X

‘അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണ്’: അസാൻജിനെ ജയിലിൽ സന്ദർശിച്ച ശേഷം നടി പമെല ആൻഡേഴ്സൻ

സത്യം പുറത്തുകൊണ്ടുവരാൻ അദ്ദേഹം ഏറെ ത്യാഗങ്ങൾ സഹിച്ചെന്ന് പമെല ചൂണ്ടിക്കാട്ടി.

നടിയും മൃഗാവകാശ പ്രവർത്തകയുമായ പമെല ആൻഡേഴ്സൻ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ ജയിലിലെത്തി കണ്ടു. ലണ്ടനിലെ ജയിലിൽ കഴിയുന്ന അസാൻ‍ജിനെ കണ്ട് പുറത്തിറങ്ങിയ പമെല ഏറെ വികാരപാരവശ്യത്തോടെയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. അസാൻജിന്റെ ജീവൻ അപകടത്തിലാണെന്ന് പമെല മാധ്യമങ്ങളോട് പറഞ്ഞു.

അസാൻജിന് ലൈബ്രറിയോ, ഇന്റർനെറ്റോ, പുറംലോകത്തെക്കുറിച്ച് അറിയാനുള്ള മറ്റേതെങ്കിലും സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന് പമെല പറഞ്ഞു. ‘അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. പൊതുജനത്തിന്റെ പിന്തുണയാണ് അദ്ദേഹത്തിന് വേണ്ടത്. ഫണ്ട് സ്വരൂപിക്കുന്നതിനു പിന്തുണ ആവശ്യമാണ്. നിയമത്തിന്റെ ദുരുപയോഗമാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ നടക്കുന്നത്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. അത്രയും ഗുരുതരമാണ് കാര്യങ്ങൾ,’ പമെല പറഞ്ഞു.

സത്യം പുറത്തുകൊണ്ടുവരാൻ അദ്ദേഹം ഏറെ ത്യാഗങ്ങൾ സഹിച്ചെന്ന് പമെല ചൂണ്ടിക്കാട്ടി.

ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് 50 ആഴ്ചത്തെ ജയിൽവാസത്തിലാണ് അസാൻജ് ഇപ്പോഴുള്ളത്. ഇക്വഡോർ എംബസി അസാൻജിന് നൽകിവന്നിരുന്ന പിന്തുണ പിൻവലിച്ചതിനെ തുടർന്നാണ് ലണ്ടൻ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Related Post
Leave a Comment