ആപ്പിള്‍ ഐട്യൂണ്‍സ് സേവനം അവസാനിപ്പിക്കുന്നു. കഴിഞ്ഞ 18 വര്‍ഷത്തോളമായി ആപ്പിള്‍ ഉപഭോക്താക്കള്‍ പാട്ട് ആസ്വദിക്കാനും സിനിമ കാണാനുമൊക്കെ ഉപയോഗിച്ചിരുന്നത് ഐ ട്യൂണ്‍ ആണ്. പുതിയ മ്യൂസിക്, ടിവി പോഡ്കാസ്റ്റ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഐട്യൂണ്‍സ് നിര്‍ത്തുന്നതെന്നാണ് വിവരം.
തിങ്കളാഴ്ച കാലിഫോര്‍ണിയയില്‍ നടക്കുന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്ന് ബ്ലൂംബെര്‍ഗ് വാര്‍ത്തയെ ഉദ്ധരിച്ച് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഫറന്‍സിലെ മുഖപ്രസംഗത്തില്‍ കമ്പനി മേധാവി ടിം കുക്ക് ഐട്യൂണ്‍സ് പിന്‍വലിക്കുന്നതായ പ്രഖ്യാപനം നടത്തിയേക്കും. ഒപ്പം ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിക്കുമെന്നും മ്യൂസിക്, ടിവി, പോഡ്കാസ്റ്റ് സേവനങ്ങള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്‍റെ വിപ്ലവാത്മകമായ ആശയമായിരുന്നു ഐട്യൂണ്‍സ്. മീഡിയാ പ്ലെയര്‍, മീഡിയാ ലൈബ്രറി, ഇന്‍റര്‍നെറ്റ് റേഡിയോ ബ്രോഡ്കാസ്റ്റര്‍ എന്നീ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഈ ആപ്ലിക്കേഷന്‍ 2001 ജനുവരിയിലാണ് അവതരിപ്പിച്ചത്. ആപ്പിളില്‍ നിന്നുള്ള പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സിഡികളില്‍ നിന്നും പാട്ടുകളെടുക്കാനും ഇതില്‍ സാധിക്കുമായിരുന്നു.
കാലത്തിനനുസരിച്ചുള്ള നിരവധി പുതിയ ഫീച്ചറുകള്‍ ആപ്പിള്‍ ഐട്യൂണ്‍സില്‍ അവതരിപ്പിച്ചിരുന്നു. 2004-ല്‍ സോങ് ഷഫിള്‍ സംവിധാനം, 2008-ല്‍ ഓട്ടോമാറ്റിക് പ്ലേലിസ്റ്റ്, 2005-ല്‍ വീഡിയോ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം, 2010-ല്‍ ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗക്യര്യം എന്നിവ ഐട്യൂണ്‍സ് അപ്ഡേറ്റുകളില്‍ ലഭ്യമായിരുന്നു. അതേസമയം, ഐട്യൂണ്‍സ് സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Leave a Comment