X

വയനാട് ഡിഎംഒയുടെ ആത്മഹത്യ; മറുപടി പറയേണ്ടത് ആരോഗ്യ മന്ത്രി

അഴിമുഖം പ്രതിനിധി

വയനാട് ഡിഎംഒ പി വി ശശിധരന്റ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപിയും ഇടതുപാര്‍ട്ടികളും രംഗത്ത് എത്തി. സിപി ഐ എം ജില്ല സെക്രട്ടറി സി കെ ശശീന്ദ്രന്‍, സിപി ഐ ജില്ല സെക്രട്ടറി വിജയന്‍ ചെറുകര, ബി ജെപി ജില്ല സെക്രട്ടറി കെ സദാനന്ദന്‍ എന്നിവര്‍ ഡോക്ടറുടെ ആത്മഹത്യയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചു കഴിഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതിയുടെ ഇരയാണ് പി വി ശശിധരന്‍ എന്നാണ് ഇവരുടെ ആരോപണം.

അതേസമയം ഡോക്ടര്‍ ശശിധരന്റെ ആത്മഹത്യകുറിപ്പില്‍ തന്നെ കാരണം വ്യക്തിപരമാണെന്ന് സൂചിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ അന്വേഷണം എന്ന ആവശ്യം ചില താത്പര്യങ്ങളുടെ പുറത്തുള്ളതാണെന്നു വയനാട് ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ് പ്രതികരിച്ചു. ആത്മഹത്യക്കുറിപ്പില്‍ സംശയങ്ങളുണ്ടാക്കുന്ന സാഹചര്യങ്ങളൊന്നും ഇപ്പോഴില്ല.  അന്വേഷണാവശ്യത്തിന് പിന്നില്‍ രാഷ്ട്രീയതാത്പര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍ ശശിധരന്റെ ആത്മഹത്യയ്ക്കു പിന്നാലെ ആരോഗ്യവകുപ്പിലെ താത്കാലിക നിയമനങ്ങളുമായി നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിട്ടുണ്ട്. വകുപ്പ് മന്ത്രിയുടെ ഓഫിസ് നേരിട്ട് നിയമനകാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ലക്ഷങ്ങളാണ് താത്കാലിക പോസ്റ്റുകളിലേക്ക് നിയമനം കിട്ടുന്നതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാങ്ങുന്നത്. സ്വീപ്പര്‍ തസ്തികയിലേക്ക് ടെംപററി പോസ്റ്റില്‍ തെരഞ്ഞെടുക്കുന്നവരെ ആറുമാസത്തിനകം സ്ഥിരപ്പെടുത്തുകയാണ് പതിവ്. ഇതിനായി അഞ്ചുലക്ഷംവരെ കൈക്കൂലി വാങ്ങാറുണ്ടെന്ന് ഇത്തരത്തില്‍ പണം നല്‍കിയവര്‍ തന്നെ പറയുന്നുണ്ട്. അതേസമയം പണം വാങ്ങിയശേഷം ജോലി തരപ്പെടുത്തി കൊടുക്കാതെ ഉദ്യോഗാര്‍ത്ഥികളെ വട്ടംചുറ്റിക്കുന്നവരും മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പണം വാങ്ങലും പിന്നീട് നിയമനം നല്‍കാതിരിക്കലുമെല്ലാം മന്ത്രി അറിയാതെ നടക്കുന്നതാണെന്നു വിശ്വസിക്കാന്‍ തരമില്ലെന്നും ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട ഇരകളില്‍ ഒരാള്‍ അഴിമുഖത്തിനോട് പറഞ്ഞിരുന്നു. 

നിരവധി അഴിമതിയാരോപണങ്ങള്‍ പേറുന്ന സംസ്ഥാന ആരോഗ്യവകുപ്പ് താത്ക്കാലിക നിയമനങ്ങളിലൂടെ സ്വന്തമാക്കുന്നത് കോടികളാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വിളിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ഡിഎംഒ അധ്യക്ഷനായ ഇന്റര്‍വ്യൂ ബോര്‍ഡാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നത്. പത്താംക്ലാസാണ് ടെംപററി സ്വീപ്പര്‍ പോസ്റ്റായ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസയോഗ്യത. ഉദ്യോഗാര്‍ത്ഥിയുടെ കാര്യക്ഷമത അളക്കാനാണ് അതാത് ജില്ലകളിലെ മെഡിക്കല്‍ ഓഫിസര്‍മാരെ അധ്യക്ഷനാക്കി ഒരു സമിതി രൂപീകരിച്ചിരിക്കുന്നത്. നിയമനകാര്യത്തില്‍ സുതാര്യത നിഷ്‌കര്‍ഷിച്ചുകൊണ്ട് വി എം സുധീരന്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് ഇത്തരമൊരു ബോര്‍ഡിനു രൂപം കൊടുക്കുന്നത്. എന്നാല്‍ ഇതേ ബോര്‍ഡ് പിന്നീട് രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന  നോക്കുകുത്തിയായി മാറിയെന്നതാണ് വാസ്തവം. നിയമനം നല്‍കേണ്ടവരുടെ ലിസ്റ്റ് വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളോ അല്ലെങ്കില്‍ മന്ത്രിയുടെ ഓഫിസില്‍ നിന്നോ നേരിട്ടോ നല്‍കിയിരിക്കും. ഇതനുസരിച്ചായിരിക്കണം ഉദ്യോഗാര്‍ത്ഥികളെ ഷോട്ട്‌ലിസ്റ്റ് ചെയ്യേണ്ടത്. ലിസ്റ്റില്‍ കയറിപ്പറ്റുന്നതിന് കൈമടക്കായി കൊടുക്കേണ്ടത് ലക്ഷങ്ങളും. ഒരു ജില്ലയില്‍ തന്നെ നാല്‍പ്പതോളം നിയമനങ്ങള്‍ നടക്കും. ഇത്തരത്തില്‍ കണക്കു നോക്കിയാല്‍ പതിനാലു ജില്ലകളില്‍ നിന്നും ഉള്ള ഉദ്യോഗാര്‍ത്ഥികളുടെ കൈയില്‍ നിന്നും വാങ്ങുന്ന അച്ചാരം കോടികള്‍ കടക്കും. ഇക്കാലമത്രയും ഇതേ സംവിധാനത്തിലൂടെ തന്നെയാണ് നിയമനങ്ങള്‍ നടന്നിരിക്കുന്നതും.

