X

കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്ന അണിയിച്ചൊരുക്കലിന്റെ രാഷ്ട്രീയം

ഒന്നാം ഭാഗം ഇവിടെ വായിക്കാം: അണിയിച്ചൊരുക്കുന്ന പെണ്‍/ശരീരം അഥവാ ലേഡീസ്/ഫാന്‍സിസെന്ററുകളുടെ നോട്ടം

 

ഭാഗം 2
നവോത്ഥാനത്തിന്റെ ആഭരണവും സൗന്ദര്യവും

വീടുകളിലും ജാതിപരമായും നിര്‍വഹിക്കപ്പെട്ട ഫ്യൂഡല്‍ സൗന്ദര്യവല്കരണ ഉപകരണങ്ങളെ മാറ്റി ആധുനികതയുടെ രൂപപ്പെടലോടെ പുറത്തുനിന്ന് സമഗ്രികള്‍ കച്ചവടക്കാരിലൂടെ എത്താന്‍ തുടങ്ങി. പ്രധാനമായും തമിഴ്നാട്ടിലെ ചെട്ടികളിലൂടെ നിര്‍വഹിക്കപ്പെട്ട ഈ കച്ചവടമാണ് വളകളും പൊട്ടുകളുമൊക്കെ വിപുലമായി നമ്മുടെ നാട്ടിലെത്തിച്ചത്. പെണ്‍ സൗന്ദര്യത്തെ നിര്‍വചിച്ചത് ഇവരുടെ സാമഗ്രികളാണ്. ഇന്നും നമ്മുടെ കുഗ്രാമങ്ങളിലൊക്കെ ഈ കച്ചവടം കാണാം. നാട്ടിന്‍പുറത്ത്‌ ആവശ്യക്കാരേറെയുണ്ടായിരുന്നു അന്ന്‌ കുപ്പിവളകള്‍ക്ക്‌. പല നിറത്തിലുള്ള വളകള്‍ നിറച്ച വലിയ വട്ടിയും തലയില്‍ ചുമന്ന്‌ വള വേണോ വള… കരിവള… കല്ലുവള… കുപ്പിവള…. എന്ന്‌ ഓരോ വീടിന്റെ വാതില്‍ക്കലും വന്ന്‌ ഇവര്‍ വിളിച്ച്‌ ചോദിക്കും. വള വില്‍ക്കാനെത്തുന്നവരില്‍ യുവതികളും മധ്യവയസ്ക്കരുമുണ്ട്‌. കടലാസു ചുരുട്ടി ഉണ്ടാക്കിയ കുഴലില്‍ കോര്‍ത്ത കുപ്പിവളകള്‍ തുണിയില്‍ പൊതിഞ്ഞാണ്‌ സൂക്ഷിക്കുന്നത്‌. വള മാത്രമല്ല സിന്ദൂരം, കണ്‍മഷി, ചീര്‍പ്പ്‌, കമ്മല്‍, ഹെയര്‍ ക്ലിപ്പുകള്‍, റിബ്ബണ്‍, കണ്ണാടി, പൊട്ടുകള്‍, മുത്തുമാലകള്‍, പാറ്റാഗുളിക തുടങ്ങി നിരവധി സാധങ്ങളുമുണ്ടാകും. സിനിമാ പേരുകളുള്ള വളകള്‍ക്കായിരുന്നു അന്ന്‌ ആവശ്യക്കാരേറെ. യുവതികള്‍ക്കാകട്ടെ കരിവളകളോടായിരുന്നു പ്രിയം. അഗ്രഹാരങ്ങളുടെ ജില്ലയായ പാലക്കാട്ട്‌ ബ്രാഹ്മണകുടുംബങ്ങളില്‍ ശീമന്തം എന്ന ചടങ്ങ്‌ കുപ്പിവളയണിയിക്കലിന്‌ വലിയ പ്രാധാന്യമുള്ള ഒന്നായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വളക്കാരികളെ നേരത്തെ തന്നെ വിളിച്ചു വരുത്താറുണ്ടായിരുന്നു… ക്രമേണ ആ വരവ്‌ കുറഞ്ഞുകുറഞ്ഞുവന്നു. ഇപ്പോള്‍ ഇവരെ തീരെ കാണാതായി. നഗരങ്ങളിലും ഗ്രാമങ്ങളിലും ഫാന്‍സി കടകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ വളക്കാരികള്‍ തീര്‍ത്തും അപ്രത്യക്ഷമായി. (വളവേണോ വള; കേള്‍ക്കുന്നുണ്ടോ ആ വിളി- ജന്മഭൂമി)

