X

‘ജിവിതത്തില്‍ ഇതുവരെ കംപ്യൂട്ടര്‍ ഉപയോഗിച്ചിട്ടില്ല’; വെളിപ്പെടുത്തല്‍ ജപ്പാന്‍ സൈബര്‍ സുരക്ഷാ മന്ത്രിയുടേത്

2020ല്‍ ടോക്ക്യോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സ് പാരാലിംപിക് മല്‍സരങ്ങളുടെ ചുമതലക്കാരന്‍ കൂടിയാണ് മന്ത്രി

ലോകത്ത് കംപ്യൂട്ടര്‍ ഉപയോഗിക്കാത്ത നിരവധി പേരുണ്ട്. എന്നാല്‍ അത് ഒരു രാജ്യത്തിന്റെ സൈബര്‍ സുരക്ഷാ മന്ത്രി തന്നെ ആണെങ്കിലോ. ഇതാണ് ജപ്പാനില്‍ സംഭവിച്ചത്. പാര്‍ലമെന്റ് അംഗത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് ജപ്പാന്‍ ദേശീയ സൈബര്‍ സുരക്ഷാ മന്ത്രി യോഷിതക സക്കുറാഡ എന്ന 68 കാരന്‍ തന്റെ സാങ്കേതിക വിദ്യാ അജ്ഞതയെ കുറിച്ച് വെളിപ്പെടുത്തിയത്. 2020ല്‍ ടോക്ക്യോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സ് പാരാലിംപിക് മല്‍സരങ്ങളുടെ ചുമതലക്കാരന്‍ കൂടിയാണ് മന്ത്രി

25ാം വയസ്സുമുതല്‍ സ്വന്തമായി ബിസിനസ് ഉള്ള വ്യക്തിയായിരുന്നു താന്‍. എന്നാല്‍ കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ സെക്രട്ടറിമാരോടും ജോലിക്കാരോടും നിര്‍ദേശിക്കാറാണ് പതിവ്. താന്‍ ഇതുവരെ കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്തിട്ടില്ലെന്നും മന്ത്രിപറയുന്നു. അതീവ് സുരക്ഷാ മേലയിൽ യുഎസ്ബി ഡ്രൈവ് ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു മറുപടി. തീര്‍ത്തും സാധാരണമായ ഒരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് സുരക്ഷാ പ്രശ്‌നത്തിന് കാരണമാവില്ലെ എന്നായിരുന്നു പാര്‍ലമെന്റ് അംഗത്തിന്റെ ചോദ്യം. എന്നാല്‍ ഉപകരണത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്നാല്‍ സൈബര്‍ സുരക്ഷാ നയങ്ങളുടെ ഉള്‍പ്പെടെ ചുമതല വഹിക്കുന്ന വ്യക്തിക്ക് കംപ്യൂട്ടറിനെ കുറിച്ച് ഒന്നും അറിയില്ലെന്ന നിലപാട് അവിശ്വസനീയമാണെന്നും പ്രതിപക്ഷ എംപി പറയുന്നു. അതേസമയം ഒരുമാസം മുന്‍പ് നടന്ന മന്ത്രി സഭാ പുനസംഘടനയിലാണ് സക്കുറാഡ സൈബര്‍ സുരക്ഷാ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. പ്രധാന മന്ത്രി ഷിന്‍സോ ആബേ പാര്‍ട്ടി മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിറകെയായിരുന്നു പുനസംഘടന.

This post was last modified on November 15, 2018 4:27 pm