X

യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചെത്തുന്ന ഇസ്രയേലി സൈനികര്‍ ഇന്ത്യയിലേക്കു വരുന്നതിന് പിന്നില്‍

ഷാലേവ് പാലര്‍

ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ് )വിട്ടശേഷം ഇന്ത്യയിലേക്കു വരിക എന്നത് ഇസ്രയേല്‍ പട്ടാളക്കാരുടെ പതിവാണ്. സമ്മര്‍ദങ്ങളില്ലാതാക്കാനാണീ യാത്ര. 2014ല്‍ ഗാസ യുദ്ധത്തില്‍ പങ്കെടുത്ത ഒരു ടാങ്ക് കമാന്‍ഡര്‍ അനിശ്ചിതത്വം നിറഞ്ഞ യുദ്ധഭൂമിയില്‍ മൂന്നുവര്‍ഷം കഴിഞ്ഞശേഷം തന്റെ ജീവിതത്തിനുമേല്‍ നിയന്ത്രണം വീണ്ടെടുത്തതിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുന്നു.

കുട്ടികളുടെ ചിരി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ജനാലയിലൂടെ താഴ്‌വരയെ പുതപ്പിക്കുന്ന മേഘങ്ങളെ നോക്കുമ്പോള്‍ മനസില്‍ ചിന്തകളുണ്ടായിരുന്നില്ല;  ആകുലതകളില്ലാത്ത അവസ്ഥ.

ഇന്ത്യയിലേക്കുള്ള മിക്ക യാത്രക്കാരെയും പോലെ ഞാനും മൂന്നു വര്‍ഷത്തെ പട്ടാളസേവനം പൂര്‍ത്തിയാക്കിയിരുന്നു. പട്ടാള ജീവിതകാലത്ത് ടാങ്ക് കമാന്‍ഡര്‍ എന്ന നിലയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഞാന്‍ ജോലി ചെയ്തിരുന്നു. 2014ലെ വേനല്‍ക്കാലത്ത് സേവനകാലം ഏതാണ്ട് അവസാനിക്കാറായിരിക്കെ ഗാസയിലെ ഹമാസിനെതിരെയുള്ള ഓപ്പറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജില്‍ ഞാന്‍ പങ്കെടുത്തു. സേവന കാലാവധിക്കുശേഷം അക്കാലത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരം ചെറിയൊരു വാചകത്തിലൊതുങ്ങി: ‘ നന്നായിരുന്നു.’ അത് മതിയായ മറുപടിയായിരുന്നില്ല.

ഈ രാജ്യത്ത് ഹൃദയഭാരത്തോടെയേ ജീവിക്കാനാകൂ. പലര്‍ക്കും അത് ഒരു സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ വിയോഗം മൂലമുണ്ടായതാകാം. അതല്ലെങ്കില്‍ സുരക്ഷിതമല്ലാത്തൊരു രാജ്യത്ത്  ഓരോ ദിവസവും കഴിയേണ്ടിവരുന്നതിന്റെ സമ്മര്‍ദഫലമാകാം. ഏതു ഭാരമാണ് ഞാന്‍ ചുമക്കുന്നതെന്നു കണ്ടെത്താനും സാദ്ധ്യമെങ്കില്‍ അതില്‍നിന്നു വിമുക്തനാകാനും കൂടിവേണ്ടിയായിരുന്നു എന്റെ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യന്‍ ഭക്ഷണം അതിശയകരമാണെന്ന കേട്ടറിവായിരുന്നു സന്ദര്‍ശനത്തിനു മറ്റൊരു കാരണം.