 

പെണ്‍ശരീരങ്ങള്‍ ആധുനികതയുടെ സൗന്ദര്യവല്‍കരണത്തിലേക്കു വന്നതിന്റെ ഒരാഖ്യാനം ദേവകി നിലയങ്ങോട് എഴുതുന്നുണ്ട്. സുഭദ്രയെയും ഭാരതിയെയും കണ്ടപ്പോഴാണ് ഞങ്ങള്‍ പെണ്‍കിടാങ്ങള്‍ക്കു ഞങ്ങളുടെ അപരിഷ്കൃതത്വത്തെപ്പറ്റി പെട്ടെന്നു ബോധ്യമുണ്ടായത്. ഭാരതിയുടെ ഏതാണ്ട് തുല്യം പ്രായമായിരുന്നു എന്റെ വലിയേട്ടത്തിക്ക്. എന്നാല്‍ എന്തുവ്യത്യാസം? ഭംഗിയായി ചീകിവച്ച മുടിയില്ല, ബ്ലൗസില്ല, കസവുമുണ്ടോ ആഭരണ സമൃദ്ധിയോ ഇല്ല. അതുകൊണ്ട് മുറിയിലേക്ക് പൂര്‍ണമായും ഇറങ്ങിവരാതെ തന്നെ കഴിയുന്നത്ര ഒളിപ്പിച്ചു വയ്ക്കുന്ന ഒരു ശരീര ചേഷ്ടയോടെ വലിയേട്ടത്തി നിന്നു… അവര്‍ പോകുമ്പോള്‍ ഒരു സമ്മാനം തന്നു – ഒരു ചെറിയ സോപ്പ്. സോപ്പ് ഞങ്ങള്‍ ആദ്യമായി കാണുകയായിരുന്നു. എണ്ണയും വാകയും താളിയുമാണ് ഇല്ലത്തെ കുളക്കടവിലുണ്ടായിരുന്നത്… മുടി ചീകുന്ന സമ്പ്രദായവും അന്ന് എനിക്കു പരിചയമായിരുന്നില്ല. ചീര്‍പ്പ് എന്ന ഏര്‍പ്പാടില്ല. പലരുടെയും തലയില്‍ നിറച്ചു പേനാവും. കണ്ണാടിയും ഒരു അത്ഭുത വസ്തുവായിരുന്നു. (കാലപ്പകര്‍ച്ചകള്‍, 22-23).

ഫ്യൂഡല്‍ ജാതി സ്ത്രീ ശരീരങ്ങള്‍ എങ്ങനെയാണ് ആധുനികവല്കരിക്കപ്പെട്ടതെന്ന പ്രശ്നം ഇവിടെ കൃത്യമായി കാണാം. പുതിയ ശരീരാലങ്കാര വസ്തുക്കള്‍ ശരീരത്തെ അണിയിച്ചൊരുക്കുകയും കാഴ്ചയില്‍ പുതിയ ഇമ്പവും പൊതുജനതാത്പര്യവും വളര്‍ത്തുന്നു. ഈ ശരീരങ്ങള്‍ പഴയ ശരീരങ്ങള്‍ക്ക് തങ്ങളില്‍ അപരിഷ്കൃതത്വം ജനിപ്പിക്കുന്നു. അതിലൂടെ തങ്ങളും മാറേണ്ടതുണ്ടെന്ന സന്ദേശം