X

മോസ്റ്റ് വാണ്ടഡ് ക്രിമിനലിനെ പ്രണയിച്ചു വിവാഹം കഴിച്ച വനിത കോണ്‍സ്റ്റബളിന് ജോലി പോയി

ബിഹാറിലാണ് സംഭവം

പ്രണയം അന്ധമാണെന്ന് പറയാറുണ്ട്. ചിലപ്പോള്‍ അത് യാതൊരു യുക്തിയുമില്ലാതെ പ്രവര്‍ത്തിക്കാറുമുണ്ട്. അതിനൊത്ത ധാരാളം കഥകള്‍ കേട്ടിട്ടുമുണ്ട്. എന്നാല്‍ ബിഹാറില്‍ നിന്നുള്ള ഈ പ്രണയവാര്‍ത്ത കുറച്ച് വ്യത്യസ്തമാണ്. മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ ആയ വ്യക്തിയെ പ്രണയിച്ചതും വിവാഹം കഴിച്ചതും ഒരു പൊലീസ് കോണ്‍സ്റ്റബിളാണ്. അതിന്റെ പരിണതഫലമെന്നോണം പൊലീസുകാരിക്ക് ജോലി നഷ്ടമായി.

ദക്ഷിണ ബിഹാറിലെ സിതാമര്‍ഹിയിലെ വനിത പൊലീസ് സ്റ്റേഷനില്‍ സായുധവിഭാഗത്തിലായിരുന്നു പ്രീതി കുമാരി ജോലി ചെയ്തിരുന്നത്. ഇവിടെ ജോലി ചെയ്തു വരുന്നതിനിടയിലാണ് കഴിഞ്ഞ വര്‍ഷം മിത്തു ഷായെ പ്രീതി കണ്ടു മുട്ടുന്നത്. പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ക്രിമിനലായിരുന്നു മിത്തു. പക്ഷേ അതൊന്നും പ്രീതിയുടെ പ്രണയത്തിനു തടസമായില്ല. പ്രണയം മാത്രമല്ല മിത്തുവിനെ വിവാഹം കഴിക്കാനും പ്രീതി തിരുമാനിച്ചു.

എന്നാല്‍ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ഒരു ക്രിമിനലിനെ പ്രണയിച്ചതും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്നതുമായ വാര്‍ത്ത കാട്ടുതീപോലെയാണ് പടര്‍ന്നത്. ഈ വാര്‍ത്തയുടെ സ്ഥിരീകരണത്തിനായി സിതമര്‍ഹി എസ് പി ഒരു അന്വേഷണത്തിന് ഉത്തരവിട്ടു.

എസ്പിയുടെ ഒഎസ്ഡി(ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി) ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കിയതോടെ പ്രീതിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് എസ് പി ഉത്തരവിറക്കി. പിന്നീട് ഇവരെ ഭഗല്‍പൂരിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.

എന്നാല്‍ ഈ സംഭവത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രീതി രഹസ്യസ്വഭാവമുള്ള പല വിവരങ്ങളും മിത്തുവുമായി പങ്കുവച്ചതായി കണ്ടെത്തി. പ്രീതിയുടെ ഈ പ്രവര്‍ത്തി പൊലീസ് സംവിധാനത്തില്‍ പൊതുജനത്തിനുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. മുഴുവന്‍ പൊലീസ് സേനയേയും കളങ്കപ്പെടുത്തുന്നതുമായി അവരുടെ പ്രവര്‍ത്തി; ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭഗല്‍പൂരില്‍ ചാര്‍ജ് എടുത്തെങ്കിലും പ്രീതിക്കെതിരേയുള്ള വകുപ്പ് തല നടപടികള്‍ ഈ സമയത്തും തുടരുന്നുണ്ടായിരുന്നു. തുടര്‍ന്ന് ജോലി നഷ്ടപ്പെടാതിരിക്കാന്‍ കാരണം കാണിക്കാന്‍ പ്രീതിക്ക് നോട്ടീസ് അയച്ചു. എന്നാല്‍ പ്രീതി നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് അധികൃതര്‍ പറഞ്ഞു. ജൂണ്‍ ഒമ്പതിന് പ്രീതിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് സിതമര്‍ഹി എസ്പി റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് പ്രീതിയെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തുള്ള ഉത്തരവ് ഭഗല്‍പൂര്‍ എസ് പിക്ക് അയച്ചു. ജൂണ്‍ 13 ന് പ്രീതിയെ പൊലീസ് സേനയില്‍ നിന്നും നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവ് ഭഗല്‍പൂര്‍ എസ് പി പുറപ്പെടുവിച്ചതോടെ പ്രണയകഥയ്ക്ക് ഒരു ആന്റി-ക്ലൈമാക്‌സ് സംഭവിച്ചു.

This post was last modified on June 15, 2017 9:48 pm