X

മുദ്രാവാക്യങ്ങളിലെ ഉഷാര്‍ കളിയില്‍ കാണുമോ?

ഇഷാന്‍ തരൂര്‍
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

ലോകകപ്പില്‍ പങ്കെടുക്കുന്ന മുപ്പത്തിരണ്ട് ദേശീയടീമുകളുടെയും ഒഫീഷ്യല്‍ സ്ലോഗനുകള്‍ പുറത്തുവരികയും അവയുടെ തമാശരൂപങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയും ചെയ്തുകഴിഞ്ഞു.

ഇതാ ഞങ്ങളുടെ വിലയിരുത്തല്‍, ചില കേസുകളില്‍ ഞങ്ങളുടെ തിരുത്തലുകളും പകരം വയ്ക്കാവുന്ന സ്ലോഗനുകളും.

അള്‍ജീരിയ: “ബ്രസീലിലെത്തിയ മരുഭൂയോദ്ധാക്കള്‍”
കുറച്ച് ഉണങ്ങിവരണ്ടുപോയില്ലേ? പക്ഷെ അള്‍ജീരിയക്കാര്‍ യോദ്ധാക്കളാണ്, ധീരരാണ്, അവരുടെ പറച്ചിലിനൊത്തവിധം പ്രവര്‍ത്തിച്ചേക്കാം.

അര്‍ജന്‍റീന: “വെറുമൊരു ടീമല്ല, ഞങ്ങള്‍ ഒരു രാജ്യമാണ്”
നന്ദി, നേരില്‍ കാണാവുന്നത് പറഞ്ഞറിയിച്ചതിന്. ദേശരാഷ്ട്രങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട, പ്രയോജനമേതുമില്ലാത്ത ദേശസ്നേഹവിളംബരമായിരിക്കും ഇത്. അര്‍ജന്‍റീനക്കാര്‍ ഒരു ഭീകരടീമാണ്. അവര്‍ വളരെ എളുപ്പം ആദ്യറൌണ്ട് കടക്കും. അവര്‍ക്ക് ബ്രസീലിയന്‍ മണ്ണില്‍ ലോകകപ്പ് നേടാന്‍ നല്ല സാധ്യതയുമുണ്ട്. ഇതിനെപ്പറ്റി അവരുടെ എതിരാളികള്‍ ചിന്തിച്ചുവിഷമിക്കുന്നുമുണ്ട്. ആതിഥേയര്‍ക്ക് ഇവര്‍ വെറുമൊരു രാജ്യമല്ല, ഒരു പേടിസ്വപ്നമാണ്. മുദ്രാവാക്യം ഇങ്ങനെ വേണമായിരുന്നു: “ഞങ്ങള്‍ക്ക് വേണ്ടി കരയേണ്ട ബ്രസീല്‍, ഞങ്ങള്‍ ജയിക്കാന്‍ പോവുകയാണ്.”

ഓസ്ട്രേലിയ: “സോക്കറൂസ്: ചരിത്രത്തിലേയ്ക്ക് ചാടിച്ചാടി!”
ഇതില്‍ ക്യൂട്ട് വിളിപ്പേരുണ്ട്, ദേശീയമൃഗത്തെ ഉപയോഗിച്ചുള്ള തമാശയുടെ വാര്‍പ്പുണ്ട്. ആദ്യറൌണ്ടില്‍ തന്നെ മികച്ച മൂന്നുടീമുകളോട് തോറ്റു നാണംകെടാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ മാറ്റുന്നതാവും ഭേദം. “സോക്കറൂസ്: ബ്രസീലില്‍ നിന്ന് പുറത്തേയ്ക്ക് ചാടിച്ചാടി!”

