2020-ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളികളായേക്കാവുന്നവരെ കുറിച്ചുള്ള വിവരങ്ങൾ വിദേശ രാജ്യങ്ങളില്‍ നിന്നും ശേഖരിച്ചുവെന്ന് ട്രംപ് പറയുന്നത് അമേരിക്കയില്‍ പ്രധാന വാര്‍ത്തയായിരുന്നു. എ.ബി.സി ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് അതുമായി ബന്ധപ്പെട്ട് സംസാരിച്ചത്. എന്നാല്‍, അഭിമുഖത്തിനിടയില്‍ സംഭവിച്ച മറ്റൊരു കാര്യമാണ് അതിനേക്കാള്‍ പ്രാധാന്യത്തോടെ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
ട്രംപിന്റെ ഒവലിലുള്ള ഓഫീസില്‍വെച്ചാണ് അഭിമുഖം ചിത്രീകരിക്കുന്നത്. എബിസി ന്യൂസ് ആങ്കർ ജോർജ്ജ് സ്റ്റെഫനോപൌലോസിന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് ട്രപിന്റെ സ്റ്റാഫ് ചീഫ് മിക്ക് മുൽവാനി ചെറുതായൊന്ന് ചുമച്ചത്. ട്രംപിന് അത് ഇഷ്ടപ്പെട്ടില്ല. അതോടെ, ‘ചുമയ്ക്കുകയാണെങ്കില്‍ ദയവായി അങ്ങ് പുറത്തുപോകണമെന്നും, ഇവിടെയിരുന്ന് ചുമയ്ക്കാന്‍ പറ്റില്ലെന്നും’ ട്രംപ് പറഞ്ഞു. അഭിമുഖത്തില്‍ നിന്നുള്ള ഈ ഭാഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതിനു ശേഷം ഒരിക്കല്‍ക്കൂടി ഉത്തരം ആവര്‍ത്തിക്കാമെന്ന് ട്രംപ് പറയുന്നതായും ദൃശ്യങ്ങളില്‍ കാണാം.