ആദ്യം ഇന്ത്യയിലെത്തുമ്പോള്‍ ഞാന്‍ ഒരു സ്‌പോഞ്ച് പോലെയായിരുന്നു. പഴയ ഡല്‍ഹിയിലെ തിരക്കേറിയ ഒരു ചന്തയ്ക്കു നടുവില്‍നിന്ന് ഞാന്‍ ദീര്‍ഘമായി ശ്വസിച്ചു. അവിടെയുള്ള ഗന്ധങ്ങള്‍, മുഖങ്ങള്‍, നിറങ്ങള്‍, ശബ്ദങ്ങള്‍, പുതുമയും അപരിചിതത്വവും തീവ്രതയും നിറഞ്ഞ അവയെയെല്ലാം ഞാന്‍ ഉള്ളില്‍ നിറച്ചു. പുസ്തകക്കൂനകള്‍ മാത്രം നിറഞ്ഞ ഒരു റോഡ്. കടന്നുപോകാനാകാത്ത വിധം സുഗന്ധവ്യഞ്ജനങ്ങള്‍ നിറഞ്ഞ ഒരു ഇടവഴി. ഒരേ ബൈക്കില്‍ ഒരുമിച്ചുസഞ്ചരിക്കുന്ന ആറുപേരടങ്ങുന്ന കുടുംബം. പച്ചക്കറി നിറഞ്ഞ വലിയ വണ്ടിയുമായി നീങ്ങുന്ന പ്രായമായ ഒരാള്‍. കുട്ടികള്‍ക്കൊപ്പം ചന്തയ്ക്കു നടുവിലിരിക്കുന്ന മങ്ങിയ കണ്ണുകളുള്ള സ്ത്രീ.

ഇതെല്ലാം അനുഭവിച്ചുനടന്ന ആദ്യ ആഴ്ചയിലാണ് ഞാന്‍ ചാച്ചായെ കാണുന്നത്. ഡല്‍ഹിയിലെ ജനപ്രിയ ചായക്കടയുടെയും അലക്കുകടയുടെയും ഉടമയാണ് ചാച്ചാ. കാഴ്ചക്കാരിലേക്കു പടരുന്ന പല്ലില്ലാത്ത ചിരി, കരുണനിറഞ്ഞ തവിട്ടുകണ്ണുകള്‍, കുട്ടികളുടേതിനു തുല്യമായ ജിജ്ഞാസ, ഗുരുവിനു തുല്യമായ വിജ്ഞാനം. വിപണികളിലൂടെ ചാച്ചായ്‌ക്കൊപ്പം നടക്കുക എന്നത് വത്തിക്കാനിലൂടെ പോപ്പിനൊപ്പം നടക്കുന്നതിനു തുല്യമായിരുന്നു. എല്ലാവര്‍ക്കും ചാച്ചായെ അറിയാമായിരുന്നു. തിരിച്ചും. പണവും സന്തോഷവും തമ്മില്‍ ബന്ധമൊന്നുമില്ല എന്നതിനു തെളിവായിരുന്നു ചാച്ചാ. ഞാന്‍ കണ്ടിട്ടുള്ളവരില്‍ ഏറ്റവും സന്തോഷവാനായ മനുഷ്യനായിരുന്നു ചാച്ചാ. മാസവരുമാനമാകട്ടെ പട്ടാളക്കാരനെന്ന നിലയില്‍ എനിക്കു ലഭിച്ചിരുന്നതിന്റെ പത്തിലൊന്നും. ഡല്‍ഹിയില്‍ എന്റെ അവസാന ദിനത്തില്‍ താന്‍ ഒരിക്കല്‍ സോപ്പുപൊടിക്കു പകരം മസാല സുഗന്ധവ്യഞ്ജനക്കൂട്ട് ഉപയോഗിച്ച കഥ ചാച്ചാ പറഞ്ഞു. ഞാന്‍ കഥ കേട്ടു ചിരിച്ചപ്പോള്‍ എന്റെ തോളില്‍പ്പിടിച്ച് ചാച്ചാ പറഞ്ഞു: ‘ നിന്നില്‍ വേദനയുണ്ട്. നീ സങ്കടത്തോടെയാണ് ചിരിക്കുന്നത്. അടുത്ത തവണ നാം കാണുമ്പോള്‍ സന്തോഷവാനായിരിക്കണം. ശരി?’ ഞാന്‍ തല കുലുക്കി, ‘ ശരി, ചാച്ചാ.’