തിരിച്ചറിയുന്നു. പുതിയ ശരീരങ്ങളുടെ നവോത്ഥാന പ്രസരിപ്പ് കേരളീയ നവോത്ഥാനത്തിലെ സവിശേഷമായ വ്യവഹാരമാണ്. ഈ പ്രസരിപ്പിനെ അടയാളപ്പെടുത്തിയിരുന്നത് ‘പരിഷ്കാരം’ എന്ന വാക്കുകൊണ്ടാണ്. നവോത്ഥാനഘട്ടത്തില്‍ ഏറെ സംഘര്‍ഷങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായ ഒന്നാണ് പരിഷ്കാരം. പഴമയെ ചോദ്യം ചെയ്യുന്ന, ജാതിയെ നിരാകരിക്കുന്ന, ആധുനികമായി സ്വയം വെളിപ്പെടുത്തുന്ന പരിഷ്കാരം പുതിയ ശരീരത്തെയാണ് ഭാവന ചെയ്തതെന്നു കാണാം. പഴമയുടെ വസ്ത്ര, ആഭരണ, നടപ്പു ശീലങ്ങളെ കുടഞ്ഞെറിഞ്ഞ ഈ ബോധം അക്കാലത്തു രൂപപ്പെട്ട പുതിയ കണ്ണുകള്‍ക്കു മുന്നില്‍ കാണപ്പെടാന്‍ നില്‍ക്കുന്നതായിരുന്നു. പുതിയ വിദ്യാഭ്യാസം സിദ്ധിച്ചവര്‍ക്ക് പുതിയ ആണും പെണ്ണും വേണമായിരുന്നു. ഇതിലേറ്റവും പ്രധാനം പുതിയ പെണ്‍ ശരീരത്തിന്റെ നിര്‍മിതിയായിരുന്നു. പെണ്ണിന്റെ ശരീരത്തിലെ ഘോഷയും കല്ലുമാലയും തോടയും വലിച്ചെറിയുന്ന സന്ദര്‍ഭം ഇതാണ്. വസ്ത്രവും ആഭരണവും മാത്രം വിലിച്ചറിഞ്ഞ് പുതിയത് ഇടുന്ന പ്രക്രിയായിരുന്നില്ല അവിടെ നടന്നത്, മറിച്ച് അവ അണിയുന്ന ശരീരത്തെ തന്നെ പുതുതായി നിര്‍വചിക്കുകയായിരുന്നു. പുതിയ കണ്ണുകളും ചെവികളും ചുണ്ടുകളും വായകളും മുലകളും യോനികളും ലിംഗങ്ങളും അവയ്ക്കു വിധേയമായ പുതിയ രുചികളും അനുഭൂതികളും നിര്‍മിക്കുക എന്ന പ്രക്രിയയാണ് ഇവിടെ നടന്നത്. ഈ ശരീരത്തിലാണ് പ്രണയവും മറ്റ് കാമനകളും നവോത്ഥാനകാലത്ത് പൂത്തുലഞ്ഞത്. മരുമക്കത്തായത്തിന്റെ കാമവും മറ്റും വലിച്ചെറിഞ്ഞതും.

