X

റഷ്യയിലേയ്ക്കുള്ള യാത്രയില്‍ ലെനിന്‍ ചിന്തിച്ചിരുന്നത് എന്തായിരുന്നു?

മരണത്തിന് ശേഷം വിപ്ലവകാരികള്‍ നിരുപദ്രവകാരികളായ വിഗ്രഹങ്ങളായോ വിശുദ്ധന്മാരായോ മാറാമെന്ന് ലെനിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

താരിഖ് അലി

പ്രവാസജീവിതം നയിച്ചിരുന്ന സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ചില്‍ നിന്ന് വിപ്ലവ പൂര്‍ത്തീകരണത്തിന്റെ ഭാഗമാകാന്‍ വേണ്ടി ട്രെയ്‌നില്‍
റഷ്യയിലേയ്ക്ക് തിരിക്കുമ്പോള്‍ എന്തൊക്കെയായിരിക്കും ലെനിന്‍ ചിന്തിച്ചിട്ടുണ്ടാവുക?. മറ്റ് പലരേയും പോലെ ഇത്ര വേഗത്തില്‍ സാര്‍ ഭരണകൂടത്തെ അട്ടിമറിച്ച് ജനാധിപത്യ വിപ്ലവം (ഫെബ്രുവരി വിപ്ലവം) വിജയിക്കുമെന്ന് ഒരു പക്ഷെ ലെനിനും കരുതിയിട്ടുണ്ടാവില്ല. അതിന് തൊഴിലാളി വര്‍ഗ വിപ്ലവത്തിലൂടെ (ഒക്ടോബര്‍ വിപ്ലവം) പൂര്‍ത്തീകരണം വേണമായിരുന്നു. മനുഷ്യചരിത്രത്തെ രണ്ടായി പിരിച്ച ചരിത്രം കുറിക്കാനാണ് ലെനിന്‍ ജന്മനാട്ടിലേയ്ക്ക് മടങ്ങിയത്.

ജര്‍മ്മന്‍ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ട്രെയിന്‍ യാത്ര യാഥാര്‍ത്ഥ്യമായത്. റഷ്യയില്‍ വിപ്ലവം നടക്കുക എന്നതായിരുന്നില്ല, പകരം ഒന്നാംലോക മഹായുദ്ധത്തില്‍ നിന്ന് റഷ്യയുടെ പിന്മാറ്റമായിരുന്നു അവരുടെ ലക്ഷ്യം. പക്ഷെ ലെനിന്‍ ഇത് പറ്റിയ അവസരമാണെന്ന് തിരിച്ചറിയുകയും സമര്‍ത്ഥമായി ഇത് ഉപയോഗപ്പെടുത്തുകയും ചെയ്തു. കെറന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗവണ്‍മെന്റ് ദുര്‍ബലമായ ലിബറല്‍ കക്ഷികളുടേതാണെന്നും അത് എളുപ്പത്തില്‍ തകരുമെന്നും ലെനിന് ബോദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ ബോള്‍ഷെവിക്കുകള്‍ക്കിടയില്‍ തന്നെയുണ്ടായിരുന്ന സ്ഥിരതയില്ലായ്മയും ചാഞ്ചാട്ടങ്ങളും ലെനിനെ അസ്വസ്ഥനാക്കുകയും ചെയ്തു. പ്രത്യയശാസ്ത്രത്തിന്റെ ബന്ധനം പ്രായോഗികമായ വിലയിരുത്തലുകളെ ബാധിച്ചിരുന്നു. മാര്‍ക്‌സിസ്റ്റ് ചിന്താപദ്ധതിയുടെ ഭാഗമായവര്‍ അതുവരെ കരുതിപ്പോന്നിരുന്നത് ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവം വിജയിച്ച വികസിത സമൂഹങ്ങളില്‍ മാത്രമേ തൊഴിലാളിവര്‍ഗ വിപ്ലവം സാദ്ധ്യമാകൂ എന്നായിരുന്നു. ജര്‍മ്മനിയേയും ഫ്രാന്‍സിനേയും ഒക്കെയാണ് വിപ്ലവത്തിന് പാകമായ രാജ്യങ്ങളായി അവര്‍ കരുതിയത്. കാര്‍ഷിക സമൂഹമായ റഷ്യയില്‍ അത് വിദൂര സാദ്ധ്യത മാത്രമാണെന്നും അവര്‍ കരുതി.

