X

ഇനിയുള്ള യുദ്ധം ഫേസ്ബുക്ക് ലൈക്കിന് വേണ്ടിയുള്ളതാണ്

സാജു കൊമ്പന്‍

പൂരങ്ങളുടെ പൂരപ്പറമ്പായ ഫേസ്ബുക്കിലെ പുതിയ പൂരം തൃത്താല എം എല്‍ എ വി ടി ബലറാമും ബി ജെ പിയുടെ യുവനേതാവ് കെ സുരേന്ദ്രനും തമ്മിലാണ്. വാക്കുകള്‍കൊണ്ട് ഉശിരന്‍ പോരാട്ടം. ഇരു പക്ഷത്തും എതിര്‍ത്തും അനുകൂലിച്ചും പടയാളികള്‍ അണിനിരന്നു കഴിഞ്ഞു. ഈ യുദ്ധത്തില്‍ പ്രത്യേകിച്ച് നിയമങ്ങളൊന്നുമില്ല. ആര്‍ക്കും എന്തും പറയാം. ഇരട്ടപ്പേര് വിളിക്കാം. അശ്ലീലം പറയാം.. കഠിനമായ പരിഹാസ വാക്കുകള്‍ ഉപയോഗിക്കാം. യാതൊരു ജനാധിപത്യ മര്യാദയോ അപര ബഹുമാനമോ വേണ്ടതില്ല. ആരാധകര്‍ക്ക് രസിക്കണം. ലൈക്കും കമന്റും ഷെയറും പെരുമഴ പോലെ പെയ്തിറങ്ങണം. വിജയിയെ ഒടുവില്‍ സുക്കര്‍ബര്‍ഗ് തീരുമാനിക്കും. 

ഇത് കേരളത്തിലെ ന്യൂ ജനറേഷന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പുതിയ ട്രെന്‍ഡാണ്. ചാനല്‍ സ്റ്റുഡിയോകളില്‍ നിന്നും ഫേസ്ബുക്ക് വാളുകളിലേക്ക് നീളുന്ന ഒന്ന്‍. ചാനല്‍ ചര്‍ച്ചകളില്‍ തുമ്പും വലുമില്ലാത്ത തെളിവുകള്‍ നിരത്തുന്നതും മാനനഷ്ടക്കേസ് കൊടുക്കാന്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം വെല്ലുവിളിക്കുന്നതും പിന്നെ താന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും എന്ന വീരവാദം മുഴക്കുകയുമാണ് പുതിയ രാഷ്ട്രീയ പ്രവര്‍ത്തന രീതി. അതിന് ഭൂതമോ ഭാവിയോ ഇല്ല. വര്‍ത്തമാനം മാത്രം. ഉന്നയിക്കുന്ന ആരോപണങ്ങള്‍ എന്തെങ്കിലും തെളിയിക്കാനുള്ള ബാധ്യത ആരോപണ കര്‍ത്താക്കള്‍ക്കില്ല. കേള്‍വിക്കാരായ പ്രേക്ഷകര്‍ പോലും അതൊന്നും ഓര്‍മ്മിച്ചു വെക്കാറില്ല. ഇരുകൂട്ടരും പുതിയ കഥകള്‍ തേടി പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കും. 

പുതുതലമുറക്കാരെ (വോട്ടര്‍മാരെ) സ്വാധീനിക്കാനുള്ള എളുപ്പ വഴിയാണ് സോഷ്യല്‍ മീഡിയ എന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ധരിച്ചു വശായിട്ടുണ്ട്. അതില്‍ ശരിയില്ലാതില്ല. മൊബൈലും മറ്റ് ഇലക്ട്രോണിക് ഗാഡ്ജെറ്റുകളും ഇത്രയേറെ ആഴ്ന്നിറങ്ങിയിട്ടുള്ള വിദ്യാസമ്പന്നരുടെ സമൂഹത്തില്‍ സോഷ്യല്‍ മീഡിയ അഭിപ്രായ രൂപീകരണത്തില്‍ സ്വാധീനിക്കുക തന്നെ ചെയ്യും. പക്ഷേ അത് വാചക പാചകം മാത്രം ആയാലോ? അപ്പോഴത് സൂപ്പര്‍ താരങ്ങളുടെ ഫാന്‍ പേജുകള്‍ പോലെയാവും. ലൈക്കുകള്‍ക്ക് വേണ്ടിയുള്ള പോരാട്ടവും തെറിവിളിയും കരിവാരി തേക്കലും വ്യക്തി ഹത്യയുമൊക്കെ ആയി മാറും. 

