X

ഗംഗാ ജലപാതക്ക് വിദഗ്ധ സമിതിയുടെ എതിര്‍പ്പ് മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം

2000 ടണ്‍ ഭാരം വരുന്ന ചരക്കുകള്‍ കൊണ്ടുപോകുന്ന കണ്ടെയ്‌നര്‍ ഷിപ്പുകള്‍ക്കും മറ്റും പോകാനായി ആഴത്തിലുള്ള ഡ്രെഡ്ജിംഗ്, ആവശ്യമാണ്

ഗംഗ നദിയിലെ ഉള്‍നാടന്‍ ജലപാത പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം. വിദഗ്ധ സമിതിയുടെ എതിര്‍പ്പ് മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. രാജ്യത്തെ ഏറ്റവും വലിയ ഉള്‍നാടന്‍ ജലപാത പദ്ധതിയാണിത്. പദ്ധതിയുടെ ഒരു ടെര്‍മിനല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. കാബിനറ്റ് മന്ത്രിമാരും ഉദ്യോഗസസ്ഥരും അടങ്ങിയ ഉന്നതതല സമിതിയാണ് പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും ശുപാര്‍ശകളും അവഗണിച്ച് ഇത്തരത്തില്‍ തീരുമാനമെടുത്തത്. ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം തേടണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. പരസ്ഥിതി അംഗീകാരം വേണമെന്നും രേഖകള്‍ വിവരാവകാശപ്രകാരം ലഭ്യമാക്കണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.

മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണിത്. 2500 കിലോമീറ്റര്‍ നീളമുള്ള ഗംഗ നദിയിലൂടെ ചരക്ക്‌നീക്കം സാധ്യമാക്കുകയാണ് പ്രധാന ഉദ്ദേശം. വാരണാസിക്കും പശ്ചിമ ബംഗാളിലെ ഹാല്‍ദിയയ്ക്കും ഇടയില്‍ 1390 കിലോമീറ്റര്‍ ആണ് പദ്ധതിക്കായി ഉപയോഗിക്കുക. വാരണാസിയിലും സാഹിബ് ഗഞ്ചിലും ഹാല്‍ഡിയയിലുമായി മൂന്ന് മള്‍ട്ടിമോഡല്‍ ടെര്‍മിനലുകളാണ് നിര്‍മ്മിക്കുന്നത്. രണ്ട് ഇന്റര്‍മോഡല്‍ ടെര്‍മിനലുകള്‍, അഞ്ച് റോള്‍ ഓണ്‍ റോള്‍ ഓഫ് (റോ-റോ) ടെര്‍മിനല്‍ പെയറുകള്‍, ഫരാക്കയില്‍ നാവിഗേഷന്‍ ലോക്ക് എന്നിവയും നിര്‍മ്മിക്കുന്നു. 5369 കോടി രൂപയുടെ പദ്ധതി ഫണ്ട് ചെയ്യുന്നത് ലോകബാങ്ക് ആണ്.

2000 ടണ്‍ ഭാരം വരുന്ന ചരക്കുകള്‍ കൊണ്ടുപോകുന്ന കണ്ടെയ്‌നര്‍ ഷിപ്പുകള്‍ക്കും മറ്റും പോകാനായി ആഴത്തിലുള്ള ഡ്രെഡ്ജിംഗ്, ആവശ്യമാണ്. കുറഞ്ഞത് 45 മീറ്ററെങ്കിലും വീതിയില്‍ റിവര്‍ ചാനല്‍ വികസിപ്പിക്കേണ്ടി വരും. 2016 മുതല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും ഡ്രെഡ്ജിംഗിന് എന്‍വയോണ്‍മെന്റല്‍ ക്ലിയറന്‍സ് വേണോ എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലാണ്.

വായനയ്ക്ക്: https://goo.gl/2GauzT

This post was last modified on November 18, 2018 7:55 pm