വടക്കന്‍ പട്ടണമായ ഋഷികേശിലേക്കുള്ള വഴിയില്‍ എന്റെ യാത്ര തടസപ്പെട്ടു. റയില്‍വേ ക്രോസിങ്ങില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ ബസിനു കടന്നുപോകാനുള്ള വഴിയടച്ചതായിരുന്നു കാരണം. ഡ്രൈവറോടു തര്‍ക്കിക്കുകയോ ഖിന്നരാകുകയോ ചെയ്യാതെ യാത്രക്കാര്‍ ബസില്‍നിന്നിറങ്ങി വഴിയരികില്‍ ഇരിപ്പായി. ചായ ഉണ്ടാക്കി യാത്ര തുടരാന്‍ കാത്തിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ് മടുപ്പിനു പകരം സന്തോഷം സമ്മാനിച്ചു. സൂര്യന്‍ താഴ്ന്നുതുടങ്ങിയതോടെ കുടുംബങ്ങളും സുഹൃദ്‌സംഘങ്ങളും അപരിചിതരും ഒരുപോലെയായി. സംസാരിച്ചും ഭക്ഷണം കഴിച്ചും പരസ്പരം തലകുലുക്കിയും. ഇത്തരമൊരു കാത്തിരിപ്പ് എന്റെ നാട്ടില്‍ എത്ര അസ്വസ്ഥതയുണ്ടാക്കുമായിരുന്നു എന്ന് ഞാന്‍ ആലോചിച്ചു. സമയം പാഴാക്കുക എന്നത് ഞങ്ങള്‍ക്ക് ചിന്തിക്കാനാകില്ല. എങ്കിലും സമയത്തിന് തീരെ വിലകല്‍പിക്കാത്തൊരു സ്ഥലത്ത് അത് അമൂല്യമായിത്തീരുന്നു. പുലര്‍ച്ചയോടെ ഞങ്ങള്‍ ഋഷികേശിലെത്തി. തെരുവുനായ്ക്കളും പക്ഷികളും ഉണരുന്നതേയുണ്ടായിരുന്നുള്ളൂ. ചോറും കറിയുമടങ്ങുന്ന ഭക്ഷണം വയറുനിറയെ കഴിച്ചിട്ടും എനിക്കു തീരെ ഭാരമില്ലെന്നു തോന്നി.

ആഴ്ചകള്‍ക്കുശേഷം ഒരു നദീതീരത്തുകൂടി നടക്കുമ്പോള്‍ ഞാന്‍ ഒരു സംഘം കുട്ടികളുടെ കളിയില്‍ചേര്‍ന്നു. പിരിയുമ്പോള്‍ ഓരോരുത്തര്‍ക്കും ചെറിയ ചോക്കലേറ്റ് ബാര്‍ നല്‍കി. കൂട്ടത്തില്‍ ചെറിയവന്‍ അതു തുറക്കുമ്പോള്‍ പിതാവ് വിദേശത്തുനിന്നുകൊ ണ്ടുവന്നിരുന്ന ചോക്കലേറ്റുകളെ ഞാന്‍ ഓര്‍മിച്ചു. ചെറിയ സമ്മാനങ്ങള്‍ എത്ര സന്തോഷമാണു കൊ ണ്ടുവരുന്നതെന്നും. അല്‍പം ചോക്കലേറ്റ് തിന്നശേഷം ആ കുട്ടി മറ്റുള്ളവര്‍ക്കൊപ്പം ചേരാനായി ഓടി. പോകുന്നതിനിടെ തിരിഞ്ഞുനോക്കി ഇങ്ങനെ പറഞ്ഞു: ധന്യവാദ് (നന്ദി).

ഇത് അങ്ങനെ തുടര്‍ന്നു. ഓരോ സ്ഥലത്തും ഒരു പുതിയ മുഖം, ഒരു പുതിയ കഥ. തന്റെ അമ്മ പഠിപ്പിച്ച പാട്ടുകള്‍ പാടിക്കൊണ്ടിരുന്ന രജസ്വ എന്ന ചെരിപ്പുകുത്തിക്കൊപ്പം ഞാന്‍ ഒരു തെരുവോരത്തിരുന്നു. ഒരു സിനിമ തിയറ്ററില്‍ പോയി അച്ഛനും മകളും ഒരുമിക്കുന്ന കഥ പറയുന്ന സിനിമ കണ്ട് ആര്‍ത്തുവിളിച്ച് ആഹ്ളാദിക്കുന്ന ഇരുനൂറോളം വരുന്ന ജനക്കൂട്ടത്തെ കണ്ടു. ചൂടുള്ള കാലാവസ്ഥയും എരിവുള്ള ഭക്ഷണവും എനിക്കു താങ്ങാമെന്നായി. ഏറെക്കാലമായി ഇല്ലാതിരുന്ന ജീവിക്കാനുള്ള ആഗ്രഹം ഞാന്‍ വീണ്ടെടുത്തു.