ബലറാം-സുരേന്ദ്രന്‍ എഫ് ബി യുദ്ധവും നമ്മുടെ യുവ രാഷ്ട്രീയ നേതാക്കള്‍ ആരാധകരുടെ ഹുറെ വിളിയില്‍ അഭിരമിക്കുന്ന ആള്‍ക്കൂട്ട രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കള്‍ മാത്രമാണ് എന്ന്‍ തെളിയിച്ചിരിക്കുന്നു.  ജനങ്ങളുടെ ദൈനം ദിന പ്രശങ്ങളില്‍ ഇടപെടുകയും വെയിലും മഴയും കൊള്ളുകയും ഉടുമുണ്ടില്‍ ചളി പുരളുകയും ചെയ്യുന്ന രാഷ്ട്രീയം പല യുവ നേതാക്കള്‍ക്കും അന്യമാണ്. അവരില്‍ നിന്നും കുറച്ചൊക്കെ വ്യത്യസ്തമായി പ്രശ്നങ്ങളില്‍ ഇടപെടുകയും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും തന്റെ അഭിപ്രായം (പാര്‍ട്ടിയില്‍ നിന്ന് വിഭിന്നമാണെങ്കില്‍ പോലും) ഉറക്കെ പറയുകയും ചെയ്യുന്ന നേതാവെന്ന നിലയില്‍ വി ടി ബലറാം കക്ഷി ഭേദമന്യേ പൊതുസമ്മതി നേടിയെടുത്തിട്ടുണ്ട്. ബി ജെ പി യുടെ നടപ്പ് വര്‍ഗ്ഗീയ രാഷ്ട്രീയത്തിനപ്പുറം അഴിമതി കേസുകളില്‍ ഇടപെടുകയും അത് വലിയ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്താണ് കെ സുരേന്ദ്രന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയത്. ബി ജെ പി നേതാക്കളുടെ കൂട്ടത്തില്‍ കേരളമൊട്ടുക്കും പരിചിതനായ യുവനേതാവ് എന്ന പ്രത്യേകതയും സുരേന്ദ്രനുണ്ട്. എന്നാല്‍ ഈ കഴിഞ്ഞ ദിവസം രണ്ടു പേരും കക്ഷികളായ വാഗ്പ്പോര് ഒരു കവല പ്രസംഗത്തിന്റെ ആഴമില്ലായ്മയില്‍ വഴുക്കി വീഴുന്നതാണ് കണ്ടത്. കേരള രാഷ്ട്രീയത്തിന്റെ ഭാവി ഇത്തരം യുവ നേതാക്കളുടെ കൈകളില്‍ അത്ര ശോഭനമല്ലെന്നും അത് സൂചിപ്പിക്കുന്നു.

ബലറാം-സുരേന്ദ്ര യുദ്ധത്തിന്റെ നാള്‍ വഴികളും അതിന് കിട്ടിയ ലൈക്കുകളും നോക്കാം. 

