X

“എനിയ്ക്കുറപ്പാണ്, അവരെന്നെ കൊല്ലും”: കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിംഗ് രജാവത്ത്‌

എന്നേയും എന്റെ കുടുംബാംഗങ്ങളേയും ആക്രമിക്കുമെന്ന് നല്ല പോലെ ഭയമുണ്ട്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒറ്റപ്പെട്ട പോലെയാണ് തോന്നുന്നത് - ദീപിക പറയുന്നു.

ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും വധഭീഷണി നേടുകയും ചെയ്തിട്ടുള്ള അഭിഭാഷകയാണ് ദീപിക സിംഗ് രജാവത്. കത്വ കേസിന്റെ വിചാരണ ജമ്മു കാശ്മീരിന് പുറത്തേയ്ക്ക് മാറ്റണമെന്ന ഇരയുടെ കുടുംബത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചപ്പോള്‍ വിജയചിഹ്നവുമായി കോടതിക്ക് പുറത്തേക്ക് നടന്നുവന്ന ദീപികയുടെ ചിത്രം വൈറലായിരുന്നു. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിലെ ആത്മവിശ്വാസവും സന്തോഷവും ചോര്‍ന്നുപോയിട്ടില്ലെങ്കിലും വലിയ ആശങ്കകളാണ് ന്യൂസ് 18നുമായുള്ള അഭിമുഖത്തില്‍ ദീപിക പങ്കുവക്കുന്നത്. നിരവധി ബലാത്സംഗ, വധ ഭീഷണി സന്ദേശങ്ങളാണ് ദീപികകയ്ക്ക് ദിവസേനയെന്നോളം ലഭിച്ചുകൊണ്ടിരിക്കുന്നത്. അധികം വൈകാതെ അവര്‍ എന്നെ കൊല്ലും എന്നാണ് ദീപിക സിംഗ് ന്യൂസ് 18നോട് പറഞ്ഞത്. എന്നേയും എന്റെ കുടുംബാംഗങ്ങളേയും ആക്രമിക്കുമെന്ന് നല്ല പോലെ ഭയമുണ്ട്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒറ്റപ്പെട്ട പോലെയാണ് തോന്നുന്നത് – ദീപിക പറയുന്നു.

നേരത്തെ ജമ്മു ബാര്‍ അസോസിയേഷനിലെ പ്രതികളോട് അടുപ്പമുള്ളവരുമായ അഭിഭാഷകര്‍ ദീപികയെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് തടയാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംസ്ഥാന പൊലീസില്‍ നിന്ന് കേസ് അന്വേഷണം സിബിഐക്ക് കൈമാറണം എന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. പഞ്ചാബിലെ പത്താന്‍കോട്ടിലേക്കാണ് വിചാരണ മാറ്റിയത്. 2018 ജനുവരിയിലാണ് നാടോടി ഗോത്ര വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെ അക്രമി സംഘം ക്ഷേത്രത്തില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊന്നത്. പ്രതികളെ പിന്തുണച്ച് പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളും റാലികളും വിവാദമായിരുന്നു. റാലിയില്‍ പങ്കെടുത്ത രണ്ട് ബിജെപി മന്ത്രിമാര്‍ക്ക് രാജി വക്കേണ്ടി വന്നിരുന്നു. ദീപിക സിംഗ് സ്വമേധയാ കേസ് വാദിക്കാന്‍ സന്നദ്ധയായി രംഗത്തുവരുകയായിരുന്നു. ഇപ്പോള്‍ ബാര്‍ അസോസിയേഷനില്‍ നിന്ന് തനിക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നും ദീപിക സിംഗ് രാജവത് പറയുന്നു.

വായനയ്ക്ക്: https://goo.gl/o88bW5

ഈ പോരാട്ടത്തില്‍ വിജയം കാണാതെ പിന്നോട്ടില്ല: വൈറലായി ദീപിക സിംഗ് രജാവതിന്റെ ഫോട്ടോ

This post was last modified on November 2, 2018 10:11 pm