X

വീഞ്ഞ് വെള്ളമാക്കുന്ന യേശു, ആട്ടിറച്ചി തിന്നുന്ന ഗണപതി: മനുഷ്യന്മാര്‍ക്ക് വേണ്ടി ദൈവങ്ങളുടെ വിശുദ്ധസദ്യ

ഓസ്ട്രേലിയയില്‍ ഇപ്പോള്‍ ഏറ്റവുമധികം വളര്‍ച്ച നേടുന്ന വിഭാഗത്തിലാണ് താന്‍ ഉള്‍പ്പെടുന്നതെന്ന്‌ നിരീശ്വരവാദിയായ യുവതി അഭിമാനത്തോടെ പറയുന്നു. നമുക്ക് നല്ലൊരു മാര്‍ക്കറ്റിംഗ് ടീമിനെ ആവശ്യമുണ്ട് എന്നാണ് അല്‍പ്പം നിരാശയോടെയും ആശങ്കയോടെയും ഗണപതി ഇതിനോട് പ്രതികരിക്കുന്നത്.

യേശു ക്രിസ്തു വെള്ളം വീഞ്ഞാക്കിയ കഥയാണ് ബൈബിള്‍ പറയുന്നത്. വെള്ളം വീഞ്ഞാക്കാന്‍ കഴിയുന്ന യേശുവിന് തീര്‍ച്ചയായും വീഞ്ഞിനെ തിരിച്ച് വെള്ളമാക്കാനും കഴിവുണ്ടായിരിക്കും. ഈ അദ്ഭുത പ്രവൃത്തി അദ്ദേഹം നടത്തുന്നത് ഒരു ദേവിക്ക് സുരക്ഷിതയായി ഡ്രൈവ് ചെയ്ത് വീട്ടിലെത്താനാണ്. മദ്യപിച്ച് വാഹനമോടിച്ച് പൊലീസ് പിടിക്കാതിരിക്കാന്‍. Reverse Miracle എന്നാണ് അദ്ദേഹം ഈ അദ്ഭുതത്തെ വിശേഷിപ്പിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് അല്‍പ്പം തിരക്കിലാണ്. അദ്ദേഹത്തിന് ഒരു ഡേ കെയര്‍ സെന്ററില്‍ നിന്ന് ഒരു കുട്ടിയെ കൊണ്ടുവരേണ്ടതുണ്ട്. തനിക്ക് ഇതുകൊണ്ട് പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് നിരീശ്വരവാദിയായ ആതിഥേയയെ ഫോണില്‍ വിളിച്ച് അദ്ദേഹം അറിയിക്കുന്നു.

മീറ്റ് ആന്‍ഡ് ലൈവ്‌സ്റ്റോക് ഓസ്‌ട്രേലിയ നിര്‍മ്മിച്ച ഈ പരസ്യത്തില്‍ മതവികാരം വ്രണപ്പെടുന്ന ഒന്നും തന്നെയില്ല. എന്നാല്‍ ആ വികാരം വ്രണപ്പെട്ടേ മതിയാകൂ എന്ന് ഉറപ്പിച്ച് കാണുന്നവരെ സംബന്ധിച്ച് അങ്ങനെ സംഭവിക്കുകയും ചെയ്യാം. ദൈവങ്ങളും (പുരുഷ, സ്ത്രീ ദൈവങ്ങള്‍) ദൈവപുത്രന്മാരും പ്രവാചകരുമെല്ലാം ഒരു നീളന്‍ മേശയ്ക്ക് ചുറ്റും നിരന്നിരിക്കുകയാണ്. ടോം ക്രൂസുമൊത്തുള്ള ഒരു വിരുന്ന് റദ്ദാക്കിയാണ് താന്‍ ഇങ്ങൊട്ട് വന്നതെന്നാണ് സയന്റോളജി സ്ഥാപകന്‍ എല്‍ റോണ്‍ ഹൊബാഡ് പറയുന്നത്. 1990ല്‍ നമോയി വാറ്റ്‌സ് അഭിനയിച്ച ഒരു പരസ്യത്തെ അനുസ്മരിപ്പിക്കുന്ന തമാശയാണിത്. അമ്മയോടൊപ്പം പൊരിച്ച ആട്ടിറച്ചി തിന്നുന്നതിനായി അവര്‍ ഒരു ഹോളിവുഡ് നടനുമായുള്ള ഡേറ്റിംഗ് റദ്ദാക്കുകയാണ്.

