X

വിജയം പ്രലോഭനമാകുമ്പോള്‍ ബ്രസീല്‍ ജനത എന്തു ചെയ്യും?

റിക് മെയ്സെ, ഡോം ഫിലിപ്സ്
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

സാവോപോളയിലെ നഗരമദ്ധ്യത്തില്‍ ഒരു കാലൊടിഞ്ഞ മരക്കസേരയില്‍ അന്റോണിയോ ഡ സില്‍വ ഇരിക്കുന്നു. കീഴെ ഒരാള്‍ അയാളുടെ തുകല്‍ ഷൂസുകള്‍ മിനുക്കിക്കൊടുക്കുന്നുണ്ട്. മുന്നില്‍ പ്രാകാ ഡ സെ യിലെ ചത്വരത്തിനു ജീവന്‍ വെക്കുന്നു. തെരുവ് പ്രകടനക്കാരും, വഴിവക്കിലെ ഉപദേശികളും മത്സരം തുടങ്ങും മുമ്പ് തിക്കും തിരക്കും ഒതുങ്ങുന്നതിനായി മൊഴിവഴികള്‍ നിറയ്ക്കുന്നു.

1998-ലെ ഫ്രാന്‍സിന്റെ നേട്ടത്തിന് ശേഷം ഇതാദ്യമായി സ്വന്തം മണ്ണില്‍ ലോകകപ്പ് നേടുന്ന രാഷ്ട്രമാകാനാണ് ബ്രസീലിന്റെ ശ്രമം. ലോകകപ്പിന്റെ ചിഹ്നങ്ങള്‍ രാജ്യത്തെങ്ങുമുണ്ട്. പച്ചയും മഞ്ഞയുമടിച്ച കെട്ടിടങ്ങള്‍, കൂറ്റന്‍ പന്തുകള്‍, നേയ്മര്‍ ജഴ്സികള്‍ അങ്ങനെ ധാരാളം.

പക്ഷേ, പ്രതിഷേധത്തിന്റെ ശബ്ദങ്ങള്‍ അവഗണിക്കാനാകാത്തവിധം  ശക്തമാണ്. അത് എന്തുമാകാം. റുവാ അഗസ്തയിലെ ഒരു കെട്ടിടത്തില്‍ ഏറെ ജനകീയമായ പ്രതിഷേധ മുദ്രാവാക്യം: ‘ഒരു കപ്പ് ഉണ്ടാകില്ല’ എന്നെഴുതിവെച്ചിരിക്കുന്നു. മറ്റൊന്നു കൂടുതല്‍ വ്യക്തമാണ്,“ഫിഫയെ മറന്നേക്കൂ.”

പന്തുകളി ഉന്മാദം പോലെ കൊണ്ടുനടക്കുന്ന ഈ രാജ്യം ലോകകപ്പിന് പൂര്‍ണപിന്തുണ തരുമോ എന്ന ആശങ്കയിലായിരുന്നു കഴിഞ്ഞ കുറെ മാസങ്ങളായി സര്‍ക്കാരും ഫിഫയും. ഒരുപക്ഷേ ബ്രസീലിന്റെ വിജയത്തോടെ കളി തുടങ്ങിയപ്പോള്‍ ചോദ്യം ഇതാണ്; ഈ പ്രലോഭനത്തെ അവര്‍ക്ക് ചെറുക്കാനാകുമോ?

“കളി തുടങ്ങിയതോടെ കൂടുതല്‍ ആളുകള്‍ അതില്‍ മുഴുകാന്‍ തുടങ്ങി,” എന്നാണ് പ്രതിഷേധക്കാരുടെ ഇഷ്ടവേദികളിലൊന്നായ പൌലിസ്റ്റ അവന്യൂവിലെ ഒരു കാപ്പിക്കടക്ക് മുന്നില്‍നിന്ന 23-കാരനായ ലൂക്കാസ് റോദ്റീഗസ് പറഞ്ഞത്. ആദ്യമത്സരത്തിന് മുമ്പുള്ള ദിവസങ്ങള്‍ പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളാല്‍ കലാപഭരിതമായിരുന്നു. പോലീസ് ജനങ്ങള്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. പുതിയ സ്റ്റേഡിയങ്ങള്‍  പണിതുയര്‍ത്തവേ തൊഴിലാളികള്‍ മരിച്ചുവീണു.

കുതിച്ചുയര്‍ന്ന ലോകകപ്പ് സംഘാടനച്ചെലവ്  വിവിധ കാരണങ്ങളാല്‍ തൊഴിലാളികള്‍ക്കും സമരക്കാര്‍ക്കും പുതിയൊരു പ്രതിഷേധവേദി നല്കി. ബസ് ഡ്രൈവര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ചവറ് പെറുക്കുന്നവര്‍ അങ്ങനെ നിരവധി പേര്‍. തൊഴില്‍ സാഹചര്യങ്ങള്‍ തീര്‍ത്തും മോശമായിരിക്കെ പന്തുകളി നടത്താന്‍ ഇത്രയം പണം ഒഴുക്കിക്കളയുന്നതിനെതിരെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതേതാണ്ട് 11-14 ബില്ല്യണ്‍ ഡോളര്‍ വരുമെന്നാണ്  കണക്ക്. ഈ പണം വിദ്യാഭ്യാസം,ആരോഗ്യം, അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവയ്ക്കായി ചെലവഴിക്കണമെന്നാണ് ഏറെപ്പേരും കരുതുന്നത്.

