X

ക ധ പ ഗു കു; മൂഴിക്കുളം ശാലയില്‍ പ്രതിരോധത്തിന്റെ നിലത്തെഴുത്ത്

രാകേഷ് നായര്‍

അക്ഷരങ്ങളുടെ പ്രതിരോധം എന്ന നിലയ്ക്ക് തിന്മയ്‌ക്കെതിരെ നന്മ വിജയം ആഘോഷിക്കുന്ന വിദ്യാരംഭ ദിവസം ഹരി ശ്രീ ഗണപതയെ നമഃ എന്നതിനു പകരം ക- കല്‍ബുര്‍ഗി, ധ-ധബോല്‍ക്കര്‍ പ – പന്‍സാര, ഗു-ഗുലാം അലി, കു-കുല്‍ക്കര്‍ണി എന്നെഴുതി ഫാസിസത്തിനെതിരെ പ്രതിഷേധിക്കുകയാണ് മൂഴിക്കുളം ശാല. നാളെ (വിദ്യാരംഭ ദിവസം) മൂഴിക്കുളം ജംഗ്ഷനില്‍ നടക്കുന്ന പൊതുചടങ്ങില്‍ കേരളീയം മാസികയുടെ എഡിറ്റര്‍ ശരത്തിന്റെയും ശബ്‌നയുടെയും മകള്‍ മൂന്നുവയസുകാരി യോഷിതയാണ് പ്രതിരോധത്തിന്റെ അക്ഷരങ്ങള്‍ ആദ്യാക്ഷരങ്ങളായി കുറിച്ചുകൊണ്ട് വിദ്യയുടെ ലോകത്തേക്ക് കടക്കുന്നത്. രാവിലെ പത്തുമണിക്കു നടക്കുന്ന ചടങ്ങില്‍ സാറ ജോസഫ് കുട്ടിയെ ആദ്യാക്ഷരങ്ങള്‍ എഴുതിപ്പിക്കും. കവികള്‍, പാട്ടുകാര്‍, ചിത്രകാരന്മാര്‍ ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി പേര്‍ ഈ ചടങ്ങില്‍ പങ്കെടുക്കും. തുണിയിലെഴുതിയും ചുവരിലെഴുതിയും മണലില്‍ എഴുതിയുമെല്ലാം ഓരോരുത്തര്‍ക്കും അവരവരുടെ രീതിയില്‍ വിദ്യാരംഭം കുറിക്കാവുന്നതാണ്. പൊതുസമൂഹത്തിന്റെ പങ്കാളിത്തവും ഇത്തരമൊരു ചടങ്ങളില്‍ ഉണ്ടാകുമെന്നാണ് സംഘാടകരുടെ വിശ്വാസം.

ഇന്ത്യ ഇങ്ങനെ അല്ലെന്നു പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും തെറ്റിയ കാലത്തിനെതിരെ ജാഗരൂകരായി അവരെ അണിനിരത്താനും വേണ്ടി ആരെങ്കിലുമൊക്കെ മുന്നോട്ടിറങ്ങിയേ മതിയാകൂ. ഇത്തരമൊരു അക്ഷരപ്രതിഷേധത്തിലൂടെ രാജ്യത്തെ ഫാസിസം ഇല്ലാതാകാന്‍ പോകുന്നില്ലെന്ന് അറിയാം. എന്നാല്‍ ഫാസിസം കടന്നുവരുന്നത് എങ്ങനെയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനും അതിനുതകുന്ന തരത്തിലുള്ള ഒരു ജൈവപ്രതിരോധം ആവിഷ്‌കരിക്കുക എന്നതും മാത്രമാണ് ഇത്തരമൊരു ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫാസിസ്റ്റുകള്‍ ഉപയോഗിക്കുന്ന ബിംബങ്ങളെ തന്നെ ഉപയോഗിച്ച് നമുക്ക് എങ്ങനെ അവരെ നേരിടാം എന്ന ആലോചനയാണ് ഈ അക്ഷരപ്രതിരോധം; മൂഴിക്കുളം ശാലയിലെ പ്രേം കുമാര്‍ പറയുന്നു.