 

 

ഈ ശരീരത്തിലാണ് ‘മനസ്’ എന്നത് നിര്‍മിക്കപ്പെട്ടത്. മനസിനാല്‍ നിയന്ത്രിക്കപ്പെടുന്ന ശരീരമായിരുന്നു നവോത്ഥാനത്തിലെ ശരീരങ്ങള്‍. അതുകൊണ്ടാണ് പ്രകടമായ ആഭരണ കാഴ്ചകള്‍ക്കല്ല ഈ ശരീരത്തില്‍ പ്രധാന്യം നല്കിയത്, മറിച്ച്  ‘ആന്തരികമായ മാനസികത’യ്ക്ക് ഊന്നല്‍ നല്കുന്ന സൗന്ദര്യം ധ്വനിപ്പിക്കുന്ന ആഭരണങ്ങളായിരുന്നു. പഴമയുടെ ആഭരണ ബോധം ദൂരെക്കാഴ്ചയില്‍ തന്നെ ജാതിയെ വെളിവാക്കേണ്ടതായിരുന്നുവെങ്കില്‍ നവോത്ഥാനത്തിന്റെ ആഭരണങ്ങള്‍ ആ ധര്‍മത്തെ തിരസ്കരിക്കുകയും സ്ത്രൈണതയെയും അവളുടെ സൂക്ഷ്മമായ സൗന്ദര്യത്തെയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതായി മാറുന്നു. അങ്ങനെ നവോത്ഥാനം ശരീരത്തെ രണ്ടാംകിട വസ്തുവാക്കുകയും മനസിനെ അതിനു മുകളില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ശരീരത്തെ അസംസ്കൃതവസ്തുവായി കാണുന്ന സമീപനമാണ് നവോത്ഥാനം സൃഷ്ടിച്ചതെന്ന് ദേവിക ചൂണ്ടിക്കാണിക്കുന്നത് ഇവിടെ പ്രസക്തമാകുന്നു. ശരീരം / മനസ്, അകം /പുറം പൊതുവിടം /സ്വകാര്യയിടം തുടങ്ങിയ നിരവധി ദ്വന്ദങ്ങളിലൂടെ ലിംഗപരമായ വലിയൊരു വേര്‍തിരിവും സ്ത്രൈണതയുടെ അകം /വീട് കേന്ദ്രീകൃതമായ വ്യവഹാരങ്ങളെയും അകത്തെ പൊലിപ്പിക്കുന്ന വിധത്തിലുള്ള ശാലീനതയില്‍ ഊന്നുന്ന സ്ത്രീ സൗന്ദര്യവല്കരണവും നടത്തുന്നതായി കാണാം. പുതിയ സൗന്ദര്യവല്കരണ ചിന്തകള്‍ ലിംഗഭേദത്തിലൂന്നുകയും വീടിനുള്ളിലെ ലക്ഷ്മിയായി / ഗൃഹചക്രവര്‍ത്തിനിയായി അവളെ പ്രതിഷ്ഠിക്കുകയും ഭര്‍ത്താവിന്റെ / വീടിന്റെ നിലിനില്‍പിനാവശ്യമായ, ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താനുള്ള സൗന്ദര്യം സ്ത്രീക്കാകാമെന്നു വാദിക്കുകയും ചെയ്തു (ദേവിക, കുലപ്പെണ്ണും ചന്തപ്പെണ്ണും ഉണ്ടാകുന്നത്). വീട്ടിലിരിക്കുന്ന ഭാര്യ / കുലീനയ്ക്ക് എതിരായി വേശ്യ എന്ന സ്ത്രീയുണ്ടെന്നും വേശ്യയെപ്പോലെ ഒരു പാട് പുരുഷന്മാരെ ആകര്‍ഷിച്ച് ഭാര്യ ജീവിക്കാന്‍ പാടില്ലെന്നും ഭര്‍ത്താവ് മറ്റ് സ്ത്രീകളെ തേടിപ്പോകാത്തവിധത്തില്‍ അയാളെ വശീകരിച്ച് നിര്‍ത്തുകയായിരിക്കണം ഭാര്യയുടെ ശരീര / സൗന്ദര്യത്തിന്റെ ലക്ഷ്യമെന്നും വിശദീകരിക്കപ്പെട്ടു. അധികം ആഭരണ ഭ്രമം കാണിക്കാത്ത, അടക്കവും ഒതുക്കവുമുള്ള സ്ത്രീകളെയാണ് ഇക്കാലത്തെ മികച്ച സ്ത്രീമാതൃകകളായി ഉയര്‍ത്തിക്കാട്ടപ്പെട്ടത്. ഭര്‍ത്താക്കന്മാരുടെ പണമെല്ലാം സ്വര്‍ണത്തിനും മറ്റുമായി ചിലവാക്കുന്ന ധാരാളിത്തമുള്ള സ്ത്രീകള്‍ ഇക്കാലത്ത് വിമര്‍ശിക്കപ്പെടുന്നതായും കാണാം. നവോത്ഥാനം മനസിനും അതിന്റെ ഗുണങ്ങള്‍ക്കും പ്രാധാന്യം നല്കിയപ്പോള്‍ ശരീരത്തിനും അതിനെ അലങ്കരിക്കുന്ന ആഭരണങ്ങളുടെ പ്രകടനപരതയ്ക്കും ഇടം കുറഞ്ഞെങ്കിലും ചമയത്തിനും അതിലൂടെയുള്ള സൗന്ദര്യവല്കരണത്തിനും പുതിയ സ്ഥാനം ലഭിക്കുകയായിരുന്നു. ആഭരണമില്ലെങ്കിലും സൗന്ദര്യമുണ്ടാകുമെന്നും സൗന്ദര്യം മനസിലാണെന്നുമുള്ള ചിന്തകളും വ്യവഹാരങ്ങളും ഇക്കാലത്ത് ഉണ്ടാകുന്നതു കാണാം.

 