ബെല്‍ജിയം: “അസാധ്യമായത് പ്രതീക്ഷിക്കുക”
ഇതൊരു കോര്‍പ്പറേറ്റ് പറച്ചിലാണ്, ഒരു സ്പോര്‍ട്സ് ഉടുപ്പ് കമ്പനിക്ക് ചേര്‍ന്നത്. യൂറോപ്പില്‍ നിന്ന് ഒരു തലമുറ കൊണ്ട് ഉയര്‍ന്നുവന്ന ഒരു ടീമിന് ചേര്‍ന്നതല്ല. ഈ ടൂര്‍ണമെന്റ് ജയിക്കാന്‍ കഴിവുള്ള കറുത്ത കുതിരകളാണ്‌ ബെല്‍ജിയം. കഴിവുറ്റവരുടെ നിരതന്നെ അവര്‍ക്കുണ്ട്. കളിക്കാരില്‍ പലരും കുടിയേറിയവരുടെ മക്കളാണ്, കളിക്കളത്തിനുപുറത്ത് ഐക്യം നിലനിറുത്താന്‍ കഷ്ടപ്പെടുന്ന ഒരു രാജ്യമാണ് അത്. ബെല്‍ജിയത്തിലെ ഫ്രഞ്ച് സംസാരിക്കുന്ന ഇടവും ഫ്ലെമിഷ് സംസാരിക്കുന്ന ഇടവും തമ്മില്‍ വേര്‍തിരിവുകള്‍ ഒരുപാടുണ്ട്. ചേരുന്ന മുദ്രാവാക്യം ഇതാകും: “ബെല്‍ജിയത്തോളം ബെല്‍ജിയന്‍”

ബോസ്നിയ ആന്‍ഡ്‌ ഹെര്‍സെഗോവിന: “മനസിലും കളിക്കളത്തിലും വ്യാളികള്‍”
വ്യാളികളെപ്പോലെയാണ് ഇവരെ ലോകം കാണുന്നത്. ആദ്യമായാണ്‌ ബോസ്നിയ ലോകകപ്പില്‍ എത്തുന്നത്. ഈ രാജ്യത്തിനു ഇതൊരു വൈകാരികനിമിഷമാണ്. തമ്മിലടിക്കുന്ന ഗോത്രങ്ങള്‍ ഒരു മാസമെങ്കിലും പ്രതീക്ഷയോടെ കൊടിക്ക് ചുറ്റും പ്രകടനം നടത്തുമെന്ന് കരുതാം. 

ബ്രസീല്‍: “തയ്യാറായിരിക്കൂ, ആറാമത്തേത് വരുന്നു”
ബ്രസീലിനു ഇത് പിരിമുറുക്കത്തിന്റെ സമയമാണ്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ സോക്കര്‍ ടീമാണ് ഇത്. ആറാം തവണയും കപ്പു നേടുക എന്നത് മഞ്ഞക്കുപ്പായമണിഞ്ഞ സൂപ്പര്‍സ്റാറുകളില്‍ നിന്ന് ലോകം മുഴുവന്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനും മുകളില്‍ ബ്രസീല്‍ ഗവണ്‍മെന്‍റ് കളിയുടെ പേരില്‍ നടത്തിയ അഴിമതിയും ധൂര്‍ത്തും ഒരു കാര്‍മേഘം പോലെ കളിക്കാരുടെ ശ്രദ്ധ തിരിക്കുന്നു. തയ്യാറായിരിക്കൂ എന്നത് നല്ല ഒരു മുന്നറിയിപ്പാണ്. എന്നാല്‍ തയ്യാറായിരിക്കെണ്ടത് എതിരാളികള്‍ മാത്രമല്ല, ബ്രസീല്‍ ടീമും കൂടിയാണ്.

കാമറൂണ്‍: “ഒരു സിംഹം എന്നും സിംഹമായിരിക്കും”
കാമറൂണ്‍ ടീം ശക്തരായ സിംഹങ്ങള്‍ എന്നറിയപ്പെടുന്ന സ്ഥിതിക്ക് ഇത് മികച്ച ഒരു മുദ്രാവാക്യമാണ്. എങ്കിലും ഇതില്‍ ഒരു മടിയുടെ അംശമുണ്ടോ എന്ന് സംശയം തോന്നുന്നു.

ചിലി: “ചിചിച്ചി ലിലിലി. ഗോ ചിലീ!”
രണ്ടായിരത്തിപ്പത്തില്‍ മൈന്‍ തൊഴിലാളികള്‍ ഭൂമിക്കടിയില്‍ പെട്ടുപോയപ്പോള്‍ ചിലി പറഞ്ഞ വാക്കുകള്‍ തന്നെയാണ് അവരുടെ മുദ്രാവാക്യവും. മൈന്‍ തൊഴിലാളികളെ രക്ഷിക്കുന്ന സമയത്ത് ഉയര്‍ന്നുവന്ന ദേശബോധം പതിയെ മങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ചിലി ടീമിന്റെ കളിയുടെ ആക്രമണസ്വഭാവത്തിന് കുറവൊന്നുമില്ല.

