്‍ തുടങ്ങി. ഫോണ്‍ കട്ട് ചെയ്ത് കയ്യിലുണ്ടായ കര്‍ച്ചീഫ് കൊണ്ട് മുഖം തുടച്ചു. സംഭവിച്ചതെന്തെന്നറിയാന്‍ എന്നെ പോലെ സഹയാത്രക്കാര്‍ക്കും താത്പര്യമുണ്ടായിരുന്നു.
കുടുംബത്തിലെ ഒരാള്‍ മരണപ്പട്ടിരിക്കുന്നു, ഉച്ചയോടെ ചിതയിടാനത്രെ തീരുമാനിച്ചത്, ഇന്നലെ രാത്രി മുതല്‍ അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ തീവണ്ടിയിലായത് കാരണം റേഞ്ച് കിട്ടിയിരുന്നില്ല. വിങ്ങി വിങ്ങിയിത് പറയുമ്പോള്‍ യാത്രക്കാരും നിസ്സഹായരായി. ട്രെയിനിന്‍റെ കാര്യമാണ്. എപ്പൊഴാണ് എത്തുകയെന്ന് ആര്‍ക്കും നിശ്ചയമില്ല. അതിനിടയില്‍ തുടരെ തുടരേ ബന്ധപ്പെട്ടവരുടെ ഫോണ്‍ വിളിയുണ്ടായിരുന്നു. വീട്ടുകാര്‍ക്ക് ആശങ്കയാണ്, ഇവരെത്തിയിട്ടു വേണം കര്‍മങ്ങള്‍ തുടങ്ങാന്‍.
ബന്ധപ്പെട്ടവരുടെ അപകട വാര്‍ത്തകള്‍ ദൂര യാത്രകളില്‍ നിന്ന് അറിയുമ്പോഴുള്ള മാനസികാവസ്ഥ പ്രായമായ സ്ത്രീയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാവുന്നതാണ്.
പിന്നീടങ്ങോട്ട് യാത്രയുടെ ഫ്ലോ പോയപോലെ. എല്ലാവരുടേയും സംസാരങ്ങളില്‍ അപകടത്തിന്റെ അനുഭവങ്ങള്‍ മാത്രമായി. വണ്ടിയപ്പോള്‍ ഒരു ബ്രിഡ്ജിനു മുകളിലൂടെ പതുക്കെ പോവുകയായിരുന്നു. പുഴയില്‍ ചിതറിക്കിടക്കുന്ന വഞ്ചികള്‍ നാഥനില്ലാതെ അലക്ഷ്യമായി ഒഴുകുന്നു. ഓളങ്ങളില്‍ തട്ടി വരുന്ന കാറ്റിന്‍റെ കുളിര്‍മയില്‍ ബല്ലാകടപ്പുറം കടല്‍ തീരവും കാഞ്ഞങ്ങാട് കൊത്തിക്കാല്‍ പുഴയും കണ്ടപോലെ. വിദൂരതയില്‍ സ്വര്‍ണ്ണമണി മുത്തുകള്‍ വാരി വിതറിയെന്ന് തോന്നിപ്പിക്കുന്ന ഓറഞ്ച് മരങ്ങളും കണ്ടു. നാഗ്പൂര്‍ എത്തിയെന്ന് ഉറപ്പായി. യാത്രക്കിടയില്‍ കണ്ട പുസ്തകക്കച്ചവടക്കാരന്‍റെ അറിവില്‍ വിസ്മയം പൂണ്ടു. കമ്യൂണിക്കേഷന്‍ തിയറികളില്‍ പരിചയപ്പെട്ട ഡയരറക്ട് സെല്ലിങ്. നേരിട്ട് കച്ചവടത്തിലേര്‍പ്പെടുകയും ഫീഡ് ബാക്ക് അപ്പോള്‍ തന്നെ ലഭിക്കുന്ന പ്രക്രിയ. അഡ്വര്‍ടൈസിങ്ങോ ഏജന്‍സിയോ ഇല്ലാതെ സ്വന്തം പുസ്തകം വില്‍ക്കുന്നവരേയും കൂട്ടത്തില്‍ കണ്ടിരുന്നു. ഹൊ, ബല്ലാത്ത ജാതി മന്‍സന്മാര്‍ തന്നെയിവര്‍.
വണ്ടി ഹൈദരാബാദിലെ സെക്കന്തരാബാദ് സ്റ്റേഷനിലെ ഒന്നാം നമ്പര്‍ ഫ്ലാറ്റ് ഫോമിലേക്ക് എത്തുമ്പോള്‍ ഒരു കൊതി. വീണ്ടും പോവണം ദൂരെ യാത്രകള്‍, സ്കൂള്‍ കാലത്ത് പഠിക്കാന്‍ വെറുത്ത ചരിത്ര ശേഷിപ്പുകള്‍ തേടി, വികസനത്തിന്‍റെ കാറ്റ് ലവലേശം പോലും അടിച്ചു വീശാത്ത കുഗ്രാമങ്ങള്‍ തേടി, പച്ചപ്പട്ട് ധരിച്ച് മണ്‍സൂണ്‍ കാറ്റില്‍ മുടിയഴിച്ചഴിഞ്ഞാടുന്ന മലകള്‍ തേടി.
സമയം രാത്രി പത്തിനോടടുത്തപ്പോള്‍ വരാണസി യാത്ര അവസാനിച്ചു. കയ്യിലുണ്ടായട്രെയിന്‍ ടിക്കറ്റ് ബാഗിലേക്ക് തിരുകി സീത്താഫല്‍മണ്ടിയിലേക്ക് നടന്നു.
(ഹൈദരാബാദ് ഒസ്മാനിയ യൂണിവേര്‍സിറ്റിയില്‍ മാസ് കമ്യൂണിക്കേഷന്‍ & ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
This post was last modified on May 13, 2016 8:46 am
Leave a Comment