ഇവിടെ ഒരു കാര്യം വ്യക്തമാകുന്നു, ജാതികളായി നിന്ന ഫ്യൂഡല്‍കാലത്ത് ഓരോ ജാതിക്കും ഓരോ ആഭരണങ്ങളായിരുന്നുവെങ്കില്‍ ആധുനികതയിലത് പൊതുവായ ആഭരണങ്ങള്‍ ആകുന്നു. വളരെ പ്രധാനപ്പെട്ട മാറ്റമാണിതെന്നുകാണാം. ജാതി കാലത്ത് ഓരോജാതിക്കും വേറിട്ട ആഭരണങ്ങളും അണിയല്‍ രീതികളുമാണെങ്കില്‍ പുതിയകാലത്ത് കാതില്‍ കമ്മല്‍, കൈയില്‍ പലതരം വളകള്‍, കാലില്‍ ചിലങ്ക പോലുള്ളവ, മൂക്കുത്തി എന്നിവയാകുന്നു. ഇത് എല്ലാവര്‍ക്കും ഒരേപോലെ അണിയുവാന്‍ അവകാശമുണ്ടായിരിക്കുന്നു. ജാതിപരമായി മാത്രമല്ല മതപരമായും എല്ലാവര്‍ക്കും ഒരേ ആഭരണങ്ങള്‍ ആകുന്നു. എന്നാല്‍ ഇവിടെ മതപരമായ ചിഹ്നങ്ങള്‍ ആഭരണത്തില്‍ പതിക്കുന്നതും കാണാം. ക്രിസ്ത്യാനികള്‍ക്കു കുരിശും ഹിന്ദുക്കള്‍ ‘ഓം’ ഉം മറ്റും മാലയില്‍ പതിക്കുന്നുണ്ട്. ആധുനികതയില്‍ ആഭരണത്തെ നിയന്ത്രിക്കുന്നത് പണമാണ്. സാമ്പത്തികശേഷിയനുസരിച്ച് ആഭരണങ്ങള്‍ സ്വര്‍ണമോ മറ്റോ ആകും. സ്വര്‍ണാഭരണങ്ങളോടുള്ള ആസക്തി ഇവിടെ വര്‍ധിക്കുന്നതുകാണാം. എന്നാല്‍ സാമ്പത്തികശേഷിക്കുറവ് ഇതില്‍ സാധാരണക്കാരെ ബാധിക്കുന്നു. ഇവിടെ സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ക്ക് വലിയ വിപണി ഉണ്ടാകുന്നതുകാണാം. മറ്റുള്ളവരുടെ ആഭരണം കടമായി വാങ്ങിധരിക്കുന്ന ശീലവും വ്യാപകമായിരുന്നു. പെണ്‍കുട്ടികള്‍ പുറത്തേക്കു പോകുമ്പോള്‍ കഴുത്തില്‍ മാലയയും കാതില്‍ കമ്മലും വേണമെന്ന ചിന്ത രൂഢമൂലമായിരുന്നു. ആഭരണമില്ലെങ്കില്‍ കടം വാങ്ങുന്ന പതിവ് ഇങ്ങനെയാണ് ഉണ്ടായത്. ഇതിനെക്കുറിച്ച് വിനയ തന്റെ ആത്മകഥയില്‍ എഴുതിയിരിക്കുന്നു. ഇത് സൃഷ്ടിക്കുന്നത് അപകര്‍ഷതയാണന്നും ഈ കടംവാങ്ങലാണ് ആഭരണത്തോടുള്ള തന്റെ താത്പര്യം ഇല്ലാതാക്കിയതെന്നും അവര്‍ പറയുന്നു (എന്റെ കഥ,പു. 36). കേരളീയ ആധുനികതയിലും പ്രവര്‍ത്തിച്ച ജാതിയെ ഇല്ലാതാക്കുന്നതില്‍ ആഭരണവും വസ്ത്രവും നിര്‍ണായകമായ പങ്കുവഹിച്ചെങ്കിലും സൂക്ഷ്മതലത്തില്‍ നാം നിലനിര്‍ത്തിയ ഹിന്ദു തറവാടിത്ത, കുലീനതാ ബോധങ്ങള്‍ ജാതിപരമായി വേറിട്ട സൗന്ദര്യത്തെയാണ് സൃഷ്ടിച്ചതെന്നു കാണാം. എത്രമാത്രം ആഭരണമണിഞ്ഞാലും കീഴാള സ്ത്രീ കീഴാളയായും മേലാള സ്ത്രീ അങ്ങനെയും വേറിട്ടു നില്‍ക്കുന്ന സൗന്ദര്യ മാനദണ്ഡമാണ് നമ്മുടെ ആധുനികതയുടെ നീക്കിബാക്കി. കാക്കകുളിച്ചാല്‍ കൊക്കാകുമോ എന്ന ചോദ്യത്തിലൂടെ എല്ലാവരും അണിഞ്ഞൊരുങ്ങിയാല്‍ സുന്ദരിയാകില്ല എന്ന താക്കീതിലൂടെ സവിശേഷമായി കീഴാളരെ മാറ്റിനിര്‍ത്തുന്നതും കാണാം. സൂക്ഷ്മാര്‍ഥത്തില്‍ സൗന്ദര്യം എന്നത് കീഴാളരുടെ ശരീരത്തിന് ഇണങ്ങുന്നതല്ലെന്ന ബോധം പ്രവര്‍ത്തിക്കുന്നതുകാണാം.

