X

വരാണസിയുടെ ശീതഞരമ്പുകള്‍

താജുദ്ദീന്‍ ബല്ലാകടപ്പുറം

ഹൈദരാബാദിലെ നഗര വായു ശ്വസിച്ച് മടുത്തു തുടങ്ങി. വരാണസിയിലേക്കൊന്ന് പോയാലോ എന്നൊരു തോന്നല്‍. വെറുതെയല്ല, കഴിഞ്ഞ വര്‍ഷം പഠനം വരാണസിയിലാരുന്നു, തണുപ്പ് തുടങ്ങി പോവാമെന്നു കരുതി കാത്തിരുന്നു.

നവംബര്‍-ഫെബ്രുവരി വരെ ഉത്തരേന്ത്യയില്‍ ശക്തമായ തണുപ്പായിരിക്കും. ചിലപ്പോള്‍ മൈനസ് ഡിഗ്രി വരെ എത്തും. ഹൈദരാബാദില്‍ ആയതുകൊണ്ട് ഒന്നരദിവസം മതി വരാണസിയിലെത്താന്‍.

സെക്കന്തരാബാദ് – പാറ്റ്ന ഡെയിലി എക്സ്പ്രസില്‍ ടിക്കറ്റെടുത്തു. സ്ലീപ്പര്‍ കോച്ച്, 650 രൂപ, വെയിറ്റിങ് ലിസ്റ്റായിരുന്നു. സെക്കന്തരാബാദില്‍ നിന്ന് രാവിലെ 10 മണിക്ക് ട്രെയിന്‍. സീറ്റ് ഉറപ്പു വരുത്താന്‍ വണ്ടി വിടുന്നതിന്റെ മൂന്നു മണിക്കൂര്‍ മുമ്പ് പുറത്തു വിടുന്ന യാത്രക്കാരുടെ ലിസ്റ്റ് വരെ കാത്തിരുന്നു. S4 55 സീറ്റ്. അതും RAC. അപരിചിതന്‍റെ കൂടെ. ജനാലക്കരികിലായത് കൊണ്ട് അല്പം ആശ്വാസം. കൗതുകക്കാഴ്ച്ചകള്‍ക്കായി ജനാലയുടെ അരികിലിരിക്കലൊരു ഹരമാണെനിക്ക്. പുതിയ കാഴ്ച്ചകള്‍ യാത്രയെ ആനന്ദിപ്പിക്കും. ഒപ്പം പാഠ പുസ്തകത്തില്‍ കാണാത്ത പ്രകൃതിയുടെ ഫിലോസഫിയും.

പകല്‍ തീരുന്നത് വരെ ആന്ധ്രാപ്രദേശും പിന്നെ മധ്യപ്രദേശും ആയതു കൊണ്ട് ചൂടു കാറ്റിനെ സഹിക്കേണ്ടി വന്നു. പാതി അടച്ചിട്ട ജനാലയിലൂടെ പരന്നു കിടക്കുന്ന പാടങ്ങള്‍ക്കു നടുവില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങള്‍, തണല്‍ വിതറുന്ന പനത്തടികള്‍. ചിതറിക്കിടക്കുന്ന അരുവികള്‍ തുടങ്ങിയവ കാണാം. തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ഒഴുകി വരുന്ന വെയിലിനാണ് ക്ഷീണം. സൂര്യരശ്മികള്‍ക്ക് മഞ്ഞ നിറം കൂടി വരുന്നു. ഇരുട്ടാവാനാണ് കാത്തുനില്‍പ്പ്. നല്ല ക്ഷീണം ഉണ്ടായിരുന്നു, ഉറങ്ങി. ഇടക്കിടെ ഞെട്ടിയുണരും, ബാഗ് ഉണ്ടോ എന്ന് ഉറപ്പു വരുത്തും. ഞാന്‍ മാത്രമല്ല പലരും പാതിയുറക്കത്തില്‍ കൂടെയുള്ള വസ്തുക്കള്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തുന്നുണ്ട്.

ആളൊച്ച കേട്ടപ്പോള്‍ ഉറപ്പായി പ്രഭാതമായെന്ന്. ജനാല തുറന്നപ്പോള്‍ കണ്ടത് ശീത കാലത്തെ വരവേല്‍ക്കുന്ന ഉത്തര്‍ പ്രദേശിന്‍റെ പ്രകൃതി വിസ്മയങ്ങളാണ്. പ്രഭാത കാഴ്ച്ചകളെ വിസ്മയിപ്പിക്കുന്ന പ്രകൃതി മഞ്ഞില്‍ പുതച്ചുറങ്ങുകയാണ്. കാടിന്റെ പച്ചപ്പിന്മീതെ നെടുനീളത്തില്‍ കോടമഞ്ഞൊരു വെള്ളവര വരച്ചിരിക്കുന്നു, ചിത്രകാരന്‍ വരച്ചിട്ട പോലെ. ട്രെയിന്‍റെ വേഗതക്കനുസരിച്ച് കാറ്റും ശക്തി പ്രാപിക്കുന്നു. .ശീതക്കാറ്റ് ആഞ്ഞു വീശുമ്പോള്‍ സുഖകരമായ യാത്ര. മഞ്ഞിന്റെ വലയം തണുപ്പുകാലത്ത് സര്‍വ്വവ്യാപിയായുണ്ട്.