ഇന്ത്യയില്‍, അല്ലെങ്കില്‍ കേരളത്തില്‍, അസഹിഷ്ണുതയ്‌ക്കെതിരെ പ്രതിഷേധിക്കുക വഴി ഫാസിസത്തിന്റെ ഇരകളായി മാറിയവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടന്നുവരുന്ന ആദ്യത്തെ കുട്ടിയായി യോഷിത അറിയപ്പെടും. വ്യവസ്ഥാപിതമായ ആചാരനുഷ്ഠാനങ്ങളോടു എതിര്‍പ്പു പുലര്‍ത്തിയിരുന്ന മാതാപിതാക്കളുടെ മകളായിട്ടും യോഷിത എന്തുകൊണ്ട് എഴുത്തിനിരുത്ത് പോലൊരു ചടങ്ങിന്റെ ഭാഗമാകുന്നു എന്ന ചോദ്യത്തിന് ശബ്‌ന നല്‍കുന്ന മറുപടി; ഇതൊരു പ്രതിഷേധരൂപമാണ്. അതുകൊണ്ടാണ് അതിന്റെ ഭാഗമാകുന്നത്. ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയത്തിന്റെ ഇരകളാണ് നാമെല്ലാവരുമെന്നുള്ള തോന്നലുണ്ട്. ആ രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കുക എന്നതാണ് തീരുമാനം. രണ്ടു വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ഞങ്ങള്‍ ഒരാചാരവും പിന്തുടരുന്നവരല്ല, സാമ്പ്രാദായികമായി കുട്ടികളെ എഴുത്തിനിരുത്തുന്നതിനോട് യോജിപ്പുമില്ലായിരുന്നു. പക്ഷെ അക്ഷരങ്ങള്‍ കൊണ്ടുള്ള പ്രതിഷേധത്തിനായി പങ്കെടുക്കണമെന്നു മൂഴിക്കുളം ശാലയിലെ പ്രേമേട്ടന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അതില്‍ പങ്കാളിയാവുകയാണ്. ഇവിടെ നടക്കുന്നത് വെറുമൊരു ആചാരമല്ല, അക്ഷരങ്ങള്‍ കൊണ്ടുള്ള പ്രതിഷേധമാണ്.

സമൂഹത്തില്‍ ഇന്ന് നടക്കുന്ന കാഴ്ച്ചകളൊന്നും തന്നെ കാണാതെ പോകുന്നവരെ പിടിച്ചു നിര്‍ത്തി എന്താണ് നിങ്ങളെ പിടികൂടാന്‍ പോകുന്നുവെന്നതിനെ കുറിച്ച് ചിന്തിപ്പിക്കുകയാണ് ഇത്തരം പ്രതിഷേധമാര്‍ഗങ്ങളിലൂടെ. ഇത് കാലത്തിന്റെ ആവശ്യമാണ്. എത്രയേറെ കാഴ്ച്ചകള്‍ ഇതിനോടകം നാം കണ്ടു കഴിഞ്ഞു. എന്നിട്ടും മിണ്ടാതെ നില്‍ക്കുകയാണ്. ഉത്തരേന്ത്യയില്‍ നടക്കുന്നതിനെക്കുറിച്ച് നാം എന്തിന് ആകുലപ്പെടണം എന്നാണ് ഭാവം. നമ്മുടെ വീട്ടുമുറ്റത്ത് നടക്കുന്നതേ നമ്മളെ ആശങ്കപ്പെടുത്താറുള്ളൂ. ഇപ്പോള്‍ ഉത്തരേന്ത്യയിലാണു നടക്കുന്നതെങ്കിലും അപകടകമായ ആ സാഹചര്യം വൈകാതെ തന്നെ നമ്മുടെ വീട്ടുമുറ്റത്തും എത്തിച്ചേരുമെന്നും പ്രേം കുമാര്‍ പറയുന്നു. നാട്ടിന്‍പുറത്തെ ഒരു പൊതുഇടത്താണ് അക്ഷരങ്ങളുടെ പ്രതിഷേധം എന്ന നിലയ്ക്ക് വിദ്യാരംഭ ചടങ്ങ് സംഘടിപ്പിക്കുന്നത്. അതിനാല്‍ തന്നെ വലിയൊരു വിഭാഗം സാധാരണക്കാര്‍ ഇതില്‍ പങ്കെടുക്കുമെന്നു കരുതാം. നമ്മളറിയാതെ നമ്മുടെ അടുക്കളയിലും ഊണുമുറിയിലും കടന്നെത്തുന്ന ഫാസിസത്തെ കുറിച്ച് അവരെ ബോധവാന്മാരാകാന്‍ നാളത്തെ വിദ്യാരംഭ ചടങ്ങ് കാരണമാകുമെന്നും വിശ്വസിക്കുന്നു.

