X

‘സത്യസന്ധമായ മോഷണങ്ങള്‍’ ജീവിതത്തില്‍നിന്ന് അപഹരിച്ചെടുത്ത കവിതകള്‍

സങ്കീര്‍ണമായ പലതിനേയും അതുവരെ കണ്ടിരുന്ന സമവാക്യങ്ങള്‍ മറികടന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ് കെ.രതീഷിന്റെ കവിതകള്‍.

‘ഒരു ദിനം അയാള്‍
ചെകുത്താനും കടലിനും
ഇടയില്‍പ്പെട്ടു,
വലയും തോണിയുമായി
കടലില്‍ മീന്‍ പിടിച്ചു
വറുത്ത് ചെകുത്താന് നല്‍കി.’

‘സത്യസന്ധമായ മോഷണങ്ങള്‍’ എന്ന കെ. രതീഷിന്റെ കവിതാ സമാഹാരത്തിലെ ലളിതം എന്ന കവിതയാണിത്. സങ്കീര്‍ണമായ പലതിനേയും അതുവരെ കണ്ടിരുന്ന സമവാക്യങ്ങള്‍ മറികടന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ് കെ.രതീഷിന്റെ കവിതകള്‍. ജീവിതത്തില്‍നിന്ന് അപഹരിച്ചെടുത്ത കവിതകളെന്ന മുഖമൊഴിയോടെയാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്.

ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം കെ.രതീഷിന്റെ കവിതയില്‍ കടന്നുവരുന്നു. ഒര്‍മ്മകളുടെ മധുരത്തിനൊപ്പം വര്‍ത്തമാനത്തിന്റെ എരിവും കവിതകളില്‍ ഒരുപോലെ ദര്‍ശിക്കാന്‍ കഴിയുന്നു. മമത, പ്രതീക്ഷ, മീന്‍ തുടങ്ങിയ കവിതകള്‍ ഗൃഹാതുരത്വത്തെ ഉണര്‍ത്തുന്നവയാണ്.

മമത എന്ന കവിത ഇങ്ങനെയാണ്,

‘ഓര്‍മ്മ മറന്ന കുടയെ
മഴയത്ത് ചേര്‍ത്തുപിടിച്ചു.’

വയനക്കാര്‍ക്ക് സുഖമുള്ളൊരു അനുഭൂതി പകര്‍ന്നു നല്‍കാന്‍ ഈ കവിതകള്‍ സഹായിക്കുന്നു. സമൂഹം, ജാതി, മതം തുടങ്ങിയവയുടെ ബലപ്രയോഗങ്ങള്‍ അടയാളപ്പെടുത്താന്‍ ഈ കവിതകള്‍ക്ക് കഴിയുന്നുണ്ട്. ശക്തമായ വിഷയങ്ങളാണ് കവിതകള്‍ക്ക് അടിസ്ഥാനമായിരിക്കുന്നതെന്നതും മറ്റൊരു സവിശേഷതയാണ്.

നാവ് ,കുറ്റപത്രം തുടങ്ങിയ കവിതകള്‍ കാലത്തെ അടയാളപ്പെടുത്തുന്നവയാണ്. കാലത്തിന്റെ ഫാസിസ്റ്റ് പ്രവണതകളുമായി കെ.രതീഷിന്റെ കവിതകള്‍ പടവെട്ടുന്നു എന്നതിന്റെ തെളിവാണ് ഒത്തുതീര്‍പ്പ് എന്ന കവിത.

‘പുലികള്‍ എപ്പോഴും പുലികളല്ല,
അധികാരത്തിന്റെ മീന്‍മണം വരുമ്പോള്‍-
അത് പൂച്ചയാവുന്നു.
അരമനയിലും, ഇടനാഴിയിലും
അടുക്കളയിലും പതുങ്ങി കയറുന്നു,
മണികെട്ടാനായി തലകുനിച്ച് കൊടുക്കുന്നു.’

ബലി എന്ന കവിതയില്‍ ഇരുട്ട് ഒരു മെഴുകുതിരി നാളത്തെപ്പോലും ഭയക്കുന്നു/അതിന്റെ രക്ത സക്ഷിത്വത്തേയും അതുകൊണ്ട് കാറ്റിന്റെ കൈകള്‍കൊണ്ട് കെടുത്താന്‍ ശ്രമിക്കുന്നു എന്ന് എഴുതിയിരിക്കുന്നു. കാലത്തെ എത്ര സൂക്ഷ്മതയോടെ ഈ കവിതകള്‍ സമീപിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വരികള്‍. ഇരുട്ടില്‍ പ്രകാശമാവുന്നതൊന്നിനേയും ഈ കാലം നിലനില്‍ക്കാന്‍ അനുവദിക്കുന്നില്ല എന്ന യഥാര്‍ത്ഥ്യത്തെ അടയാളപ്പെടുത്തുവാന്‍ ഇത്തരത്തിലുള്ള കെ. രതീഷിന്റെ കവിതകള്‍ക്ക് കഴിയുന്നുണ്ട്.

വിഷയങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുമ്പോഴും ഘടനാപരമായി മാറി നില്‍ക്കാന്‍ കവി ശ്രമിക്കുന്നില്ല എന്നത് രതീഷിന്റെ കവിതകളുടെ പരിമിതിയാണ്. സമകലികരായ പല കവികളും പിന്‍തുടരുന്ന കാവ്യരീതി തന്നെ രതീഷും പിന്‍തുടരുന്നുവെന്ന് കാണാം. ചിന്തയില്‍ ഉണരുമ്പോള്‍തന്നെ പകര്‍ത്തിവെച്ച ചെറുകവിതകളാണിതെന്ന് വായനക്കാര്‍ക്ക് തോന്നാം എന്നാല്‍ വിഷയപരമായ തിരഞ്ഞെടുപ്പുകള്‍കൊണ്ട് പരിമിതികളെ മറികടക്കാന്‍ ഈ കവിതകള്‍ക്ക് കഴിയുന്നു. ഇന്‍സൈറ്റ് പബ്ലിക്കയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

ആർഷ കബനി

അഴിമുഖം മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്‌

More Posts

This post was last modified on June 30, 2019 4:35 pm