X

ഗോവധ നിരോധനം: ഗോള്‍വാള്‍ക്കര്‍ അംഗമായി ഇന്ദിര നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല

ഗോവധ നിരോധനം എന്ന ആവശ്യത്തിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണുള്ളതെന്ന് വര്‍ഗീസ് കുര്യനോട് ഗോള്‍വാള്‍ക്കര്‍ പറഞ്ഞിരുന്നു.

ഗോവധ നിരോധനം എന്ന ആവശ്യം അര നൂറ്റാണ്ട് മുമ്പ് തന്നെ വലിയ രാഷ്ട്രീയ പ്രശ്‌നമാക്കി സംഘപരിവാര്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യാ ചരിത്രത്തിലെ ആദ്യ പാര്‍ലമെന്റ് ആക്രമണം നടന്നത് – 1966 നവംബര്‍ ഏഴിന് നഗ്നരായ ഹിന്ദു സന്യാസിമാരെ മുന്നില്‍ നിര്‍ത്തി വിഎച്ച്പിയും ആര്‍എസ്എസും അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ആസൂത്രണം ചെയ്ത പാര്‍ലമെന്റ് മാര്‍ച്ച് വ്യാപക അക്രമത്തിലും വെടിവയ്പിലുമാണ് കലാശിച്ചത്. ഏതായാലും ഈ സംഭവത്തിന് ശേഷം രാജ്യവ്യാപകമായി ഗോവധ നിരോധനം എന്ന ആവശ്യം പരിശോധിക്കാന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഒരു കമ്മിറ്റിയെ നിയോഗിച്ചു. ആര്‍എസ്എസ് തലവന്‍ എംഎസ് ഗോള്‍വാള്‍ക്കര്‍ ഈ കമ്മിറ്റിയില്‍ അംഗമായിരുന്നു. ഗോള്‍വാള്‍ക്കര്‍ എങ്ങനെ ഈ സമിതിയില്‍ അംഗമായി എന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേഷിന്റെ പുതിയ പുസ്തകം Indira Gandhi: A life in Nature പറയുന്നുണ്ട്. ഇന്ദിര ഗാന്ധിയുടെ ജന്മ ശതാബ്ദിയോട് അനുബന്ധിച്ചാണ് പുസ്തകം പുറത്തിറക്കുന്നത്. സൈമണ്‍ ആന്‍ഡ് ഷൂസ്റ്ററാണ് പുസ്തക പ്രസാധകര്‍.

1966 ജനുവരിയില്‍ പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധി നേരിട്ട ആദ്യത്തെ വലിയ പ്രതിസന്ധികളില്‍ ഒന്നായിരുന്നു തീവ്ര ഹിന്ദുത്വ സംഘടനകളുടെ പാര്‍ലമെന്റ് മാര്‍ച്ചും അക്രമസംഭവങ്ങളുമെന്ന് ജയറാം രമേഷ് പുസ്തകത്തില്‍ പറയുന്നു. വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കാമരാജിന്റെ വീടിന് നേരെ ഹിന്ദു തീവ്രവാദികള്‍ ആക്രമണം നടത്തി. ക്രമസമാധാന നില നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കാത്തതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി ഗുല്‍സാരിലാല്‍ നന്ദ രാജി വച്ചു. പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ജയറാം രമേഷ് ഇത് സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ അതേ ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ കരണ്‍ സിംഗ് ശരി വച്ചിരുന്നു. ആറ് മാസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ആദ്യം അനുവദിച്ചിരുന്നത്. എന്നാല്‍ 12 വര്‍ഷം ഈ കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതേ ഇല്ല എന്നതാണ് ശ്രദ്ധേയം. 1979ല്‍ ജനസംഘം നേതാക്കളായ എബി വാജ്യപേയിയും എല്‍കെ അദ്വാനിയും അംഗങ്ങളായിരുന്ന, മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ സര്‍ക്കാര്‍ ഈ കമ്മിറ്റി പിരിച്ചുവിട്ടു.

ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നവരെന്ന് പറഞ്ഞ് പുരി ശങ്കരാചാര്യര്‍ ഉള്‍പ്പടെയുള്ള ആത്മീയനേതാക്കളെ കമ്മിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എകെ സര്‍ക്കാരായിരുന്നു സമിതി അദ്ധ്യക്ഷന്‍. ധവള വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ.വര്‍ഗീസ് കുര്യനെ പോലുള്ള വിദഗ്ധരും കമ്മിറ്റിയിലുണ്ടായിരുന്നു. ഗോവധ നിരോധനം എന്ന ആവശ്യത്തിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണുള്ളതെന്ന് വര്‍ഗീസ് കുര്യനോട് ഗോള്‍വാള്‍ക്കര്‍ പറഞ്ഞിരുന്നു. ആവശ്യത്തിന് പിന്നില്‍ ശാസ്ത്രീയതയൊന്നും ഇല്ലെന്നും മതവും രാഷ്ട്രീയവും കലര്‍ത്തിയുള്ള ഹിന്ദുത്വ രാഷ്ട്രീയ താല്പര്യങ്ങള്‍ മാത്രമാണ് ഉള്ളതെന്നും കുര്യനുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ ഗോള്‍വാള്‍ക്കര്‍ സമ്മതിച്ചിരുന്നു. 2014ല്‍ ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ ഈ കമ്മിറ്റിയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് ശാസ്ത്രജ്ഞന്‍ പിഎം ഭാര്‍ഗവ ഇക്കാര്യം പറഞ്ഞത്. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളികുലാര്‍ ബയോളജി സ്ഥാപക ഡയറക്ടറും ദേശീയ വിജ്ഞാന കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന പിഎം ഭാര്‍ഗവയെ കമ്മിറ്റി വിളിച്ചുവരുത്തിയിരുന്നു. ഗോള്‍വാള്‍ക്കറും പുരി ശങ്കരാചാര്യരുമായി ഗോവധം സംബന്ധിച്ച തര്‍ക്കിച്ച അനുഭവം ഒരു അഭിമുഖത്തില്‍ ഭാര്‍ഗവ പങ്കുവച്ചിരുന്നു. പശുക്കളെ മാത്രമല്ല, എരുമകളേയും കശാപ്പ് ചെയ്യുന്നത് നിരോധിക്കണമെന്ന നിലപാടായിരുന്നു ഗോള്‍വാള്‍ക്കറിന്.

വായനയ്ക്ക്: https://goo.gl/1PnDUK

https://goo.gl/eesiaS

This post was last modified on June 13, 2017 2:30 pm