X

വീട്ടുകാരെ നോക്കലും ജോലിയും ഒരുമിച്ച് നടക്കില്ല; ജപ്പാനിലെ സ്ത്രീകള്‍ തൊഴില്‍രഹിതരാകുമ്പോള്‍

യോഷിയാകി നോഹാര
(ബ്ലൂംബര്‍ഗ്)

ബിസിനസ് സിസ്റ്റംസ് കണ്‍സള്‍ട്ടന്റ് ആയിരുന്നപ്പോള്‍ പാതിരാത്രി കഴിഞ്ഞും ന്യൂഇയര്‍ രാത്രിയിലും മറ്റവധി ദിവസങ്ങളിലും ജോലി ചെയ്തിരുന്നത് ഹിരോമി നകാസാകി ഓര്‍ക്കുന്നു. കഴിഞ്ഞ വേനലില്‍ കരിയറിന്റെ ഉന്നതികളില്‍ നില്‍ക്കുമ്പോള്‍ അവര്‍ ജോലി രാജിവച്ചു. ടോക്യോയില്‍ സോഫ്റ്റ്‌വെയര്‍ വ്യവസായത്തില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്ന നകാസാകി 670 കിലോമീറ്റര്‍ ദൂരെ ജീവിക്കുന്ന വൃദ്ധയായ അമ്മയെ പരിചരിക്കാനായാണ് ജോലിയുപേക്ഷിച്ചത്. ‘അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുന്നതുവരെ കാത്തിരിക്കാന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു’, അമ്പത്തഞ്ചുകാരിയായ നകാസാകി പറഞ്ഞു. ‘അമ്മയോടൊപ്പം താമസിച്ച് അമ്മ ജീവിക്കുവോളം അവരെ സഹായിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.’

പുരുഷകേന്ദ്രീകൃതമായ ഒരു ബിസിനസ് ലോകത്തില്‍ വിജയകരമായി പിടിച്ചുനിന്ന പല സ്ത്രീകള്‍ക്കും നേരിടേണ്ടിവരുന്ന ഒരു പ്രശ്‌നമാണിത്. അച്ഛനമ്മമാരോ മറ്റു ബന്ധുക്കളോ വയസായാല്‍ ഇതാണ് പലരുടെയും അവസ്ഥ. പ്രധാനമന്ത്രി ഷിന്‍സോ ആബെ കൂടുതല്‍ സ്ത്രീകള്‍ ജോലിക്ക് വേണമെന്നൊക്കെ ആഹ്വാനം നടത്തിയെങ്കിലും മുതിര്‍ന്നവരെ പരിപാലിക്കുക എന്ന പരമ്പരാഗത ഉത്തരവാദിത്തത്തില്‍ നിന്ന് സ്ത്രീകളെ മുക്തരാക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല. ‘സ്ത്രീകള്‍ നന്നായി ജോലി ചെയ്യണമെന്ന് സര്‍ക്കാരിനുണ്ടെങ്കിലും അതോടൊപ്പം മാതാപിതാക്കളെ പരിചരിക്കുക എന്നൊരു ഉത്തരവാദിത്തം കൂടി ഏറ്റെടുക്കാന്‍ അവര്‍ക്ക് പറ്റില്ല’, മിറ്റ്‌സുബിഷി യു എഫ്‌ ജെ റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് കമ്പനിയില്‍ റിസര്‍ച്ച് അനലിസ്റ്റ് ആയ യോക്കോ യാജിമ പറയുന്നു. ‘ജോലിയും മുതിര്‍ന്നവരെ സംരക്ഷിക്കലും ഒന്നിച്ചുകൊണ്ടുപോകുന്നവര്‍ അവസാനം ചര്‍ച്ചകളില്‍ എത്തിയിരിക്കുന്നു.’ 

