X

മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രതികരിക്കുന്നു: കുറ്റമെന്തെന്ന് പോലും പറഞ്ഞിട്ടില്ല, പ്രവര്‍ത്തിച്ചത് നിയമാനുസരണം

പ്രധാനമന്ത്രിയുള്‍പ്പെടെ പ്രത്യേക സുരക്ഷ ആവശ്യമുള്ളവരുടെ കാര്യത്തില്‍ പാലിക്കണ്ട ഉത്തരവാദിത്തം കാണിച്ചില്ലെന്നായിരുന്നു മൊഹ്‌സിനെതിരായ ആക്ഷേപം

നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതിനാണ് തനിക്കെതിരെ ശിക്ഷാ വിധി കൈക്കൊണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് മൊഹ്‌സിന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നും ഇതിനാണ് നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഒഡീഷയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നതിന്റെ പേരിലാണ് കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണല്‍ ഇടപെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

ദേശീയ തലത്തില്‍ വിവാദമായ സംഭവത്തെക്കുറിച്ച് ഇതാദ്യമായാണ് മൊഹ്‌സിന്‍ പ്രതികരിക്കുന്നത്. ഈ മാസം ഏപ്രില്‍ 16 നായിരുന്നു വിവാദമായ സംഭവം. ഒഡീഷയിലെ സാമ്പല്‍പൂര്‍ മണ്ഡലത്തിലെ നിരീക്ഷകനായിരുന്നു മൊഹ്‌സീന്‍.

തനിക്കെതിരെ ശിക്ഷാ നടപടിയെടുത്തുവെങ്കിലും എന്ത് തെറ്റാണ് ചെയ്തതെന്നതിനെ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് മുഹമ്മദ് മൊഹ്‌സിന്‍ ആരോപിച്ചു.

പ്രത്യേക സുരക്ഷയുള്ള നേതാക്കളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നായിരുന്നു മൊഹ്‌സിനെതിരായ ആക്ഷേപം. എന്നാല്‍ ഈ ആരോപണം അദ്ദേഹം നിഷേധിച്ചു. വിവാദ സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഫലപ്രദമായ രീതിയില്‍ വീഡിയോ ടീമിനെ വിന്യസിക്കുകയെന്നതാണ് നിരീക്ഷകരുടെ പ്രധാന ദൗത്യം. അതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കയതിന് ശേഷം സംഭവസ്ഥലത്തുനിന്ന് മാറിയെന്ന് അദ്ദേഹം പറയുന്നു. പിന്നീടാണ് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിക്കാന് നിര്‍ദ്ദേശമുണ്ടായിരുന്നുവോ എന്ന് അന്വേഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് സന്ദേശം ഉണ്ടായത്. ഇതിന് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ ഉച്ചയോടെ തന്നെ സസ്‌പെന്‍ഷന്‍ ഉത്തരവ് ലഭിക്കുകയാണ് ഉണ്ടായതെന്നും മൊഹ്‌സീന്‍ പറയുന്നു.

ഇതേതുടര്‍ന്നാണ് മൊഹ്‌സിന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് കിട്ടുന്നത് വരെ സസ്‌പെന്‍ഷന്‍ മരവിപ്പിക്കാനും ട്രൈബ്യൂണല്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്നാണ് മൊഹ്‌സീനെതിരായ നടപടി കമ്മീഷന്‍ പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളാന്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതുമായി ബന്ധപ്പെട്ട് ഇനിയും നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on April 27, 2019 9:43 am

Related Post
Leave a Comment