വയനാട് ഡിഎംഒയുടെ ആത്മഹത്യയിലേക്ക് നയിച്ചത് ഇത്തരത്തില്‍ നല്‍കപ്പെട്ട ലിസ്റ്റില്‍ നിന്നും ആവശ്യക്കാര്‍ പറഞ്ഞ പ്രകാരമുള്ള ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വന്ന അമിത സമ്മര്‍ദ്ദമാണ്. ഡിസിസി നേതൃത്വത്തിന്റെ വക ഒരു ലിസ്റ്റും, ജില്ലയിലെ മന്ത്രിയുടെ വക മറ്റൊന്നും ഡിഎംഒയുടെ മുന്നില്‍ എത്തിയിരുന്നു. വയനാട്ടില്‍ ആളിക്കത്തുന്ന കോണ്‍ഗ്രസ് ഗ്രൂപ്പ് പോരാട്ടം ഇവിടെയും സ്പഷ്ടമായി ഉയര്‍ന്നുവന്നു.  ഇതിനിടയിലാണ് തിരുവനന്തപുരത്തു നിന്നും ഫോണ്‍കോള്‍ വരുന്നത്. വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ശാസനയായിരുന്നു. നിയമനം നല്‍കേണ്ടവരുടെ ഷോര്‍ട് ലിസ്റ്റ് തയ്യാറാക്കാന്‍ കാലതാമസം വന്നതിനായിരുന്നു ശാസന. ഈയടുത്ത ദിവസങ്ങളില്‍ നടക്കുന്ന ഡിഎംഒ മാരുടെ യോഗത്തില്‍ തയ്യാറാക്കിയ ലിസ്റ്റുമായി വന്നാല്‍ മതിയെന്ന അന്ത്യശാസനം വകുപ്പില്‍ നിന്നും ഡോക്ടര്‍ ശശിധരന് ലഭിച്ചിരുന്നു. എന്നാല്‍ വ്യത്യസ്തതലങ്ങളില്‍ നിന്നും ഉണ്ടാകുന്ന സമ്മര്‍ദ്ദം മൂലം അന്തിമമായൊരു പട്ടിക തയ്യാറാക്കാന്‍ കഴിതെ വന്ന ഡോക്ടര്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് ജീവനൊടുക്കുകയായിരുന്നുവത്രേ. കാരണം വ്യക്തിപരമാണെന്ന് ആത്മഹത്യകുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതിനു പിന്നില്‍ നടന്ന രാഷ്ട്രീയകളികളിലേക്ക് അന്വേഷണം നടന്നെങ്കില്‍ മാത്രമെ ജനസേവ തത്പരനായിരുന്നൊരു ഡോക്ടറോട് നീതി പുലര്‍ത്താന്‍ സമൂഹത്തിനു സാധിക്കുകയുള്ളൂ.

അതോടൊപ്പം മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് നടക്കുന്നുവെന്ന് ആരോപിക്കുന്ന നിയമനക്കോഴയുടെ കാര്യത്തിലും സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ താത്കാലിക നിയമനകാര്യത്തില്‍ ഇടപെട്ട് തന്റെ നിര്‍ദേശങ്ങള്‍ ഒരു ഡിഎംഒ യോട് ഫോണ്‍ വഴി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. കാലാകാലങ്ങളായി ഏതു പാര്‍ട്ടി ആരോഗ്യവകുപ്പ് ഭരിച്ചാലും ഇത്തരം ഇടപെടലുകള്‍ നടത്തുകയും പണം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഈ അഴിമതികള്‍ പുറംലോകം അറിയാതെ നിര്‍ബാധം തുടരുകയാണ്. പണം ഉണ്ടാക്കുന്നവന്റെ അധികാര ധാര്‍ഷ്ട്യത്തിന് ഇരയായി ഡോക്ടര്‍ ശശിധരനെ പോലുള്ളവര്‍ ആത്മത്യാഗം ചെയ്യപ്പെടുമ്പോഴെങ്കിലും പ്രതികരണങ്ങള്‍ ഉണ്ടായേ മതിയാകൂ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on December 23, 2015 12:04 pm