X

പണമുണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന് കരുതരുത്; വയനാട്ടിലെ വിംസ് മെഡിക്കല്‍ കോളേജിനോട് സുപ്രീം കോടതി

ഡോ. ഹരി പി ജി 

‘പണമുണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന് കരുതരുത്’ – വയനാട്ടിലെ വിംസ് മെഡിക്കല്‍ കോളേജിലെ ഈ വര്‍ഷത്തെ അഡ്മിഷന്‍ അംഗീകാരം റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി നടത്തിയ അഭിപ്രായ പ്രകടനമാണിത്. വയനാട്ടിലെ അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ ഒന്നായ മേപ്പാടിയില്‍ നിലവിലുള്ള സര്‍വ്വ നിയമങ്ങളേയും ലംഘിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചത്. ഉയര്‍ന്നുവന്ന മുഴുവന്‍ ജനകീയ-നിയമ ചെറുത്തുനില്പുകളെയും നിരന്തരം വെല്ലുവിളിച്ച്, വിജിലന്‍സ് അന്വേഷണത്തെ അട്ടിമറിച്ച്, മെഡിക്കല്‍ കൌണ്‍സില്‍ നിബന്ധനകള്‍ ജനപ്രതിനിധികളുടെ ശുപാര്‍ശ കത്തു വഴി മറികടന്നു നേടിയ പണത്തിന്റെയും രാഷ്ട്രിയ സ്വാധീനത്തിന്റയും  ജയത്തെ  വൈകിയാണെങ്കിലും സുപ്രീംകോടതി വിമര്‍ശിച്ചിരിക്കുന്നു. ഒരു പക്ഷേ ഈ വിധിയേയും  പരാമര്‍ശത്തെയും നാളെ ഇവര്‍ മറികടന്നേക്കാം. എങ്കിലും ഹൈക്കോടതിയില്‍ എത്തിനില്ക്കുന്ന കാരാപ്പുഴ സംരക്ഷണ ജനകീയ സമിതിയുടെ നിയമ യുദ്ധത്തിന് ഈ വിധിയും പരാമര്‍ശവും ഒരു പുത്തനുണര്‍വ് നല്കുന്നു. 

നിബന്ധനകള്‍  പാലിക്കാത്തതിനാല്‍ മെഡിക്കല്‍ കൌണ്‍സില്‍ റദ്ദാക്കിയ ഈ വര്‍ഷത്തെ അഡ്മിഷന് അനുമതി പുനസ്ഥാപിച്ച് കിട്ടുന്നതിനുവേണ്ടി പ്രശസ്ത അഭിഭാഷകരായ കപില്‍ സിബല്‍, വി ഗിരി തുടങ്ങിയവര്‍ മുഖേന നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതിനെ വിമര്‍ശിച്ചുകൊണ്ടും ഹരജി തീര്‍പ്പാക്കി കൊണ്ടുമാണ് രാജ്യത്തെ പരമോന്നതകോടതി ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം  നടത്തിയിരിക്കുന്നത്.

ബഹുമാന്യകോടതി അത്ഭുതവും ആശങ്കയും രേഖപ്പെടുത്തിയെങ്കിലും കേരളത്തിലെ  ആരോഗ്യ-വിദ്യാഭ്യാസരംഗം നിരീക്ഷിക്കുന്ന ആര്‍ക്കും ഇതില്‍ അത്ഭുതമുണ്ടാകാനിടയില്ല . വയനാട് ഡി എം വിംസ് മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് പ്രത്യേകിച്ചും. കാരണം ഭൂമിവാങ്ങുന്നതു മുതല്‍, പ്രോജക്ട് സമര്‍പ്പിച്ച് കോളേജ് തുടങ്ങുന്നതു വരെയുള്ള ഓരോ ഘട്ടങ്ങളിലേയും തടസങ്ങളെ മറികടന്നത് പണത്തിന്റെയും രാഷ്ട്രീയസ്വാധീനത്തിന്റെയും  വഴികളിലൂടെ തന്നെയാണെന്ന് കാണാം. വന-പരിസ്ഥിതി-ഭൂനിയമ പ്രശ്നങ്ങളെ ചൂണ്ടികാട്ടിയ മുഴുവന്‍ ഉദ്യോഗസ്ഥരേയും നിശബ്ദരാക്കി, വിജിലന്‍സ് അന്വേഷണത്തെ അട്ടിമറിച്ച്, അധികാരത്തിന്റെ ഇടനാഴികളില്‍ പണമെറിഞ്ഞുമാണ് ഇവിടം വരെയെത്തിയത്. 

പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ പ്രദേശത്തെ ആദിവാസികളടക്കമുള്ള ജനങ്ങളും കാരാപ്പുഴ സംരക്ഷണ ജനകീയസമിതി യും ഉയര്‍ത്തിയ ആശങ്കകള്‍ ആശുപത്രിയും മെഡിക്കല്‍ കോളേജും പ്രവര്‍ത്തനമാരംഭിച്ച് മൂന്ന് വര്‍ഷമാകുമ്പോഴേക്ക് കൂടുതല്‍ പ്രസക്തമാകുന്നത് കാണാം. മെഡിക്കല്‍ കോളേജ് അനുമതി ലഭ്യമാകുന്നതിനു ഏറ്റവും അത്യന്താപേക്ഷിതമായ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നേടിയതിനു പിന്നില്‍ നടന്നിട്ടുള്ള അഴിമതിയും അധികാര ദുര്‍വിനിയോഗവും ചൂണ്ടിക്കാട്ടി ജനകീയസമിതി വിജിലന്‍സ് കോടതിയില്‍ നല്‍കിയ കേസ്  ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രക്ഷോഭങ്ങളുടെ ഭാഗമായി രൂപീകരിച്ച ജനകീയ വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകള്‍ ഒന്നുപോലും തള്ളിക്കളയാന്‍ കഴിയുന്നതല്ല. അവയില്‍ സുപ്രധാനമായത് താഴെ കൊടുക്കുന്നു.. 

