X

ഗണ്‍ റൈറ്റ്സ് പ്രവർത്തക മരിയ ബൂട്ടിനയെ ജയിലിലടച്ചത് ‘കൊടിയ അക്രമ’മെന്ന് വ്ലാദ്മിർ പുടിൻ

തങ്ങളുടെ മുഖം രക്ഷിക്കാനാണ് യുഎസ് മരിയയെ ജയിലിലടച്ചിരിക്കുന്നതെന്ന് പുടിൻ ആരോപിച്ചു.

യുഎസ്സിലെ നാഷണൽ റൈഫിൾ അസോസിയേഷനെ ഉപയോഗിച്ച് റഷ്യക്കു വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന ആരോപണം നേരിട്ട ഗണ്‍ റൈറ്റ്സ് പ്രവർത്തക മരിയ ബൂട്ടിനയെ 18 മാസം ജയിലിലേക്കയച്ച നടപടിയെ ‘കൊടിയ അക്രമം’ എന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിൻ. നീതി അട്ടിമറിക്കപ്പെട്ടതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

തങ്ങളുടെ മുഖം രക്ഷിക്കാനാണ് യുഎസ് മരിയയെ ജയിലിലടച്ചിരിക്കുന്നതെന്ന് പുടിൻ ആരോപിച്ചു.

അമേരിക്കൻ രാഷ്ട്രീയത്തിലെ റഷ്യൻ ഇടപെടലുകൾ ഏറെ ചർച്ചകൾക്കും അന്വേഷണങ്ങൾക്കും വിധേയമായ സാഹചര്യത്തിലാണ് മരിയ ബൂട്ടിന പിടിയിലാകുന്നത്. തോക്കുപയോഗം സ്വതന്ത്രമാക്കണമെന്ന നിലപാടുള്ള ഇവർ അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായാണ് യുഎസ്സിലെത്തിയത്. റഷ്യന്‍ ഫെഡറേഷനു വേണ്ടി ഒരു ഏജന്റായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് 2018 ജൂലൈ മാസത്തിൽ ഇവർ പിടിയിലാകുകയായിരുന്നു. ഇവരുടെ പ്രവർത്തനങ്ങൾ യുഎസ് അറ്റോർണി ജനറലിന്റെ അനുമതിയോടെയായിരുന്നില്ല.

എന്ത് കുറ്റകൃത്യമാണ് മരിയ ചെയ്തിട്ടുള്ളതെന്ന് തനിക്ക് ബോധ്യമായിട്ടില്ലെന്ന് റഷ്യൻ പ്രസിഡണ്ട് പറയുന്നു. എന്തോ കാര്യത്തിൽ മരിയ കുറ്റക്കാരിയാണെന്ന് ലോകത്തിനു മുമ്പിൽ വരുത്തിത്തീർക്കുകയാണ് യുഎസ് ചെയ്യുന്നതെന്നും മാധ്യമപ്രവര്‍ത്തകർക്കു മുമ്പിൽ അദ്ദേഹം ആരോപിച്ചു. ഇതാദ്യമായാണ് ഈ വിഷയത്തിൽ പുടിൻ പരസ്യമായി പ്രതികരിക്കുന്നത്.

അതെസമയം യുഎസ് പ്രൊസിക്യൂട്ടർമാർ മരിയയെ ഒരു സാധാരണ ചാരവനിതയായല്ല കാണുന്നത്. ചാരവനിതകൾ സാധാരണ പ്രവർത്തിക്കാറുള്ള രീതികളിലായിരുന്നില്ല ഇവരുടെ പ്രവർത്തനങ്ങൾ. തികച്ചും നിയമവിധേയമായ ചില സംഘടനകളിൽ പ്രവർത്തിച്ച് ആ വഴിയിലൂടെ യുഎസ് രാഷ്ട്രീയത്തിൽ ഇടപെടലുകൾ നടത്തുകയായിരുന്നു മരിയ.

രജിസ്റ്റർ ചെയ്യാത്ത ഒരു ഏജന്റായി താൻ പ്രവർത്തിക്കുന്നതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നത് മരിയ കോടതിയിൽ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. തന്നോട് ദയ കാണിക്കണമെന്ന് മരിയ വിചാരണാവേളയിൽ കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ വിശദീകരിക്കുന്നു. മരിയ ആവശ്യത്തിലധികം ശിക്ഷിക്കപ്പെട്ടിവെന്ന് അവരുടെ അഭിഭാഷകർ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ചു. യുഎസ്സിലും പുറത്തും തന്റെ സൽപ്പേര് കളങ്കപ്പെട്ടുവെന്ന് പറഞ്ഞായിരുന്നു മരിയ വിതുമ്പിയത്. തനിക്ക് വീട്ടിലേക്ക് തിരിച്ചുപോകാൻ പുതിയൊരു ജീവിതം തുടങ്ങാനും അനുമതി തരണമെന്ന് മരിയ കോടതിയിൽ ആവശ്യപ്പെട്ടതായാണ് വിവരം.

Read More: ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍; വായുവും വെളിച്ചവുമില്ലാത്ത പുതിയ ജാതി കോളനികള്‍

This post was last modified on April 28, 2019 1:09 pm