 

ശരീരത്തെ അണിയിച്ചൊരുക്കേണ്ടത് ഓരോ സമൂഹവും നിശ്ചയിച്ചിട്ടുണ്ട്. ഈ ഒരുക്കങ്ങള്‍ ഓരോ കാലത്തും വ്യത്യസ്തമായിരുന്നു. ഓരോ കാലത്തെയും സാമ്പത്തിക- ലിംഗബന്ധങ്ങള്‍ക്കകത്താണിവ രൂപംകൊള്ളുന്നത്. പക്ഷേ ഒരു കാര്യം വ്യക്തമാണ്, അണിഞ്ഞൊരുങ്ങലുകള്‍ ഏറെയും സ്ത്രീക്കാണ്. എന്നാല്‍ കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്ന ചോദ്യത്തിലൂടെ എല്ലാവരും അണിഞ്ഞൊരുങ്ങിയാല്‍ സുന്ദരിയാകില്ല എന്ന താക്കീതിലൂടെ സവിശേഷമായി ചിലരെ മാറ്റിനിര്‍ത്തുന്നതും കാണാം. കീഴാളശരീരങ്ങളെയാണ് സൗന്ദര്യത്തിന്റെ വെളുത്ത മാനദണ്ഡത്തില്‍ നിന്ന് പ്രാന്തവല്കരിക്കുന്നത്. ഒരുക്കത്തിന്റെ വൈവിധ്യത്തിലൂടെ സൗന്ദര്യവല്കരിക്കേണ്ടതിന്റെ അനിവാര്യതയായി സ്ത്രീശരീരത്തെ മാത്രം നിര്‍ത്തുന്നതാണ് പൊതുവില്‍ കാണുന്നത്. പോരാട്ടത്തിന്റെയോ നിരന്തരമായ ജാഗ്രതയുടെയോ കായികമായ കരുത്തിന്റെയോ അടയാളമായല്ല സ്ത്രീയെ ചരിത്രപരമായി നിര്‍വചിച്ചിരിക്കുന്നത്, മറിച്ച് സൗന്ദര്യത്തിന്റെ കേവലമായ ബിംബമായിമാത്രമാണ്. കാണാനുള്ള ശരീരമാണ് സ്ത്രീ, ഈ കാഴ്ചയിലൂടെ കാഴ്ചയുടെ അധികാരമുള്ള പുരുഷനെ ആഹ്ലാദിപ്പിക്കുകയാണവളുടെ ശരീരത്തിന്റെ ധര്‍മം എന്നനിലയിലേക്ക് ഇത് അവളെ ചുരുക്കിക്കെട്ടുന്നു. അതിനാല്‍ സൗന്ദര്യത്തിന്റെ-അഴകിന്റെ ഇരിപ്പിടം എന്നനിലയില്‍ അഴക് ആസ്വദിക്കുന്ന കര്‍തൃത്വമെന്ന നിലയില്‍ അവളുടെ സ്വത്വത്തെ സമൂഹം അംഗീകരിച്ചിട്ടില്ല. സൗന്ദര്യം ഉണ്ടാകുവാനായി ധരിക്കുന്ന ആടയാഭരണങ്ങള്‍ മിക്കതും ശരീരത്തെ വല്ലാതെ വരിഞ്ഞുമുറുക്കുന്നതായും കാണാം. മാലയും വളയും വസ്ത്രങ്ങളും നിരന്തരമായ ശ്രദ്ധയും മറ്റും ആവശ്യപ്പെടുന്നതാണ്. യഥാസ്ഥാനത്ത് അവ കിടക്കുന്നുണ്ടോ എന്നും അവയുടെ സ്ഥാനവും ക്രമവും ശരിയാണോ എന്നും നിരന്തരം പരിശോധിക്കുവാന്‍ കണ്ണാടി നോട്ടവും മറ്റും അനിവാര്യമാകുന്നു. അതിനാലാണ് സ്ത്രീകള്‍ കണ്ണാടിക്കു മുന്നില്‍ ചെലവഴിക്കുന്നതായി വിമര്‍ശനം ഉയരുന്നത്. അതേസമയം പുരുഷന് ഈ നോട്ടങ്ങള്‍ ആവശ്യമാകുന്നില്ല. സൗന്ദര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള വിവാഹവേളയില്‍പോലും പുരുഷന് അപൂര്‍വം ആഭരണങ്ങള്‍ മാത്രമാണുണ്ടാവുക. ഒരുക്കവും പെണ്ണിന്റെ കാല്‍ഭാഗമേ വരൂ. വിവാഹവേളയിലെ മണിക്കൂറുകള്‍ നീളുന്ന ഒരുക്കങ്ങള്‍ പെണ്ണിനെ ചമയത്തിന്റെ രാഷ്ട്രീയം വിളിച്ചുപറയുന്നുണ്ട്. ഈ അണിയിച്ചൊരുക്കല്‍ അവളെ ദുര്‍ബലതയുടെ അടയാളമാക്കുന്നുണ്ടോ?