എന്നാല്‍ സംഗതികള്‍ അത്ര സുഖകരമല്ല. ജപ്പാന്‍ അതിവേഗം മുതിരുന്ന ഒരു രാജ്യമാണ്. അടുത്ത പത്തുവര്‍ഷത്തില്‍ 2.6 മില്യണ്‍ പെന്‍ഷന്‍കാരാണ് ഉണ്ടാകാന്‍ പോകുന്നത്. യുവാക്കളും വൃദ്ധരും തമ്മിലുള്ള അനുപാതം ഏറിവരികയുമാണ്. കുടിയേറ്റ നയങ്ങളിലെ പ്രശ്‌നങ്ങള്‍ കെയര്‍ ജോലിക്കാരിലും ഹോം കെയര്‍ സര്‍വീസുകളിലും കുറവുണ്ട്. സ്ത്രീകള്‍ വൈകി വിവാഹിതരാകുന്നു, കുട്ടികളെ സംരക്ഷിക്കലും മുതിര്‍ന്നവരെ സംരക്ഷിക്കലും തമ്മിലുള്ള സമയം കുറയുന്നു. 2012-നു മുമ്പുള്ള അഞ്ച് വര്‍ഷത്തിനിടെ മുതിര്‍ന്ന കുടുംബാംഗങ്ങളെ ശുശ്രൂഷിക്കുന്നതിനായി 4,86,900 ജാപ്പനീസുകാരാണ് ജോലികള്‍ ഉപേക്ഷിക്കുകയോ മാറുകയോ ചെയ്ത്. അതില്‍ ഏതാണ്ട് എണ്‍പതുശതമാനവും സ്ത്രീകളായിരുന്നു.  ‘ജപ്പാന്‍ എപ്പോഴും ഒരു പുരുഷസമൂഹമായിരുന്നു, ഇപ്പോഴും പുരുഷന്‍മാരാണ് ശരാശരി കൂടുതല്‍ പണം സമ്പാദിക്കുന്നത്. അതുകൊണ്ട് സ്ത്രീകള്‍ കുടുംബ സംരക്ഷണം ഏറ്റെടുക്കുന്നു.’ ടോക്കിയോ മരീന്‍ നിഷിടോ ബെറ്റര്‍ ലൈഫ് സര്‍വീസില്‍ മുതിര്‍ന്നവരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയ റീക്കോ ഇഷിയാമ പറയുന്നു. ‘സ്ത്രീകള്‍ വീട്ടുജോലികള്‍ ചെയ്യുക എന്നത് ജാപ്പനീസ് സംസ്‌കാരത്തിന്റെ ഭാഗമാണ്.’

ജോലിയുള്ള സ്ത്രീകളുടെ ശതമാനം 2014-ല്‍ 63.6 ശതമാനമെന്ന റെക്കോഡിലെത്തിയെങ്കിലും പുരുഷന്‍മാരുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശമ്പളം 72 ശതമാനം മാത്രമേയുള്ളൂ. ആബെ പറഞ്ഞത് ‘സ്ത്രീകള്‍ തിളങ്ങുന്ന ഒരു സമൂഹമാകണം ജപ്പാന്‍ എന്നാണ്. ‘2020 ഓടെ സ്ത്രീകള്‍ 30 ശതമാനം മാനേജ്‌മെന്റ് റോളുകളില്‍ എത്തിക്കാണണമെന്ന് ആബെ പറയുന്നു. ‘അയാക്കെങ്ങനെ അത് പറയാന്‍ കഴിയും?’ നകാസാകി പറയുന്നു. ‘നല്ല തമാശ.’ അവിവാഹിതയായ ഒരു മാനേജര്‍ എന്ന നിലയില്‍ ദീര്‍ഘ നേരം ജോലി ചെയ്‌തേശഷം പാതിരാ ട്രെയിനിലാണ് അവര്‍ മിക്കവാറും തിരികെപ്പോയിരുന്നത്. നല്ല ശമ്പളമുണ്ടായിരുന്നെങ്കിലും അമ്മയെ ഏല്‍പ്പിക്കാന്‍ വിശ്വസനീയമായ ഒരു നഴ്‌സിംഗ് ഹോം കണ്ടെത്താനാകുമെന്നു അവര്‍ക്ക് തോന്നിയില്ല. സാമൂഹ്യ ക്ഷേമ ചെലവുകള്‍ കുറയ്ക്കാനായി സര്‍ക്കാര്‍ നഴ്‌സിംഗ് ഹോമുകള്‍ക്കുവേണ്ടി ചെവഴിച്ചിരുന്ന പണം ഈ വര്‍ഷം വെട്ടിക്കുറച്ചതോടെ പല മുതിര്‍ന്നവരും വീടുകളില്‍ തന്നെയാണ് പരിചരിക്കപ്പെടുന്നത് സ്ത്രീകള്‍ ജോലിയില്‍ തുടരുന്നതിനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ പ്രധാനമായും കുട്ടികളെ സംരക്ഷിക്കലിനെ കേന്ദ്രീകരിച്ചായിരുന്നു. ‘ജോലി സ്ഥലത്തിനു വെളിയിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കേണ്ടതുണ്ട്’, ബ്ലൂംബര്‍ഗ് വ്യൂവിലെ ഓപ്പെഡ് കോളത്തില്‍ ആബെ പറഞ്ഞു. ‘അതുകൊണ്ടാണ് ശിശുസംരക്ഷണകേന്ദ്രങ്ങളിലെ കുട്ടികളുടെ എണ്ണം 200,000 ആയി ഉയര്‍ത്തിയതും കുട്ടികളെ സംരക്ഷിക്കാന്‍ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതും’ 