അതിനിടയില്‍ പച്ച തൊപ്പിയും ധരിച്ച് മഖ്ബറകളില്‍ വിരിക്കാറുള്ള ചാദറും പിടിച്ച് ട്രെയിനിനകത്ത് യാചിക്കുന്നവര്‍, കാശിയിലേക്കുള്ള തീര്‍ത്ഥാടകര്‍, കാവിയുടുത്ത് വിഗ്രഹവും ചുമന്ന് യാചിക്കുന്നവര്‍, ശരീര വൈകല്യങ്ങളെ ഉപ ജീവന മാര്‍ഗമാക്കിയവര്‍. ഒരു മൗനിയേപോലെ അതൊക്കെ കണ്ടിരുന്നു. വരാണസിയിലേക്ക് അടുക്കും തോറും തണുപ്പിന്‍റെ കാഠിന്യം കൂടിവന്നു. കയ്യില്‍ കരുതിയ കമ്പളികൊണ്ട് ശരീരം പുതച്ചു. കൊടും തണുപ്പില്‍  പാടത്തു പണിയെടുക്കുന്ന കര്‍ഷകരെ കണ്ടപ്പോള്‍ സഹതാപം തോന്നി. ആളുകള്‍ പ്രായ വ്യത്യാസമില്ലാതെ അലസരായി നടക്കുന്നുണ്ട്, കയ്യിലൊന്നും കരുതാതെ. മൃഗങ്ങളും ചരക്കുകള്‍ നിറച്ച വണ്ടികള്‍ വലിച്ചു പോകുന്നുണ്ട് കൂട്ടത്തില്‍, നമ്മളെത്ര കണ്ടതാ എന്ന മട്ടില്‍ തണുപ്പിനെ ഗൌനിക്കാതെ. അലഹബാദ് സ്റ്റേഷന്‍ കഴിഞ്ഞ് ആദ്യം കടന്നു പോവുന്നത് യമുനാ നദിയുടെ മുകളിലൂടെയാണ്, പിന്നെ ഗംഗയുടേയും. രണ്ടിന്‍റേയും ശരീരമാകെ ക്ഷീണിച്ചിട്ടുണ്ട്, മലിന വസ്തുക്കള്‍ നിറഞ്ഞിട്ടുണ്ട്. യാത്രയുടെ രണ്ടാം ദിവസം വൈകുന്നേരം 3.30നോടടുത്തപ്പോള്‍ വരാണസി റയില്‍വേ സ്റ്റേഷനിലെത്തി. ചെറിയ തോതിലുള്ള മഴയുണ്ടവിടെ.

സ്റ്റേഷന്‍റെ പുറത്തെത്തി. വരാണസിയിലുള്ള സുഹൃത്ത് ഇമാമുല്‍ ഹഖ് വിളിക്കാന്‍ പറഞ്ഞിരുന്നു. യാത്ര പുറപ്പെടുന്ന തലേ ദിവസം താമസ സൗകര്യം ശരിപ്പെടുത്തിയിരുന്നു. വിളിച്ചപ്പോള്‍ ടെമ്പോ വിളിച്ച് വരാന്‍, പത്തു രൂപയാണ് യാത്ര കൂലി. കുറച്ചകലേയുള്ള ടാറ്റാ കമ്പനിയുടെ മുന്നില്‍ ഇറങ്ങാനും പറഞ്ഞു, സൈക്കിള്‍ റിക്ഷയില്‍ വരരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. കാരണം നൂറു രൂപയുടെ മുകളിലവര്‍ വാങ്ങും, അധികം തര്‍ക്കത്തിനു നിന്നാല്‍ റിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി അപായപ്പെടുത്തും.

ഒരുവിധത്തില്‍ സുഹൃത്തിന്‍റെ വീട്ടിലെത്തി. ഫ്രഷ് ആവണ്ടേയെന്ന് ചോദിച്ചു. ദീര്‍ഘ യാത്ര കാരണം മുഖത്ത് പ്രകടമായ ക്ഷീണം കണ്ടതു കൊണ്ടാവും അങ്ങനെ ചോദിച്ചത്. പുറത്തൊന്ന് പൊയി വന്നാലൊ എന്ന സുഹൃത്തിന്‍റെ ചോദ്യത്തിന് അമ്പരപ്പോടെ ഞാന്‍ തിരിച്ചു ചോദിച്ചു: ഈ തണുപ്പത്തോ? പകലിനേക്കാള്‍ അസഹ്യമായിരുന്നു രാത്രിയിലെ തണുപ്പ്. ആകാശത്ത് നക്ഷത്രങ്ങളെ കണ്ടില്ല. അവരൊക്കെ തണുപ്പില്‍ പുതച്ചുറങ്ങുകയാവുമെന്ന് തോന്നി. സാന്ധ്യദീപ്തിയിലെ  ഭാവംപകര്‍ന്ന ഒരു ചരിത്രത്തിന്റെ ശേഷിപ്പുകള്‍ പേറുന്ന സുന്ദരമായ തിരക്കു പിടിച്ച വരാണസി ടൗണിലെ രാത്രി കാഴ്ച്ചകള്‍ കാണാനിറങ്ങിയതല്ല. ബനാറസില്‍ പേരെടുത്ത ഒരു ടിയാനെ തിന്നാന്‍ പോവുകയാണ്. പറഞ്ഞു വരുന്നത് ബനാറസ് മീഠാ പാനിനെ കുറിച്ചാണ് . ഉത്തരേന്ത്യന്‍ ജീവിതങ്ങളുടെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഭക്ഷണ സാധനമാണ് പാന്‍. കഴിഞ്ഞ വര്‍ഷത്തെ ഉത്തരേന്ത്യന്‍ ജീവിതത്തില്‍ നിന്നും എനിക്കത് മനസ്സിലായിരുന്നു. സദാ സമയവും വെറ്റില ചവക്കുന്നവരെ കാണുമ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്, ഉത്തരേന്ത്യക്കാര്‍ അധികവും കേരളത്തില്‍ വെറ്റില വില്‍ക്കുന്നവരാണ്. പക്ഷെ ഒരു നാടിന്‍റെ പേരില്‍ പാനോ ! ഒരു വര്‍ഷം ഇവിടെയുണ്ടായിട്ട് ഞാനത് കേട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ‘കാണിച്ചു തന്നിട്ടു തന്നെ കാര്യം, വരാണസിയില്‍ വന്ന് കണ്ടില്ലെന്ന് പറയരുത്’ എന്ന് സുഹൃത്ത് ചെറിയൊരു ചിരിയോടെ പറഞ്ഞു. തിരക്കു പിടിച്ച റോഡുകളില്‍ ആളുകള്‍ക്കിഷ്ടം പ്രത്യേക ഉത്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞ ഗല്ലികളേയാണ്. കല്‍ക്കരിയുടെ ചൂടില്‍ ചുട്ടെടുത്ത ചോളങ്ങള്‍, മ്യൂസിക്കിന്‍റെയോ പിന്നണി ഗായകരുടേയോ പിന്തുണയില്ലാതെ മൂഫലും(കടല) വറുത്ത് പാട്ടു പാടുന്നവര്‍ , പിന്നെ എന്തൊക്കെയോ കടല മാവില്‍ മുക്കി ചൂടു എണ്ണയിലിടുമ്പോള്‍ അടിച്ചു വീശുന്ന പ്രത്യേക മണം, തണുപ്പിനിതൊക്കെയേ ചിലവാകു എന്ന് എംബിഎ പഠിക്കാത്ത തെരുവ് കച്ചവടക്കാര്‍ക്കറിയാം. ബഹളങ്ങളിലൂടെ വണ്ടി പായുമ്പോള്‍ നഗരത്തിലെ തിരക്കൊഴിഞ്ഞ മൂലയിലിരിക്കുന്ന മുറുക്കാന്‍ കടക്കാരനെ കണ്ടയുടനെ വണ്ടിയങ്ങോട്ട് തിരിച്ചു.