മൂന്നു വര്‍ഷത്തോളം ഞാന്‍ തുടര്‍ച്ചയായ അലാം മണിമുഴക്കങ്ങളുടെ പ്രഭാതങ്ങള്‍ കണ്ടിരുന്നു. എപ്പോഴും ഓരോ ദൗത്യങ്ങള്‍ക്കിടയില്‍ എന്ന് വീട്ടിലെത്താനാകും എന്നറിയാതെ അനിശ്ചിതത്വത്തിലായിരുന്നു എന്റെ ജീവിതം. ആ മൂന്നുവര്‍ഷത്തെ ദിവസങ്ങള്‍ എന്റേതായിരുന്നില്ല. ഇപ്പോള്‍ വീണ്ടും എന്റേതായ ദിവസങ്ങള്‍ ഞാന്‍ ഓടക്കുഴല്‍ പഠനത്താലും മന്ത്രോച്ചാരണം നടത്തുന്ന സന്യാസിമാരാലും ഇന്ത്യയാലും നിറയ്ക്കുകയാണ്.

അങ്കിതയും രാജുവും  മക്കളായ ആകാംശു, ലികിത എന്നിവര്‍ക്കൊപ്പം ഹിമാലയത്തിനു വടക്കുള്ള ഒരു കൊച്ചുഗ്രാമത്തിലാണ് താമസം. രാജു പണിതീര്‍ത്തിട്ടുള്ള ഒരു ചെറിയ അതിഥി മുറിയില്‍ ഞാന്‍ ഒരാഴ്ച താമസിച്ചു. ഒരേ കിടക്കയിലുറങ്ങുന്ന ഈ യുവകുടുംബം എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അങ്കിതയുടെയും രാജുവിന്റെയും അടക്കിപ്പിടിച്ച സംസാരവും ശ്രദ്ധനിറഞ്ഞ മുഖങ്ങളും. വലിയ കല്ലുകളും തടിക്കഷണങ്ങളും ശേഖരിക്കുമ്പോള്‍ അങ്കിത ആകാശത്തെ നോക്കിനില്‍ക്കുന്ന രീതി. ആകാംശുവും ലികിതയും സ്‌കൂളില്‍ ധരിക്കുന്ന ചുവന്ന ടൈയും കറപിടിച്ച വെള്ള ഷര്‍ട്ടും. വീട് അല്‍പം മെച്ചപ്പെടുത്താന്‍ അയല്‍ക്കാരനെ സഹായിക്കാന്‍ പോകുമ്പോള്‍ രാജു ധരിച്ചിരുന്ന തേഞ്ഞ ചെരിപ്പുകള്‍.

ആകാംശുവിനൊപ്പം ഞാന്‍ ആദ്യം ക്രിക്കറ്റ് കളിക്കുമ്പോള്‍ കുട്ടികള്‍ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു ണ്ടായിരുന്നു. ഇസ്രയേല്‍ നാഷനല്‍ ബേസ്‌ബോള്‍ ടീം അംഗമായിരുന്നു ഞാന്‍ എന്ന് അവര്‍ക്ക് അറിയുമായിരുന്നില്ല. ബാറ്റ് പന്തില്‍ത്തൊട്ടതോടെ ചിരി നിലച്ചു. ഓറഞ്ചുനിറമുള്ള ചെറിയ ടെന്നിസ് ബോള്‍ കഴുകനെപ്പോലെ ആകാശത്തേക്ക് അപ്രത്യക്ഷമായപ്പോള്‍ കുട്ടികള്‍ വിശ്വാസം വരാതെ നിന്നു. അന്നുരാത്രി ഭക്ഷണസമയത്ത് അച്ഛനമ്മമാരോട് ആകാംശു എന്റെ ബാറ്റിങ്ങിനെപ്പറ്റി ആവേശത്തോടെ വര്‍ണിച്ചു. ‘ബേസ്‌ബോള്‍, അദ്ദേഹം ബേസ്‌ബോള്‍ കളിക്കും.’

