X

വീണ്ടും ഹീറോ; അര്‍ദ്ധരാത്രിയില്‍ വിജനമായ സ്ഥലത്ത് ഒറ്റയ്ക്കായ യുവതിക്ക് കാവലായി കെഎസ്ആര്‍ടിസി

അര്‍ദ്ധരാത്രി വിജനമായ ഇടത്ത് പെണ്‍കുട്ടിയെ ഒറ്റയ്ക്കിറക്കി വിടാന്‍ കണ്ടക്ടര്‍ പിബി ഷൈജുവും ഡ്രൈവര്‍ കെ ഗോപകുമാറും തയ്യാറായില്ല

വീണ്ടും ഹീറോയായി കെഎസ്ആർടിസി. ആതിര ജയന്‍ എന്ന യുവതി ഒരു രാത്രിയിൽ തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ അഭിനന്ദനങ്ങളുമായി ആളുകള്‍ കെഎസ്ആര്‍ടിസിയെ മൂടുകയാണ്. അങ്കമാലിയില്‍ നിന്നും കോയമ്പത്തൂരിൽനിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്റ്റില്‍ കയറിയ ആതിരയ്ക്ക് ഇറങ്ങേണ്ടത് ചവറ ശങ്കരമംഗലം സ്റ്റോപ്പില്‍. എന്നാല്‍ അര്‍ദ്ധരാത്രി വിജനമായ ഇടത്ത് പെണ്‍കുട്ടിയെ ഒറ്റയ്ക്കിറക്കി വിടാന്‍ കണ്ടക്ടര്‍ പിബി ഷൈജുവും ഡ്രൈവര്‍ കെ ഗോപകുമാറും തയ്യാറായില്ല. സഹോദരന്‍ എത്തുന്നതുവരെ കാത്തിരുന്നിട്ട് മാത്രമാണ് ബസ് വിട്ടത്.

ആതിര ജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഞാന്‍ കെഎസ്ആര്‍ടിസിയില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരാളാണ്.. പക്ഷെ ഇങ്ങനെയൊരു അനുഭവം ആദ്യമായാണ് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും ഉണ്ടായത്.. കഴിഞ്ഞ ശനിയാഴ്ച (02/06/2018) രാത്രി എന്റെ ജോലി സ്ഥലമായ എറണാകുളത്തു നിന്നും കൊല്ലത്തേക്ക് വരികയുണ്ടായി.. കൊല്ലത്തു എത്തിയപ്പോള്‍ ഏകദേശം രാത്രി 1.30 ആയിരുന്നു.. മഴ ഉണ്ടായിരുന്നത് കാരണം എന്റെ സഹോദരന്‍ വിളിക്കാന്‍ വരാന്‍ കുറച്ചു വൈകിപോയി.. എന്നാല്‍ അന്നത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ എന്നെ അവിടെ ഒറ്റക്ക് വിട്ടു പോകാന്‍ കൂട്ടാക്കിയില്ല.. എന്റെ സഹോദരന്‍ എത്തുന്ന ഒരു 5-7 മിനിറ്റ് വരെ അവര്‍ ബസ് നിര്‍ത്തിയിട്ടു.. ഞാന്‍ അവരോടു പൊയ്ക്കോളാന്‍ പറഞ്ഞെങ്കിലും എന്റെ സഹോദരന്‍ എത്തിയ ശേഷം എന്നെ അവനോടൊപ്പം സുരക്ഷിതമായി യാത്രയച്ചതിനു ശേഷമാണ് അവര്‍ ട്രിപ്പ് തുടര്‍ന്നത്.. ആ ഒരു സാഹചര്യത്തില്‍ എനിക്കവരോട് ഒരു നന്ദിവാക്കു പോലും പറയാന്‍ കഴിഞ്ഞില്ല.. അന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കും അതില്‍ യാത്ര ചെയ്തിരുന്ന മറ്റുള്ള യാത്രക്കാരോടും എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു..

എന്ന് ആതിര ജയന്‍ ..

സെൻട്രൽ ഡിപ്പോയിലെ ജീവനക്കാരായ ഷൈജു കായംകുളം ഗോവിന്ദമുട്ടം സ്വദേശിയും ഗോപകുമാര്‍ കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയുമാണ്. ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഇരുവര്‍ക്കും അഭിനന്ദനക്കുറിപ്പു നല്‍കി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
.

This post was last modified on June 13, 2018 11:48 am