1) 70 വര്‍ഷത്തിലധികമായി തോട്ട ഭുമിനിയമത്തില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചിരുന്ന പ്രദേശത്തിന്റെ കൈമാറ്റം തന്നെ നിയമ വിരുദ്ധമാണ്. പദ്ധതിയുടെ അനുമതിയ്ക്കായി അപേക്ഷ സമര്‍പ്പിച്ച തീയതിയും സ്ഥലത്തിന്റെ വില്പന തീയതിയും ഇതിനുള്ള തെളിവാണ്. 

2) അമിതമായ ജല ഉപയോഗത്തോടൊപ്പം മലിനജലം പുറംതള്ളുകയും ചെയ്യുന്ന സ്ഥാപനം, ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കാരാപ്പുഴ അണക്കെട്ടിനു സമീപം ആരംഭിക്കുന്നത് യാതൊരുവിധ പാരിസ്ഥിതിക-ശാസ്ത്രീയ പഠനങ്ങളും നടത്താതെയാണ്.

3) ഒരു പ്രദേശത്ത് 50 കോടിയില്‍ കൂടുതല്‍ മുതല്‍ മുടക്കി ആരംഭിക്കുന്ന ഏതൊരു പദ്ധതിക്കും ആഘാതപഠനവും പൊതുതെളിവെടുപ്പും നടത്തണമെന്ന് നിയമം (EIA  Act 2005) പൂര്‍ണ്ണമായും ലംഘിക്കപ്പെട്ടിരിക്കുന്നു.

4) സംസ്ഥാന ഗവണ്‍മെന്‍റ് നല്‍കുന്ന എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റും അതിനുവേണ്ടി സ്ഥലം എം എല്‍ എയും എം പിയും നല്കിയ സാക്ഷ്യപത്രവും ഇതിന്റെ പിന്നിലെ അഴിമതിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. മൂന്നു വര്‍ഷമായി 300 കിടക്കകളുള്ള ആശുപത്രി പ്രസ്തുത മാനേജ്മെന്റ് നടത്തുന്നു എന്നു ജനപ്രതിനിധികളും റവന്യൂസെക്രട്ടറിയും സാക്ഷ്യപ്പെടുത്തുമ്പോള്‍ ഒരു സെന്റ് ഭൂമി പോലും മാനേജ്മെന്റിനു വയനാട്ടില്‍ സ്വന്തമായില്ല എന്നതാണ് യാഥാര്‍ഥ്യം.

അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പശ്ചിമഘട്ടമലയിലെ, ഏറ്റവും അധികം ഉരുള്‍പൊട്ടല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള, മേപ്പാടിയില്‍ സര്‍വ്വനിയമങ്ങളും ലംഘിച്ച് ആരംഭിച്ച ഈ സ്ഥാപനം ഉയര്‍ത്തുന്ന പ്രത്യാഘതങ്ങളുടെ പൂര്‍ണ്ണ രൂപത്തിന് ഇനിയും കുറച്ചുനാള്‍ കൂടി കാത്തിരിക്കേണ്ടിവന്നേക്കാം.

ഒരു കാലത്ത് കേരള മോഡല്‍ എന്ന് അഭിമാനിച്ചിരുന്ന ആരോഗ്യ മേഖലയും, ആരോഗ്യ വിദ്യാഭ്യാസരംഗവും ഇവിടത്തെ ജനാധിപത്യ ഭരണകൂടവും എത്തിനില്‍ക്കുന്ന അപചയത്തിന്റെയും പ്രതിസന്ധിയുടെയും പ്രതീകം കൂടിയാകുകയാണ് ഇത്തരം സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍. അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങളില്‍ സംഭവിക്കുന്ന ചികിത്സ പിഴവുകളെ ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കാനോ ഇരകള്‍ക്ക് തുടര്‍ ചികിത്സയും അര്‍ഹമായ നഷ്ടപരിഹാരവുംനീതിയും ഉറപ്പാക്കാനോ ഗവണ്മെന്റുകള്‍ക്ക് കഴിയാതെ പോകുന്നു. ചികിത്സയിലും ശസ്ത്രക്രിയയിലും വന്ന പിഴവുകളെകുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിളിച്ചു പറയുന്ന സാധാരണക്കാരുടെ എണ്ണംകൂടിവരുമ്പോഴും അവര്‍ക്ക് അവഗണിക്കാന്‍ കഴിയുന്നു. ബഹിഷ്കരണം പോലെയുള്ള പ്രതികരണം പോലും ഇത്തരം കുത്തകകളെ അലട്ടുന്നില്ല. കാരണം നാടിന്റെ പൊതുസ്വത്തായ വെള്ളവും വായുവും മണ്ണും ഉപയോഗിച്ച് പടുത്തുയര്‍ത്തുന്ന ഈ സ്ഥാപനങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത് ലക്ഷങ്ങള്‍ മുടക്കി സുഖചികിത്സയ്ക്ക് എത്തുന്ന വിദേശികളെയാണ്, കോടികള്‍ മുടക്കി ഡോക്ടര്‍ പട്ടം വാങ്ങാന്‍ കഴിയുന്ന പുത്തന്‍ പണക്കാരെയാണ്.

(പൊതുജനാരോഗ്യ പ്രവര്‍ത്തകനാണ് ഡോ. ഹരി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on July 24, 2015 8:21 am

Related Post
Leave a Comment