അടുത്ത ഏതാനും ദിവസങ്ങള്‍ ഞാന്‍ ഒറ്റയ്ക്ക് മല കയറിയും സ്ഥലം കണ്ടും ചെലവിട്ടു. മലകയറ്റത്തിനിടെ ഒരിക്കല്‍ പുല്ലുനിറഞ്ഞ മലഞ്ചെരുവില്‍ ഞാന്‍ ഭക്ഷണം കഴിക്കാനിരിക്കെ പെട്ടെന്ന് ചാറ്റല്‍ മഴ തുടങ്ങി. പിന്നീട് മഴ കനത്തു. എന്റെ ചിരിയിലെ ദുഃഖം, മനസുനിറച്ചിരുന്ന സങ്കടക്കടല്‍, പെട്ടെന്ന് പെയ്‌തൊഴിയുന്നതായി എനിക്കു തോന്നി. ഞാന്‍ വഹിച്ചിരുന്ന ഭാരം ഇല്ലാതായി. എല്ലാം എനിക്കു വ്യക്തമായി കാണാനായി: ഒരു പട്ടാളക്കാരന്‍, യഥാര്‍ത്ഥത്തില്‍ പട്ടാളയൂണിഫോമിട്ട ഒരു കുട്ടി മാത്രമായി എനിക്കരികിലിരുന്നു; കണ്ണുനീരോടെ. കത്തിയെരിയുന്ന ഒരു പട്ടണം. ബോംബ് ഷെല്‍ട്ടറില്‍ ഭീതിയോടെയിരിക്കുന്ന വേനല്‍ക്കാല ക്യാംപ് കുട്ടികള്‍. ചെറിയൊരു ടാങ്കില്‍ സാബത്ത് ആചരിക്കുന്ന നാലു മനുഷ്യര്‍. ഫോണില്‍ അമ്മയുടെ വിറയ്ക്കുന്ന ശബ്ദം. എല്ലാം ഞാന്‍ ക ണ്ടു. അവയെ എന്റെ ഭാഗമായി അംഗീകരിച്ചു. മഴ എന്റെ ഉള്ളിലെ നീറ്റല്‍ കഴുകിക്കളഞ്ഞു.

അടുത്ത പ്രഭാതത്തില്‍ കുട്ടികളുടെ ചിരി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ജനാലയിലൂടെ താഴ്‌വാരത്തിലേക്കു നോക്കുമ്പോള്‍ മനസില്‍ ഒന്നുമു ണ്ടായിരുന്നില്ല; ഒന്നും.

ഇന്ത്യ വിടുന്നതിന് ഏതാനും ദിവസം മുന്‍പ് ഞാന്‍ ചാച്ചായെ കാണാനെത്തി. ഞാന്‍ അദ്ദേഹത്തെ കണ്ടിട്ട് മാസങ്ങളായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായതുപോലെ തോന്നി. ഞാന്‍ അവസാനം കണ്ട അതേ സ്ഥലത്ത് പുകയില ചവച്ച് ആരെയോ ചിരിപ്പിച്ച് ഇരിക്കുകയായിരുന്നു ചാച്ചാ. എന്നെ കണ്ടപ്പോള്‍ തലകുലുക്കി ചിരിച്ചു, ‘ സുഹൃത്തേ, നിങ്ങള്‍ തിരികെ വന്നോ?’

അതേയെന്നു ഞാന്‍ മറുപടി പറഞ്ഞു.

‘എത്ര മനോഹരമായ ചിരിയാണ് നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്നു നോക്കൂ.’

‘കാസ്റ്റ്എവേ’യിലെ ടോം ഹാങ്ക്‌സിനെ അനുസ്മരിപ്പിക്കുംവിധം ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ സ്‌നേഹം പൊതിയാന്‍ കാത്തിരിക്കുന്നു ണ്ടായിരുന്നു. ഒരിക്കല്‍ക്കൂടി യാത്ര എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യം വന്നു. ഇത്തവണ സൗഹൃദത്തിന്റെയും സൗന്ദര്യത്തിന്റെയും കരുണയുടെയും പുഞ്ചിരിയുടെയും സ്‌നേഹത്തിന്റെയും ഊഷ്മളസ്മരണകള്‍ എന്റെ മനസില്‍ ഇരമ്പിവന്നു.

ഞാന്‍ ചാച്ചായെപ്പോലെ ചിരിച്ചു. തലയിളക്കിപ്പറഞ്ഞു: ‘നന്നായിരുന്നു.’ 

കടപ്പാട്: http://www.timesofisrael.com/ 

This post was last modified on July 3, 2016 9:29 am

Related Post
Leave a Comment