കൊളംബിയ: “ഇതാ ഒരു രാഷ്ട്രം, ഒരു ടീമല്ല.”
അര്‍ജന്‍റീനയുടെതിനെക്കാള്‍ അല്‍പ്പം ഭേദമാണിത്. എന്നാല്‍ ഇത് കൊളംബിയയുടെ ടീമാണ്. അവര്‍ നല്ല കളിക്കാരാണ്, അവര്‍ ഏറെ നേരം ഈ കളിയില്‍ ഉണ്ടായേക്കാം. അവര്‍ക്ക് കുറച്ചുകൂടി മികച്ച മുദ്രാവാക്യം വേണം.

കോസ്റ്റ റിക്ക: “ഫുട്ബോള്‍ ആണ് എന്റെ പ്രേമം, എന്റെ ആളുകളാണ് എന്റെ കരുത്ത്, കോസ്റ്റ റിക്കയാണ് എന്റെ അഭിമാനം”
മുകളില്‍ പറഞ്ഞ എന്തെങ്കിലുമായി വാദിക്കാന്‍ ബുദ്ധിമുട്ടാണ്, എന്തായാലും സത്യസന്ധമായ ഒരു പറച്ചില്‍ പോലെയുണ്ട്.

ക്രോയേഷ്യ : “ഹൃദയങ്ങളില്‍ തീയുമായി ക്രോയേഷ്യയ്ക്കുവേണ്ടി ഒരുമിച്ച്!”
ആ രാജ്യത്തിന്റെ വലിപ്പം വെച്ചുനോക്കുമ്പോള്‍ ക്രോയേഷ്യക്ക് ലോകകപ്പില്‍ നല്ല റെക്കോഡാണുള്ളത്. എന്നാല്‍ അവരുടെ യൂണിഫോം,ചുവന്ന ചെക്കുകളുടെ ഒരു കൂട്ടം, കണ്ടാല്‍ ഒരു ഹോട്ടലിലെ മേശവിരിപ്പ് ആണെന്ന് തൊന്നും. മുദ്രാവാക്യം ഇങ്ങനെ മാറ്റാവുന്നതാണ്: “എന്താണ് കഴിക്കാന്‍ വേണ്ടത്?”

ഇക്വാഡോര്‍: “ഒരേ പ്രതിബദ്ധത, ഒരേ ആവേശം, ഒരേയൊരു ഹൃദയം, അത് ഇക്വാഡോറിന്!”
ഇത് കോസ്റ്റ റിക്കയുടേത് പോലെതന്നെ. എങ്കിലും അതേപോലെ മനസ്സില്‍ തട്ടുന്നത്.

ഇംഗ്ലണ്ട്: “ഒരു ടീമിനിറെ സ്വപ്നം, ജനകോടികളുടെ ഹൃദയത്തുടിപ്പ്!”
വര്‍ഷങ്ങളായി തമാശ പോലെയാണ് ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ആത്മവിശ്വാസം. കൂട്ടിന് ആ രാജ്യത്തെ ദേശസ്നേഹം അമിതഅളവില്‍ കൊണ്ടു നടക്കുന്ന ടാബ്ലോയിഡ് പത്രങ്ങളും. എന്നാല്‍ ഇപ്പോള്‍ അങ്ങേയറ്റം ഊതിപ്പെരുപ്പിച്ച- തീരെ നന്നായി ജയിക്കാനാകാത്ത ഈ ടീമിനെ മൂടിവരുന്ന എതിര്‍പ്പുകള്‍ക്ക് ചിലപ്പോള്‍ ഒരു വിജയം മറുപടിയായേക്കും. ലോകകപ്പിലെ ഏറ്റവും ചെറുപ്പമായ ടീം ഇതാണ്. ഇങ്ങനെ വേണമെങ്കില്‍ മുദ്രാവാക്യം മാറ്റാം: “ഒരു ടീമിന്റെ തകര്‍ച്ച, കോടിക്കണക്കിന് ആളുകളുടെ കറുത്ത തമാശ!!”

