X

മ്യാന്മറിൽ ഡാമിന്റെ ഷട്ടർ തകർന്നു; 100 ഗ്രാമങ്ങളിൽ പ്രളയം; ഭക്ഷണം പോലും വിതരണം ചെയ്യുന്നില്ലെന്ന് പരാതി

ഗ്രാമവാസികൾക്ക് ഇതെല്ലാം നേരിട്ട് ശീലമുണ്ടെന്നും അവർ എല്ലാം സ്വയം ചെയ്യുന്നുണ്ടെന്നുമാണ് അധികൃതരുടെ വാദം.

കേരളത്തിനു പിന്നാലെ മൺസൂൺ മഴ അതിരൂക്ഷമായ മ്യാന്മറിൽ ഡാമിന്റെ ഗേറ്റ് തകർന്നു. അനിയന്ത്രിതമായി പുറത്തേക്കൊഴുകിയ വെള്ളം നൂറിലധികം ഗ്രാമങ്ങള്‍ മുങ്ങാൻ കാരണമായി. അമ്പതിനായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചതായി അറിയുന്നു.

2001ൽ പണിതീർത്ത സ്വാർ ചോങ് ഡാമിന്റെ ഗേറ്റാണ് തകർന്നത്. ഇതിന്റെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. ഡാമിന് തകരാറൊന്നുമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഡാം നിർമിച്ചതിൽ അപാകതകളൊന്നും തന്നെ വന്നിട്ടില്ലെന്ന് ഇറിഗേഷൻ വകുപ്പിന്റെ ഡയറക്ടർ ജനറൽ ക്യാവ് മിന്റ് ഹ്ലെയിങ് പറഞ്ഞു. താറാവിന്റെ ചുണ്ട് പോലെയാണ് ഡാമിന്റെ സ്പിൽവേകളുടെ നിർമാണം. ഇവയിലൊരു ‘ചുണ്ട്’ തകർന്നു. എന്നാൽ അതിനർത്ഥം ഡാം തകർന്നു എന്നല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

ഡാമിലെ വെള്ളം അനിയന്ത്രിതമായി ഒഴുകുന്നത് തടയാനുള്ള താൽക്കാലിക സംവിധാനങ്ങളൊരുക്കാൻ കഠിനമായി പരിശ്രമിക്കുകയാണെന്നും ഹ്ലെയിങ് വ്യക്തമാക്കി.

ജൂലൈ മാസത്തിന്റെ രണ്ടാംപകുതി മുതൽ മ്യാന്മർ വെള്ളത്തിലാണ്. ശരിയായ ഭരണനിർവ്വഹണം നടക്കാത്തതിനാൽ ആളുകൾ ധാരാളമായി കുടുങ്ങിക്കിടക്കുന്നുണ്ട്. ജൂലൈയിൽ വെള്ളം കയറിക്കഴിഞ്ഞതിനു ശേഷമാണ് സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ വരുന്നത്. ഒഴിഞ്ഞുപോകണമെന്ന നിർദ്ദേശം വരുമ്പോഴേക്ക് വെള്ളം ഒരാൾപ്പൊക്കത്തിൽ എത്തിയിരുന്നു.

ആകെ 150,000 പേർക്ക് വീടുകളിൽ നിന്ന് മാറിത്താമസിക്കേണ്ടി വന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ പെട്ട എല്ലാവരെയും സഹായിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. ഗർഭിണികളെയും വൃദ്ധകളെയും ആറുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെയും മാത്രമാണ് സർക്കാർ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്നത്.

സ്വകാര്യവ്യക്തികളും ചില സന്നദ്ധ സംഘടനകളും മാത്രമാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും മറ്റും എത്തിക്കുന്നത്. ഇത് പര്യാപ്തമായ അളവിലല്ല. സർക്കാർ ഭക്ഷണമോ വസ്ത്രങ്ങളോ നൽകാൻ യാതൊരു നടപടിയുമെടുത്തിട്ടില്ലെന്നാണ് ആരോപണം.

എന്നാൽ, ഗ്രാമവാസികൾക്ക് ഇതെല്ലാം നേരിട്ട് ശീലമുണ്ടെന്നും അവർ എല്ലാം സ്വയം ചെയ്യുന്നുണ്ടെന്നുമാണ് അധികൃതരുടെ വാദം.

This post was last modified on August 30, 2018 3:04 pm