X

പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ റഷ്യൻ കീഴടങ്ങൽ: ചർച്ചകള്‍ കൊഴുക്കുന്നു

യുകെയിൽ പ്രധാനമന്ത്രി തെരേസ മേക്കെതിരെ വൻ ആക്രമണങ്ങൾ നടത്തിയെത്തിയ ട്രംപ് ഹെൽസിങ്കിയിൽ വളരെ ശാന്തനായി കാണപ്പെട്ടു.

അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ടറാണ് ട്രംപ്-പുടിൻ സംയുക്ത വാർത്താസമ്മേളനത്തിൽ വെച്ച് ഈ ചോദ്യം നേരിട്ട് ചോദിച്ചത്: “ഡോണൾഡ് ട്രംപിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ഉതകുന്ന തരത്തിൽ പെട്ട എന്തെങ്കിലും റഷ്യൻ ഇന്റലിജൻസിന്റെ കൈവശമുണ്ടോ?” ഈ ചോദ്യത്തിന് റഷ്യൻ പ്രസിഡണ്ടിന്റെ ഉത്തരം നേരിട്ടുള്ള ഒന്നായിരുന്നില്ല. ഉണ്ടെന്നോ ഇല്ലെന്നോ അദ്ദേഹം പറയുകയുണ്ടായില്ല.

റഷ്യയുടെ ബ്ലാക്ക്മെയിലിങ്ങിന് ട്രംപ് എപ്പോഴും വഴങ്ങിക്കൊടുക്കുമെന്നതിന് നിരവധി കാര്യങ്ങള്‍ ഉദാഹരിക്കപ്പെടുന്നുണ്ട്. 2016 തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ട്രംപിന് റഷ്യയുമായുണ്ടായിരുന്ന ദൃഢമായ വ്യാപാരബന്ധമാണ് ഇവയിലൊന്ന്. ട്രംപ് ബ്രാൻഡഡ് ഉൽപന്നങ്ങൾ വൻതോതിൽ റഷ്യയിലെത്തിയിരുന്നു. ഇതിനു പകരമായി ഹിലരി ക്ലിന്റൺ അടക്കമുള്ള തന്റെ എതിരാളികളെക്കുറിച്ചുള്ള ‘വിലപ്പെട്ട വിവരങ്ങൾ’ റഷ്യക്ക് കൈമാറുകയുണ്ടായി എന്ന് ആരോപണമുണ്ട്. ഈ പരസ്പര സഹകരണത്തിനു പുറമെയാണ് റഷ്യയുടെ പക്കലുണ്ടെന്ന് ഊഹിക്കപ്പെടുന്ന ‘പീ ടേപ്പ്’ വരുന്നത്.

എന്താണ് പീ ടേപ്പ്?

മോസ്കോയിലെ റിറ്റ് കാൾട്ടൻ ഹോട്ടലിൽ പ്രസിഡണ്ട് ബാരക് ഒബാമ റഷ്യന്‍ സന്ദർശനത്തിനെത്തി അതേ മുറി വാടകയ്ക്കെടുത്ത് കുറെ ലൈംഗികത്തൊഴിലാളികളുമായി ഡോണൾഡ് ട്രംപ് എത്തിയെന്നും ശേഷം ഇവരെക്കൊണ്ട് കിടക്കയിൽ മൂത്രമൊഴിപ്പിച്ചെന്നുമാണ് ആരോപണം. രഹസ്യമായി ഈ രംഗങ്ങൾ‌ പകർത്തിയത് റഷ്യൻ ചാരസംഘടനയുടെ പക്കലുണ്ടെന്ന വാർത്തയെ പ്രതിയാണ് അസോസിയേറ്റഡ് പ്രസ് മാധ്യമപ്രവർകൻ ചോദ്യമുന്നയിച്ചത്. ട്രംപ് അസാധാരണമാംവിധം പുടിന് വഴങ്ങിക്കൊടുക്കുന്നുവെന്ന ആരോപണം യുഎസ്സിൽ പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നതിന്റെ പശ്ചാത്തലം കൂടി ഈ ചോദ്യത്തിനുണ്ട്.

മുന്‍ എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമിയാണ് തന്റെ പുസ്തകത്തിൽ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. ‘A Higher Loyalty’ എന്ന പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങൾ റഷ്യ ഇതുവരെ നിഷേധിച്ചിട്ടില്ല. 2013ൽ നടന്ന ഈ സംഭവം അമേരിക്കൻ പ്രസിഡണ്ട് സ്ത്രീകളെ വെറും മാംസമായി കാണുന്നു എന്നതിന്റെ തെളിവായാണ് കോമി അവതരിപ്പിച്ചത്.

യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടലുണ്ടായെന്ന ആരോപണം വളരെ നേരത്തെ തന്നെ നിലവിലുള്ളതാണ്. ഈ ആരോപണത്തെ ശക്തമായി നിഷേധിക്കാൻ ട്രംപ് തയ്യാറായി. റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും ട്രംപ് പറയുകയുണ്ടായി. ഇത് തന്റെ രാജ്യം ചെയ്ത അബദ്ധമാണെന്ന കുറ്റസമ്മതത്തിനും അദ്ദേഹം മുതിർന്നു. അമേരിക്കൻ ജനത അത്ഭുതത്തോടെയാണ് ട്രെപിന്റെ അടിയറവ് പറയലിനെ നോക്കിക്കാണുന്നത്.

ട്രംപ് പുടിന്റെ കൈപ്പിടിയിലായെന്ന് മുൻ സിഐഎ ഡയറക്ടർ ജോൺ ഒ ബ്രണ്ണൻ വിമർശിച്ചു. തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും റഷ്യ യുഎസ്സിനു നേരെ നടത്തിയ സൈബർ ആക്രമണവുമൊക്കെ ഉയർത്തിക്കാട്ടി പ്രതിപക്ഷകക്ഷികളും രംഗത്തെത്തി. ഒബാമയുടെ കാലത്താണ് റഷ്യയുമായുള്ള ബന്ധം ഉലഞ്ഞതെന്നും റഷ്യൻ ഇടപെടലിനെതിരെ കാര്യക്ഷമമായ നടപടിയെടുക്കാൻ ഒബാമയ്ക്ക് സാധിച്ചില്ലെന്നും ആരോപണമുന്നയിക്കുകയാണ് ട്രംപ് ചെയ്തത്. യുഎസ്സിന്റെ ഭാഗത്തു നിന്നാണ് അബദ്ധങ്ങളുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുകെയിൽ പ്രധാനമന്ത്രി തെരേസ മേക്കെതിരെ വൻ ആക്രമണങ്ങൾ നടത്തിയെത്തിയ ട്രംപ് ഹെൽസിങ്കിയിൽ വളരെ ശാന്തനായി കാണപ്പെട്ടു.