X

താങ്കള്‍ക്ക് കഞ്ഞി വിളമ്പിത്തന്ന ‘ഹിന്ദു സഹോദരന്‍’ ഞാനാണ്; വി എച്ച് പി നേതാവിന് ജയന്‍ തോമസിന്റെ കലക്കന്‍ മറുപടി

സിപിഎമ്മിന്റെ ജനകിയ ഭക്ഷണശാലയില്‍ കയറി കഞ്ഞികുടിച്ചു ഹിന്ദു സഹോദരന്‍മാര്‍ക്ക് നന്ദിപറഞ്ഞു വര്‍ഗീയത വിളമ്പി വി എച്ച് പി നേതാവ്

സിപിഎമ്മിന്റെ ജനകിയ ഭക്ഷണശാലയില്‍ കയറി കഞ്ഞികുടിച്ചു ഹിന്ദു സഹോദരന്‍മാര്‍ക്ക് നന്ദിപറഞ്ഞ വി എച്ച് പി നേതാവിന് ഉഗ്രന്‍ മറുപടി. ‘പ്രിയ ചങ്ങാതി, ജനകീയ ഭക്ഷണശാലയിൽ അങ്ങു വന്നപ്പോൾ അങ്ങയ്ക്ക് കഞ്ഞി വിളമ്പി തന്നത് ഞാനാണ്’ എന്നു പറഞ്ഞുകൊണ്ടു സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ജീവതാളം പാലിയേറ്റീവ് കെയറിന് കീഴിലുള്ള സ്‌നേഹജാലകം യൂണിറ്റിന്റെ പ്രവര്‍ത്തകനായ ജയന്‍ തോമസാണ് പോസ്റ്റിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയ ചങ്ങാതി,
ജനകീയ ഭക്ഷണശാലയിൽ അങ്ങു വന്നപ്പോൾ അങ്ങയ്ക്ക് കഞ്ഞി വിളമ്പി തന്നത് ഞാനാണ് ഞാൻ ഏതായാലും നിങ്ങൾ പറയുന്ന ഹിന്ദുവല്ല… നിറഞ്ഞ സഹിഷ്ണുതയോടെ ആര്യ സംസ്കൃതിയെയടക്കം ഇവിടേയ്ക്ക് കടന്നു വന്ന
എല്ലാ ബഹുസ്വരതകളെയും സംഗീതമായി ആസ്വദിക്കുന്ന ആ പ്രക്തന നന്മയുടെ വിളിപ്പേരായാണെങ്കിൽ അങ്ങനെ വിളിക്കപ്പെടുന്നതിലും വിരോധമില്ല…

ഭക്ഷണം കഴിക്കാനെത്തിയപ്പോൾ അങ്ങയുടെ ജാതിയേതാണെന്ന് ഞങ്ങൾ ആരാഞ്ഞതുമില്ല. വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും ഇത്തരം ഇടുങ്ങിയ അതിർവരമ്പുകൾ നാം തകർക്കണ്ടേ ചങ്ങാതി..

ഏതായാലും ഈ ജനകീയ ഭക്ഷണശാലയിൽ വന്നതിനും FB യിൽ കുറിച്ചതിനും നന്ദി. ഹിന്ദു രക്തം വീഴാത്ത കാലത്തിനായല്ല ഒരു മനുഷ്യരുടെയും രക്തം വീഴാത്ത കാലത്തിനെ കാംക്ഷിക്കുന്ന
ഒരു സ്നേഹജാലകം പ്രവർത്തകൻ.

കഴിഞ്ഞ ദിവസം പാതിരപ്പള്ളിയിലാണ് ജനകീയ ഭക്ഷണശാലയില്‍ എത്തി ഭക്ഷണം കഴിച്ചതിന് ശേഷം വിശ്വ ഹിന്ദു പരിഷദ് നേതാവ് പ്രതീഷ് വിശ്വനാഥന്‍ ഇട്ട പോസ്റ്റ് ഫേസ്ബുക്കില്‍ ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.

“സി പി എം ന്റെ ജനകീയ ഭക്ഷണശാലയിൽ കയറി കഞ്ഞി കുടിച്ചു .. നെറ്റിയിൽ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേക ഇരിപ്പിടം ഒരുക്കി തന്നു .. മറ്റു ഹിന്ദു സഖാക്കളെയും പരിചയപെട്ടു ..അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും പാതയിൽ നിന്നും മാറ്റം അനിവാര്യമാണ് .. രാഷ്ട്രീയത്തിന്റെ പേരിൽ ഒരു ഹിന്ദുവിന്റെയും രക്തം വീഴാത്ത കാലം ഉണ്ടാകട്ടെ …ഭക്ഷണം നൽകിയ ഹിന്ദു സഖാക്കൾക്ക് നന്മ വരട്ടെ …” എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

പണമില്ലാത്തതുകൊണ്ട് ഇനിയാരും പട്ടിണി കിടക്കേണ്ട; സിപിഎമ്മിന്റെ ജനകീയ ഭക്ഷണശാലയിലേക്ക് സ്വാഗതം