X

ഐഐഎംസിയിലും സംഘപരിവാര്‍ അധിനിവേശം: ഹിന്ദു യജ്ഞവും പ്രഭാഷണവുമായി ഛത്തീസ്ഗഡിലെ വിവാദ ഐജി

ബസ്തറിലെ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടത്തുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഉദ്യോഗസ്ഥനാണ് എസ്ആര്‍പി കല്ലൂരി.

ഇന്ത്യയില്‍ ഏറ്റവും മികവുറ്റ മാദ്ധ്യമ പഠന കേന്ദ്രമായി പരിഗണിക്കപ്പെടുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ ഛത്തീസ്ഗഡ് ബസ്തറിലെ വിവാദ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഹിന്ദു യജ്ഞവും പ്രഭാഷണവും നടത്താന്‍ പോകുന്നതായുള്ള അറിയിപ്പ് വിവാദമായിരിക്കുകയാണ്. ശനിയാഴ്ചയാണ് ‘നാഷണല്‍ ജേണലിസം ഇന്‍ കറന്റ് സിനാരിയോ’ എന്ന വിഷയത്തില്‍ ബസ്തര്‍ ഐജി എസ്ആര്‍പി കല്ലൂരി ക്ലാസെടുക്കാന്‍ ഐഐഎംസി ന്യൂഡല്‍ഹി ക്യാമ്പസില്‍ എത്തുന്നത്. ഹിന്ദു ആചാര പ്രകാരം തീ കത്തിച്ച് അതിന് ചുറ്റുമിരുന്ന് മന്ത്രങ്ങള്‍ ചൊല്ലിയാണ് ചടങ്ങ് തുടങ്ങുക. ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയുടെ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഈ അറിയിപ്പ് വിദ്യാര്‍ത്ഥികളില്‍ നിന്നും പൂര്‍വ വിദ്യാര്‍ത്ഥികളായ മാദ്ധ്യമപ്രവര്‍ത്തകരില്‍ നിന്നും ശക്തമായ പ്രതിഷേധം ക്ഷണിച്ച് വരുത്തിയിരിക്കുകയാണ്. മതപരമായ ചടങ്ങുകള്‍ നടത്താന്‍ ഇത് സരസ്വതി ശിശു മന്ദിറോ മദ്രസയോ ഒന്നുമല്ലെന്നും ക്യാമ്പസുകള്‍ മതചടങ്ങുകള്‍ക്കുള്ള ഇടമല്ലെന്നും ഹിന്ദി ജേണലിസം കോഴ്‌സ് വിദ്യാര്‍ത്ഥി രോഹിന്‍ വര്‍മ ഔട്ട്‌ലുക്കിനോട് പറഞ്ഞു. ഐഐഎംസി അധികൃതരെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന്റെ പേരില്‍ രോഹിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത്തരം പരിപാടികള്‍ ഇന്നേ വരെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ചിട്ടില്ല. പൊതു സ്ഥാപനങ്ങള്‍ കാവിവല്‍ക്കരിക്കുന്നതിന്റേയും സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റേയും ഭാഗമായാണ് പരിപാടി. ആര്‍എസ്എസ് അനുകൂല സംഘടനയായ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകനായിരുന്ന കെജി സുരേഷാണ് നിലവില്‍ ഐഐഎംസി ഡയറക്ടര്‍ ജനറല്‍.

വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുക എന്നതിനേക്കാള്‍ ഐഐഎംസി അധികൃതര്‍ക്ക് താല്‍പര്യം മന്ത്രം ചൊല്ലുന്നതിലാണെന്ന് മുന്‍ വിദ്യാര്‍ത്ഥി ആശിഷ് ഭരദ്വാജ് പരിഹസിച്ചു. ബസ്തറിലെ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടത്തുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഉദ്യോഗസ്ഥനാണ് എസ്ആര്‍പി കല്ലൂരി. മനുഷ്യാവകാശ കമ്മീഷന്‍ കല്ലൂരിക്ക് നോട്ടീസ് അയച്ചിരുന്നു. മാദ്ധ്യമപ്രവര്‍ത്തകരെ പല ഘട്ടത്തിലും കല്ലൂരി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

മാദ്ധ്യമപഠന കേന്ദ്രത്തില്‍ ഇത്തരം ആളുകളെ കൊണ്ടുവന്ന് ഈ വിധത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് സ്വതന്ത്രവും നിര്‍ഭയവുമായ മാദ്ധ്യമപ്രവര്‍ത്തനത്തോടുള്ള വെല്ലുവിളിയും ഭീഷണിയുമായാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ഗ്രീന്‍പീസ് പ്രവര്‍ത്തകനുമായ അവിനാഷ് ചഞ്ചല്‍ പറഞ്ഞു. മാദ്ധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ക്ലാസെടുക്കാന്‍ കല്ലൂരിയെ തന്നെ വിളിക്കുന്നതിലും വലിയ തമാശയുണ്ടോ എന്ന് ചഞ്ചല്‍ ചോദിക്കുന്നു. അതേ സമയം പരിപാടി സംബന്ധിച്ച് പ്രതികരിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ തയ്യാറായിട്ടില്ല. സോഷ്യല്‍ മീഡിയയിലും പുറത്തുമുള്ള വിദ്യാര്‍ത്ഥികളുടെ അഭിപ്രായപ്രകടന, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ അധികൃതര്‍ ശ്രമിക്കുന്നതായുള്ള പരാതി വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.

This post was last modified on May 18, 2017 8:35 pm