X

“ബിജെപിയുടെ വര്‍ഗീയ ഭരണകൂടത്തിന് കീഴില്‍ ഇന്ത്യയിലെ മുസ്ലിം ജനത ഏത് തരത്തിലാണ് പരിഗണിക്കപ്പെടുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തും”: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

കാശ്മീരികളുടെ പോരാട്ടത്തില്‍ അവസാനംവരെ പാക് സൈന്യം കൂടെയുണ്ടാകുമെന്ന് സൈനിക മേധാവി ജനറല്‍ ഖമര്‍ജാവേദ് ബജ്വ പറഞ്ഞു.

കാശ്മീരിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കുമെന്ന് പാകിസ്ഥാന്‍. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം. ബിജെപിയുടെ വര്‍ഗീയ ഭരണകൂടത്തിന് കീഴില്‍ ഇന്ത്യയിലെ മുസ്ലിം ജനത ഏത് തരത്തിലാണ് പരിഗണിക്കപ്പെടുന്നതെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുമെന്ന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ പാക്ക് സൈനിക നേതൃത്വം യോഗംചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കാശ്മീരികളുടെ പോരാട്ടത്തില്‍ അവസാനംവരെ പാക് സൈന്യം കൂടെയുണ്ടാകുമെന്ന് സൈനിക മേധാവി ജനറല്‍ ഖമര്‍ജാവേദ് ബജ്വ പറഞ്ഞു. രാജ്യാന്തരതലത്തില്‍ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളുമായാണ് പാകിസ്ഥാന്‍ മുന്നോട്ടുപോകുന്നത്. ഇന്ത്യയോടും കടുത്ത പ്രതിഷേധം അറിയിക്കുന്നതിന്റെ ഭാഗമായി സ്ഥാപനപതിയെ വിളിച്ചു വരുത്തി പ്രതിഷേധിക്കുകയായിരുന്നു പാകിസ്ഥാന്‍ ആദ്യം തന്നെ ചെയ്തത്.

അതേസമയം, സംസ്ഥാനത്തെ രണ്ടായി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ചൈനയും രംഗത്തെത്തി. ജമ്മു കാശ്മീരിന്റെ കാര്യത്തില്‍ ഏകപക്ഷീയ നടപടികള്‍ പാടില്ലെന്നും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്നും ചൈന വ്യക്തമാക്കി. ഇന്ത്യ – പാക് സംഘര്‍ഷത്തിനിടയാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് ചൈന ആരോപിക്കുന്നു. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും ഇന്ത്യയും പാക്കിസ്ഥാനും സംഘര്‍ഷത്തിനിടയാക്കുന്ന നടപടികള്‍ എടുക്കരുതെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

എന്നാല്‍ ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടിലാണ് യുഎഇ. ജമ്മു കാശ്മീരിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാശ്മീരിലെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ആശങ്കയുണ്ടെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നുമാണ് അമേരിക്ക പറഞ്ഞത്. കാശ്മീരില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായി വീട്ടുതടങ്കലിലായിരുന്ന കാശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഉമര്‍ അബ്ദുല്ലയെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്റര്‍നെറ്റ്, ടെലഫോണ്‍ ബന്ധം തടഞ്ഞതോടെ കാശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് അവ്യക്തമാണ്. ദേശീയമാധ്യമങ്ങളിലും വാര്‍ത്താ ഏജന്‍സികളിലും കാശ്മീരിലെ സംഭവവികാസങ്ങളെ കുറിച്ച് വിവരങ്ങളില്ല. കാശ്മീര്‍ ഒബ്സര്‍വര്‍, റൈസിങ് കാശ്മീര്‍, ഗ്രേറ്റര്‍ കാശ്മീര്‍ തുടങ്ങിയ ജമ്മുകാശ്മീര്‍ ആസ്ഥാനമായ പ്രധാന പത്രങ്ങളിലൊന്നും ഞായറാഴ്ച രാത്രിക്കു ശേഷമുള്ള സംഭവങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടുമില്ല.

Read: സർവ്വാധിപത്യം കാശ്മീരിനെ ലോകത്തിലെ ഏറ്റവും വലിയ തടവറയാക്കി മാറ്റുമ്പോൾ

 

This post was last modified on August 7, 2019 8:02 am