X

മരണനിരക്ക് കുറയ്ക്കാന്‍ ‘മൃത്യുഞ്ജയ ഹോമം’ നടത്തുന്ന ആശുപത്രി!

ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലിലാണ് ഗര്‍ഭിണികളായ അമ്മമാരുടെ മരണനിരക്ക് കുറയ്ക്കുന്നതിനായി ഹോമം നടത്തിയത്

മരണനിരക്ക് കുറയ്ക്കാന്‍ ‘മൃത്യുഞ്ജയ ഹോമം’ നടത്തുന്ന ആശുപത്രി. ഒരു ബോളിവുഡ് ചിത്രത്തിലെ രംഗമാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഹൈദരാബാദിലെ ഒരു പ്രമുഖ ആശുപത്രിയാണ് ഗര്‍ഭിണികളായ അമ്മമാരുടെ മരണനിരക്ക് കുറയ്ക്കുന്നതിനായി ആശുപത്രിയില്‍ മൃത്യുഞ്ജയ ഹോമം നടത്തി ചരിത്രം സൃഷ്ടിച്ചത്. സാധാരണ നായകന്‍ ആശുപത്രിയില്‍ മരണത്തിന് വേണ്ടി മല്ലിടുന്ന ബോളിവുഡ് സിനിമകളില്‍ മാത്രമാണ് ഇത്തരം രംഗങ്ങള്‍ കണ്ട് പരിചയം.

എന്നാല്‍ ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം മേധാവി തന്നെയാണ് ഹോമം സംഘടിപ്പിച്ചത്. മരുന്നിനെക്കാള്‍ ശക്തി ഭക്തിക്കാണ് എന്ന് ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്ന ഒരു ഡോക്ടര്‍ തന്നെ വിശ്വസിച്ചാല്‍ എന്ത് ചെയ്യാനാണ്? ഏതായും ഹോമത്തിന് നിരവധി പുരോഹിതരും ഭക്തരും മാത്രമല്ല സാക്ഷ്യം വഹിച്ചത്. നിരവധി ഡോക്ടര്‍മാരും മെഡിക്കള്‍ വിദ്യാര്‍ത്ഥികളും ഹോമത്തില്‍ സജീവമായിരുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

ആശുപത്രിയില്‍ പ്രാര്‍ത്ഥനകള്‍ നടക്കുന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു പുതുമയല്ല. ഉദാഹരണത്തിന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിത മരണക്കിടക്കയിലായിരുന്നപ്പോള്‍ കൂട്ടപ്രാര്‍ത്ഥനകളും യജ്ഞങ്ങളും മറ്റും ആശുപത്രിയില്‍ ആരാധകര്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍, ആശുപത്രി അധികൃതര്‍ തന്നെ ഇത്തരത്തില്‍ ഒന്ന് സംഘടിപ്പിക്കുന്നത് ആദ്യമായിട്ടായിരിക്കണം.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/mYJFWP

This post was last modified on July 27, 2017 11:49 am