X

വയനാട് ആര് പിടിക്കും?

എം.കെ.രാമദാസ്

വയനാട്ടുകാരെന്ന പൊതുനാമത്തിനവകാശികള്‍ തദ്ദേശീയ ജനതയാണ്.  ജനസംഖ്യയില്‍ എഴുപതു ശതമാനത്തിലധികവും ഒരര്‍ത്ഥത്തില്‍ വരത്തന്‍മാരാണ്. 100 കൊല്ലത്തിലധികം പഴമ അവകാശപ്പെടാവുന്ന കുടിയേറ്റക്കാര്‍ വിരളമാണ്. രണ്ടോ മൂന്നോ തലമുറയാണ് ഇത്തരക്കാരുടെയും വയനാട് വാസത്തിന്റെ പ്രായം. വന്നവരില്‍ മഹാഭൂരിപക്ഷവും സ്വന്തം നാടായി കരുതുന്നത് വയനാടിനെയല്ല എന്നതാണ് വാസ്തവം. വിളവെടുപ്പൊക്കെ കഴിഞ്ഞ് പോക്കറ്റില്‍ 10 കാശ് നിറഞ്ഞാല്‍ വയനാട്ടുകാരില്‍ ചിലര്‍ ഇപ്പോഴും നാട്ടില്‍ പോകും. തിരുവിതാംകൂര്‍ പ്രദേശത്തുനിന്നും മലബാറിലെ വിവിധയിടങ്ങളില്‍ നിന്നും കുടിയേറിയെത്തിയവര്‍ ‘നാട്ടീ’ പോവുകയെന്നാണ് ചുരമിറക്കത്തെ വിശേഷിപ്പിക്കുക. കൂടും കുടുക്കയുമില്ലാതെ ദരിദ്രരായി മലകയറിയെത്തിയവര്‍ അവരുടെ സ്വത്വമാണിവിടെ പറിച്ചുനട്ടത്. തദ്ദേശീയ ജനതയിലേക്കത് പ്രചരിപ്പിച്ചു. അങ്ങിനെ കുടിയേറ്റക്കാരുടെ മനസ്സിനൊപ്പമാണ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ രാഷ്ട്രീയവും കരുപിടിപ്പിക്കപ്പെട്ടത്.

വലതിനോടാണ് വയനാടിന് പൊതുവില്‍ പ്രിയം. ചിലപ്പോഴൊക്കെ  ഇടതിനോടും ചേര്‍ന്നിട്ടുണ്ട് വയനാട്ടുകാര്‍. തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളാണല്ലോ ജനാധിപത്യത്തിലെ മുന്‍തൂക്കങ്ങളെ നിര്‍ണ്ണയിക്കുന്നത്.  ഇക്കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇടതിനു തിളക്കമുള്ള ജയമാണ് വയനാട്ടുകാര്‍ സമ്മാനിച്ചത്. തൊഴുത്തില്‍കുത്ത്, കുതികാല്‍വെട്ടല്‍, കാലുവാരല്‍, സ്വജനപക്ഷവാതം, ഗ്രൂപ്പ്, തന്‍പ്രമാണിത്വം, അഹങ്കാരം ഇത്യാദിവിദ്യകള്‍ പതിവുപോലെ വലതന്‍മാരെ തറപറ്റിച്ചു. കൈപിടിയിലുണ്ടായിരുന്ന പ്രാദേശിക ഭരണ നിയന്ത്രണം ചോര്‍ന്നുപോയ ഞെട്ടലില്‍ തന്നെയാണ്  ഐക്യജനാധിപത്യമെന്നത്. യൂഡിഎഫ് തകര്‍ച്ചയാണ് ഇടതിന്‍റെ ആത്മവിശ്വാസത്തിന്റെ കാതല്‍.

കല്‍പ്പറ്റ , സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവയാണ് വയനാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍. വടക്കേ വയനാട് പേര് മാറി മാനന്തവാടിയായത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ്. പേരിന് വയനാടെന്നൊരു ലോകസഭാ മണ്ഡലമുണ്ടെങ്കിലും കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണിത്.

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളും വലിയ മാര്‍ജിനിലാണ് യുഡിഎഫ് വിജയിച്ചത്. കല്‍പ്പറ്റയില്‍ ജനതാദളിലെ എം.വി ശ്രേയസ്സ് കുമാറും, മാനന്തവാടിയില്‍ പി.കെ.ജയലക്ഷ്മിയും,  സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി.ബാലകൃഷ്ണനും എം.എല്‍.എമാരായി. 