വി ടി ബലറാം, ജൂലൈ 14, (11,921 ലൈക്ക്, 644 ഷെയര്‍)
ഞങ്ങൾ സ്ഥിരമായി ചപ്പാത്തി കഴിക്കാറില്ല, അതുകൊണ്ടുതന്നെ ഹിന്ദീം അറിയാൻ പാടില്ല. അതുകൊണ്ട്‌ ഹിന്ദി നന്നായറിയാവുന്ന കാര്യാലയത്തിലെ പ്രാന്ത പ്രമുഖന്മാരോ പ്രമുഖ പ്രാന്തന്മാരോ ആരാന്ന് വെച്ചാൽ അമിട്ട്‌ ഷാജിയോട്‌ നേരിട്ട്‌ ചോദിച്ച്‌ പറഞ്ഞ്‌ തന്നാൽ മതി, എന്നാണു ഈ അച്ഛാ ദിൻ ശരിക്കും വരിക എന്ന്. കൃത്യമായിട്ടല്ലെങ്കിലും ഏതാണ്ടൊരു ഡേറ്റ്‌ പറഞ്ഞാ മതി, അതുവരെ പിന്നെ ചോദിക്കില്ല. ഉറപ്പ്‌. 

കെ സുരേന്ദ്രന്‍, ജൂലൈ 15 (6527 ലൈക്ക്, 731 ഷെയര്‍)
ബലരാമാ….
ആദ്യം അമിത്ഷാ പറഞ്ഞത് മനസ്സിലാവണമെങ്കില്‍, ബലരാമന്‍ കുറച്ചെങ്കിലും ഹിന്ദി പഠിക്കണം. ഫേസ്ബുക്കില്‍ ജീവിക്കുന്ന, അഞ്ഞൂറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച എംഎല്‍എയ്ക്ക് ഇന്ദിരഭവനില്‍ ഒരു ട്യൂഷന്‍ ടീച്ചറെ ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ നേതാക്കളോട് പറയണം. ഇന്ത്യ സമസ്ത മേഖലയിലും ഒന്നാമതെത്താന്‍ പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ അടുത്ത കാല്‍ നൂറ്റാണ്ട് ബിജെപി തന്നെ ഭരിക്കണം. അതിന് പാര്‍ട്ടിയെ സജ്ജമാക്കുന്ന പദ്ധതിയുമായാണ് അമിത്ഷാ ഇന്ത്യ ചുറ്റുന്നത്. അല്ലാതെ പപ്പുമോന്‍ 56 ദിവസം മുങ്ങിയത് പോലെ മുങ്ങുന്ന ആളല്ല അമിത്ഷാ. ചത്തുപോയ കോണ്‍ഗ്രസ്സിന് 25 കൊല്ലം കഴിഞ്ഞാലും ജീവന്‍ തിരിച്ചു കിട്ടില്ലെന്ന് ബലരാമന് താമസിയാതെ ബോധ്യമാവും.


വി ടി ബലറാം (സുരേന്ദ്രന്റെ പോസ്റ്റിന് താഴെയിട്ട കമന്‍റ്) (16312 ലൈക്ക്)

ഇന്ത്യ സമസ്ത മേഖലയിലും ഒന്നാമതെത്താന്‍ പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ അുത്ത കാല്‍ നൂറ്റാണ്ട് ബിജെപി തന്നെ ഭരിക്കണം.

