X

എവറസ്റ്റില്‍ ആള്‍ത്തിരക്ക്; അപകടമരണങ്ങള്‍ കൂടുന്നു; ഈയാഴ്ചയില്‍ മാത്രം മരിച്ചത് 4 പേര്‍

നേപ്പാള്‍ സര്‍ക്കാര്‍ 381 പേര്‍ക്ക് മല കയറാന്‍ അനുമതി നല്‍കിയതാണ് തിരക്ക് കൂടാനിടയാക്കിയതെന്ന് വാര്‍ത്തയുണ്ട്.

എവറസ്റ്റ് കീഴടക്കാൻ പർവതാരോഹകരുടെ തിരക്കേറിയതോടെ അപകടങ്ങളും വർധിക്കുന്നു. രണ്ട് ഇന്ത്യക്കാരടക്കം നാലുപേരാണ് ഈ ആഴ്ചയില്‍ മരണപ്പെട്ടത്. ഇന്ത്യക്കാരായ കല്‍പന ദാസ്(52), നിഹാല്‍ ഭഗ്‌വാന്‍ (27), ഓസ്ട്രേലിയക്കാരനായ ഏൺസ്റ്റ് ലാൻഡ്ഗ്രഫ് (65), അയർലൻഡിൽ നിന്നുള്ള കെവിൻ ഹിൻസ് (56) എന്നിവരാണ് മരണപ്പെട്ടത്. കൊടുമുടി കീഴടക്കി താഴേക്ക് ഇറങ്ങുന്നതിനിടെ ശാരീരിക അവശതകള്‍ നേരിട്ടാണ് എല്ലാവരും മരണപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പതിവിലും കൂടുതൽ സഞ്ചാരികള്‍ക്കാണ് നേപ്പാൾ ഇത്തവണ എവറസ്റ്റിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. മോശം കാലാവസ്ഥ കാരണം പര്‍വ്വതാരോഹണത്തിന്‍റെ ദിവസങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയിരുന്നു. ഇതോടെയാണ് ട്രാഫിക് കൂടിയത്. നിരവധിപേര്‍ പര്‍വ്വതാരോഹണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. പര്‍വ്വതത്തില്‍ ഏറെനേരം കാത്തിരിക്കേണ്ടിവരുന്നതാണ് ശാരീരികപ്രയാസങ്ങൾ സൃഷ്ടിക്കുന്നതും, മരണത്തില്‍ കലാശിക്കുന്നതും. എവറസ്റ്റ് കൊടുമുടിയിലേക്ക് പോകാനുള്ള പാതയിലെ നീണ്ട വരിയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മുൻ ബ്രിട്ടീഷ് പട്ടാളക്കാരനായ നിർമൽ പൂജയാണ് ചിത്രം പങ്കുവച്ചത്. പലരും ക്യൂവില്‍ നിന്നും പിന്മാറാന്‍ കഴിയാതെ കുഴഞ്ഞു വീണ് മരണപ്പെടുകയായിരുന്നു.

എവറെസ്റ്റിലെത്തുന്ന സഞ്ചാരികളുടെ ബാഹുല്യവും, അവരുടെ സുരക്ഷയും സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. വിദേശ കമ്പനികളെക്കാള്‍ പകുതിയോളം കുറഞ്ഞ നിരക്കിലാണ് നേപ്പാളിലെ ട്രെക്കിംഗ് കമ്പനികള്‍ ആളുകളെ എടുക്കുന്നത്. തിരക്കൊഴിവാക്കാന്‍ പല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നേപ്പാളിലെ ടൂറിസം വകുപ്പ് പുറപ്പെടുവിക്കുന്നുണ്ട്, പക്ഷെ, ഒന്നും നടപ്പാവാറില്ല.

നേപ്പാള്‍ സര്‍ക്കാര്‍ 381 പേര്‍ക്ക് മല കയറാന്‍ അനുമതി നല്‍കിയതാണ് തിരക്ക് കൂടാനിടയാക്കിയതെന്ന് വാര്‍ത്തയുണ്ട്. നേപ്പാളികളായ ഷെര്‍പ ഗൈഡുകളുടെ എണ്ണംകൂടി കൂട്ടുമ്പോള്‍ ഇത്തവണ മല കയറുന്നവരുടെ എണ്ണം 750 കവിയും. കൂടാതെ, ടിബറ്റ് വഴി വേറെ 140 പേര്‍ക്ക് എവറസ്റ്റ് കയറാന്‍ അനുമതി കിട്ടിയിട്ടുണ്ട്. തിരക്കേറിയതോടെ 8,848 മീറ്റര്‍ ഉയരത്തിലെത്തുന്നതിന് ഇവര്‍ക്ക് രണ്ടു മണിക്കൂറോളം കൊടുംതണുപ്പില്‍ വരിനില്‍ക്കേണ്ടിവരും.

നേപ്പാള്‍ ടൂറിസം വകുപ്പിന്‍റെ അനാസ്ഥയാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുവാനോ, ട്രെക്കിംഗ് കമ്പനികള്‍ വാങ്ങുന്ന പണത്തിന് ഏകീകൃത സ്വഭാവം കൊണ്ടുവരാനോ, അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുവാനോ ഒന്നും നേപ്പാള്‍ സര്‍ക്കാര്‍ തയ്യാറാക്കുന്നില്ല എന്നതാണ് പ്രധാന വിമര്‍ശം.

This post was last modified on May 25, 2019 9:48 am