 

പെണ്ണിന് സൗന്ദര്യവും മാദകത്വവും മാത്രമേയുള്ളൂവെന്നും അവള്‍ക്ക് ബുദ്ധിപോലുള്ള കഴിവുകളില്ലെന്നും ഇതൊക്കെ വിളിച്ചുപറയുന്നുണ്ട് എന്നുള്ളതാണ് അടിസ്ഥാന പ്രശ്നം. അഥവാ ഇത്തരത്തില്‍ സ്ത്രീയെ വ്യവഹരിക്കുന്നുണ്ട്. കലാമേളകളില്‍ നല്കപ്പെടുന്ന കലാതിലകം- കലാ പ്രതിഭാ പട്ടങ്ങള്‍ ഇത് സൂചിപ്പിക്കുന്നുണ്ട്. പ്രതിഭ എന്ന വാക്കിന് ബുദ്ധിയെന്നാണ് അര്‍ഥം. അത് ആണിന് നല്കുന്ന സമ്മാനമാണ്. അതേസമയം പെണ്ണിന് തിലകമാണ് നല്കുന്നത്. തിലകം പൊട്ടാണ്. സൗന്ദര്യത്തിന്റെ അടയാളമാണ്. എന്തുകൊണ്ട് ആണിനും പെണ്ണിനും പ്രതിഭാ പട്ടം നല്കുന്നില്ലെന്നു ചിന്തിക്കുമ്പോഴാണ് വേറിട്ട സമ്മാനങ്ങളുടെ യുക്തി പിടികിട്ടുക. ആണും പെണ്ണും വേറിട്ട സ്വത്വങ്ങളാണെന്നും ഭിന്നമായ ധര്‍മങ്ങളാണ് അവര്‍ക്കുള്ളതെന്നും ഇവരെപ്പോഴും ഭിന്നിച്ചിരിക്കണമെന്നും സാമൂഹ്യപ്രയോഗത്തിന്റെ രാഷ്ട്രീയത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആധുനികതയിലൂടെ ശക്തമായ സ്ത്രീ- പുരുഷ ലിംഗപദവിയുടെ അടിസ്ഥാനം തന്നെ സ്ത്രീയുടെ പദവി പുരുഷന്റേതില്‍ നിന്ന് താഴ്ന്നതും തീര്‍ത്തും ഭിന്നമാണെന്നും ഉറപ്പിക്കുന്നതായിരുന്നു. പുരുഷനെല്ലാം കരുത്തുമായും അധികാരവുമായും ബന്ധപ്പെടുമ്പോള്‍ സ്ത്രീയാകട്ടെ ദൗര്‍ബല്യത്തിന്റെയും മൃദുലതയുടെയും അധികാരരാഹിത്യത്തിന്റെയും അടയാളമായി മാറപ്പെടുന്നു. ഈ ലിംഗപദവിയെ സാധൂകരിക്കുയോ നിരന്തരം ഉല്പാദിക്കുകയോ ശക്തീകരിക്കുന്നതിന്റെയോ അടയാളമാണ് സൗന്ദര്യവല്കരണം എന്നതാണ് വസ്തുത. നന്നേ ചെറുപ്പം മുതലേ കണ്ണാടിക്കു മുന്നിലിരിക്കാനും ചമയാനും ഉള്ള വാസനകളെ അടിച്ചേല്പിക്കുന്നതിലൂടെ കരുത്തു പ്രകടിപ്പിക്കാനുള്ള അവസരങ്ങളും പുറത്തേക്കുള്ള ഇറക്കങ്ങളും നിരോധിക്കപ്പെടുന്നു. ചമയത്തിലൂടെ താന്‍ ‘അക’ത്തിന്റെ ആളാണെന്നും പുറത്തിന്റെ ആളല്ലെന്നും നിരന്തരം ഉറപ്പിക്കപ്പെടുന്നു. ഇത്തരം ഉറപ്പിക്കലുകളിലൂടെ വികസിച്ചതാണ് വിപണിയും. സ്ത്രീകളുടെ സൗന്ദര്യം കേന്ദ്രീകരിച്ചാണ് ബ്യൂട്ടിപാര്‍ലറുകളും ഫാന്‍സിസ്റ്റോറുകളും ആഭരണ വ്യവസായവുമൊക്കെ വിപുലമായത്. സ്വര്‍ണവിപണി നല്ല പങ്കും സ്ത്രീകളുടെ സൗന്ദര്യത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നു കാണാം. വിശ്വസുന്ദരിപട്ടങ്ങളുമായി ബന്ധപ്പെട്ട് സൗന്ദര്യവിപണി വിപുലമായത് ഇവിടെ കൂട്ടിവായിക്കുക. പെണ്ണിന്റെ സുന്ദരിപട്ടം സൗന്ദര്യത്തെ ആധാരമാക്കുമ്പോള്‍ ആണിന്റെ ശരീര മല്‍സരം മസിലിനെയും കരുത്തിനെയുമാണ് അടിസ്ഥാനമാക്കുന്നത്. കായികോപകരണങ്ങളുടെയും വ്യായാമങ്ങളുടെ വിപണിയും വികസിച്ചത് ആണിന്റെ ശരീരം അടിസ്ഥാനമാക്കിയാണ്. നവോത്ഥാനകാലത്ത് സ്ത്രീ മാസികകള്‍ പെണ്ണിന്റെ വ്യായമമായി നിര്‍ദേശിച്ചത് അരയ്ക്കുക, ഇടിക്കുക പോലുള്ള അടുക്കള പണികളാണ്. അടിസ്ഥാനപരമായി അണിഞ്ഞൊരുങ്ങല്‍ എന്ന പ്രശ്നം നിലവിലെ ലിംഗപദവിയെ ന്യായീകരിക്കുകയും സ്ത്രീയെ അകത്തിന്റെ ആളായും മുദ്രയടിക്കകുയും ചെയ്യുന്നതാണ് പ്രശ്നം. അതിലൂടെ ഭിന്നലൈംഗികതയുടെ വ്യവഹാരങ്ങളെ സവിശേഷമായി സാധൂകരിക്കുകയും കുടുംബത്തിന്റെ പുരുഷരാഷ്ട്രീയത്തെ ഭദ്രമാക്കുകയും ചെയ്യുന്നു.