മാര്‍ച്ച് 2014-ല്‍ 524,000 ജാപ്പനീസ് മുതിര്‍ന്നവര്‍ നഴ്‌സിംഗ് ഹോമുകളുടെ വെയിറ്റിംഗ് ലിസ്റ്റിലുണ്ടായിരുന്നു. ഇത് അഞ്ച് വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 24 ശതമാനം കൂടുതലാണെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. മിത്‌സുബിഷിയുടെ യാജിമ പറയുന്നത് ആളുകള്‍ കുടുംബ ആവശ്യങ്ങളെപ്പറ്റി ഒന്നും പറയാതെ ജോലി ഉപേക്ഷിക്കുകയാണ് എന്നാണ്. പറഞ്ഞതുകൊണ്ട് പ്രയോജനമില്ലെന്ന് അവര്‍ കരുതുന്നതുകൊണ്ടാണ് ഇത്. മുതിര്‍ന്നവരുടെ സംരക്ഷണത്തിന് വേണ്ടി സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന് ഒരു പരിധിയുണ്ടെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഡപ്യൂട്ടി ഡയറക്ടറായ മായുകോ നകായി പറയുന്നത്. ‘കുടുംബത്തെ സംരക്ഷിച്ചുകൊണ്ട് ജോലി തുടരാന്‍ കഴിയുന്ന തരം തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്.’ ആബെയുടെ ഭരണത്തിന്‍ കീഴില്‍ പൊതുകടം ഇല്ലാതാക്കാനും ശമ്പളം കൂട്ടാനും സാമ്പത്തികവളര്‍ച്ചയുയര്‍ത്താനും ശ്രമങ്ങള്‍ നടക്കുമ്പോഴും സ്വകാര്യകമ്പനികളായ മാരുബെനി കോര്‍പ്പും ഗോള്‍ഡ്മാന്‍ സാക്‌സും സ്ത്രീ ജോലിക്കാര്‍ പൊഴിഞ്ഞുപോകുന്നത് തടയാന്‍ ശ്രമങ്ങള്‍ നടത്തുന്നു. 

