X

കെടാത്ത വിപ്ലവ സ്മരണകള്‍ ബാക്കി; കരുണാകരന്‍ മേസ്തരി യാത്രയായി

കെ കെ ഗോപാലന്‍

പുന്നപ്ര-വയലാര്‍ സമരസേനി വി കെ കരുണാകരന്‍ അന്തരിച്ചു. നാട്ടുകാര്‍ക്ക് അദ്ദേഹം കരുണാകരന്‍ മേസ്തരി ആയിരുന്നു. സ്മരണകള്‍ ബാക്കിവച്ച് കടന്നുപോകുന്നത് വിപ്ലവത്തിന്റെ തീച്ചൂട് നേരിട്ട് അനുഭവിച്ചൊരു സഖാവാണ്. വയലാര്‍ വിപ്ലവപുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപം നിര്‍മിക്കാന്‍ തീരുമാനിച്ച കാലം. നിര്‍മാണത്തിനുള്ള കരാര്‍ എടുത്തത് കരുണാകരന്‍ മേസ്തിരി ആയിരുന്നു. സമരസേനാനി നിര്‍മ്മിക്കുന്ന മണ്ഡപം എന്ന പ്രത്യേകത കൂടി അദ്ദേഹം നിര്മിക്കുന്നതോടെ കൈവന്നു. തുഞ്ചാണി (ഓലമടല്‍തുമ്പ് ) ഉപയോഗിച്ചു വയലാറിലെ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം മറച്ചു. ഇന്ന് വാരിക്കുന്തവും പിടിച്ചു നില്‍ക്കുന്ന പ്രതിമ നിലനില്‍ക്കുന്ന മണ്ഡപം സ്ഥാപിക്കുന്നതിനായി അടിത്തറ നിര്‍മിക്കാന്‍ കുഴിവെട്ടി.

തൂമ്പയും മണ്‍വെട്ടിയും ഉപയോഗിച്ചു ഇലഞ്ഞി മരത്തിനു അരികെ കുഴിവെട്ടി തുടങ്ങിയപ്പോള്‍ കരുണാകരന്‍ മേസ്തിരിക്കു സ്വയം നിയന്ത്രിക്കാനായില്ല. ഓരോ വെട്ടിനും നിരവധി അസ്ഥി കഷ്ണങ്ങളും തലയോട്ടികളും പുറത്തു വന്നു കൊണ്ടേയിരുന്നു. നിരവധി യാതനകള്‍ക്കു മുന്നിലും കുലുങ്ങാതെ നിന്ന കൃശഗാത്രം അന്നവിടെ തളര്‍ന്നുപോയി. ശ്രമിച്ചിട്ടും തടയാന്‍ കഴിയാതെ കണ്ണീരുറവ പുറത്തേക്കൊഴുകി. 1946 ഒക്ടോബര്‍ 27 ന് ചരിത്രപരമായ വിപ്ലവത്തിന്റെ ബാക്കി പത്രം.

വയലാര്‍ കോയിക്കല്‍ സുബ്രഹ്മണ്യ ക്ഷേത്ര മൈതാനത്തും ചെറുത്തറ ക്യാമ്പിലും വൈസ് ക്യാപ്റ്റന്‍ ആയിരുന്ന വി കെ കരുണാകരന്‍ എന്ന 23 കാരനിലേക്കു തിരിച്ചു പോയതോടെ കണ്ണീരടക്കാന്‍ അദ്ദേഹം ബുദ്ധിമുട്ടി. അദ്ദേഹത്തിന്റെ വിതുമ്പല്‍ ദിവസങ്ങളോളം നീണ്ടതിനു ഞാന്‍ സാക്ഷിയാണ്.

വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ട സികെ കുമരപ്പണിക്കാരോടൊപ്പം തോള്‍ചേര്‍ന്നു ക്യാംപില്‍ ഉണ്ടായിരുന്നവരാണ് കെ സി വേലായുധനും വികെ കരുണാകരന്‍ മേസ്തിരിയും. വയലാറിലെ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങള്‍ സംഘടിപ്പിക്കുന്ന കാലം. ബാച്ചുകളായി തിരിഞ്ഞു ഓരോസ്ഥലത്തും പോകും. ലഭിക്കുന്ന തേങ്ങയും കപ്പയും പപ്പായയും കൂട്ടിക്കുഴച്ചു പ്രത്യേകതരം കുഴ ഉണ്ടാക്കിയതായിരുന്നു ക്യാമ്പംഗങ്ങളുടെ ഭക്ഷണം. ഇങ്ങനെ ഉല്പന്നപിരിവ് നടത്തിവരുന്ന കാലത്താണ് മേസ്തരിക്കെതിരെ കള്ളക്കേസ് വരുന്നത്. ചെറുപ്പക്കാരെ കള്ളക്കേസില്‍ പെടുത്തി പോലീസ് ക്രൂരമായി പീഡിപ്പിക്കുന്ന കാലമായിരുന്നു. പാര്‍ട്ടി നിര്‍ദേശപ്രകാരം അദ്ദേഹം ഒളിവില്‍ പോയി. ദീര്‍ഘനാള്‍ ഒളിവില്‍ കഴിഞ്ഞ അദ്ദേഹം മിടുക്കനായ കല്പണിക്കാരനായിട്ടായിരുന്നു വയലാറിലേക്കുള്ള മടങ്ങി വരവ്. സ്വന്തം തൊഴിലെടുത്തു പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. പാര്‍ട്ടി പിളര്‍ന്നപ്പോഴും അദ്ദേഹം സിപിഐ യില്‍ അടിയുറച്ചു നിന്നു.

ഒരിക്കല്‍ പോലും സിപിഎമ്മിനെ മേസ്തിരി കുറ്റം പറയുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ല. വിമര്‍ശിക്കാന്‍ എടുക്കുന്ന ഊര്‍ജ്ജം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിക്കണം എന്നായിരുന്നു കാഴ്ചപ്പാട്.

വെടികൊണ്ടു വയലാറില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളെ വലിയൊരു കുളത്തിലിട്ടു മൂടുകയും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമാണ് ചെയ്തിരുന്നത്. ആ കാലത്തിന്റെ വേദനയും പേറിയ മനുഷ്യനായത് കൊണ്ടായിരിക്കാം അവസാന ശ്വാസം വരെ അദ്ദേഹത്തിന് ഉത്തമനായ കമ്യൂണിസ്‌റ് കാരനായി ജീവിക്കാന്‍ കഴിഞ്ഞത്.

(സിപിഐ വയലാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആണ് ലേഖകന്‍ )

 

 

This post was last modified on December 1, 2016 6:05 pm