ബനാറസ് മീഠാ പാന്‍ ഓര്‍ഡര്‍ ചെയ്തു. നാലെണ്ണമാണ് പറഞ്ഞത് , ഞാനേതായലും കഴിക്കില്ല, പിന്നെ നാലെണ്ണം? ചിലപ്പോള്‍ കുറേ വാങ്ങിക്കൂട്ടി സംസാരിക്കുന്നതിനിടയില്‍ തിന്ന് തീര്‍ക്കാനാണോ?  അറിയില്ല.

മീഠാ പാനിന്‍റെ വില കേട്ടപ്പോള്‍ തന്നെ തോന്നി വല്ലാത്ത പ്രത്യേകതയാണെന്ന്, പത്തു രൂപ. സാധാരണ മീഠാ പാനിന് മൂന്ന് രൂപയേ ഉള്ളു, പക്ഷെ ഇതിന്. അതിനിടയില്‍ പാനില്‍ ചേര്‍ക്കുന്ന ചേരുവകള്‍ ശ്രദ്ധിച്ചു. പല തരം മധുര സാധനങ്ങള്‍, ജാമും ശര്‍ക്കര ഉരുക്കിയതടക്കം. വെറുതെയല്ല പത്താക്കിയത് , മുന്നില്‍ കണ്ട സാധനങ്ങളൊക്കെ വലിച്ചിട്ട് അവസാനം ഒരു ചുരുട്ട്. കടക്കാരന്‍ മൗനിയാണ്, കണ്ടാല്‍ തോന്നും ജോലിയോടുള്ള ആത്മാര്‍ത്ഥതയാണെന്ന്, കാര്യമതല്ല, ആശാന്‍റെ തൊള്ളയില്‍ മുറുക്കാന്‍ കൊണ്ട് നിറഞ്ഞിട്ടുണ്ട്. പക്ഷെ ചിലര് മുറുക്കാന്‍ തിന്നുന്നതിനിടയില്‍ നന്നായി സംസാരിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നിപ്പിക്കുന്നുണ്ട്. 

മീഠാ പാന്‍ കഴിക്കില്ലെന്ന് ഉറപ്പായതോടെ ആദാ (അര ) കിലോ മൂഫല്‍ (കടല) വാങ്ങി. അടിച്ചു വീശുന്ന തണുപ്പിന് ചൂടു കടല നല്ലതാണെന്ന് തോന്നി. അങ്ങാടിയിലെ തിരക്കൊഴിഞ്ഞു തുടങ്ങി, എല്ലാവരും ധൃതിയില്‍ വീട് കൂടാനും തുടങ്ങി. പക്ഷെ ആതിഥേയനായ സുഹൃത്ത് നാട്ടു വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ കണ്‍ പോളകള്‍ നിസ്സഹായത പ്രകടിപ്പിച്ചു. സംസാരം ബേക്കല്‍ കോട്ടയും കയറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു, ഇവിടെ എപ്പോഴാ ഉറങ്ങാറ്? അങ്ങനെ പ്രത്യേക സമയമൊന്നുമില്ല, ഉറക്കം വരുമ്പോള്‍ ഉറങ്ങും, അല്ലാതെ ഉറക്കത്തിനെയും കാത്തിരിക്കുന്ന സ്വഭാവമില്ലെന്ന് ചുരുക്കം.

പിന്നെ പാതിരാത്രിയെന്താ പണിയെന്ന് ഞാന്‍ ചോദിച്ചില്ല. അതിനുത്തരം ഞങ്ങള്‍ക്കൊരുക്കിയ റുമിനു ചേര്‍ന്നുള്ള വലിയ ഹാള്‍ പറഞ്ഞു തരും.

സാരി നിര്‍മാണം, നാടിനോട് ചേര്‍ത്തു പറഞ്ഞാല്‍ ബനാറസ് പട്ടു സാരി. ഒരു നാടിനെ പരിചയപ്പെടുന്നത് ആ നാട്ടിലുള്ള സവിശേഷതകള്‍ കൊണ്ടാണ് . അങ്ങനെ ഖ്യാതി നേടിയതാണ് ബനാറസ് പട്ടു സാരികള്‍. ചെറു വീടുകള്‍ കൊണ്ട് നിറഞ്ഞതാണ് വരാണസിയെങ്കിലും എല്ലാ വീട്ടിലും കാണും ചുരുങ്ങിയത് നാല് പവര്‍ ലൂമുകള്‍. അടുത്ത സമയത്തൊന്നും ഉറങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലായി, ഏതായാലും ഇത്രവരെ വന്നതല്ലെ ഇനി സാരി നിര്‍മാണത്തെ കുറിച്ചാവാം ചര്‍ച്ച. ഇമാമുല്‍ ഹഖിന്‍റെ വീട് നാലു നിലയാണ്. അത്ഭുതപ്പെടേണ്ട, ലംബമായാണ് ഉത്തരേന്ത്യന്‍ വീടുകള്‍. എല്ലാ നിലയിലും സാരി  മെഷീനുകള്‍. എന്നാല്‍ പിന്നെ എവിടെയാണ് താമസമെന്നല്ലെ, ചെറിയ രണ്ടു മുറികള്‍ താമസിക്കാനായി നീക്കി വെച്ചിട്ടുണ്ട്. കേരളത്തിലേതു പോലെ പരന്ന വലിയ ബംഗ്ലാവുകളൊന്നും ഇവിടെ കാണില്ല.പരിമിതമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നവരാണ് ഇവിടത്തുകാര്‍.