വീഡിയോ കാണാം:

യേശുവിന് പുറമെ അഫ്രോഡൈറ്റ്, സിയൂസ്, ബുദ്ധന്‍, ഗണപതി, മോസസ് തുടങ്ങിയവരെല്ലാം ഉച്ചത്തെ വിരുന്നിനെത്തിയിട്ടുണ്ട്. സസ്യാഹാരിയായി ബ്രാഹ്മണര്‍ ചിത്രീകരിച്ചിട്ടുള്ള ഗണപതി, മാംസാഹാരിയായി കാണിച്ചിരിക്കുന്നതാണ് ചില മതവികാരജീവികളെ വ്രണപ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഡേയോട് അനുബന്ധിച്ചാണ് പരസ്യം പുറത്തിറക്കിയത്. പരസ്യം അങ്ങേയറ്റം മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ച് അഡ്വെര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ബ്യൂറോയ്ക്ക് പരാതികള്‍ ലഭിച്ചിരിക്കുന്നു. 600ലധികം പരാതികളാണ് വന്നിട്ടുള്ളത്. എന്നാല്‍ ഇതില്‍ മതവികാരം വ്രണപ്പെടുന്നതിന്റെ പ്രശ്‌നം വരുന്നില്ലെന്നും ഭക്ഷണം വച്ച മേശയ്ക്ക് ചുറ്റും എല്ലാവര്‍ക്കും ഒരുമിച്ചിരിക്കാന്‍ കഴിയുമെന്ന് മാത്രമാണ് പറയുന്നതെന്നും മീറ്റ് ആന്‍ഡ് ലൈവ്‌സ്റ്റോക്ക് ഓസ്‌ട്രേലിയ മാര്‍ക്കറ്റിംഗ് മാനേജര്‍ ആന്‍ഡ്ര്യു ഹവി പറയുന്നു.

താന്‍ ഒരു മതത്തിലും പെടുന്നില്ലെന്നും ഓസ്ട്രേലിയയില്‍ ഇപ്പോള്‍ ഏറ്റവുമധികം വളര്‍ച്ച നേടുന്ന വിഭാഗത്തിലാണ് താന്‍ ഉള്‍പ്പെടുന്നതെന്നും നിരീശ്വരവാദിയായ യുവതി അഭിമാനത്തോടെ പറയുന്നു. നമുക്ക് നല്ലൊരു മാര്‍ക്കറ്റിംഗ് ടീമിനെ ആവശ്യമുണ്ട് എന്നാണ് അല്‍പ്പം നിരാശയോടെയും ആശങ്കയോടെയും ഗണപതി ഇതിനോട് പ്രതികരിക്കുന്നത്. വെറുതെ, മതഗ്രന്ഥങ്ങള്‍ക്കും ലഘുലേഖകള്‍ക്കും വേണ്ടി കുറെ പൈസ ചെലവാക്കിയെന്ന് യേശു. അതുകേട്ട് തല മൊട്ടയടിച്ച രൂപത്തിലുള്ള ബുദ്ധന്‍ ചിരിക്കുന്നു. നമ്മള്‍ ഇടക്കിടക്ക് ഇങ്ങനെ കൂടണമെന്ന് ഗണപതി അഭിപ്രായപ്പെടുന്നു. എല്ലാവരും ഗ്ലാസ് ഉയര്‍ത്തി ചിയേര്‍സ് പറയുന്നു. ഈ പ്രപഞ്ചത്തെ കൂടുതല്‍ മെച്ചപ്പെട്ട ഒന്നാക്കി മാറ്റാമെന്ന ധാരണയിലാണ് അവസാനം അവര്‍ എത്തുന്നത്. ആട്ടിറച്ചിയുടെ പരസ്യമാണ്. മതഭേദമില്ലാതെ ആര്‍ക്കും കഴിക്കാവുന്ന ഭക്ഷണത്തെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഭക്ഷണം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും അതിന് മുന്നില്‍ ഭിന്നമായ മതവിശ്വാസങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും രസകരമായ ഈ പരസ്യം പറയുന്നു.

വായനയ്ക്ക്: https://goo.gl/YwrRQB

This post was last modified on September 7, 2017 11:14 pm