വികസിത സമൂഹം യാഥാര്‍ത്ഥ്യമാകും വരെ കാത്തിരിക്കണമെന്നും അതുവരെ ബൂര്‍ഷ്വാ സര്‍ക്കാരിനെ പിന്തുണക്കണമെന്നും വാദിച്ചവരുണ്ട്. എന്നാല്‍ ഇത്തരം സൈദ്ധാന്തിക കടുംപിടിത്തങ്ങള്‍ ലെനിനെ അസ്വസ്ഥനാക്കി. ഒരു പരിധി വരെ ലെനിന്റെ തന്നെ ചില മുന്‍ ധാരണകള്‍ തിരുത്തുന്നതിനും ഫെബ്രുവരി വിപ്ലവം കാരണമായിട്ടുണ്ട്്. സമാധാനം, ഭൂമി, ഭക്ഷണം ബോള്‍ഷെവിക്കുകള്‍ ആദ്യം മുന്നോട്ട് വച്ചത് ഇതാണ്. റഷ്യന്‍ വിപ്ലവം മറ്റ് രാജ്യങ്ങളിലും സായുധ സോഷ്യലിസ്റ്റ് വിപ്ലവത്തിന് വഴി പാകുമെന്ന് ലെനിന്‍ കരുതി. ഏപ്രില്‍ തീസിസ് എന്നറിയപ്പെടുന്ന രേഖയില്‍ ലെനിന്‍ ഇക്കാര്യം എഴുതിയെങ്കിലും ബോള്‍ഷെവിക് പാര്‍ട്ടിയില്‍ ഇതിന് കാര്യമായ പിന്തുണ ലഭിച്ചില്ല. പ്രത്യയശാസ്ത്ര കടുംപിടിത്തങ്ങള്‍ മുന്നോട്ട് വച്ചവരോട് ലെനിന്‍ ഉദ്ധരിച്ചത് ഗെയ്‌ഥെയുടെ ഫോസ്റ്റ് ആണ്. തത്വത്തിന് ചാരനിറമാണ്. ജീവിതത്തിന്റെ നിറം പച്ചയും. അലെക്‌സാണ്‍ഡ്ര കെലന്‍തായെ പോലുള്ള ചുരുക്കം നേതാക്കളാണ് ശക്തമായ വിയോജിപ്പുകളോടെ തന്നെ ലെനിനെ ആ സമയത്ത് പിന്തുണച്ചത്.

എന്നാല്‍ ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിനിടയില്‍ പാര്‍ട്ടിയില്‍ ലെനിന്റെ നിലപാടുകള്‍ക്ക് പിന്തുണ ലഭിച്ചു. ട്രോത്സ്‌കി അടക്കമുള്ളവരുമായി ശക്തമായ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കെ തന്നെ കൈ കോര്‍ത്തു. തൊഴിലാളികള്‍, സൈനികര്‍, സോവിയറ്റുകള്‍ എല്ലായിടത്തും ലെനിന്റെ സ്വാധീനം പ്രകടമായിരുന്നു. പെട്രോഗ്രാഡ്, മോസ്‌കോ എന്നിവിടങ്ങളിലെല്ലാം ബോള്‍ഷെവിക്കുകള്‍ പിടിമുറുക്കി. രാജ്യത്താകെ പാര്‍ട്ടി പിടിമുറുക്കി. ലെനിന്റെ രാഷ്ട്രീയ ആശയങ്ങളും തൊഴിലാളി വര്‍ഗത്തിനിടയില്‍ ശക്തിപ്പെട്ട വര്‍ഗബോധവും സംയോജിച്ചത് ഒക്ടോബര്‍ വിപ്ലവത്തിന് വഴി തുറന്നു. ലോകചരിത്രത്തില്‍ ഏറ്റവും വലിയ തോതില്‍ ആസൂത്രണം ചെയ്യപ്പെട്ട മുന്നേറ്റമായിരുന്നു ഒക്ടോബര്‍ വിപ്ലവം.