കെ സുരേന്ദ്രന്‍, ജൂലൈ 16 (6418 ലൈക്ക്, 913 ഷെയര്‍)
കേരളം ആരാധിക്കുന്ന നന്മയുടെ പ്രതീകമായ രാജേട്ടനെപോലും പരിഹസിക്കുന്ന തൃത്താലയിലെ പ്രധാനമന്ത്രിയോട് അതേ ഭാഷയിൽ പ്രതികരിക്കാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല. പിന്നെ, കൈരേഖയും ഡി എൻ എ യും ഒക്കെ ചില ഉറപ്പിന്റെ അടയാളങ്ങൾ ആണ്, അത് മാറ്റാൻ ആവുന്നതുമല്ല. ബാങ്കോക്കിൽ 56 ദിവസം ധ്യാനമിരുന്നു ഊർജ്ജം സംഭരിച്ചു മടങ്ങി വന്ന യുവരാജാവിന്റെ ബേബി ഫുഡ്‌ കുട്ടന്മാർക്കു നാട്ടിൽ നടക്കുന്നതൊന്നും മനസ്സിലാവില്ലെങ്കിൽ ആരു വിചാരിച്ചാലും മനസ്സിലാക്കിത്തരാനും ആവില്ല. അമ്മയും മകനും അളിയനും കൂടി രാജ്യം കൊള്ളയടിക്കുമ്പോൾ ഈ നാലുമുഴം നാവൊന്നും കണ്ടിട്ടില്ലല്ലോ. അന്പതു കൊല്ലം ഭരിക്കാൻ അവസരം കിട്ടിയവർ ഒരു കൊല്ലത്തെ കണക്കും ചോദിച്ചു വരുന്നത് കാണുമ്പോൾ ചിരിക്കാതെ എന്ത് ചെയ്യും. നാഴികക്ക് നാൽപതു വട്ടം മോദിജിയെ തെറി വിളിക്കുന്നവർക്ക് മോദി വന്നതിനുശേഷം നടന്ന ഏതെങ്കിലും തെരഞ്ഞെടുപ്പിൽ വോട്ട് കൂടിയിട്ടുണ്ടോ? അരുവിക്കരയിൽ പോലും 10 ശതമാനം വോട്ടല്ലെ കുറഞ്ഞത്‌. ത്രിപുരയിൽ കോണ്‍ഗ്രസ്‌ മൂന്നാം സ്ഥാനത്തെത്തിയത് അവിടെ നാലാമതു സ്ഥാനാർഥി ഇല്ലാത്തതുകൊണ്ടല്ലേ? ഡൽഹിയിൽ ആകെ കിട്ടിയത് 8 ശതമാനം, കെട്ടിവച്ച കാശു കിട്ടിയത് 70 ൽ ഒരാൾക്കുമാത്രം. ബാക്കി ഇനി ബീഹാർ കൂടി കഴിയുമ്പോൾ മനസ്സിലാവാനുള്ളതെയുള്ളൂ. വാഗ്ദാനങ്ങൾ ഒക്കെ പാലിച്ചു മോദി മുന്നോട്ടു പോകുന്നു. ജനവിധി 5 വർഷത്തേക്കാണ്. 2019 ൽ എന്തായാലും വോട്ടിനു യാചിക്കേണ്ടി വരില്ല. ആദ്യം സ്വന്തം പാർട്ടിയെ ഒരു കരക്കടുപ്പിക്കാൻ നോക്കൂ. പിന്നെ പോരെ ഈ വാചകമടിയൊക്കെ.

പിന്നെ തോറ്റതിന്റെ കണക്കു അധികം പറയണ്ട 8 പാർട്ടികൾ ഒരുമിച്ചു മത്സരിച്ചിട്ടല്ലേ തൃത്താലയിൽ പ്രധാനമന്ത്രിയായത്. ഒറ്റക്കു മത്സരിച്ച എനിക്ക് കിട്ടി മഞ്ചേശ്വരത്ത് 47000 വോട്ട്. തോറ്റത് വെറും 4000 വോട്ടിനാണ്. അതും സി പി എം 10000 വോട്ട് മറിച്ചതിനുശേഷം. ഈ അഹന്തക്കും പരിഹാസത്തിനും അടുത്ത തെരഞ്ഞെടുപ്പിൽ തൃത്താലക്കാർ തന്നെ മറുപടി തന്നുകൊള്ളും.

ഇനി നിങ്ങള്‍ പറയൂ ഈ ബാലി-സുഗ്രീവ യുദ്ധത്തില്‍ ആരാണ് ജയിച്ചത്?

സുക്കര്‍ബര്‍ഗായ നമഃ

ശുഭം!!!

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

This post was last modified on July 17, 2015 3:28 pm

Related Post
Leave a Comment