ഒന്നാം നിലയില്‍ നൂലുകള്‍ സെറ്റ് ചെയ്യുന്ന മുറിയാണ്. വ്യത്യസ്ത നിറങ്ങളുടെ സംഗമം. പുതിയ അധ്യായന വര്‍ഷത്തിലേക്ക് കാലെടുത്തു വെക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ ആനന്ദിപ്പിക്കാന്‍ ക്ലാസില്‍ തയ്യാറാക്കാറുള്ള വര്‍ണ സംഗമപ്രതീതി. പുറത്തു നിന്ന് നൂല്‍ കുറ്റികള്‍ കൊണ്ടുവന്ന് ചെറിയ ചെറിയ മരക്കഷ്ണങ്ങളില്‍ ചുറ്റും, പിന്നെ ഹോസ്പിറ്റലുകളിലൊക്കെ കാണുന്നത് പോലെയുള്ള വലിയ ഗ്യാസ് കുറ്റി രൂപത്തിലുള്ള റോളുകളില്‍ സാരിയുടെ ഡിസൈനനുസരിച്ച് നൂലുകള്‍ സെറ്റ് ചെയ്യും. വലിയ ചര്‍ക്കയില്‍ നിന്നും നൂലുകള്‍ വേര്‍തിരിച്ചെടുക്കുന്നത് കാണാന്‍ കൗതുകമാണ്.

പിന്നെ രണ്ടാം നിലയില്‍ പരന്നു കിടക്കുന്ന മെഷീനുകള്‍. ഒന്നാം നിലയില്‍ നിന്ന് സെറ്റ് ചെയ്ത നൂല്‍ ബണ്ടുകള്‍ പവര്‍ ലൂമുകളില്‍ സെറ്റ് ചെയ്യും. വലിയ സാഹസികത തന്നെ വേണമിവിടെ, സൂക്ഷ്മതയാണ് പ്രധാനം. നൂറില്‍ പരം കൊളുത്തുകളുള്ള  മെഷീനില്‍ ഓരോ കൊളുത്തിലും സാരിയുടെ ഡിസൈനനുസരിച്ച് നൂലുകള്‍ കോര്‍ക്കും. പിന്നെ ചെറിയ മരക്കഷ്ണങ്ങളില്‍ ചുറ്റിയ നൂലുകള്‍ ഷട്ടില്‍ ബാറ്റ് പോലെയുള്ള രണ്ട് പലകയില്‍ ഫിറ്റ് ചെയ്യും, സാരികള്‍ക്കിടയില്‍ വരുന്ന വരകളൊക്കെ കിട്ടാന്‍ വേണ്ടി. എല്ലാം സെറ്റ് ചെയ്ത് പോയി ഉറങ്ങാമെന്ന് കരുതിയാല്‍ തെറ്റി. മുഴു സമയവും ശ്രദ്ധ വേണം.ഇടക്ക് വല്ല നൂലും പൊട്ടിയെങ്കില്‍ ഡിസൈന്‍ തന്നെ ചളമാകും, അതിനായി കര്‍ണ്ണപുടങ്ങളെപ്പോലും തകര്‍ക്കുമാറ് ഉയരുന്ന ശബ്ദങ്ങളെ അവഗണിച്ച് മെഷീന്‍റെ കൂടെയിരിക്കുന്നുണ്ടാവും ഇവര്‍.

എനിക്കത് കൗതുകമായി. കാമറയില്‍ ഒപ്പിയെടുത്താലോ എന്ന തോന്നല്‍. ഷൂട്ട്ചെയ്യുന്നതിനിടയില്‍ പതിനഞ്ച് വയസ് മാത്രം പ്രായം തോന്നിപ്പിക്കുന്ന പയ്യന്‍ എന്നെയൊന്ന് നോക്കി. കണ്ണുകളിലേക്ക് ഒരു കള്ളച്ചിരിയെറിഞ്ഞു, ഇതത്ര സംഭവമല്ലാ എന്ന മട്ടില്‍. 

പിന്നെ  മെഷീന്‍ ഓഫ് ചെയ്ത് നൂലുകളഴിക്കുകയും പാതി പൂര്‍ത്തിയായ സാരി കുടയുകയും ചെയ്തു. ഞാന്‍ കരുതി ക്യാമറ കണ്ട ഇളക്കമായിരിക്കുമെന്ന്. പക്ഷെ പിന്നീടാണ് എനിക്കു പറ്റിയ അബദ്ധം മനസ്സിലായത്.ഷൂട്ട് ചെയ്യുന്നത് അത്ഭുതത്തോടെ നോക്കുന്നതിനിടയില്‍ അവന്‍റെ കയ്യിലുണ്ടായ ഒരു നൂല്‍ കുറ്റി ഇളകിയിരുന്നു. പിന്നെ അനുബന്ധമായി വന്ന നൂലുകളും ഓര്‍ഡര്‍ തെറ്റി. സാരിയുടെ ഭംഗി തന്നെ നഷ്ടമാവും അതിലുപരി ഓരോ ജോലിക്കാരന്‍റേയും കഠിനാധ്വാനമാണ് വെറുതെയാവുക. പയ്യനോട് സോറി പറഞ്ഞു പുറത്തിറങ്ങുമ്പോള്‍ കുറ്റബോധം തോന്നി, സൂക്ഷ്മമായി ചെയ്യുന്ന ജോലിയില്‍ ഞാന്‍ കാരണമുണ്ടായ വീഴ്ച്ചയോര്‍ത്ത്.