ഫ്രാന്‍സ്: “അസാധ്യം എന്നത് ഒരു ഫ്രഞ്ച് വാക്കല്ല”
അസാധ്യം എന്നതിന് ഒരു ഫ്രഞ്ച് വാക്കുണ്ട്. എന്നാല്‍ ഇവര്‍ ഉദ്ദേശിക്കുന്നത് അവരുടെ ധൈര്യത്തെയൊക്കെയാണ്. വേറെ ഏതു യൂറോപ്യന്‍ ടീമിനെക്കാളും കൂടുതല്‍ ദേശീയ ടീമുകളില്‍ നിന്ന് മികച്ച കളിക്കാരെ തെരഞ്ഞെടുത്തത് ഫ്രാന്‍സ് ആണ്. ഫ്രഞ്ച് സാമ്രാജ്യത്തിന്‍റെ ഓരോ മൂലയില്‍ നിന്നും താരങ്ങളുണ്ട്- ഫ്രഞ്ച് പോളിനേഷ്യ മുതല്‍ മൌറീഷ്യസും വെസ്റ്റ് ആഫ്രിക്കയും കരീബിയന്‍ ആന്‍റില്‍സും വരെ. ഇങ്ങനെ മാറ്റിയെഴുതാം: “സാമ്രാജ്യത്തത്തിന്റെ ഒരേയൊരു നല്ലവശം”.

ജര്‍മനി: “ഒരു ദേശം, ഒരു ടീം, ഒരു സ്വപ്നം”
അത് ജര്‍മനില്‍ പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി രസമായേനെ. ഐന്‍ ലാന്‍ഡ്‌, ഐന്‍ മാന്‍ചാഫ്റ്റ്, ഐന്‍ ട്രോം. 

ഘാന: “ബ്രസീലില്‍ തിളങ്ങാനെത്തിയ കറുത്ത നക്ഷത്രങ്ങള്‍”
പറച്ചിലില്‍ വലിയ രസമില്ല. എങ്കിലും ഘാന കറുത്ത നക്ഷത്രങ്ങള്‍ ആഫ്രിക്കയില്‍ നിന്നുള്ള ഏറ്റവും ശക്തരായ ടീമാണ്. അവര്‍ രണ്ടായിരത്തിപത്തിലേതിനെക്കാള്‍ മികച്ച പ്രകടനവുമായി എത്തുമെന്നാണ് പ്രതീക്ഷ.

ഗ്രീസ്: “നായകന്മാര്‍ ഗ്രീക്കുകാരെപ്പോലെ കളിക്കുന്നു”
യൂറോ 2004 ടൂര്‍ണമെന്റില്‍ ഗ്രീസിന്റെ ജയം ഒരു കണ്ണുദീനം പോലെയായിരുന്നു. ഡിഫന്റ് ചെയ്ത് ഡിഫന്റ് ചെയ്താണ് അവര്‍ എതിരാളികളെ കീഴ്പ്പെടുത്തിയത്. അത് നായകന്മാര്‍ക്ക് ചേര്‍ന്ന കളിയല്ല, ആത്മാവ് നഷ്ടപ്പെട്ട കളിയായിരുന്നു. ഇങ്ങനെ മാറ്റൂ: ഞങ്ങളെ ആരും ജാമ്യത്തിലെടുക്കാന്‍ വരേണ്ട.

ഹോണ്ടുറാസ്: “ഞങ്ങള്‍ ഒരു രാജ്യമാണ്, ഒരു ദേശമാണ്‌, ഹൃദയത്തില്‍ അഞ്ച് നക്ഷത്രങ്ങളാണ്”
ഹോണ്ടുറാസ് പതാകയുടെ നടുവിലുള്ള അഞ്ചുനക്ഷത്രങ്ങളെയാണ് അവര്‍ ഉദ്ദേശിക്കുന്നത്. അത് ബ്രസീലിലെ കളിയില്‍ വിജയത്തിന് കാരണമാകുമെന്ന് തോന്നുന്നില്ല. 

ഇറാന്‍: “പേര്‍ഷ്യയുടെ അഭിമാനം”
വളരെ ലളിതമായ മികച്ച ഒരു വാചകം. ഇറാനിലും പുറത്തുമുള്ള ഇറാനികളെ ഒരുമിപ്പിക്കാന്‍ ഈ വാക്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്, ടെഹരാനിലെ മുല്ലമാരോട് എതിര്‍പ്പ് ഉള്ളവരുണ്ടെങ്കിലും. ചില ഇറാനിയന്‍ താരങ്ങള്‍ ട്വിട്ടറിലും ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ട്വിട്ടര്‍ അവരുടെ രാജ്യത്ത് നിരോധിക്കപ്പെട്ടതാണ്. മുദ്രാവാക്യം ഇങ്ങനെയുമാകാം. “കഴിയുമെങ്കില്‍ നിങ്ങള്‍ ഞങ്ങളെ ട്വിട്ടറില്‍ ഫോളോ ചെയ്യു.”

