X

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കണ്ടെത്തിയ ദ്വാരം അകത്തുനിന്നും തുളച്ചത്; ദുരൂഹത വളരുന്നു

അന്തർദ്ദേശീയ ബഹിരാകാശ നിലയത്തോടു ഘടിപ്പിച്ച സോയൂസ് സ്പേസ്ക്രാഫ്റ്റിനകത്ത് ഓഗസ്റ്റ് 30ന് കണ്ടെത്തിയ ദുരൂഹമായ ദ്വാരം അകത്തു നിന്നും തുളച്ചുണ്ടാക്കിയതെന്ന് കണ്ടെത്തൽ. ഇത് അകത്തു നിന്നും ഡ്രിൽ ചെയ്തിട്ടുള്ളതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എങ്ങനെയാണിത് സംഭവിച്ചതെന്ന് ഇനിയും വ്യക്തമല്ല. ബഹിരാകാശ വാഹനത്തിലെ മര്‍ദ്ദത്തില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദ്വാരം കണ്ടെത്തുകയായിരുന്നു.

റഷ്യൻ ബഹിരാകാശ സഞ്ചാരിയാണ് ഈ ദ്വാരം കണ്ടെത്തിയത്. റഷ്യ ഇതിനകം തന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സെർജീ പ്രോകോപ്യേവ്, ഓലെഗ് കോണോനെങ്കോ എന്നിവർ നടത്തിയ ബഹിരാകാശ നടത്തത്തില്‍ ദ്വാരം കണ്ടെത്തുകയായിരുന്നു. മണിക്കൂറുകളോളം ശ്രമപ്പെട്ടാണ് നടത്തം പൂർത്തിയാക്കിയത്. ഇവർ ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കും.

ഡിസംബർ 12നായിരുന്നു ഇവരുടെ ബഹിരാകാശ നടത്തം. 197 ദിവസത്തെ ദൗത്യം കഴിഞ്ഞ് ഇരുവരും കഴിഞ്ഞയാഴ്ച ഭൂമിയിൽ തിരിച്ചെത്തിയിരുന്നു. ബഹിരാകാശ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള സോയൂസ് സ്പേസ്ക്രാഫ്റ്റിലാണ് ദ്വാരമിട്ടിട്ടുള്ളത്. ഈ ദ്വാരം ദ്രവിച്ചു തുടങ്ങിയിരുന്നതായും ഇവർ പറയുന്നു. ബഹിരാകാശത്തിലൂടെ അതിവേഗത്തിൽ സഞ്ചരിക്കുന്ന ചെറിയ പാറക്കഷണങ്ങൾ തട്ടി സംഭവിച്ചതായിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ ആദ്യം കരുതിയത്. ഇപ്പോൾ തുള വീണത് ഉള്ളിൽ നിന്നാണെന്ന് വരുന്നതോടെ ദുരൂഹത വർധിക്കുകയാണ്.

This post was last modified on December 25, 2018 10:48 pm