X

രോഗപ്രതിരോധ വാക്സിനേഷൻ ചെയ്യാത്ത കുട്ടികൾക്ക് സ്കൂൾ പ്രവേശന നിരോധനം

ബോലോഗ്നയിൽ മാത്രം മുന്നൂറോളം വിദ്യാർത്ഥികള്‍ക്ക് അധികൃതർ സസ്പെൻഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.

രോഗപ്രതിരോധ വാക്സിനുകൾ എടുക്കാത്ത കുട്ടികളെ സ്കൂളിലേക്കയയ്ക്കുന്നതിൽ നിരോധനമേർപ്പെടുത്തി ഇറ്റാലിയൻ സർക്കാർ. മാസങ്ങളോളം നീണ്ട ദേശീയ ചർച്ചകൾക്കു ശേഷമാണ് സർക്കാർ ഈ നിയമം നടപ്പാക്കുന്നത്. വാക്സിന്‍ എടുക്കാത്ത കുട്ടികളെ സ്കൂളിലേക്കയച്ചാൽ 500 യൂറോ പിഴയായി ഒടുക്കേണ്ടി വരും.

രാജ്യത്ത് അഞ്ചാംപനി വ്യാപകമാകുകയും വലിയ ആരോഗ്യപ്രശ്നങ്ങളുയരുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ കർശന നടപടികൾക്ക് ഒരുങ്ങിയത്. വാക്സിനേഷൻ എടുക്കാതെയെത്തുന്ന കുട്ടികൾ രോഗവാഹികളായി സമൂഹത്തെയാകെ അപകടത്തിലാക്കുന്നത് തിരിച്ചറിഞ്ഞാണ് ഈ നടപടി. ഇറ്റലിയിലെ മുൻ ആരോഗ്യമന്ത്രിയായ ബീട്രിസ് ലോറന്‍സിന്റെ പേരിലാണ് പുതിയ നിയമം അറിയപ്പെടുക. ഇദ്ദേഹമാണ് ചരിത്രപ്രധാനമായ ഈ നിയമം ആദ്യമായി അവതരിപ്പിച്ചത്. കുട്ടികളെ സ്കൂളിൽ ചേർത്തുന്നതിനു മുമ്പായി നിർബന്ധിതമായി ചെയ്തിരിക്കേണ്ട വാക്സിനേഷനുകളുടെ പട്ടിക സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇവയിൽ കാലാകാലങ്ങളിൽ പുതുക്കലുകളും ഉണ്ടാകും. ചിക്കൻപോക്സ്, പോളിയോ, മീസൽസ്, മംബ്സ്, റുബെല്ല എന്നീ രോഗങ്ങൾക്കുള്ള വാക്സിനേഷനുകളും ഇതിൽ ഉൾപ്പെടുന്നു.

ആറ് വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ നിയമത്തിൽ നിന്നും ഇളവ് ലഭിക്കും. ആറിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സ്കൂളിൽ പോകുന്നതിന് സാങ്കേതികമായി അനുമതി ലഭിക്കുമെങ്കിലും മാതാപിതാക്കൾ പിഴയൊടുക്കേണ്ടതായി വരും. മാര്‍ച്ച് പത്താം തിയ്യതിക്കുള്ളിൽ വാക്സിനേഷൻ നടത്തി അതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിർദ്ദേശം. ഈ തിയ്യതിയിൽ ഇളവ് വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതെത്തുടർന്ന് തിങ്കളാഴ്ച വരെക്കൂടി സമയം ദീർഘിപ്പിച്ചിട്ടുണ്ട്.

ബോലോഗ്നയിൽ മാത്രം മുന്നൂറോളം വിദ്യാർത്ഥികള്‍ക്ക് അധികൃതർ സസ്പെൻഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. രാജ്യത്താകെ അയ്യായിരത്തിലധികം കുട്ടികൾക്ക് വാക്സിനേഷൻ രേഖകൾ ഇല്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ളത് വാക്സിനേഷൻ നിരക്ക് 95 ശതമാനത്തിൽ എത്തിക്കണമെന്നാണ്. ഇറ്റലിയിൽ നിലവിലിത് 80% ആണ്.

‍ഈ നിയമത്തിനെതിരെ ഒരു വിഭാഗമാളുകൾ ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. വാക്സിനുകൾ എടുക്കുന്നത് കുട്ടികളിൽ ഗുരുതരമായ മറ്റു രോഗങ്ങൾ വരുത്തുമെന്നും മറ്റും ഇവർ പ്രചരിപ്പിക്കുന്നു. എന്നാൽ ഇവരുടെ ആരോപണങ്ങൾ‌ തെളിയിക്കുന്ന പഠനങ്ങളൊന്നും തന്നെ നിലവിലില്ല.