ഇറ്റലി: “ഫിഫാ ലോകകപ്പ് സ്വപ്നത്തിനു നീലനിറം കൊടുക്കാം”
ആകെ കണ്ഫ്യൂഷനാണ്. സ്വപ്നത്തിനു എങ്ങനെയാണ് നീലനിറം കൊടുക്കുക? നേരാണ്, ഇറ്റാലിയന്‍ ടീം നീലനിറത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. എങ്കിലും മുദ്രാവാക്യം മാറ്റിഎഴുതൂ.

ഐവറി കോസ്റ്റ്: “ബ്രസീലിലെയ്ക്ക് ഓടിയെത്തുന്ന ആനകള്‍”
അന്താരാഷ്‌ട്രവേദിയില്‍ മുന്‍സുവര്‍ണ തലമുറയിലെ താരങ്ങള്‍ എന്നപേരില്‍ തിളങ്ങാന്‍ ഐവറികോസ്റ്റിന് കിട്ടുന്ന അവസാന അവസരമാണിത്. ആനകള്‍ എന്നറിയപ്പെടുന്ന ഇവര്‍ അവരുടെ കഴിവും പരിചയവും ഉണ്ടായിട്ടും പ്രധാനട്രോഫികളൊന്നും നേടിയിട്ടില്ല. ആനകള്‍ ബ്രസീലില്‍ എത്തുമായിരിക്കും, എന്നാല്‍ എത്തിക്കഴിഞ്ഞ് എന്തുചെയ്യും എന്നതാണ് ചോദ്യം. ആനപിടുത്തക്കാര്‍ കൊണ്ടുപോകുമോ?

ജപ്പാന്: “സമുറായി- പൊരുതാനുള്ള സമയം”
ഇതെങ്ങനെ മികച്ചതല്ലാതാകും?

മെക്സിക്കോ: “എപ്പോഴും ഒരുമിച്ച്, എപ്പോഴും അസ്റ്റെക്കാസ്”
ഈ ചരിത്രം പറച്ചില്‍ ഇഷ്ടമായി. എന്നാല്‍ മെക്സിക്കന്‍ ടീമിന്റെ കാര്യം കഷ്ടമാണ്. ഫുട്ബോള്‍ ജയിക്കണം എന്ന് ഭ്രാന്തമായി ആഗ്രഹിക്കുന്ന ഒരു ദേശം നല്‍കുന്ന മുഴുവന്‍ പിരിമുറുക്കവും ഇവരുടെ മേലുണ്ട്.

നെതര്‍ലന്‍ഡ്‌സ്‌: “ശരിയായ പുരുഷന്മാര്‍ ഓറഞ്ചാണ് ധരിക്കുന്നത്”
ഈ ലിംഗവല്‍കൃതപറച്ചില്‍ ഞങ്ങള്‍ക്ക് അത്ര ഇഷ്ടമല്ല. ദേഷ്യം പിടിച്ച, ഈഗോ നിറഞ്ഞ താരങ്ങളുടെ പേരില്‍ പ്രശസ്തരാണ് ഡച്ചുകാര്‍.  ഇങ്ങനെ മാറ്റൂ. “കോടീശ്വരികള്‍ ഒറഞ്ചാണ് ധരിക്കുന്നത്.”

നൈജീരിയ: “ഒരുമിച്ച് മാത്രമേ ജയിക്കാനാകൂ”
ഇത് ശരിയൊക്കെയാണ്. എന്നാലും ഇതല്ലേ പറയേണ്ടത്. #ബ്രിംഗ് ബാക്ക് ഔര്‍ ഗേള്‍സ്#

പോര്‍ച്ചുഗല്‍: “ഭൂതകാലം ചരിത്രം, ഭാവിയില്‍ വിജയം”
ഇതിന് മികച്ച ഒരു രാഷ്ട്രീയപ്രചാരണത്തിന്റെ വീറുണ്ട്. എന്നാല്‍ എല്ലാ മുദ്രാവാക്യങ്ങളും പോലെ യാഥാര്‍ഥ്യമാകാന്‍ ഇതിനും മടിയുണ്ട്.