അതു പിന്നെ ഞങ്ങളെ സുഹൃത്തുക്കളാക്കി. പേര് സര്‍ഫറാസ്, വരാണസിയില്‍ നിന്ന് 20 കിലോ മീറ്റര്‍ ദൂരത്ത് വീട്. ജോലിയിലുള്ള സ്പീഡും എക്സ്പീരിയന്‍സിനേയും കുറിച്ച് പറഞ്ഞപ്പോള്‍ ചിരിച്ച് കൊണ്ട് പറഞ്ഞു, പത്തു വര്‍ഷം ഗുജറാത്തിലായിരുന്നെന്ന്. ഞാന്‍ അത്ഭുതപ്പെട്ടു. അപ്പോള്‍ പിന്നെ എത്രാം വയസിലാണീ പണി ചെയ്യാന്‍ തുടങ്ങിയത്?  അഞ്ചാം വയസില്‍ അയല്‍വാസികളുടെ കൂടെ ഗുജറാത്തിലെ സൂറത്തില്‍ പോയതാണ്,സാരി നിര്‍മാണത്തിന്. ഫാക്ടറിയിലല്ല, വീടുകളിലാണ് കൈത്തറി.  ചുരുങ്ങിയത് പന്ത്രണ്ടു ദിവസമെങ്കിലും എടുക്കും.വലിയ പലകക്കഷ്ണങ്ങളില്‍ നൂലുകള്‍ കോര്‍ത്ത് ഒരുപാടാളുകള്‍ ഒരുമിച്ച് ചേര്‍ന്നാണ് ഒരു സാരിയുണ്ടാക്കുക. വിരസതയനുഭവിക്കില്ലെയെന്ന് ചോദിച്ചപ്പോള്‍ നര്‍മ്മങ്ങള്‍ കലര്‍ന്ന നാടന്‍ പാട്ടുകള്‍ പാടിയാണ് ജോലിയിലേര്‍പ്പെടുക. അതു ശരിയായിരിക്കുമെന്ന് അവന്‍റെ മുഖം തന്നെ തോന്നിപ്പിക്കുന്നുണ്ട്.

മൂന്നാം നിലയിലാണ് സാരി ശേഖരം, വിവിധ നിറങ്ങളുള്ള സാരികള്‍ കൊണ്ട് റൂം മുഴുവന്‍ അലങ്കരിച്ചിട്ടുണ്ട്.

എഴുപതോളം പവര്‍ലൂമുകളുണ്ട് ഇമാമുല്‍ ഹഖിന്. ഒരു സാരിയുണ്ടാക്കാന്‍ മിനിമം മൂന്ന് മണിക്കൂര്‍ വേണമെന്നാണ് തൊഴിലാളികള്‍ പറഞ്ഞത് . ഓരോ മെഷിനിലും അഞ്ച് വീതം സാരികളുണ്ടാക്കും. പണിയവിടെ കഴിയുന്നില്ല, പിന്നെ ഒന്നിന് അമ്പത് മുതല്‍ നൂറു രൂപ വരെ വച്ച് വലിയ കമ്പനികള്‍ക്ക് കൊടുക്കും. അവരാണ് എംബ്രോയിഡറി വര്‍ക്കും ആകര്‍ഷണീയമായ പായ്ക്കും ചെയ്ത് മാര്‍ക്കറ്റില്‍ പതിനായിരങ്ങള്‍ക്ക് വില്‍ക്കുന്നത്. കേട്ടപ്പോള്‍ സഹതാപം തോന്നി മണിക്കൂറുകളോളം പണിയെടുത്ത് ഒരു തൊഴിലാളിക്ക് ഇരുന്നൂറ് അല്ലെങ്കില്‍ അമ്പത് രൂപ കൂട്ടി ശമ്പളം കിട്ടും, പിന്നെ സാരി വലിയ കമ്പനികള്‍ക്ക് കൊടുക്കുമ്പോള്‍ കിട്ടുന്നതോ കൂടിയാല്‍ ഒന്നിന് നൂറ് എന്ന തോതും.

ഇടക്കിടെ കൃത്രിമ കോട്ടു വയ ഉണ്ടാക്കി ഉറക്കം നടിച്ചു. എങ്ങനെ ഉറങ്ങുമെന്ന് ആശങ്കയുണ്ടായിരുന്നു. ചെകിടടിപ്പിക്കുന്ന സാരി മെഷിനുകള്‍ കട കട ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. ഉറക്കം വിദൂരമായ സ്വപ്നമായിരിക്കുമെന്ന് പോലും കരുതി. ഏതായാലും ശബ്ദത്തിന്‍റെ താളത്തിനനുസരിച്ച് ഉറക്കം ക്രമീകരിച്ചു. പെട്ടെന്നൊരു നിശബ്ദതയില്‍ ഞെട്ടിയുണര്‍ന്നു. സമയം രണ്ടു മണി കഴിഞ്ഞതേയുള്ളു. കറണ്ട് പോയതായിരുന്നു. പിന്നെ ഉറക്കം വരാന്‍ സാരി മെഷിനുകള്‍ ഒച്ചയുണ്ടാക്കുന്നത് വരെ കാത്തു നില്‍കേണ്ടി വന്നു. അവ ശബ്ദിച്ചില്ലെങ്കില്‍ ഉറക്കം വരില്ലെന്നായി.

അതിരാവിലെ ആറരയ്ക്ക് മൗ എന്ന സ്ഥലത്തേക്ക് പോകണം. എന്നാലെ ഉച്ചയാവുമ്പാഴേക്കും സുഹൃത്തുക്കളുടെ അടുത്ത് എത്താന്‍ കഴിയു. തീരുമാനങ്ങള്‍ ആതിഥേയനെ അറിയിച്ചു. അതൊരു മാന്യതയാണല്ലൊ, രാത്രിയൊന്ന് വിശ്രമിക്കുക, പിന്നെ പരിചയം പുതുക്കുക, അതു കഴിഞ്ഞു പെട്ടെന്ന് പോവണം, അല്ലാതെ വരാണസിയില്‍ പാര്‍ക്കാന്‍ വന്നതല്ലല്ലൊ.