2011-ല്‍ മാരുബെനി നടത്തിയ സര്‍വേ പ്രകാരം 40-കളിലും 50-കളിലും ഉള്ള 11 ശതമാനം ആളുകളും കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നവരാണെന്നും 84 ശതമാനം ആളുകളും വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ അവസ്ഥയിലെത്തുമെന്നും അവര്‍ കണ്ടെത്തി. കമ്പനി ശമ്പള അവധികളും ശമ്പളമില്ലാതെ ഒരു വര്‍ഷം വരെയുള്ള അവധിയും ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. ‘മുതിര്‍ന്നവരെ സംരക്ഷിക്കുന്നത് ഒരുപാട് സമയം വേണ്ട ജോലിയാണ്. നിങ്ങള്‍ ജോലി ഉപേക്ഷിച്ചാല്‍ തിരികെ ജോലിയിലെത്താറാകുമ്പോള്‍, ശരാശരി 65 വയസിലൊക്കെ, തിരികെ ജോലിയിലെടുത്തെന്നു വരില്ല.’ മാരുബെനിയിലെ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് ജനറല്‍ മാനേജരായ റീ കൊനോമി പറയുന്നു. ‘നമ്മുടെ ജോലിക്കാര്‍ ജോലിയും കുടുംബ സംരക്ഷണവും ഒരുമിച്ചുകൊണ്ടുപോകണം എന്നാണു ഞങ്ങളുടെ ആഗ്രഹം. അവര്‍ തുടരണം, അവരുടെ പ്രവര്‍ത്തിപരിചയം ഞങ്ങള്‍ക്ക് വേണം.’ ജനുവരിയില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് നിലവിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ 100 മണിക്കൂര്‍ അധിക സംരക്ഷണം തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്നു. ‘ഇത് എല്ലാവരെയും സഹായിക്കുമെങ്കിലും കുടുംബ ഉത്തരവാദിത്തങ്ങള്‍ കൂടുതലായി സ്ത്രീകളെയാണ് ബാധിക്കുക’, ഗോള്‍ഡ്മാന്റെ ടോക്യോയിലെ എച്ച് ആര്‍ തലവനായ ഗാരി ചാന്‍ഡലര്‍ പറയുന്നു.

സംരക്ഷണമുള്ളപ്പോഴും സാംസ്‌കാരികഘടകങ്ങള്‍ സ്ത്രീകള്‍ക്ക് ജോലി തുടരല്‍ ബുദ്ധിമുട്ടാകുന്നു. ജപ്പാനില്‍ മാതാപിതാക്കളെ നോക്കുന്നത് മൂത്തമകന്റെ ഭാര്യയുടെ ഉത്തരവാദിത്തമാണ്. രണ്ടു കുട്ടികളെ വളര്‍ത്തുന്നതോടൊപ്പം പന്ത്രണ്ടു വര്‍ഷം സ്‌ട്രോക്ക് വന്നുകിടപ്പിലായ അമ്മായിഅച്ഛനെ നോക്കിയ യുകാ മാറ്റ്സുവോക്കയുടെ കഥ ഇങ്ങനെയാണ്. ഒരു സ്വകാര്യ നഴ്‌സിനെ വയ്ക്കല്‍ കുടുംബപ്പേരിനു കേടായത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്. ഓര്‍മ്മക്കുറവ് ബാധിച്ച അമ്മായി അച്ഛന്‍ മിക്കപ്പോഴും അവരെ ചീത്തവിളിക്കുകയോ ഇറങ്ങി വഴിയിലൂടെ നടക്കുകയോ ഒക്കെ ചെയ്തിരുന്നു. കഠിനമായ പിരിമുറുക്കത്തില്‍ നിന്ന് അവര്‍ക്ക് വയറുവേദനകളുണ്ടാവുകയും പലതവണ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവരികയും ചെയ്തിരുന്നു. ‘എന്റെ ജീവിതത്തിന്റെ വിലതന്നെ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. കാരണം ഞാന്‍ ആകെ സംസാരിച്ചിരുന്നത് കുഞ്ഞുങ്ങളോടോ ഓര്‍മ്മക്കുറവുള്ള അമ്മായിഅച്ഛനോടോ ആയിരുന്നു’, നാല്‍പ്പത്തിനാലുകാരി മാറ്റ്‌സുവോക്ക പറയുന്നു. ‘ഞങ്ങള്‍ ലോകത്തില്‍ തനിച്ചായത് പോലെ തോന്നിയിരുന്നു.’ ഇതുകൊണ്ടു അവര്‍ക്ക് അല്‍പ്പസമയം മാത്രമാണ് ജോലിചെയ്യാന്‍ കഴിഞ്ഞത്. 

