X

കിമ്മും മൂണും ആംലിംഗനം ചെയ്തു; ഹർഷാരവങ്ങളോടെ മൂന്നാം കൊറിയൻ ഉച്ചകോടി തുടങ്ങി

സംഗീതമേളത്തിന്റെ അകമ്പടിയോടെയാണ് ഇരുവരുടെയും ആദ്യ കൂടിക്കാണൽ വിമാനത്താവളത്തിൽ നടന്നത്.

ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജേ ഇന്നിനെ ആംലിഗനം ചെയ്തതോടെ പ്യോങ്ങ്യാങ് വിമാനത്താവളത്തിൽ കാഴ്ചക്കാരിൽ നിന്ന് ആഹ്ലാദാരവമുയർന്നു. ഇരുവരുടെയും മൂന്നാമത്തെ ഉച്ചകോടിക്ക് തുടക്കമായി. ഉത്തരകൊറിയയിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. മിലിട്ടറി ബാൻഡിന്റെ സംഗീതമേളത്തിന്റെ അകമ്പടിയോടെയാണ് ഇരുവരുടെയും ആദ്യ കൂടിക്കാണൽ വിമാനത്താവളത്തിൽ നടന്നത്.

യുഎസ്സും ഉത്തരകൊറിയയും തമ്മില്‍ നിലനിൽക്കുന്ന സംഘർഷത്തിൽ അയവ് വരുത്തണമെന്ന താൽപര്യം ദക്ഷിണ കൊറിയയ്ക്കുണ്ട്. ഉത്തര കൊറിയയുടെ ആണവപദ്ധതികളുമായി ബന്ധപ്പെട്ടാണ് യുഎസ് പരാതികളുയർ‍ത്തുന്നത്. ഇക്കാര്യത്തിലൂന്നിയായിരിക്കും ദക്ഷിണ കൊറിയൻ പ്രസിഡണ്ടിന്റെ ഇന്നത്തെ നയപരമായ നീക്കങ്ങൾ.

ഇതോടൊപ്പം, കഴിഞ്ഞ ഉച്ചകോടിയിൽ ഇരുവരും ചേർന്ന് പ്രഖ്യാപിച്ച, അരനൂറ്റാണ്ടായി ഇരുരാജ്യങ്ങളും തമ്മിൽ തുടരുന്ന യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക എന്നതും ചർച്ചയിൽ വരും. 1950ലാണ് ഈ യുദ്ധം തുടങ്ങിയത്. 53ൽ യുദ്ധത്തിന് അവസാനമായെങ്കിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ല.

കിം ഭാര്യ റി സോൾ ജൂയുമൊത്താണ് വിമാനത്താവളത്തിലെത്തിയത്. മൂണിന്റെ ഭാര്യയും എത്തിയിരുന്നു.