ഇടതു സ്ഥാനാര്‍തഥി പി.എ. മുഹമ്മദ് വോട്ടെണ്ണലിനു മുമ്പേ കല്‍പ്പറ്റയില്‍ പരാജയം പ്രഖ്യാപിച്ച് പിന്‍മാറിയത് അന്നത്തെ തെരഞ്ഞെടുപ്പ് കൗതുക കഥകളില്‍ ഒന്നായിരുന്നു. നിലവില്‍ എം.എല്‍.എ ആയിരുന്ന കെ.സി. കുഞ്ഞിരാമനാണ് പി.കെ.ജയലക്ഷ്മിയോട് മാനന്തവാടിയില്‍ പൊരുതിത്തോറ്റത്. യൂത്ത് കോണ്‍ഗ്രസ്സില്‍ നിന്ന് പിണങ്ങി സി.പി.ഐ(എം)-ല്‍ എത്തിയ ഇ.എ.ശങ്കരനെയാണ് ഐ.സി ബാലകൃഷ്ണനിനെതിരെ സുല്‍ത്താന്‍ ബത്തേരിയില്‍ ഇടതു മുന്നണി രംഗത്തിറക്കിയത്.  കാല്‍ ലക്ഷത്തോളം വോട്ടിന്റെ മികവിലാണ്  മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് വിജയം നേടിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംസ്ഥാനത്ത് കീറാമൂട്ടിയാണെങ്കിലും വയനാട്ടില്‍ അല്‍പ്പം സമാശ്വസിക്കാം. കല്‍പ്പറ്റ മാത്രമാണ് ജനറല്‍ സീറ്റെന്നതാണ് ആശ്വാസ കാരണം.  ജനതാദളിന് നിര്‍ബന്ധമായും ലഭിക്കുന്ന സീറ്റിലൊന്നാണിത്. ഇത്തവണയും ശ്രേയാംസ് കുമാര്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പാര്‍ട്ടി മുന്നണി മാറി ഇടതുപാളയത്തില്‍ എത്തിയാല്‍ ശ്രേയാംസ് മാറിനില്‍ക്കുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഇവിടെ സി.പി.ഐ(എം) ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രനെ മത്സരിപ്പിച്ച് വിജയിപ്പിക്കാമെന്നാണ് പാര്‍ട്ടി ആലോചന ഈ വാര്‍ത്ത പാര്‍ട്ടി ഇതുവരെ നിഷേധിച്ചിട്ടില്ല.

മാനന്തവാടിയില്‍ പി.കെ.ജയലക്ഷ്മി തന്നെ വീണ്ടും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി വരാനാണ് സാധ്യത. ബത്തേരിയില്‍ ഐ.സി.ബാലകൃഷ്ണന്‍ രണ്ടാമൂഴത്തിനിറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. പി.കെ.ജയലക്ഷ്മിയും ഐ.സി.ബാലകൃഷ്ണനും പരസ്പരം മണ്ഡലം മാറുമെന്ന ശ്രുതി ഉണ്ടായെങ്കിലും ഈ ആലോചന മുന്നോട്ടുപോയില്ല. ബത്തേരിയിലും, മാനന്തവാടിയിലും മത്സരിക്കാന്‍ കരുത്തരെ തേടുകയാണ് ഇടതുമുന്നണി. ഇടതുമുന്നണിയെന്നാല്‍ വയനാട്ടില്‍ സി.പി.ഐ(എം) എന്ന് തന്നെയാണ് അര്‍ത്ഥം. ആദിവാസി ക്ഷേമ സമിതി നേതാവ് വാസുദേവനെ ബത്തേരിയില്‍  മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. മാനന്തവാടയില്‍ കെ.സി.കുഞ്ഞിരാമന്‍ ഒരുതവണ കൂടി ഇടതുസ്ഥാനാര്‍ത്ഥിയായി പി.കെ.ജയലക്ഷ്മിയോട് പൊരുതുമോ എന്ന് സംശയമാണ്. ഇവിടെയും നല്ല പോരാളിയെ സി.പി.ഐ(എം) തന്നെ കണ്ടെത്തേണ്ടിവരും.

പുതിയ സാഹചര്യത്തില്‍ വോട്ടെണ്ണം കൂട്ടുകയെന്ന ലക്ഷ്യമേ വയനാട്ടില്‍ ബി.ജെ.പിക്കുള്ളു. ബത്തേരിയിലും മാനന്തവാടിയിലും മത്സരിക്കാന്‍ അനുയോജ്യരാവരെ കണ്ടെത്താന്‍ ബി.ജെ പിക്ക് പ്രയാസമുണ്ടാവില്ല. മുന്‍ ജില്ലാ പ്രസിഡണ്ട് കെ. സദാനന്ദന്‍ കല്‍പ്പറ്റയില്‍ ബി.ജെ.പിക്ക് വേണ്ടി ഇറങ്ങിയേക്കാം.

സ്വതന്ത്ര കര്‍ഷക സംഘടനകളായ ഹരിത സേന, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം തുടങ്ങിയവയുടെ നിലപാട് തെരഞ്ഞെടുപ്പ് ഫലത്തെ ഈ സാഹചര്യത്തില്‍ ബാധിക്കാനിടയില്ല. സംഘടനകളുടെ ശക്തി ക്ഷയിച്ചതാണ് കാരണം. കര്‍ഷകരുടെ ഈ ബലക്ഷയം വിലപേശാനുള്ള കഴിവില്ലാതാക്കി. ആദിവാസി ഗോത്രമഹാസഭയുടെ സമീപനം സുല്‍ത്താന്‍ ബത്തേരിയിലും മാനന്തവാടിയിലും വിജയത്തെ സ്വാധീനിക്കാം. ഇത്തരം ഗ്രൂപ്പുകളെല്ലാം എന്ത് പരസ്യനിലപാടെടുക്കുമെന്ന് വഴിയെ അറിയാം. 

This post was last modified on February 29, 2016 9:11 am