പ്രാതല്‍ കഴിച്ചേ പോകാവൂ എന്ന് സുഹൃത്തിന്‍റെ നിര്‍ബന്ധം. വണ്ടി സമയവും കൂടി പറഞ്ഞു തന്നു, രാവിലെ പതിനൊന്ന് മണിക്ക്, സ്റ്റോപ്പ് കുറവാണത്രേ, ഇതൊക്കെ പറഞ്ഞത് നാസ്ത തീറ്റിക്കാനാണെന്നോര്‍ക്കുമ്പോള്‍ മലയാളി അതിഥികളോട് കാണിക്കുന്ന മര്യാദയില്‍ അത്ഭുതപ്പെട്ട് പോയി.

രാവിലെ തന്നെ സ്വീകരണമുറിയില്‍ ചെറിയൊരു വട്ട പാത്രത്തില്‍ പാലു പോലെ തോന്നിക്കുന്നതും പിന്നെ വറവു പോലെയുള്ള പൊടിയും. പാല്‍ പാത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി. കട്ട പിടിച്ച നിലയിലാണ് പാലുള്ളത്. പിന്നെ എന്തൊക്കെയോ ചേരുവകള്‍ കൂട്ടിക്കുഴച്ചതായി തോന്നി.

അവിടെയുണ്ടായിരുന്ന പയ്യനോട് കാര്യം തിരക്കി. തണുപ്പിന് കുടിക്കുന്ന ലെസ്സിയാണിതെന്ന് പറഞ്ഞ് അവന്‍ വിശദീകരണം തുടങ്ങി. പാലില്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്ത് നന്നായി കലക്കും.പിന്നെ കാഷ്യു, ബദാം തുടങ്ങിയതൊക്കെ കൂട്ടിക്കുഴച്ച് വെക്കും.

പാവം ലെസ്സിയവിടെ ഒറ്റപ്പെടലിന്‍റെ വേദനയിലാണെന്ന് തോന്നി. ഭയ്യ സംസാരം നിര്‍ത്തില്ലെന്നുറപ്പായതോടെ കൂടെയുണ്ടായ സുഹൃത്തിനോട് അല്‍പ്പം നുണയാന്‍ പറഞ്ഞു. പാല് പച്ചക്ക് കുടിക്കില്ലെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ പിന്നെ എങ്ങനെയാ കുടിക്കുകയെന്നു ഞാന്‍ ചോദിച്ചു .ചായയില്‍ മാത്രമേ കുടിക്കൂ. പക്ഷെ ജീവിതത്തില്‍ ഒരു തവണയവന്‍ പച്ചപ്പാല് കുടിച്ചത് പറഞ്ഞിരുന്നു. മക്കയില്‍ ഉംറ പോയ സമയം, ഒട്ടകപ്പാല്‍ പ്രവാചകര്‍ തിരുമേനി കുടിച്ചത് അനുസ്മരിച്ച് സംഘത്തിലെ അമീര്‍ പാല് കുടിക്കാന്‍ പറഞ്ഞു. അന്നാത്രെ പച്ചപ്പാല് കുടിച്ചത്, ഇതു പറയുമ്പോള്‍ പച്ച നെല്ലിക്ക കടിച്ച ഭാവമാറ്റം മുഖത്ത് കണ്ടിരുന്നു. ബയ്യയുടെ സംസാരം ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയത് കൊണ്ടാവണം ആരാംസെ പീലോ, ഏക്ദം ഫസ്റ്റ് ക്ലാസ്, മസാ ആജായെഗ എന്ന ഡയലോഗും കാച്ചിയങ്ങ് പോയി. ഞാന്‍ കുടിക്കാന്‍ തുടങ്ങി. അരിപ്പൊടി വറുത്തത് പോലെയുള്ളത് എന്തിനാണെന്നറിയില്ല. എന്തായാലും ഞാനത് പാല്‍ കട്ടിയില്‍ കുഴച്ചു കഴിച്ചു. പിന്നെ മൗവിലേക്ക് പോകാനുള്ള തത്രപ്പാടിലാണ്. അതിനിടയില്‍ പുറത്തൊന്ന് കറങ്ങി വന്നാലൊ എന്ന് സുഹൃത്തിനോട് ചോദിച്ചു, അവന്‍ ഉത്തരം പറയുന്നതിനു പകരം ജനാല തുറന്ന് പുറത്തേക്ക് നോക്കാന്‍ ആംഗ്യം കാണിച്ചു. തലേന്ന് പെയ്ത മഴയില്‍ പരിസരം ചെളിവെള്ളത്തില്‍ കുളിച്ചിരുന്നു, അതിനു പുറമേ പന്നിക്കൂട്ടങ്ങളുടെ ആര്‍മാദിക്കലും. എല്ലാം കണ്ടപ്പോള്‍ അവിടെയങ്ങ് ഇരുന്ന് പോയി.

പിന്നെ സമയം പോവാനൊരു വഴിയേ കണ്ടുള്ളു. വായിക്കാതെയും കേള്‍ക്കാതെയും വെച്ച ഒരുപാട് മെസ്സേജുകള്‍ വാട്സാപ്പില്‍ കിടക്കുന്നുണ്ടായിരുന്നു‍.