പുതിയകാലം ആണിനെയും അണിയിച്ചൊരുക്കുന്നതുകാണാം. അല്ലെങ്കില്‍ വിപണി അങ്ങനെ ആവശ്യപ്പെടുന്നതുകാണാം. ആണിന്റെ ആഭരണങ്ങളെക്കുറിച്ചും സൗന്ദര്യവര്‍ധക വസ്തുക്കളെക്കുറിച്ചും വിപണിയും മാധ്യമങ്ങളും വാചാലമാകുന്നുണ്ട്. എഴുപതുകള്‍ക്കു ശേഷം പ്രവാസ പണത്തിന്റെയും വിദേശ ഉല്പന്നങ്ങളുടെയും വരവ് പുതിയ സൗന്ദര്യവല്കരണത്തെ സൃഷ്ടിക്കുന്നതുകാണാം. പെണ്ണിന്റെ ബ്യൂട്ടി പാര്‍ലര്‍പോലെ ആണിന്റെ ബാര്‍ബര്‍ഷോപ്പുകള്‍ വേഷപ്പകര്‍ച്ചനടത്തുന്നത് പ്രത്യേകം ശ്രദ്ധിക്കണം. വെറുതേ തലമുടിയും വെട്ടി മീശയും വടിക്കുകയും ചെയ്തിരുന്ന ബാര്‍ബര്‍ ഷാപ്പുകള്‍ നിരവധി സൗന്ദര്യവല്കരണങ്ങളാണ് ആണ്‍ ശരീരത്തില്‍ ചെയ്യുന്നതെന്നു കാണാം. പക്ഷേ ഈ സൗന്ദര്യവല്കരണം നിലവിലെ ആണ്‍ ശരീരത്തെ പ്രശ്നവല്കരിച്ചുകൊണ്ടാണോ എന്ന പ്രശ്നമാണ് ഉന്നയിക്കേണ്ടത്. ആണിന്റെ ‘പ്രകൃതിദത്തമായ’ ‘കരുത്തി’നെ നിലനിര്‍ത്തി അതിനെ കൂടുതല്‍ പ്രകടമാക്കുന്ന ചമയങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നു കാണാം. അതേസമയം പെണ്ണിനെ കൂടുതല്‍ അവളുടെ മൃദുലതയില്‍ ആഴ്ത്തുകയും മോടിപിടിപ്പിക്കുകയും. ഇതാണ് നമ്മുടെ ഫാന്‍സിസെന്ററുകളുടെ വിപുലവും അലങ്കരിച്ചതുമായ മുറികള്‍ വിളിച്ചുപറയുന്നത്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

യാക്കോബ് തോമസ്

പത്തനംതിട്ട സ്വദേശി, ഇപ്പോള്‍ കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജില്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

Follow Author:

This post was last modified on December 16, 2016 11:11 am