ഒക്ടോബര്‍ വിപ്ലവം വിജയിച്ചതിന് ശേഷമുള്ള ആഭ്യന്തര യുദ്ധത്തിലാണ് റഷ്യയില്‍ കാര്യമായി ചോരപ്പുഴയൊഴുകിയത്. ലെനിനും ലിബറല്‍ ജനാധിപത്യവും എന്ന തിരഞ്ഞെടുപ്പുകളല്ല റഷ്യയിലുണ്ടായിരുന്നത്. അത് മെന്‍ഷെവിക്കുകളുടെ വൈറ്റ് ആര്‍മിയ്ക്കും ബോള്‍ഷെവിക്കുകളുടെ റെഡ് ആര്‍മിയ്ക്കും ഇടയിലായിരുന്നു. സാര്‍ ചക്രവര്‍ത്തിയോട് അനുഭാവമുള്ളവരും പാശ്ചാത്യ ശക്തികളുടെ പിന്തുണയുള്ളവരുമായ സായുധ ഗ്രൂപ്പുകളാണ് ബോള്‍ഷെവിക്കുകളുമായി ഏറ്റുമുട്ടിയത്. തൊഴിലാളി വര്‍ഗത്തിന്റെ നിശ്ചയദാര്‍ഢ്യവും ധീരതയും ത്യാഗവും തന്നെ അവസാനം വിജയിച്ചു. മെന്‍ഷെവിക്കുകളുടെ വെള്ളപ്പട (വൈറ്റ് ആര്‍മി) ബോള്‍ഷെവിക്കുകളെ മാത്രമല്ല, ജൂതന്മാരെയും കൂട്ടക്കൊല ചെയ്തു. ഈ അക്രമങ്ങള്‍ മൂലം ജൂതര്‍ വലിയ തോതില്‍ ബോള്‍ഷെവിക്കുകളുടെ ചെമ്പടയുടെ (റെഡ് ആര്‍മി) ഭാഗമായി.

1922ല്‍ പക്ഷാഘാതം ബാധിച്ച് വിശ്രമത്തിന് നിര്‍ബന്ധിതനായ ലെനിന്‍ 1924 ജനുവരിയില്‍ അന്തരിച്ചു. അദ്ദേഹം ഒട്ടും തൃപ്തനായിരുന്നില്ല. സാറിസ്റ്റ് ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ സ്വഭാവം ബോള്‍ഷെവിക്കുകളേയും ബാധിച്ചതായി അദ്ദേഹം മനസിലാക്കി. ആഭ്യന്തരയുദ്ധത്തിന് ശേഷം പാര്‍ട്ടി സംസ്‌കാരം എന്ന് പറയുന്നത് ശോചനീയമായ അവസ്ഥയിലായിരുന്നു. റഷ്യന്‍ ആധിപത്യ മനോഭാവം ശക്തമായി തുടര്‍ന്നു. നമ്മുടെ ഉപകരണങ്ങള്‍ പരിതാപകരമായ അവസ്ഥയിലാണുള്ളത്. നമുക്ക് എന്തെങ്കിലുമൊക്കെ അറിയാം എന്ന് ധരിച്ചുവച്ചാല്‍ അതായിരിക്കും ഏറ്റവും ദോഷ്ം ചെയ്യുക – ലെനിന്‍ പ്രവ്ദയില്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു. വിപ്ലവം അതിന്റെ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകണമായിരുന്നു എന്ന് ലെനിന്‍ കരുതി. നവീകരണവും തെറ്റ് തിരുത്തലുകളും ഉണ്ടായില്ലെങ്കില്‍ വിപ്ലവം പരാജയപ്പെടുമെന്ന ബോദ്ധ്യം ലെനിനുണ്ടായിരുന്നു. എന്നാല്‍ ലെനിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ എഴുത്തുകള്‍ അവഗണിക്കപ്പെടുകയോ വളച്ചൊടിക്കലുകള്‍ക്ക് വിധേയമാവുകയോ ചെയ്തു.