സമയം ഒമ്പതിലെത്തിയപ്പോള്‍ മുന്നില്‍ രണ്ട് കാലി പാത്രങ്ങള്‍ കൊണ്ട് വെച്ചു. പിന്നാലെ ചപ്പാത്തിയും ഉണ്ട്. അടുത്തത് ഉരുള ക്കിഴങ്ങ് കൊണ്ടുള്ള വല്ലതുമായിരിക്കും ഞാന്‍ മനസില്‍ കരുതി . അനുമാനം തെറ്റിയില്ല, ആദരവോടെ ആലു ബജി കൊണ്ട് വരുമ്പോള്‍ ബയ്യ എന്നെ നോക്കി ചിരിക്കുന്നുണ്ട് . കാരണം തലേന്ന് രാത്രി ഞാന്‍ ചോദിച്ചിരുന്നു, ആലുവിനോടെന്താ ഇത്ര പ്രിയമെന്ന്. എന്തിലും ഉരുളക്കിഴങ്ങ് കണ്ടാലെ ഇവര്‍ക്ക് വിശപ്പടങ്ങു, ബിരിയാണിയില്‍ വരേ ചിലപ്പോള്‍ കണ്ടിരുന്നു. പിന്നെ കോഴിക്കറിയുമുണ്ട്. കണ്ടു പരിചയമില്ലാത്ത രൂപത്തിലായിരുന്നു അത്. ഗുട്ടന്‍സ് തിരക്കി. സരസു എന്ന ഒരിനം തേള്‍ (എണ്ണ) കൊണ്ടാണ് ഉണ്ടാക്കിയെതെന്ന് പറഞ്ഞു. വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ അടുക്കള മുതല്‍ പറയാന്‍ തുടങ്ങി. തെങ്ങുകള്‍ അന്യമായത് കൊണ്ട് എന്തും സരസു അല്ലെങ്കില്‍ സൊയ എണ്ണയാണ് പാചകത്തിന് ഉപയോഗിക്കാറ്. (തേങ്ങക്ക് ഒന്നിന് അമ്പത് രൂപയാണ് വില) സരസു എണ്ണ കൊണ്ട് ഉള്ളി നന്നായി വാട്ടും പിന്നെ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചിടും. ശേഷം കറുവാപ്പട്ട, ഏലക്ക തുടങ്ങിയവ വറുത്ത് പൊടിച്ച് ഉള്ളിയൊട് ലയിപ്പിക്കും. മസാലയും ഉപ്പ് എന്നിവ ആവശ്യത്തിനും.അപ്പോള്‍ പാത്രത്തില്‍ നിന്നും അടിച്ചു വീശുന്ന കാറ്റിനൊരു പ്രത്യേക മണം .അതു പറയുമ്പോള്‍ ബല്ലാകടപ്പുറത്തെ കടല്‍ തീരത്ത് മാത്രം കിട്ടുന്നഉപ്പ് കാറ്റിന്‍റെ ഗന്ധം. അവസാനം കോഴിയങ്ങ് കുത്തി നിറക്കും.പകുതി വേവിലെത്തിയാല്‍ തക്കാളിയും തിരുകി മൂടി വെക്കും. ഹോ ഗയ .

ഇത്രയേറെ ത്യാഗങ്ങള്‍ കഴിഞ്ഞു മുന്നിലെത്തിയ കോഴിയേ കണ്ടപ്പോളൊരുതരം അഭിനിവേശം തോന്നി.പക്ഷെ കയ്യിട്ടു വാരാന്‍ നിന്നില്ല. ചില മുന്‍കരുതലുകള്‍ അനിവാര്യമായിരുന്നു.

അന്യനാട്ടിലെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഉള്ളി തിന്നണമെന്ന പ്രപഞ്ച സത്യം അറിയുന്നത് നേപ്പാളില്‍ പോയപ്പോഴായിരുന്നു. അതിനു മുമ്പ് ഉത്തര്‍ പ്രദേശില്‍ പോകുമ്പോള്‍ പരിചയക്കാരെന്നോട് ഭക്ഷണ രീതിയേ കുറിച്ച് വിവരിച്ചിരുന്നു. പരിപ്പും ഉരുളക്കിഴങ്ങും അമിതമായി ഉപയോഗിക്കുന്നത് മൂലം വയറിന് പ്രോബ്ലം ഉണ്ടാകുമെന്ന്. നാലഞ്ചു മാസം കഴിഞ്ഞപ്പോള്‍ ഭക്ഷണങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരുന്നു.

ഞാനും സുഹൃത്തുക്കളുമടക്കം മൂന്ന് പേര്‍ ജൈനഗര്‍ വഴി നേപ്പാളിലെ ജനക്പൂരിലേക്കും പിന്നെ ബീര്‍ഗഞ്ചിലും യാത്ര ചെയ്തിരുന്നു. ബലി പെരുന്നാള്‍ സമയം, എവിടെയും ആട്ടിറച്ചി. തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളില്‍ മാംസം മാത്രമായി ഭക്ഷണത്തിന്. അതിനിടക്കാണ് കൂട്ടത്തിലൊരുത്തന് വയര്‍ കംപ്ലൈന്‍റ് ആയത്. ഭക്ഷണ പാചകത്തിലുള്ള വ്യത്യസ്തതയായിരുന്നു പ്രശ്നം.പാചകത്തിന് അവരുപയോഗിക്കുന്ന ഓയിലുകള്‍ കേരളക്കാര്‍ക്കു പിടിക്കില്ലെന്ന് ഗള്‍ഫില്‍ മലയാളികളുടെ കൂടെ ജോലി ചെയ്ത നേപ്പാളി പറഞ്ഞപ്പോള്‍ ഇനിയെന്താ പ്രതിവിധിയെന്ന് തിരക്കി. ഏതു നാട്ടില്‍ എത്തിയാലും ഭക്ഷണത്തിനു മുമ്പ് ആദ്യം പ്യാജ്പ്യാ അഥവാ പ്യാസ്സ് (ഉള്ളി) തിന്നണമെന്ന് പറഞ്ഞു (വയര്‍ നേരയാവാന്‍ ഒരാഴ്ച്ച വരേ കാത്തിരുന്നു).

