X

‘മോദിജി’യും ‘മോഹന്‍ലാല്‍ ഗാന്ധിജി’യും തമ്മിലുള്ള ഒരു സംഭാഷണം

മോദിയും മോഹന്‍ലാലും തമ്മിലുള്ള സാങ്കല്‍പ്പിക സംഭാഷണമാണ് സഞ്ജീവ് ഭട്ടിന്റെ ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നടന്‍ മോഹന്‍ലാല്‍ നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമായിരിക്കുകയാണ്. തന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ട്രസ്റ്റ് വയനാട്ടില്‍ തുടങ്ങാനിരിക്കുന്ന കാന്‍സര്‍ ചികിത്സ കേന്ദ്രം ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് താന്‍ അദ്ദേഹത്തെ കണ്ടത് എന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. അതേസമയം വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ ശശി തരൂരിനെതിരായി തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും താല്‍പര്യപ്പെടുന്നതായും മോദിയുമായുള്ള മോഹന്‍ലാലിന്റെ കൂടിക്കാഴ്ചയ്ക്ക് ഇങ്ങനെയൊരു മാനം കൂടിയുണ്ടെന്നും ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതായാലും ഈ കൂടിക്കാഴ്ചയെ രസകരമായ ഒരു ട്രോള്‍ ആയി ട്വീറ്റ് ചെയ്തിരിക്കുകയാണ് ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും മോദിയുടേയും ബിജെപിയുടേയും നിശിത വിമര്‍ശകനുമായ സഞ്ജീവ് ഭട്ട്. മോദിയും മോഹന്‍ലാലും തമ്മിലുള്ള സാങ്കല്‍പ്പിക സംഭാഷണമാണ് സഞ്ജീവ് ഭട്ടിന്റെ ട്വീറ്റ്.

മോദി: താങ്കളെ കാണാന്‍ കഴിഞ്ഞത് ഒരു അംഗീകാരമായി കരുതുന്നു.

മോഹന്‍ലാല്‍: സന്തോഷം മോദിജി

മോദി: താങ്കളുടെ ഈ വിനയം കാണുമ്പോള്‍ കൂടുതല്‍ സന്തോഷം തോന്നുന്നു

മോഹന്‍ലാല്‍: താങ്കള്‍ വളരെ ദയാലുവാണ്

മോദി: അല്ല, ഞാന്‍ കാര്യമായി പറഞ്ഞതാണ്. താങ്കള്‍ രാഷ്ട്രപിതാവാണ്. എന്നിട്ടും എന്നെ കാണാന്‍ താങ്കള്‍ സമയം കണ്ടെത്തിയിരിക്കുന്നു.

മോഹന്‍ലാല്‍: അല്ല മോദിജി, അത് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ്‌.

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി എന്നതിന് പകരം മോഹന്‍ലാല്‍ കരംചന്ദ്‌ ഗാന്ധി എന്നാണ് മോദി ഒരിക്കല്‍ പറഞ്ഞത്.

This post was last modified on September 4, 2018 8:00 pm