തന്റെ മുഖ്യ ബോഡി ഗാർഡുകളിലൊരാൾ മെയ്ദിനത്തിൽ പ്രകടനം നടത്തിയവരെ ആക്രമിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടർന്ന് തന്റെ ഓഫീസിൽ വിവിധ ചുമതലകളിലുള്ളവരെ പുനസ്സംഘടിപ്പിക്കാൻ ഫ്രഞ്ച് പ്രസിഡണ്ട് തയ്യാറെടുക്കുന്നു. ഇതിനുള്ള ഉത്തരവ് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പുറപ്പെടുവിച്ചു.
ഇമ്മാനുവൽ മാക്രോണിന്റെ ബോഡി ഗാര്‍ഡായ അലക്സാണ്ടർ ബെനെല്ലയാണ് മെയ്ദിന റാലി നടത്തിയവരെ ആക്രമിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് മാക്രോൺ പ്രതിരോധത്തിലായിരുന്നു.
അധികാരത്തിലേറിയതിനു ശേഷം മാക്രോൺ നേരിടുന്ന ഏറ്റവും വലിയ പ്രതിപക്ഷ ആക്രമണത്തിന് ഈ സംഭവം കാരണമായി. അലക്സാണ്ടർ ഇപ്പോൾ അന്വേഷണവിധേയനാണ്. കഴിഞ്ഞദിവസമാണ് അന്വേഷണം പ്രഖ്യാപിച്ചത്.
സംഘടിത അതിക്രമമാണ് ഇയാളുടെ പേരിലുള്ള കുറ്റം. അലക്സാണ്ടറും, സംഭവസമയത്ത് കൂടെയുണ്ടായിരുന്ന മൂന്ന് ഉന്നതോദ്യോഗസ്ഥരും കഴിഞ്ഞദിവസം മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരായി. പൊലീസിന്റെ നിരീക്ഷണ കാമറകളാണ് വീഡിയോ പിടിച്ചത്. ഈ വീഡിയോകൾ അലക്സാണ്ടർക്ക് കൈമാറിയെന്ന കുറ്റമാണ് മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്കു മേൽ ചുമത്തിയിട്ടുള്ളത്. ഔദ്യോഗിക രഹസ്യങ്ങൾ സംബന്ധിച്ച നിയമങ്ങൾ ലംഘിക്കപ്പെട്ടെന്നാണ് ആരോപണം.
This post was last modified on July 23, 2018 7:25 pm
Leave a Comment