അസഹിഷ്ണുതയെ അതേ മാര്‍ഗത്തിലൂടെ നേരിടുന്ന ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഇത്തരം പ്രതിരോധങ്ങള്‍ കൃത്യമായ ധ്രുവീകരണത്തിന് വഴിയൊരുക്കുകയാണ്. എങ്ങനെയാണ് ഫാസിസം എന്ന അപകടത്തെ നമുക്ക് നേരിടാന്‍ കഴിയുക? അവര്‍ ഉപയോഗിക്കുന്ന വഴിയില്‍ നിന്നുകൊണ്ട് തന്നെ അവര്‍ക്കെതിരെയുള്ള സത്യങ്ങള്‍ വിളിച്ചു പറയുക; അതാണ് നല്ല മാര്‍ഗം. എഴുത്തുകാര്‍ക്കെതിരെ, പുസ്തകങ്ങള്‍ക്കെതിരെ, പാട്ടുകാര്‍ക്കെതിരെ അവര്‍ കടന്നാക്രമണം നടത്തുമ്പോള്‍, അവരെ അക്ഷരങ്ങളുടെ വഴിയില്‍ നിന്നുകൊണ്ട് എതിര്‍ക്കുക. ഇന്ത്യയിലെ സാഹചര്യത്തില്‍ ഇത്തരമൊരു എതിര്‍ക്കലിന് പറ്റിയ സമയം വിദ്യാരംഭം തന്നെയാണ്. അക്ഷരങ്ങള്‍ക്കെതിരെ ആയുധമെടുക്കുന്നവരെ അക്ഷരങ്ങളെന്ന ആയുധം കൊണ്ടു തന്നെ എതിര്‍ക്കുക. അവരുടെ കൈയിലുള്ള ആയുധങ്ങളെക്കാള്‍ എന്തുകൊണ്ടും മൂര്‍ച്ച കൂടുതല്‍ അക്ഷരങ്ങള്‍ക്കു തന്നെയാണ്.

മൂഴിക്കുളം ശാല 
ഒരു പരിസ്ഥിതി സൗഹൃദ കൂട്ടായ്മയാണ് മൂഴിക്കുളം ശാല. മറ്റൊരു ലോകം, മറ്റൊരു ജീവിതം സാധ്യമാകും എന്നു വിശ്വസിക്കുന്നവരുടെ അധിവാസസ്ഥാനം. ആയിരത്തിയിരുന്നൂറു വര്‍ഷത്തെ ചരിത്രത്തിന്റെ പിന്‍ബലത്തില്‍ പരിസ്ഥിതിയോടും പൈതൃകത്തോടും ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മൂഴിക്കുളം ശാല മടുപ്പിക്കുന്ന സാമ്പ്രദായിക ചിട്ടവട്ടങ്ങളെ പൊളിക്കുന്ന ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. എറണാകുളം ജില്ലയില്‍ ആലുവ-മാള റൂട്ടിലാണ് മൂഴിക്കുളം ശാല സ്ഥിതി ചെയ്യുന്നത്.

 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് രാകേഷ്)

 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on October 23, 2015 9:26 pm