X

നോത്ര് ദാം പള്ളി കത്തിത്തീരാൻ 15 മിനിറ്റിന്റെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് വെളിപ്പെടുത്തൽ

തീപ്പിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.

നോത്ര് ദാം പള്ളി കത്തിനശിക്കാൻ വെറും പതിനഞ്ചോ മുപ്പതോ മിനിറ്റ് നേരം മാത്രമേ എടുക്കുമായിരുന്നുള്ളൂവെന്ന് ഫ്രഞ്ച് അധികൃതരുടെ വിലയിരുത്തൽ. അഗ്നിശമന സേനയുടെ അതിവേഗത്തിലുള്ള ഇടപെടലാണ് തീപ്പിടിത്തത്തെ ഈ വിധത്തിൽ നിയന്ത്രിക്കാൻ സാധിച്ചത്. പടിഞ്ഞാറേ ഗോപുരത്തിന്റെ ഭാഗത്തേക്ക് തീ പടരാതിരിക്കാൻ അഗ്നിശമനസേന ഒരു ജലപ്രതിരോധം തന്നെ തീർത്തു. രണ്ട് ഗോപുരങ്ങളിൽ പടർന്ന തീ കൂടുതൽ ഭാഗങ്ങളിലേക്ക് വരാതിരിക്കാൻ ഈ പ്രതിരോധം കാരണമായി. പള്ളിയുടെ ഗോഥിക് ശൈലിയിൽ നിർമിച്ച മണിമേടകളിലേക്ക് തീ പടരുകയുണ്ടായില്ല.

തീപ്പിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. കത്തീഡ്രലിൽ നടന്നുവന്നിരുന്ന നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീപ്പിടിത്തതിന്റെ വലിപ്പം പൊലീസ് മനസ്സിലാക്കിയത്.

കെട്ടിടത്തിൽ നിന്നും ഫയർ അലർട്ട് ആദ്യമുണ്ടായത് വൈകീട്ട് 6.20നായിരുന്നെന്ന് പാരിസ് പ്രോസിക്യൂട്ടർ റെമി ഹെയ്റ്റ്സ് പറയുന്നു. എന്നാൽ തീ എവിടെയാണുള്ളതെന്ന് കണ്ടെത്താനായില്ല. രണ്ടാമത്തെ അലർട്ട് വന്നത് 6.43ന് ആയിരുന്നു. ഈ സമയത്ത് കെട്ടിടത്തിനു മുകളിൽ തീ പ്രത്യക്ഷപ്പെട്ടു.

പള്ളിയുടെ പുനർനിർമാണത്തിനായി ആഗോളതലത്തിൽ ഫണ്ട് പിരിവ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. 650 ദശലക്ഷം യൂറോ ഇതിനകം തന്നെ പിരിഞ്ഞു കിട്ടിയതായി അറിയുന്നു. ഫ്രഞ്ച് ബിസിനസ് ഭീമന്മാരും കോർപ്പറേഷനുകളും പ്രസിഡണ്ട് ഇമ്മാനുവൽ മാക്രേണിന്റെ ഫണ്ട് പിരിവ് ആഹ്വാനത്തോട് ഉടൻ പ്രതികരിച്ചു.

This post was last modified on April 17, 2019 7:42 am