ഉള്ളിയവിടെ വെറുതേയൊരു ഷോയ്ക്ക് കൊണ്ടുവെച്ചിരുന്നു. പിന്നെ തീറ്റയങ്ങ് തുടങ്ങി. അതിനിടയില്‍ ചെറിയൊരു അഭിപ്രായ വ്യത്യാസം ഉയര്‍ന്നു. എന്‍റെ കൂടെയുണ്ടായ സുഹൃത്ത് മലപ്പുറം ജില്ലക്കാരനായിരുന്നു. ഞാന്‍ കാസര്‍ഗോഡ് ജില്ലക്കാരനും. ഭക്ഷണ സമയത്ത് മുന്നില്‍ കൊണ്ടുവച്ചതില്‍ നിന്നും അല്‍പ്പം മാത്രം കഴിച്ചാല്‍ മതിയെന്ന് സുഹൃത്ത്, അതു പറ്റില്ല, നമുക്ക് വേണ്ടിയുണ്ടാക്കിയതാണിത്, വെറുതെ ബാക്കിയാക്കണോയെന്ന് ഞാനും. മലപ്പുറത്തേ മര്യാദയില്‍ ഭക്ഷണം അല്‍പ്പം മാത്രമേ കഴിക്കു. പിന്നെ അതങ്ങ് ബാക്കിയാക്കും. മാന്യതയാണത്രേ. മുഴുവനും തിന്നാല്‍ അതിഥിക്ക് തികഞ്ഞില്ലല്ലോ എന്ന വ്യാകുലതയുണ്ടാകും പോല്‍. പക്ഷെ കാസര്‍ഗോഡിന്‍റെ ഭക്ഷണ രീതിയില്‍ മുഴുവനുമല്ലെങ്കിലും ഏകദേശം കാലിയാക്കും. മലപ്പുറത്തുകാര്‍ ചെയ്യുന്നത് പോലെ അല്‍പ്പം തിന്ന് ബാക്കിയാക്കിയാല്‍ വീട്ടുകാര്‍ കരുതും ഞമ്മളെ ഫുഡ് ഇഷ്ടപ്പെട്ടില്ലല്ലോ, അതു കൊണ്ടാവും മിച്ചം വച്ചത് എന്നുള്ള സങ്കടവും.

വീട്ടുകാരനാണെങ്കില്‍ മുഴുവന്‍ തീറ്റിച്ചിട്ടേ അടങ്ങുവെന്ന തീരുമാനം എടുത്ത പോലെ. ഞങ്ങള്‍ മതിയാക്കിയെന്ന് തോന്നിയത് കൊണ്ടാവണം  പ്ലേറ്റില്‍ റൊട്ടിയിട്ട് വേഗം കറിയൊഴിച്ചു. പിന്നെ തിന്നാതിരിക്കാന്‍ നിര്‍വാഹമില്ലെന്നായി. അതിഥികളുടെ വയര്‍ നിറച്ചാലെ വീട്ടുകാരുടെ വിശപ്പടങ്ങുവെന്ന് തിന്നുന്നതിനിടയില്‍ ആതിഥേയന്‍ ഇമാമുല്‍ ഹഖ് പറഞ്ഞപ്പോള്‍ എത്ര നല്ല ആചാരങ്ങളെന്ന് എനിക്കും തോന്നി. ട്രെയിന്‍ കറക്ട് സമയത്ത് എത്തുമല്ലേയെന്ന് ഇടയില്‍ സുഹൃത്ത് ചോദിച്ചു. അതു ഭക്ഷണം നിര്‍ത്താനുള്ള സൂചനയാണെന്നെനിക്ക് മനസിലായി. മഴ കാരണം പുറത്ത് മുഴുവനും ചെളിയാണ്. അനിയന്‍ വണ്ടിയില്‍ നിങ്ങളെ സ്റ്റേഷനിലേക്ക് എത്തിക്കുമെന്ന് പറഞ്ഞ് കൈകഴുകാനെഴുനേറ്റു.

മൗ ജംഗ്ഷനിലേക്കുള്ള ട്രൈയിനില്‍ കര്‍ഷകരും നാട്ടിന്‍ പുറത്തുള്ളവരുമായതിനാല്‍ പെട്ടെന്ന് സീറ്റ് കിട്ടില്ലെന്നുറപ്പായി. അതിനിടയില്‍ സൈക്കിളുകള്‍ ട്രെയിനില്‍ തൂക്കി അഭ്യാസം കാണിക്കുന്നവരേ കണ്ടപ്പോള്‍ അത്ഭുതം തോന്നി. മൂന്ന് മണിയോടടുത്ത് മൗ ജംഗ്ഷനില്‍ വണ്ടിയെത്തി. ഇനിയും ഒരു മണിക്കൂര്‍ യാത്ര ചെയ്യാനുണ്ട് ഗോസിയെന്ന ഗ്രാമത്തിലേക്ക്. വികസനത്തിന്‍റെ കാറ്റു വീശാത്ത, ദിവസവും പന്ത്രണ്ട് മണിക്കൂര്‍ പവര്‍കട്ടും പെട്ടിക്കടയില്‍ ആശുപത്രികളും, കേരളത്തില്‍ ബാര്‍ബര്‍ പണിയെടുക്കുന്നവര്‍ മുതലാളിയുമായി നടക്കുന്ന ഗോസിയിലേക്ക്. കാളവണ്ടിയും കുതിര വണ്ടിയും ഓടുന്നിടത്ത് ബൈക്കുമായി വരുന്നവരേ നോക്കി മാല്‍ദാര്‍ (ധനാഢ്യന്‍) എന്നു വിളിക്കുന്ന നാട്ടിലേക്ക്, കേരളത്തിലേക്ക് പോവാന്‍ വിസയും പാസ്പോര്‍ട്ടും ശരിയാക്കെണ്ടേ എന്ന് ആശങ്കയോടെ ചോദിച്ചവരുടെ നാട്ടിലേക്ക്. 

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നോര്‍ത്ത് ഇന്ത്യ ഏകദേശം പരിചയപ്പെട്ടിരുന്നു. ഇനി സുഹൃത്തുക്കളുടെ അടുത്തേക്ക്. അതിനായി അവിടെ കണ്ട മോട്ടോര്‍ ഗാഡിയുടെ അടുത്തേക്ക് നീങ്ങി.

(തുടരും)

(ഹൈദരാബാദ് ഒസ്മാനിയ യൂണിവേര്‍സിറ്റിയില്‍ മാസ് കമ്യൂണിക്കേഷന്‍ & ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on May 6, 2016 9:17 am