ലെനിനെ പോലെ ദിശാബോധവും സുചിന്തിതമായ വീക്ഷണവുമുള്ള ഒരു നേതാവ് പിന്നീട് സോവിയറ്റ് യൂണിയനുണ്ടായില്ല. ലെനിന്റെ മനസ് തന്നെ ഒരു മികച്ച ഉപകരണമാണെന്ന് തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധനായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. പരിഷ്‌കരണവാദികളായ നികിത ക്രൂഷേവിനെയോ മിഖായേല്‍ ഗോര്‍ബച്ചേവിനേയോ പോലെയുള്ള നേതാക്കള്‍ക്കും സോവയറ്റ് യൂണിയനെ സമൂലമായ മാറ്റങ്ങളിലേയ്ക്ക നയിക്കാനും അതിന് ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞില്ല. ജനകീയ ജനാധപത്യത്തിന് പകരം പാര്‍ട്ടി സ്വേച്ഛാധിപത്യവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവുമാണ് പിന്നീട് സോവിയറ്റ് യൂണിയനില്‍ വികസിച്ചത്. 1970കളില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കും പരാശ്രയത്വത്തിലേയ്ക്കും സോവിയറ്റ് യൂണിയന്‍ കൂപ്പുകുത്തി. നേതാക്കള്‍ക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. സോവിയറ്റ് യൂണിയന്റെ അവസാനകാലത്ത് ഉദ്യോഗസ്ഥരില്‍ പലരും പുതിയ കോടിശ്വരന്മാരായി പുനരവതാരം ചെയ്തു. 1936ല്‍ സ്റ്റാലിന്‍ ഭരണകൂടത്തിന്റെ വേട്ടയാടലില്‍ നിന്ന് രക്ഷപ്പെട്ട് പ്രവാസ ജീവിതം നയിക്കുന്ന കാലത്ത് തന്നെ ട്രോത്സ്‌കി ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാഷ്ട്രീയം സാമ്പത്തികശാസ്ത്രത്തിന്റെ ശ്രദ്ധയോടെയുള്ള ആവിഷ്‌കാരമാണെന്ന് ലെനിന്‍ അഭിപ്രായപ്പെട്ടിരുന്നു.

സോഷ്യലിസത്തെ ഇനി രാഷ്ട്രീയക്കാര്‍ക്ക് കുറ്റം പറയാനാവില്ല. കാരണം അത് നിലവിലില്ല. വഌദിമിര്‍ പുടിന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക വലതുപക്ഷ ദേശീയ കക്ഷി ഭരിക്കുന്ന റഷ്യയില്‍ മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്റേയോ ഫെബ്രുവരി വിപ്ലവത്തിന്റേയോ 100ാം വാര്‍ഷികം ആഘോഷിക്കുന്നേയില്ല. മരണത്തിന് ശേഷം വിപ്ലവകാരികള്‍ നിരുപദ്രവകാരികളായ വിഗ്രഹങ്ങളായോ വിശുദ്ധന്മാരായോ മാറാമെന്ന്് ലെനിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് തന്നെ സംഭവിച്ചു. ഭാര്യ നാദിയയുടേയും സഹോദരിമാരുടേയും വിയോജിപ്പ് അവഗണിച്ച് ലെനിന്റെ ശരീരം പ്രദര്‍ശനവസ്തുവാക്കി. ലെനിന്‍ വിശുദ്ധനായി.

വായിച്ചോ: https://goo.gl/Qv4MZ2
(ന്യൂയോര്‍ക്ക് ടൈംസ്‌ ലേഖനം)

This post was last modified on April 5, 2017 9:19 am