റഷ്യ: “ഞങ്ങളെ ആര്‍ക്കും പിടിക്കാനാകില്ല”
ഇത് കേള്‍ക്കുമ്പോള്‍ മോസ്കോ ഉക്രെയിനില്‍ ചെയ്തത് ഓര്‍ക്കാതിരിക്കാനാകില്ല. കോള്‍ഡ് വാറിന്റെ അവസാനത്തിനുശേഷം യൂറോപ്പില്‍ സംഭവിച്ച ഏറ്റവും ക്രൂരമായ ഭൌമരാഷ്ട്രീയപ്രശ്നങ്ങള്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിന്‍ തുടങ്ങിവെച്ചത് ഓര്‍ക്കേണ്ടിവരും. ഇങ്ങനെ പറയൂ: “നായകര്‍ക്ക് മഹത്വം.”

സൌത്ത് കൊറിയ: “ചുവപ്പ് ആസ്വദിക്കൂ”
ചുവപ്പായി മാറൂ എന്ന 2002ലെ സൌത്ത് കൊറിയയുടെ മുദ്രാവാക്യം വെച്ച് നോക്കുമ്പോള്‍ ഇത് ഏറെ താഴെയാണ്.

സ്പെയിന്‍: “ഞങ്ങളുടെ ഹൃദയത്തില്‍ വിജയിയുടെ വികാരമാണ്”
മികച്ച ഒരു ദേശീയടീമായാണ് സ്പെയിന്‍ അറിയപ്പെടാന്‍ പോവുക. എന്നാല്‍ സ്പാനിഷ് സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയുടെ നേര്‍വിപരീതമാണ് ഇവരുടെ വിജയങ്ങള്‍.

സ്വിറ്റ്സര്‍ലന്‍ഡ്: “ഫൈനല്‍ സ്റ്റോപ്പ്‌: 07-13-14 മറകാന”
ഇത്  പെര്‍ഫക്റ്റ് ആണ്. ക്ലോക്കുകളുടെയും സമയനിഷ്ഠയുടെയും പേരില്‍ അറിയപ്പെടുന്ന സ്വിറ്റ്സര്‍ലന്‍ഡ് അവരുടെ മുദ്രാവാക്യത്തിലും ഒരു ഡേറ്റ് ഇട്ടിരിക്കുന്നു. ടൂര്‍ണമെന്റ് ഫൈനലിന്റെ ദിവസമാണ്, റിയോ ഡി ജനീറോയിലെ മറകാന സ്റ്റെഡിയത്തിലാണ് അത് നടക്കുക. പക്ഷെ സ്വിറ്റ്സര്‍ലന്‍ഡ് അവിടെ ഉണ്ടാകില്ലെന്ന് മാത്രം.

ഉറുഗ്വെ: “മൂന്നുകോടി സ്വപ്‌നങ്ങള്‍… പോകാം ഉറുഗ്വെ”
ഉറുഗ്വെ ഒരു ചെറിയ രാജ്യമാണ്. മൂന്നുകോടി ജനങ്ങള്‍ മാത്രം. എന്നാല്‍ ലോകകപ്പില്‍ അവര്‍ക്ക് ഒരു പ്രത്യേകസ്ഥാനമാണ് ഉള്ളത്. രണ്ടുതവണ ലോകകപ്പ് നേടിയ ടീമാണ് അവരുടേത്. 1930ലും 1950ലും. 1950ല്‍ മറകാന സ്റ്റെഡിയത്തില്‍ വെച്ചാണ് ഉറുഗ്വെ ബ്രസീലിനെ തോല്‍പ്പിച്ചത്. അതിന്റെ നടുക്കം ബ്രസീലുകാര്‍ക്ക് ഇപ്പോഴുമുണ്ട്. ഇങ്ങനെ മാറ്റിയാലോ. “വീണ്ടും 1950”

യുണൈറ്റഡ് സ്റ്റേറ്റ്സ്: “ടീമായി ഒരുമിച്ച്, ഒരേ വികാരത്തോടെ”
കാര്യമായൊന്നുമില്ലാത്ത ഒരു മുദ്രാവാക്യമാണിത്. യുഎസ് ടീമിനെപ്പോലെ തന്നെ. മറ്റുപലമേഖലകളിലും അവര്‍ ആഗോളശക്തിയാണെങ്കിലും ലോകകപ്പില്‍ മാത്രം അവര്‍ അതല്ല. അവരുടെ കളിക്കാര്‍ കൊള്ളാം, പക്ഷെ മികച്ചവരല്ല. വളരെ വിനീതരായ ഒരു അമേരിക്കന്‍ ടീമാണ് അവരുടേത്. ഇങ്ങനെ പറയാം. “അമേരിക്കന്‍ സാധാരണത്വത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍.”

This post was last modified on June 16, 2014 7:50 am