X

സിയോളിൽ മോദിക്കും ഇന്ത്യയ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ച് പാകിസ്ഥാൻകാര്‍; തടഞ്ഞ് ബിജെപി നേതാവ് ഷാസിയ ഇൽമി (വീഡിയോ)

അവിടെയുണ്ടായിരുന്ന ഇന്ത്യക്കാർ ഷാസിയയുടെ നേതൃത്വത്തിൽ ഇന്ത്യൻ അനുകൂലമുദ്രാവാക്യങ്ങൾ മുഴക്കി

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ച പാകിസ്ഥാൻ അനുകൂലികളെ നേരിട്ട് ബിജെപി നേതാവ് ഷാസിയ ഇൽമി. ഒരു ഇന്ത്യക്കാരിയെന്ന നിലയിൽ അപമാനിക്കപ്പെട്ടാൽ അതില്‍ സമാധാനപരമായി പ്രതിഷേധിക്കേണ്ടത് പ്രധാനമാണെന്ന് അവർ പറഞ്ഞു.

‘ഗ്ലോബൽ സിറ്റിസൺ ഫോറം പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഞാനും മറ്റ് രണ്ട് നേതാക്കളും യുണൈറ്റഡ് പീസ് ഫെഡറേഷൻ സമ്മേളനത്തിനായി സിയോളില്‍ എത്തിയതായിരുന്നു. സമ്മേളനത്തിനുശേഷം ഞങ്ങൾ ഇന്ത്യൻ സ്ഥാനപതിയെ കാണാൻ ഇന്ത്യൻ എംബസിയിലേക്കു പോയി. തിരിച്ചു ഹോട്ടലിലേക്കുള്ള യാത്രാമധ്യേയാണ് പാക് പതാകകൾ വഹിച്ചുകൊണ്ടുള്ള ഒരു ജനക്കൂട്ടം ഇന്ത്യയ്‌ക്കും നമ്മുടെ പ്രധാനമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടത്’ എന്ന് ഷാസിയ പറയുന്നു.

‘ധാരാളം ആളുകൾ അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. നമ്മുടെ രാജ്യത്തെയോ പ്രധാനമന്ത്രിയെയോ അപമാനിക്കരുതെന്ന് അവരോട് പറയേണ്ടത് ഞങ്ങളുടെ കടമയാണെന്ന് തോന്നി. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാം. പക്ഷെ, അത് പൂര്‍ണ്ണമായും ഞങ്ങളുടെ ആഭ്യന്തര വിഷയമാണ്. അതിന് നിങ്ങളുമായി യാതൊരു ബന്ധവുമില്ല’, അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രധിശേധക്കാര്‍ പ്രകടനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്.

അവിടെയുണ്ടായിരുന്ന ഇന്ത്യക്കാർ ഷാസിയയുടെ നേതൃത്വത്തിൽ ഇന്ത്യൻ അനുകൂലമുദ്രാവാക്യങ്ങൾ മുഴക്കി. അതോടെ പൊലീസ് സ്ഥലത്തെത്തി ഷാസിയയേയും കൂട്ടാളികളെയും സംഭവ സ്ഥലത്ത് നിന്നും മാറ്റുകയായിരുന്നു.

This post was last modified on August 18, 2019 12:59 pm