കേംബ്രിഡ്ജ് സര്‍വകലാശാല വിദ്യാര്‍ത്ഥി മഡഗാസ്‌കറില്‍ വിമാനത്തില്‍ നിന്ന് വീണ് മരിച്ചു. ബ്രിട്ടണിലെ മില്‍ട്ടണ്‍ കീന്‍സില്‍ നിന്നുള്ള 19-കാരിയായ അലാന കട്ട്ലാന്‍ഡ് പഠന ഗവേഷണത്തിനായി ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്‌കറിലേക്ക് പോയതായിരുന്നു. വടക്കുകിഴക്കന്‍ ഗ്രാമ പ്രദേശമായ അഞ്ജവിയിലെ പുല്‍മൈതാനത്തിനു മുകളില്‍വെച്ച് സെസ്‌ന ശൈലിയിലുള്ള ലൈറ്റ് വിമാനത്തില്‍ നിന്നും വീണാണ് മരണം സംഭവിച്ചത്.
അപൂര്‍വയിനം ഞണ്ടുകളെകുറിച്ചു പഠിക്കാനാണ് അലാന മഡഗാസ്‌കറിലേക്ക് പോയത്. കേംബ്രിഡ്ജ് സര്‍വകലാശാലക്കു കീഴിലുള്ള റോബിന്‍സണ്‍ കോളേജിലെ രണ്ടാം വര്‍ഷ ബയോളജിക്കല്‍ നാച്ചുറല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു അലാന. ‘അലാനയുടെ മരണവാര്‍ത്ത റോബിന്‍സണ്‍ കോളേജ് വളരെയധികം ഞെട്ടലോടെയാണ് കേട്ടത്’എന്ന് കോളേജ് പ്രൊഫസര്‍ ഡോ. ഡേവിഡ് വുഡ്മാനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അലാനയുടെ കുടുംബത്തെ അനുശോചനം അറിയിച്ച കോളേജ്, കേവലം രണ്ടുവര്‍ഷത്തിനിടയില്‍തന്നെ കോളേജ് ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ വലിയ സംഭാവന നല്‍കിയ വിദ്യാര്‍ത്ഥിനിയായിരുന്നു അലാനയെന്നും പറഞ്ഞു. കുടുംബത്തോടും സുഹൃത്തുക്കളോടും വലിയ രീതിയിലുള്ള ആത്മബന്ധം പുലര്‍ത്തിയിരുന്ന നിരവധി കഴിവുകളുള്ള ഒരു കുട്ടിയായിരുന്നു അലാനയെന്ന് അവളുടെ കുടുംബം പുറത്തിറക്കിയ അനുശോചന കുറിപ്പില്‍ പറയുന്നു.
പ്രകൃതിശാസ്ത്ര പഠനത്തില്‍ അതീവ തല്‍പരയായിരുന്ന അലാന മഡഗാസ്‌കറിലേക്ക് ഇന്റേണ്‍ഷിപ്പ് ആവശ്യത്തിനു പോകാന്‍ കഴിഞ്ഞതില്‍ വളരെ ആവേശത്തിലായിരുന്നു. മികച്ച അറിവുകളും അനുഭവങ്ങളും നേടാന്‍ എത്ര സാഹസികതക്കും അലാന ഒരുക്കമായിരുന്നു. അതേസമയം, ഗവേഷണം ഉദ്ദേശിച്ച രീതിയില്‍ നടത്താന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ അവര്‍ വിമാനത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഉണ്ട്.
This post was last modified on August 1, 2019 1:11 pm
Leave a Comment