മത്സരത്തിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡണ്ട് ഡില്‍മ റൂസെഫ് രാജ്യത്തോടായി അഭ്യര്‍ഥന നടത്തിയിരുന്നു. ‘നിരാശാവാദികളും,’‘പരാജയ മനസ്ഥിതിക്കാരും’ പുറപ്പെടുവിക്കുന്ന ആശങ്കകളെ അവര്‍ തള്ളിക്കളഞ്ഞു.“കളി നടക്കുന്ന 12 നഗരങ്ങളിലും സന്ദര്‍ശകര്‍ ഹൃദയവിശാലതയുള്ള, ആതിഥ്യ മര്യാദയുള്ള ജനങ്ങളുമായി ഇടകലരുമെന്നും, ഓരോ ദിവസവും കൂടുതല്‍ തുല്യതക്കായി പോരാടുന്ന പ്രകൃതി രമണീയമായ ഒരു രാജ്യത്തെ ഇഷ്ടപ്പെടുമെന്നും ഞാന്‍ കരുതുന്നു,” റൂസെഫ് പറഞ്ഞു.

നാനാതരം ആളുകളുള്ള ഒരു രാജ്യമാണ് ബ്രസീല്‍. ഒരു പൊതുവികാരം കണ്ടെത്താന്‍ ഇവിടെ പാടാണ്. എന്നാലും സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത് പകുതിയിലേറെപ്പേരും ഇവിടെ ലോകകപ്പ്നടത്തുന്നതിന് എതിരാണെന്നാണ്.

“ഇത് ഞങ്ങളുടെ നിരാശയാണ്,” 39-കാരനായ ഒരു കടയുടമ ഹ്യൂഗോ നൊഗീരിയ പറയുന്നു. “പക്ഷേ പന്തുകളി ഞങ്ങളുടെ ആവേശമാണ്.”

വലിയ കാശ് മുടക്കി ടിക്കറ്റെടുത്ത് മൈതാനത്ത് പോയി കളി കാണാതെ നിശ്ശബ്ദം പ്രതിഷേധിക്കുന്ന അനേകം ബ്രസീലുകാരിലൊരാളാണ് നൊഗീരിയ. എന്തായാലും, ടെലിവിഷനില്‍ കളി കാണുമെന്ന് അയാള്‍ പറഞ്ഞു. “ഇത് വിദേശികള്‍ക്ക് വേണ്ടിയുള്ളതാണ്. ബ്രസീലുകാര്‍ക്കുള്ളതല്ല.”

32 രാജ്യങ്ങള്‍. 64 കളികള്‍. ജൂലായ് 13 ണു റിയോ ഡി ജെനീറോയില്‍ കിരീടപ്പോരാട്ടം. ബ്രസീലിലെ അസ്വസ്ഥതകളില്‍ നിന്നും കളിക്കാരെ അകറ്റിനിര്‍ത്തിയിരിക്കുന്നു. യു.എസ് കളിക്കാര്‍ ബസിന്റെ ചില്ലുജനലിലൂടെ ഇത് നോക്കിക്കാണുകയാണ്. ആഡംബര ഹോട്ടലുകള്‍. മികച്ച പരിശീലന സ്ഥലങ്ങള്‍‍. ഇവയ്ക്കിടയിലാണ് യാത്ര. “അധികമൊന്നും കണ്ടില്ല,”  മിഡ്ഫീല്‍ഡര്‍ ഫാബിയന്‍ ജോണ്‍സണ്‍ പറഞ്ഞു. ‘ഭയങ്കര തിരക്കാണ്, എന്തൊരു ട്രാഫിക്ക്”

ചൂടും മഴയും ഇടകലരുന്ന തീര്‍ത്തും വൈവിധ്യമുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് ടീമുകള്‍. പ്രതിഷേധ സ്വരങ്ങള്‍ ശമിച്ചിട്ടില്ലെങ്കിലും തെരുവുകളില്‍ പതുക്കെ കൊടികളും അലങ്കാരങ്ങളും സ്ഥാനം പിടിക്കുന്നു. അധികവും മദ്യശാലകളും, ഭക്ഷണശാലകളും മറ്റ് കടക്കാരും ഒരുക്കിയവ. റിയോ ഡി ജെനീറോവില്‍ സഞ്ചാരികളും വഴിവില്‍പ്പനക്കാരും ഒരു പോലെ തിരക്കുകൂട്ടുന്നു.

ചിലപ്പോളൊക്കെ ചില ഉത്തേജനവും നല്‍കേണ്ടി വരുന്നു. തെരുവും വീടുകളും  ലോകകപ്പ് നിറങ്ങള്‍ പൂശാന്‍ റിയോവിലെ സാന്‍റ മാര്‍ട ചേരിനിവാസികള്‍ ഒരു പെയിന്‍റ് കമ്പനിയില്‍ നിന്നും സൌജന്യമായി പെയിന്‍റ് വാങ്ങി.

“ജനങ്ങള്‍ക്ക് ഒട്ടും ഉത്സാഹമില്ല. പക്ഷേ ഒരാഴ്ച്ച മുമ്പ്  ചായം പൂശാമെന്ന് അവര്‍ തീരുമാനിച്ചു,” സാന്‍റ മാര്‍ടയിലെ താമസക്കാരന്‍ സലേതെ മാര്‍ടിന്‍സ് പറയുന്നു. “ എന്നാല്‍ ബ്രസീലുകാര്‍ അങ്ങനെ എളുപ്പം വിട്ടുകൊടുക്കില്ല.പന്തുകളി ഒന്നാമതാണ്. ഞങ്ങള്‍ ബ്രസീലിനെ പിന്തുണയ്ക്കും.”

This post was last modified on June 21, 2014 8:09 am