ജപ്പാനില്‍ കൂടുതല്‍ നീണ്ട ജോലിസമയങ്ങളുള്ളതും ജോലിയും കുടുംബവും ഒരുമിച്ചുകൊണ്ടുപോകാന്‍ പ്രയാസമുണ്ടാക്കുന്നു. 2.4 മില്യന്‍ ജോലിക്കാരുള്ളതില്‍ 16 പതിനാറു ശതമാനം മാത്രമാണ് കുടുംബാംഗങ്ങളെ സംരക്ഷിക്കാനായി നിയമം അനുശാസിക്കുന്ന ടൈം ഓഫ്, ശമ്പളഅവധി, കുറഞ്ഞ ജോലിസമയം എന്നിവ ഉപയോഗപ്പെടുത്തുന്നുള്ളൂ എന്നാണു സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ പറയുന്നത്. മാരുബെനിയില്‍ 4,289 ജോലിക്കാരില്‍ ആരും തന്നെ കുടുംബം സംരക്ഷിക്കാനായി കഴിഞ്ഞ വര്‍ഷം ഒരു ലീവ് പോലും എടുത്തില്ല. ശമ്പളമുള്ള അവധിയുടെ പാതിമാത്രമാണ് അവര്‍ ഉപയോഗപ്പെടുത്തിയതും. 2013-ല്‍ അമ്മയ്ക്ക് അസുഖമായപ്പോള്‍ മാക്കിക്കോ സോനേ അവരുടെ തൊഴില്‍ദാതാവിനെ സമീപിച്ചു. ക്യോടോ സീഹാന്‍ പ്രിന്റിംഗ് കമ്പനിയില്‍ നൂറില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ അവര്‍ക്കുവേണ്ടി വീട്ടില്‍നിന്ന് ജോലി തുടരാവുന്ന ഒരു സംവിധാനം ഉണ്ടാക്കി. ഡിറ്റിപി ഓപ്പറേറ്ററായി അവര്‍ക്ക് തുടരാന്‍ കഴിഞ്ഞുവെങ്കിലും മാനേജര്‍ സ്ഥാനം നഷ്ടമായി. തിരികെ വരുമ്പോള്‍ പഴയ ജോലി തിരിച്ചുകിട്ടുമെന്നാണ് 53-കാരിയായ സോനേയോട് കമ്പനി പറഞ്ഞിരിക്കുന്നത്.

‘അവരുടെ കഴിവ് നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല’, കമ്പനിയിലെ സീനിയര്‍ മാനേജരായ സീജി അസുമ പറയുന്നു. ‘മുതിര്‍ന്നയാളുകളുടെ എണ്ണം കൂടുന്നതോടെ തൊഴിലാളികളെ നിലനിര്‍ത്തല്‍ ഒരു പ്രതിസന്ധിയായി മാറിയിട്ടുണ്ട്.’  അച്ഛന്റെ മരണവുമായി അനുബന്ധിച്ച അനുഭവമാണ് സ്ഥിരവരുമാനമുണ്ടായിരുന്ന ജോലി വെടിയാന്‍ നകാസാകിയെ പ്രേരിപ്പിച്ചത്. ശ്വാസകോശ കാന്‍സറുമായി ആശുപത്രിയിലാക്കി ഒരാഴ്ച്ചയ്ക്കുള്ളില്‍ അദ്ദേഹം മരിച്ചെങ്കിലും അവസാനവാക്കുകള്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് കൂടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. അമ്മയ്ക്കും ഇത് തന്നെ സംഭവിക്കാന്‍ അവര്‍ക്ക് ആഗ്രഹമില്ല. അമ്മയുടെ കൈകള്‍ ഒരു കുപ്പിയുടെ അടപ്പ് തുറക്കാന്‍ കഴിയാതെ, കാലുകള്‍ മുകള്‍ നിലയിലേയ്ക്ക് കയറ്റാന്‍ കഴിയാതെ അശക്തമാണ്. ഇപ്പോള്‍ മാസത്തിലൊരിക്കല്‍ ഫ്രീലാന്‍സ് ബിസിനസ് കണ്‍സള്‍ട്ടന്റ് ആയി നകാസാകി ടോക്യോയിലെത്തുന്നു. ‘അവനവനില്‍ വിശ്വസിച്ചാല്‍ മാത്രമേ അടുത്ത നടപടി എടുക്കാനാകൂ’, അവര്‍ പറയുന്നു. ‘ഒരു ജോലിയുണ്ടെങ്കില്‍ എനിക്ക് അത് ചെയ്ത് തീര്‍ക്കാനുള്ള കഴിവുമുണ്ട്.’

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on July 3, 2015 7:47 am