X

ആഗോള ഭീകരരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജനായ സിദ്ധാര്‍ത്ഥ് ധറും: അറിയപ്പെടുന്നത് പുതിയ ജിഹാദി ജോണെന്ന്

പുതുതായി രൂപംകൊണ്ട ബ്രിട്ടീഷ് ഭീകര സംഘടനയായ അല്‍ മുഹാജിറൂണ്‍ എന്ന സംഘടനയുടെ നേതാക്കളിലൊരാളാണ് ഇയാള്‍

പുതിയ ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന ഐഎസ്‌ഐഎസ് ഭീകരനായ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനെ അമേരിക്ക കണ്ടെത്തി. സിദ്ധാര്‍ത്ഥ് ധര്‍ എന്ന ഇയാളുടെ എല്ലാ ആസ്തികളും സ്വത്തുക്കളും മരവിപ്പിച്ചിരിക്കുകയാണ്. ആഗോള ഭീകരരുടെ ലിസ്റ്റില്‍ ഇയാളുടെ പേരും ഉള്‍പ്പെടുത്തിയതോടെയാണ് സ്വത്തുക്കള്‍ മരവിപ്പിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് പൗരത്വമുള്ള ഹിന്ദു മത വിശ്വാസിയാണ് ഇയാള്‍. എന്നാല്‍ പിന്നീട് മുസ്ലിം മതം സ്വീകരിച്ച് അബു റുമൈഷാ എന്ന പേര് സ്വീകരിച്ചു. പുതുതായി രൂപംകൊണ്ട ബ്രിട്ടീഷ് ഭീകര സംഘടനയായ അല്‍ മുഹാജിറൂണ്‍ എന്ന സംഘടനയുടെ നേതാക്കളിലൊരാളാണ് ഇയാള്‍. 2014ല്‍ ബ്രിട്ടീഷ് പോലീസിന്റെ പിടിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഭാര്യയെയും മക്കളെയും കൂട്ടി സിറിയയിലേക്ക് കടക്കുകയും ഐഎസ്‌ഐഎസില്‍ ചേരുകയും ചെയ്തു. ഐഎസിന് വേണ്ടി മരണ ശിക്ഷ നടപ്പാക്കിയിരുന്ന മുഹമ്മദ് എംവാസി 2015ല്‍ ഒരു ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് ശേഷം ആ സ്ഥാനത്ത് ഇയാളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് ധര്‍ പുതിയ ജിഹാദി ജോണ്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്.

2016ല്‍ തടവുകാരെ കൊലപ്പെടുത്തുന്നതായി ചിത്രീകരിച്ച് ഐഎസ് പുറത്തുവിട്ട വീഡിയോയില്‍ മുഖംമൂടിയണിഞ്ഞിരിക്കുന്നത് ധര്‍ ആണെന്നാണ് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സംശയിക്കുന്നത്. 2016 മെയില്‍ ഐഎസിന്റെ ലൈംഗിക അടിമത്വത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു കൗമാരിക്കാരി തന്നെ തട്ടിക്കൊണ്ടു പോയത് ഒരുകാലത്ത് ഇറാഖില്‍ ഐഎസിന്റെ ശക്തികേന്ദ്രമായിരുന്ന മൊസ്യൂള്‍ സ്വദേശിയായ ധര്‍ ആണെന്ന് മൊഴി നല്‍കിയിരുന്നു.

ബെല്‍ജിയന്‍- മൊറോക്കന്‍ പൗരനായ അബ്ദെലെത്തീഫ് ജിയാനിയ്‌ക്കൊപ്പമാണ് പുതുതായി രൂപീകരിച്ച ആഗോള ഭീകരരുടെ ലിസ്റ്റില്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സിദ്ധാര്‍ത്ഥ ധറിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ രണ്ട് പേരും ചേര്‍ന്ന് നിരവധി ഭീകരാക്രമണങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അമേരിക്ക പറയുന്നു.

ഇയാളുടെ മേരിക്കയുടെ അധികാരപരിധിയിലുള്ള ആസ്തികളും സ്വത്തുക്കളുമാണ് മരവിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ പൗരന്മാരെ ഇവരുമായി ഏതെങ്കിലും വിധത്തിലുള്ള ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.