X

ചെങ്കൊടി കത്തിക്കില്ല, ഇനി കത്തിക്കുന്നത് എന്നെത്തന്നെ: കമല്‍ സി ചവറ

ഫേസ്ബുക്ക് പേജിലൂടെയാണ് കമല്‍ ആത്മഹത്യ ഭീഷണി മുഴക്കിയിരിക്കുന്നത്

ഇനി കത്തിക്കുന്നത് തന്നെ തന്നെയായിരിക്കുമെന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറ. കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ വിവാദ നോവലായ ശ്മശാനങ്ങളുടെ നോട്ടുപുസ്തകത്തിന്റെ കോപ്പികള്‍ പൊതുജന മധ്യത്തില്‍ കത്തിച്ചിരുന്നു.

ഇന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കമല്‍ ആത്മഹത്യ ഭീഷണി മുഴക്കിയിരിക്കുന്നത്. കാലഹരണപ്പെട്ട് പോയ്‌ക്കൊണ്ടിരിക്കുന്ന ഒരു ഫാസിസ്റ്റ് ചെങ്കൊടി കത്തി തീരേണ്ടത് തന്നെയാണെന്ന് പറയുന്ന കമല്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്. താന്‍ കത്തിക്കണമെന്ന് പറഞ്ഞത് ലോകത്തുള്ള മുഴുവന്‍ ചെങ്കൊടിയുമല്ലെന്നും കാവി ഛായ വന്ന നമ്മുടെ ചെങ്കൊടിയാണെന്നും കമല്‍ പറയുന്നു.

അതേസമയം താന്‍ ഇനി കത്തിക്കുന്നത് കൊടി ആയിരിക്കില്ലെന്നും തന്നെ തന്നെയായിരിക്കുമെന്നും കമല്‍ മുന്നറിയിപ്പ് നല്‍കുന്നു. ചവറയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ഏറെ യാതനകള്‍ സഹിച്ച അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അത് ചെയ്യുമെന്നാണ് കമലിന്റെ ഭീഷണി.

നോവലില്‍ ദേശീയഗാനത്തെ അപമാനിക്കുന്ന ഭാഗമുണ്ടെന്ന് ആരോപിച്ചാണ് കമലിനെതിരെ പോലീസ് കേസെടുത്തത്. പിന്നീട് കുറ്റവിമുക്തനാക്കിയെങ്കിലും വധഭീഷണിയും പോലീസ് പീഡനവും മൂലം താന്‍ പുസ്തകം പിന്‍വലിക്കുന്നെന്ന് പ്രഖ്യാപിച്ച കമല്‍ ഇന്നലെ കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് പുസ്തകം കത്തിക്കുകയും ചെയ്തു.

This post was last modified on January 15, 2017 5:14 pm

Related Post
Leave a Comment