X

കാഴ്ചക്ക് പൂവ് പോലെ കാര്യത്തിന് പൂവിനടിയിലെ പാമ്പുപോലെ; വീരത്തിന്റെ ട്രെയിലറെത്തി

അഴിമുഖം പ്രതിനിധി

മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബ്ജറ്റ് ചിത്രം വീരത്തിന്റെ ട്രെയിലറെത്തി. ജയരാജ് സംവിധാനം ചെയ്യുന്ന വീരം 35 കോടി ബജറ്റിലാണ് ഒരുക്കുന്നത്. വടക്കന്‍ മലബാറിലെ മിത്തായ ചതിയന്‍ ചന്തുവിനെ ഷേക്സ്പിയറിന്റെ മാക്ബത്തുമായി കൂട്ടിയിണക്കിയാണ് ജയരാജ് വീരം അണിയിച്ചൊരുക്കിയിരിക്കുന്നത്. ബോളിവുഡ് നടന്‍ കുനാല്‍ കപൂറാണ് ചന്തുവായി വേഷമിടുന്നത്.

കേരളത്തിന്റെ തനതു ആയോധനകലയായ കളരിപ്പയറ്റ് ഉപയോഗിച്ചുള്ള ഗംഭീര സംഘട്ടന രംഗങ്ങളും കുറിക്ക് കൊള്ളുന്ന വാക്കുകളും ഗ്രാഫിക്‌സ് വര്‍ക്കുകള്‍ കൊണ്ടും വീരത്തിന്റെ ട്രെയിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞാടുകയാണ്.

‘ഒന്നും ചിന്തിക്കാനില്ല പൂശാശി പറഞ്ഞത് നടക്കണം. പടക്കുറുപ്പ് അല്ല.. പതിനെട്ടര കളരിക്കും ചേകോന്‍… അതാവേണ്ടേ? ഇങ്ങളുടെ ഈ മുഖം ആളോള് സംശയിക്കും, ഓറെ പറ്റിക്കുന്ന മുഖമാണ് വേണ്ടത്. കാഴ്ചക്ക് പൂവ് പോലെ കാര്യത്തിന് പൂവിന്റെ അടിയിലെ പാമ്പുപോലെ.’

വീരത്തിലെ ട്രെയിലറില്‍ വന്ന വടക്കന്‍ മലബാറന്‍ ശൈലിയിലെ സംഭാഷണങ്ങള്‍ ഇതിനൊടകം തന്നെ ഹിറ്റായി കഴിഞ്ഞു. സ്‌ക്രീന്‍പ്ലേ ജയരാജ് തന്നെ നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മലയാളം സംഭാഷണം ഒരുക്കിയിരിക്കുന്നത്, ഡോ. ഗോകുലാനാഥ് അമ്മനത്തിലാണ്.

ഹോളിവുഡിലെ അലന്‍ പോപ്പിള്‍ട്ടണാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എസ് കുമാര്‍ ഛായാഗ്രാഹണം നിര്‍വഹിയ്ക്കുന്നു വീരം മലയാളത്തിന് പുറമെ ഹിന്ദിയിലും ഇഗ്ലീഷിലും റിലീസ് ചെയ്യും. ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

This post was last modified on December 12, 2016 5:38 pm